Tuesday, February 25, 2020

വിവേകചൂഡാമണി -- 185

       വിശുദ്ധസത്വസ്യ
       ഗുണാഃ പ്രസാദഃ   
       സ്വാത്മാനുഭൂതി
       പരമാ പ്രശാന്തിഃ
       തൃപ്തിഃ പ്രഹർഷഃ
       പരമാത്മനിഷ്ഠാ
       യയാ സദാനന്ദ-
       രസം സമൃച്ഛതി                    (119)

     
      പ്രസന്നത, സ്വാത്മാനുഭൂതി, പരമപ്രശാന്തി, തൃപ്തി, പ്രഹർഷം,
പരമാത്മനിഷ്ഠ -- ഇവയാണ്
ശുദ്ധസത്വത്തിന്റെ ഗുണങ്ങൾ. തന്മൂലം ശാശ്വതമായ ആനന്ദം അനുഭവിക്കാം.

    രജസ്തമോഗുണങ്ങളാകുന്ന മാലിന്യം നീക്കിയാൽ സാധകൻ പരിശുദ്ധനായിത്തീരും -- അയാളുടെ അന്തഃകരണം ശുദ്ധ സത്വത്താൽ നിറയും. ഇത്തരമൊരു നില കൈവന്ന യോഗി ആത്മസാക്ഷാത്കാരം നേടി ശാശ്വതമായ പരമാനന്ദമനുഭവിക്കുന്നു. ഈ പരമപദവി അധിരോഹണം ചെയ്താൽ യാതൊരു ദുഖവും യോഗിയെ ഒരിക്കലും സ്പർശിക്കുകയില്ല. അതുകൊണ്ടാണ് അയാൾ ശാശ്വതമായ ആനന്ദം അനുഭവിക്കുന്നുവെന്ന് പറയുന്നത്. ഇന്ദ്രിയാതീതമായ ഈ പരമോത്കൃഷ്ടാനുഭൂതിയെ ഏതാനും വിശിഷ്ടപദങ്ങളെക്കൊണ്ട് ഈ  ശ്ലോകത്തിൽ സൂചിപ്പിക്കുന്നു.

   സ്വാത്മാനുഭൂതി: -- വിക്ഷേപത്തിന് കാരണമായ രജസ്സും ആവരണത്തിന് കാരണമായ തമസ്സും ശുദ്ധസത്വത്തിൽ ഇല്ല. അങ്ങനെ ബുദ്ധി സ്വച്ഛനിർമ്മലമാവുകയാൽ, ആത്മസ്വരൂപം സാക്ഷാത്കരിക്കപ്പെടുന്നു.

പരമപ്രശാന്തി: -- മനസ്സിൽ അശാന്തി (വിക്ഷേപം) സൃഷ്ടിക്കുന്ന രജോഗുണം ഇല്ലാത്തതിനാൽ, സ്വാത്മാനുഭൂതിയിൽ യാതൊരു തരത്തിലുള്ള അശാന്തിയും ഉണ്ടാവാൻ വയ്യ. പരമമായ പ്രശാന്തിയാണ് ആ അനുഭൂതി.

തൃപ്തി : -- സകല ആഗ്രഹങ്ങളും ശമിക്കുകയാൽ സാധകന് പരമസന്തുഷ്ടി അനുഭവപ്പെടുന്നു. അപരിപൂർണ്ണതാബോധത്തിന്റെ സൂചനകളാണല്ലോ ആഗ്രഹങ്ങൾ. സ്വാത്മാനുഭൂതിയിൽ പരമമായ പ്രശാന്തി അനുഭവിക്കുമ്പോൾ അപൂർണ്ണതാബോധം (താൻ പരി പൂർണ്ണനല്ല എന്ന തോന്നൽ) ഉണ്ടാവുകയില്ല. ആഗ്രഹങ്ങളുദിക്കാത്ത പരിപൂർണ്ണതയിൽ -- ഈശ്വരീയാനുഭൂതിയിൽ -- മാത്രമേ സംതൃപ്തി അനുഭവിക്കുവാൻ കഴിയു.

പ്രഹർഷം : -- അജ്ഞാനദശയിൽ വിഷയസമ്പർക്കംമൂലം ലഭ്യമാകുന്ന സുഖം പോലെയുള്ളതല്ല ആത്മസാക്ഷാത്കാരത്തിലുള്ള ആനന്ദം. പ്രകൃഷ്ടമായ ആത്മാനന്ദം, രാഗലോലുപമായ മനസ്സിൽ ഉദയം ചെയ്യുന്ന സുഖദുഃഖങ്ങൾക്കെല്ലാം അതീതമാണ്.

പരമാത്മനിഷ്ഠ: -- സത്യമായ സ്വസ്വരൂപം അറിയാത്തതുകൊണ്ടാണ്, നാം ഇന്ദ്രിയമനോബുദ്ധികളിലൂടെ 'വിഷയ-വികാര വിചാര'ങ്ങളിൽ സുഖത്തെ അന്വേഷിച്ചുകൊണ്ടലയുന്നത്. ഈ ഉപാധികൾക്ക് (ശരീരമനോബുദ്ധികൾക്ക്) അതീതമായിത്തീരുന്നതോടെ, ബാഹ്യവിഷയങ്ങളോ, ആന്തരിക
വികാരവിചാരങ്ങളോ ഒന്നും
തന്നെ അവശേഷിക്കുന്നില്ല. രജസ്തമോഗുണങ്ങളുടെ വിക്ഷേപ - ആവരണജന്യങ്ങളായ വാസനകൾ നീങ്ങുമ്പോൾ ജീവൻ, യഥാർത്ഥത്തിൽ 'പരമാത്മാവാണ് ഞാൻ' എന്നറിഞ്ഞ് അതായിത്തീരുന്നു. അതിൽപ്പിന്നെ 'ദേഹോऽഹം ബുദ്ധി' (ശരീരമനോബുദ്ധികളിൽ താദാത്മ്യഭാവം) എന്നതുണ്ടാവില്ല. അത്തരം യോഗിക്ക്, പരമാത്മാവിൽ അവ്യഭിചാരിണിയായ സുദൃഢഭക്തി സ്വാഭാവികമായിത്തീരുന്നു. ഇങ്ങനെ, ബുദ്ധിയെ സത്വശുദ്ധമാക്കി, ശാശ്വതമായ പരമാനന്ദരസം യോഗി അനുഭവിക്കുന്നു.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: