Thursday, February 27, 2020

"ശാന്തി ആണ് ജീവിതത്തിൽ എല്ലാവരും ആഗ്രഹിക്കുന്നത്...."
പക്ഷെ ഈ ലോകം ദ്വന്ദങ്ങൾ നിറഞ്ഞതാണ്... ചൂടുണ്ടെങ്കിൽ തണുപ്പുമുണ്ട്, പകലുണ്ടെങ്കിൽ രാത്രിയുമുണ്ട്, ആരോഗ്യം ഉണ്ടെങ്കിൽ അനാരോഗ്യം ഉണ്ട്...

സമ്പത്ത് ഉണ്ടെങ്കിൽ ദാരിദ്യം ഉണ്ട് സുഖമുണ്ടെങ്കിൽ ദുഖവും ഉണ്ട് ,സ്നേഹം ഉണ്ടെങ്കിൽ വിദ്വേഷവും ഉണ്ട്...

ഈ രണ്ട് അവസ്ഥകളിലൂടെയും കടന്നു പോകാൻ ബാധ്യതപ്പെട്ടിരിക്കുന്നവർ ആണ് നമ്മളെല്ലാം, എന്നാൽ ഗീത പറയുന്നു ഈ രണ്ട് അവസ്ഥകളേയും യോഗി ഒരു പോലെ കാണണം എന്ന്....

*തുല്യ നിന്ദാ സ്തുതിർ മൗനി*,
*ശീതോഷ്ണ സുഖ ദുഖദഃ* ,
*തഥാ മാനാപമാനയോ*...

അതായത് നിന്ദയേയും,  സ്തുതിയേയും, ചൂട് തണുപ്പ് എന്നിവയേയും മാനം അപമാനം എന്നിവയേയും സമമായി കാണണം എന്ന്...

കാരണം ഈ ദ്വന്ദങ്ങൾ മാറി മാറി വരും ,വന്നും പോയും ഇരിക്കും. എന്നാൽ അവ അനിത്യങ്ങൾ ആണ്... ശാശ്വതമല്ല

*ആഗമാ പായിനോ* *അനിത്യാഃ*
*സ്താം* *തിഥിക്ഷസ്യ ഭാരതഃ*

ഓരോ അവസ്ഥകൾ ദുഖങ്ങൾ ഓക്കെ കടന്നു വരുമ്പോൾ ഇതും കടന്നുപോകും ,ഇതും പോകും എന്ന ചിന്ത പുലർത്തിയാൽ മനസ്സിനു സമനില നേടാം... 

അതായത് ബാഹ്യ അന്തരീക്ഷം എങ്ങിനെ ആയിരുന്നാലും ശാന്തി ഉള്ളിലാണ് പുലർത്തേണ്ടത്...

" *സമത്വം യോഗമുച്യതേ* "
എന്നാണ് ഗീതയുടെ മതം...

ഗീതയിലുടനീളം ഇതു പല പ്രാവശ്യം പറയുന്നുണ്ട്....

ശ്രീമദ് ഭഗവദ് ഗീതാ ആരംഭിക്കുന്നത് തന്നെ ഒരു യുദ്ധക്കളത്തിൽ വെച്ചാണ്....

നിലവിളക്ക് കൊളുത്തി ചന്ദനത്തിരിയുടേയും പൂക്കളുടെയും സൗരഭം നിറഞ്ഞ മംഗളകരമായ ഒരു അന്തരീക്ഷത്തിൽ വെച്ചല്ല,  മറിച്ച് കുത്തും കൊലയും നടക്കാൻ പോകുന്ന സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ്....
അതായത് യുദ്ധക്കളത്തിലെ ഒരു യോദ്ധാവിനു് ശാന്തി കണ്ടെത്താമെങ്കിൽ ഒരു വീട്ടമ്മയ്ക്ക്, അദ്ധ്യാപകന്, സർക്കാരുദ്യോഗസ്ഥന്, വിദ്യാർത്ഥിക്ക്, ബിസിനസ്വകാരന് ശാന്തി കണ്ടെത്തുന്നത് എളുപ്പം ആണ് എന്നാണ് അതിന്റെ പാഠം...

ഇതിന് 4 കാര്യങ്ങളിൽ നിന്നും മുക്തി നേടിയാൽ മതി...

1) കർതൃത്വം (എല്ലാം ഞാൻ ചെയ്യുന്നു എന്ന ഭാവം)

2) ഭോക്തൃത്വം ( എല്ലാം ഞാൻ അനുഭവിക്കുന്നു എന്ന ഭാവം )

3) രാഗം ( ഇഷ്ടം )

4) ദ്വേഷം . ( വെറുപ്പ് )

കാരണം എല്ലാം ഭവാൻ ആണ് ചെയ്യുന്നത് ,ചെയ്യിക്കുന്നത്...

*ഈശ്വര സർവ്വ ഭൂതാനാം ഹൃദ്ദേശേ അർജുന തിഷ്ഠതി ഭ്രാമയൻ സർവ്വ ഭൂതാനാം യന്ത്രാരൂഡേണ മായയാ*

അർത്ഥം :-

എല്ലാവരുടേയും ഉള്ളിൽ ഇരുന്ന് കൊണ്ട് എല്ലാം ചെയ്യിക്കുന്നത് ഞാൻ ആണ് അർജുനാ...
,
അതിനാൽ
അസംഗോഹം അസംഗോഹം അസംഗോഹം പുന പുന.

 എന്ന് ശങ്കരാചാര്യർ

സംഗമില്ലാതെ എല്ലാം ഈശ്വരനാണ് എന്ന് വിചാരം ചെയ്ത് ഉറപ്പിച്ചു കൊണ്ട്
(ഉള്ളിൽ) പുറത്ത് കർമ്മം ചെയ്യൂക .അല്ലാതെ ഒന്നിലും പ്രതികരിക്കാതെ എന്ത് അധർമം കണ്ടാലും നിസംഗത പുലർത്തലല്ല ശാന്തി...

"തസ്മാദ് സർവ്വേഷു
കാലേഷു മാമനുസ്മര്യ യുദ്ധ്യ ച... "

ദുഷ്ട വാസനകളെ - തള്ളിക്കളഞ്ഞ് ചിത്തശുദ്ധി വരുത്തുവാനുള്ള ഒരു അവസരം മാത്രമാണ് ഈ ജീവിതം...

കർമം ചെയ്യുമ്പോൾ തന്നെ നിസ്സംഗത്വം പുലർത്തലാണ് ശാന്തി...

സമത്വം യോഗ മുച്വതേ
ഏവർക്കുംമംഗളം ഭവിക്കട്ടെ... 
ഓം ശാന്തി ശാന്തി ശാന്തി....

No comments: