Friday, February 21, 2020

*_ശിവരാത്രി വിശേഷം_*

_-  4 -_

ശിവരാത്രിയുടെ പ്രാധാന്യത്തെ കുറിച്ചാണ് വിവരിക്കുന്നത് .
കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശീതിഥിയിലാണ് ശിവരാത്രി പരമ്പരാഗതമായി ആഘോഷിച്ചുവരുന്നത്.

വ്രതാനുഷ്ഠാനങ്ങളും ഭജന കീര്‍ത്തനങ്ങളുമായി ശിവപൂജ ചെയ്തുകൊണ്ട് അന്ന് ഉണര്‍ന്നിരിക്കണം. അവരവരുടെ ശാരീരിക ശേഷിക്കനുസരിച്ചാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സാത്വികാഹാരം, ശരീരശുദ്ധി, മനഃശുദ്ധി മുതലായവയാണ് വ്രതങ്ങളുടെ അടിസ്ഥാനം. വീടുകളില്‍ പൂജ ചെയ്യുന്നതോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തി വിശേഷ പൂജകളിലും പങ്ക് കൊള്ളണം. രോഗങ്ങള്‍ ശമിക്കുവാനും ദുഃഖങ്ങളും പ്രതിബന്ധങ്ങളും അകന്ന് പോകുവാനും ഉദ്യോഗലബ്ധി, സമ്പല്‍സമൃദ്ധി, സര്‍വ്വതോമുഖമായ ഐശ്വര്യം, സന്തോഷം, ശാന്തി മുതലായവ കൈവരിക്കുവാനും അത് പ്രയോജനപ്പെടുന്നു. ശിവശബ്ദത്തിനര്‍ത്ഥം മംഗളം എന്നാകുന്നു. ശിവന്‍ മംഗള സ്വരൂപനാണ്. ആനന്ദപൂര്‍ണ്ണവും സാത്വികവുമായ അഭീഷ്ഠങ്ങളെല്ലാം നിറവേറ്റിത്തരുന്ന ക്ഷിപ്രപ്രസാദിയാണ് ശിവശങ്കരന്‍. ഉള്ളുരുകി ഒരിക്കല്‍ വിളിക്കുകയേ വേണ്ടൂ. ഭക്താഭീഷ്ടങ്ങളെല്ലാം പെരുമഴപോലെ കോരിച്ചൊരിയുന്ന ആശ്രിതവത്സലനാണ് മഹാദേവന്‍.

ദുഃഖങ്ങളേയും രോഗങ്ങളേയുമെല്ലാം നശിപ്പിക്കുന്നവനാണ് ശിവന്‍. അതിനാല്‍ അദ്ദേഹത്തിന് ഹരന്‍ എന്നും പേരുണ്ട്. മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പലതരം ക്ലേശങ്ങളെയാണ് ഇതിഹാസ പുരാണങ്ങളില്‍ കാമദേവനായും രാക്ഷസന്മാരായും അവതരിപ്പിച്ചിരിക്കുന്നത്. അത്തരം വിപത്തുകളെ അംഗീകരിച്ച് ഭക്തന്മാരെ രക്ഷിക്കുന്ന ഈശ്വരനാണ് ഹരന്‍. അദ്ദേഹം സ്മരാന്തകനും പുരാന്തകനും ഭവാന്തകനും മഖാന്തകനും ദുഃഖാന്തകനും ഗജാന്തകനും അന്ധകാന്തകനും അന്തകാന്തകനുമാണെന്ന് ശിവപുരാണം നമുക്ക് വ്യക്തമാക്കിത്തരുന്നു. ഹിമാലയ പര്‍വ്വതത്തിലെ സ്ഥാണ്വാശ്രമത്തില്‍ ഏകാഗ്രതപസ് ചെയ്യുകയായിരുന്ന ശ്രീ മഹാദേവന്റെ നെറ്റിക്കണ്ണില്‍ നിന്ന് പുറപ്പെട്ട ജ്ഞാനാഗ്നി അന്ന് കാമന്റെ ഉപദ്രവത്തെ ശമിപ്പിച്ചു.

ബ്രഹ്മാവ് നല്‍കിയ വരങ്ങളുടെ ബലത്താല്‍ സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും മൂന്ന് നഗരങ്ങള്‍ നിര്‍മ്മിച്ച് അതില്‍ വസിച്ചുകൊണ്ട് ലോകനന്മ ചെയ്യുന്നതിന് പകരം ലോകത്തെ ഉപദ്രവിച്ച ത്രിപുരന്മാരെ സംഹരിച്ച് പ്രപഞ്ചത്തെ രക്ഷിച്ചവനാണ് ത്രിപുരാന്തകന്‍ അഥവാ പുരാന്തകന്‍ അനേകജന്മങ്ങളിലൂടെ ഓരോ മനുഷ്യനും നേടിവച്ചിരിക്കുന്ന കര്‍മ്മഫലങ്ങളാണ് ഭവം. കര്‍മ്മദോഷങ്ങള്‍ നീക്കി ആരേയും രക്ഷിക്കുന്ന ശിവന്‍ അങ്ങനെ ഭവാന്തകനുമായി. ദക്ഷപ്രജാപതി നടത്തിയ അഹങ്കാര ജടിലമായ കര്‍മ്മത്തെ ധ്വംസിച്ച് സാത്വികമായി യാഗം പൂര്‍ത്തീകരിക്കയാല്‍ ശിവന് മഖാന്തകനെന്നും പേര് വന്നു. ഗജാസുരനേയും അന്ധകാസുരനേയും സംഹരിച്ച് ലോകരക്ഷ ചെയ്ത ഹരന്‍ കാലനെ സംഹരിച്ച് മാര്‍ക്കണ്ഡേയ മഹര്‍ഷിക്ക് മരണരഹിതമായ അമൃത പദവി നല്‍കി അന്തകാന്തകനുമായി. വിപത്തുകളെ തരണം ചെയ്യാനാഗ്രഹിക്കുന്ന മനുഷ്യന്‍ കരുണാമയനായ ശിവനെത്തന്നെ പൂജിക്കണം.അതാണ് മൃത്യുജ്ഞയത്വമേകുന്ന ശിവരാത്രി വ്രതത്തിന്റെ മഹത്വം.

മറ്റുള്ളവരുടെ   പ്രമാണങ്ങൾ പോലെ
(ഹിന്ദുക്കളായ നമുക്കും 7 പ്രമാണങ്ങൾ ഉണ്ട് )
അവ ഏതൊക്കെയാണ് എന്നറിയാമോ സുഹൃത്തുക്കളെ?

തൈത്തിരിയോപനിഷത്ത് ഒന്നാം വല്ലിയിൽ പറഞ്ഞിരിക്കുന്നത് ഇങ്ങിനെ:

1. സത്യം വദ.
2. ധർമ്മം ചര.
3. സ്വാദ്ധ്യായ ചെയ്യുന്നതിൽ വിട്ടുവിഴ്ച അരുത്.
4. മാതൃദേവോ ഭവ:
5. പിതൃദേവോ ഭവ:
6. ആചാര്യ ദേവോ ഭവ:
7. അതിഥി ദേവോ ഭവ:

സത്യം പറയണം. ധർമ്മം ആചരിക്കണം. സ്വധർമ്മം ചെയ്യുന്നതിൽ വീഴ്ച പാടില്ല.  മാതാവിനെ ദേവനായി കാണണം.
പിതാവിനെ ദേവനായി കാണണം.
ആചാര്യനെ ദേവനായി കാണണം.
അതിഥികളെ ദേവനായി കരുതണം.

ദ്യോതനാത് ഇതി ദേവ:
പ്രകാശിപ്പിക്കുന്നവനാണ് ദേവൻ.

ഹിന്ദുക്കൾ എന്ന് നാം അഹങ്കാരത്തോടെ പറയാറുണ്ടല്ലോ. നാളെ ഒരാൾ വന്ന് നിങ്ങളോട് ചോദിയ്ക്കുകയാണ്. ഹിന്ദുക്കളുടെ 7 പ്രമാണങ്ങൾ ഏതൊക്കെയാണ് എന്ന് പറയാമോ എന്ന് ചോദിച്ചാൽ, ഉത്തരം പറയാൻ നാം പഠിച്ചിരിക്കണം നമ്മുടെ പ്രമാണങ്ങൾ.

ഓം നമ ശിവായ ..

_കടപ്പാട്_
ശ്രീ. സി.എ.ഗിരിജാവല്ലഭന്‍

No comments: