Wednesday, August 09, 2017

രാമായണസുഗന്ധം - 25
അടുത്ത പ്രഭാതത്തില്‍ ജനകമഹാരാജാവ് ബ്രഹ്മര്‍ഷിയോട് താന്‍ എന്തുചെയ്യണമെന്ന് ആജ്ഞാപിച്ചാലുമെന്നപേക്ഷിച്ചു. ‘ലോകമെങ്ങുമറിയപ്പെടുന്ന ഈ രണ്ടു ക്ഷത്രിയകുമാരന്മാര്‍ക്ക് അങ്ങയുടെ വിഖ്യാതമായ ധനുസ്സ് കാണണം എന്നൊരാഗ്രഹം. ആഗ്രഹം സാധിച്ചുകഴിഞ്ഞാല്‍ അവര്‍ മടങ്ങിപ്പോകും’ ബ്രഹ്മര്‍ഷി പറഞ്ഞു.
ആ ധനുസ്സിന്റെ കഥ ജനകന്‍ ബ്രഹ്മര്‍ഷിയോടു പറയുകയുണ്ടായി. ‘ദക്ഷയാഗത്തില്‍ ശ്രീരുദ്രന് യജ്ഞഭാഗം മാറ്റി വയ്ക്കാഞ്ഞതില്‍ ക്രുദ്ധനായ ശിവന്‍ ഈ ധനുസ്സുപയോഗിച്ച് ഇതുചെയ്ത ദേവന്മാരെ വധിക്കുമെന്ന് നിശ്ചയിച്ചപ്പോള്‍ ദേവന്മാര്‍ അദ്ദഹത്തെ അനുനയിപ്പിക്കുകയും സന്തുഷ്ടനായ ശിവന്‍ ഈ ധനുസ്സ് ദേവന്മാര്‍ക്കു നല്‍കുകയും ചെയ്തു. ദേവന്മാര്‍ ധനുസ്സിനെ ഒരുനിധിയായി നിമിയുടെ പുത്രനും എന്റെ പൂര്‍വജനുമായ ദേവരാതനു നല്‍കി’.
പിന്നീടു ഞാന്‍ യജ്ഞത്തിനായുള്ള ഭൂമി ഉഴുതുമറിച്ച് തയ്യാറാക്കുമ്പോള്‍ ഉഴവുചാലില്‍നിന്നും ഒരു പെണ്‍കുഞ്ഞിനെ കിട്ടുകയും ഞാനതിനെ സ്വന്തം പുത്രിയായി വളര്‍ത്തുകയും ചെയ്തു. അവള്‍ വളര്‍ന്നപ്പോള്‍ അവളെ വീരനായ ഒരുപുരുഷനു നല്‍കുവാന്‍ നിശ്ചയിച്ചു. അവളുമായി വിവാഹാഭ്യര്‍ത്ഥന നടത്തിയ രാജാക്കന്മാര്‍ എല്ലാവരുംകൂടി മിഥിലയിലെത്തി അവരുടെ കഴിവിനെ അളക്കുവാനുള്ള മാനദണ്ഡം എന്താണെന്നന്വേഷിച്ചു.
അവരുടെ മുമ്പില്‍ ഈ ധനുസ്സ് കൊണ്ടുവന്നു. അവര്‍ക്കിതുയര്‍ത്തുവാന്‍കൂടി കഴിഞ്ഞില്ല. താനവരുടെ നിര്‍ദ്ദേശം നിരസിക്കുകയും ചെയ്തു. അവരെല്ലാവരുംകൂടി മിഥിലയെ ഉപരോധിക്കുകയും ആക്രമിക്കുകയും നാശം വിതയ്ക്കുകയും ചെയ്തു. ഒരു വര്‍ഷംകൊണ്ട് മിഥില ദരിദ്രയായി. നിവൃത്തിയില്ലാതെ താന്‍ ദേവന്മാരെ സമീപിച്ചുവെന്നും അവര്‍ ചതുരംഗസേനയെ നല്‍കി തന്നെ ശക്തനാക്കിയെന്നും ആ സേനയാല്‍രാജാക്കന്മാര്‍ പരാജയപ്പെട്ടു മടങ്ങിയെന്നും ജനകന്‍ പറയുകയുണ്ടായി.


ജന്മഭൂമി: http://www.janmabhumidaily.com/news685627#ixzz4pJcbqMxK

No comments: