ഭക്തിയോഗം, കര്‍മ്മയോഗം, ജ്ഞാനയോഗം, രാജയോഗ (അഷ്ടാംഗയോഗ) ഇവയാണ് നാല് പ്രധാന യോഗവിഭാഗങ്ങള്‍. എല്ലാ യോഗങ്ങളും ഒന്നിനൊന്ന് ചേരുന്നവയും ഒരേ ലക്ഷ്യം സൂക്ഷിക്കുന്നവയുമാണ്. ഓരോ മനുഷ്യന്റെയും വാസനകളെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ ഏതെങ്കിലും ഒരു യോഗത്തിന്റെ വാസനകള്‍ പ്രാമുഖ്യം വഹിക്കുന്നത് കാണാനാകും. പ്രസ്തുത വാസനകളെ സന്തുലിതമാക്കി സ്വപ്രകൃതിയെ വീണ്ടെടുത്ത് ദൈവികതയിലേക്ക് ഉയര്‍ത്താനുള്ള മാര്‍ഗ്ഗങ്ങളാണ് അവ.
ഭക്തിയോഗം
ഭക്തിയിലൂടെയും സ്‌നേഹത്തിലൂടെയും ഈശ്വരസാക്ഷാത്കാരം നേടുകയാണ് ഇതിന്റെ ലക്ഷ്യം. മനുഷ്യനെ ദൈവികതയിലേക്കുയര്‍ത്തുന്ന ഏറ്റവും ലളിതമായ യോഗപാതയാണ് ഭക്തിയോഗം. ഈശ്വരസാക്ഷാത്കാരമാണ് ഭക്തിയോഗയുടെ പരമലക്ഷ്യം. പവിത്രമായ സ്‌നേഹവും ആരാധനയുമാണ് ഈശ്വരസാക്ഷാത്കാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍. സ്‌നേഹം മനുഷ്യരോട് മാത്രമല്ല സര്‍വചരാചരങ്ങളോടും ഉണ്ടാവണം. വ്യക്തികളേയും ജീവജാലങ്ങളേയും വെവ്വേറെ സ്‌നേഹിച്ചു തുടങ്ങിയാല്‍ ആ സ്‌നേഹം പൂര്‍ണ്ണത കൈവരിക്കാതെ തികഞ്ഞ സ്വാര്‍ത്ഥതയില്‍ അവസാനിക്കും. അതുകൊണ്ടാണ് സര്‍വ്വസൃഷ്ടിയുടെയും മൂലതത്ത്വം ഈശ്വരനാണെന്ന സത്യം ഭക്തിയോഗ പഠിപ്പിക്കുന്നത്. അതിനാല്‍ ഭക്തിയോഗിക്ക് സര്‍വ്വ സൃഷ്ടികളിലും ഈശ്വരനെ ദര്‍ശിക്കുവാനും നിസ്വാര്‍ത്ഥ സ്‌നേഹത്തിലൂടെ പൂര്‍ണത കൈവരിക്കാനും കഴിയുന്നു.പ്രാര്‍ത്ഥന, നിസ്‌കാരം, പൂജ, പുരാണപാരായണം, ജപം, സംഗീതം, സ്തുതി, ഭജന, നോമ്പ് തുടങ്ങിയവയാണ് ദൈവത്തോട് ഹൃദയബന്ധം സ്ഥാപിക്കാന്‍ ഭക്തിയോഗികള്‍ ഉപയോഗിക്കുന്ന ആരാധനാ മാര്‍ഗ്ഗങ്ങള്‍.
കര്‍മ്മയോഗം
നിഷ്‌കാമ സേവനത്തിലൂടെ മനുഷ്യ ജീവിതത്തെ ക്രിയാത്മമാക്കി ദൈവികതയിലേക്ക് ഉയര്‍ത്തുന്ന പ്രയോഗതല യോഗപാതയാണ് കര്‍മ്മയോഗം. നിസ്വാര്‍ത്ഥതയാണ് കര്‍മ്മയോഗിയുടെ ആദര്‍ശം. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ ദൈവത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള ആനന്ദകരമായ ജീവിതമാണ് കര്‍മ്മയോഗം വിഭാവനം ചെയ്യുന്നത്. ഏത് പ്രവര്‍ത്തിക്കും തുല്യവും വിപരീതവുമായഫലമുണ്ട്. നമ്മില്‍നിന്ന് പുറപ്പെടുന്ന ഏതു പ്രവൃത്തിയും കാലാന്തരത്തില്‍ നമ്മിലേയ്ക്ക് മടങ്ങി വന്നേ തീരൂ. നന്നായാലു ചീത്തയായാലും ഫലമുളവാക്കിയിട്ടേ ആ പ്രവൃത്തി ഒടുങ്ങൂ. ആ നിയമത്തെ തടയാന്‍ പ്രകൃതിയില്‍ ഒരു ശക്തിക്കും കഴിയില്ല.
ജ്ഞാനയോഗം
മനുഷ്യനെ ജ്ഞാനത്തിലൂടെ ഈശ്വരീയതിലേക്കുയര്‍ത്താനുള്ള മനന പദ്ധതിയാണ് ജ്ഞാനയോഗം. ഭാരതീയാചാര്യന്മാര്‍ തീവ്രധ്യാനത്തിലൂടെ കണ്ടെത്തിയ പ്രപഞ്ചരഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തത്ത്വപഠനമാണ് ഇവിടെ വിവക്ഷിക്കുന്നത്. തുറന്ന ശാസ്ത്ര സമീപനമാണ് ജ്ഞാനയോഗം. ജ്ഞാനയോഗി സ്വന്തം അന്തര്‍ജ്ഞാനത്തിലൂടെ കാര്യങ്ങളെ ഗ്രഹിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. ഉള്‍ക്കണ്ണുതുറന്ന് നേടുന്ന ഈ ധാരണയിലൂടെ ഈശ്വരീയതയേയും അനശ്വരതയേയും തിരിച്ചറിഞ്ഞ് പൂര്‍ണമായ ആനന്ദം അനുഭവിക്കുവാനും ജ്ഞാനയോഗിക്കു കഴിയുന്നു.
രാജയോഗം
സൂക്ഷ്മജ്ഞാന സമ്പാദനത്തിനുള്ള മാര്‍ഗ്ഗമാണ് രാജയോഗം. പ്രകൃതിയെ കവിഞ്ഞ് ഒരു ശക്തിയില്ലെന്നും പ്രകൃതിയില്‍ എന്നും സ്ഥൂലവും സൂക്ഷ്മവുമായ പ്രകാശനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും രാജയോഗം പറയുന്നു. സൂക്ഷ്മം കാരണവും സ്ഥൂലവും കാരൃവുമാണ്. സ്ഥൂല ഇന്ദ്രിയങ്ങള്‍ക്ക് ഗ്രഹിക്കാവുന്നതുംസൂക്ഷ്മം അന്തര്‍ജ്ഞാനത്തിലൂടെ വെളിപ്പെടുന്നതുമാണ്. ഏകാഗ്രതയാണ് ജ്ഞാനപ്രാപ്തിക്കുള്ള ഏകമാര്‍ഗ്ഗം. ഏകാഗ്രത കിട്ടാനോ മനോനിയന്ത്രണ പ്രാപ്തിക്ക് അനുദിന പരീശീലനം അത്യന്താപേക്ഷിതമാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news685658#ixzz4pJcpjlbS
No comments:
Post a Comment