Saturday, August 12, 2017

മാണ്ഡവിയും ശ്രുതകീര്‍ത്തിയും

രാമായണസുഗന്ധം - 28
ജനകന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ വിശ്വാമിത്രനും വസിഷ്ഠനുംകൂടി ഒരു നിര്‍ദ്ദേശം വെയ്ക്കുകയുണ്ടായി. രാജ്യത്തെ ഏറ്റവും ഉത്തമമായ രണ്ടു വംശങ്ങളുടെ ബന്ധുത്വമാണിവിടെയുണ്ടാകുന്നത്. ദശരഥന്റെ മറ്റുരണ്ടുപുത്രന്മാര്‍ക്കുമായി (ഭരതനും ശത്രുഘ്‌നനും) കുശധ്വജന്റെ രണ്ടു പുത്രിമാരെ (മാണ്ഡവിയും ശ്രുതകീര്‍ത്തിയും) വധുക്കളായി നല്‍കിയാല്‍ ഉത്തമമായിരുന്നു. അതങ്ങനെയാകട്ടെയെന്നു സമ്മതിച്ച ജനകന്‍ ഈ നിര്‍ദ്ദേശം തന്റെ പൂര്‍വികരെ അനുഗൃഹീതരാക്കുന്നുവെന്നും അഭിപ്രായപ്പട്ടു.
വിവാഹത്തിന് അല്‍പം മുമ്പ് കേകയരാജ്യത്തു നിന്നും യുധാജിത്(ഭരതന്റെ അമ്മാവന്‍) എത്തുകയും തന്റെയച്ഛന്‍ ഭരതനെ കാണുവാനാഗ്രഹിക്കുന്നുവെന്നറിയിക്കുകയും ചെയ്തു. പിതാക്കന്മാരുടെ ആശീര്‍വാദത്തോടെയും ഋഷികളുടെ അനുഗ്രഹത്തോടെയും നാലു കുമാരന്മാരും വധുക്കളുടെ പാണിഗ്രഹണം നടത്തുകയുണ്ടായി.
വിവാഹാഘോഷങ്ങള്‍ സമ്പന്നമായതിനുശേഷം രണ്ടുരാജാക്കന്മാരോടും വിടചൊല്ലിയ വിശ്വാമിത്രന്‍ ഉത്തരദേശത്തേക്കു പോവുകയുണ്ടായി. ജനകനോടു വിടവാങ്ങി ദശരഥന്‍ തന്റെ പുത്രന്മാരോടും പുത്രവധുക്കളോടുമൊപ്പം അയോദ്ധ്യയിലേക്കു മടങ്ങുകയും ചെയ്തു. ജനകന്‍ വളരെയധികം സമ്പത്ത് സ്ത്രീധനമായി നല്‍കി. ഋഷികളും പുത്രന്മാരും കൂടെയുണ്ടായിട്ടും ചില ദുര്‍ലക്ഷണങ്ങള്‍ യാത്രയില്‍ കാണുകയാല്‍ ദശരഥന്‍ ചിന്തിതനാകുകയും ഇക്കാര്യം വസിഷ്ഠന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.
ചിലച്ചുപറക്കുന്ന പക്ഷികള്‍ അപകടത്തെ സൂചിപ്പിക്കുന്നുവെങ്കിലും ഈ മാനുകളുടെ സാന്നിദ്ധ്യം നാമതിനെ തരണം ചെയ്യുമെന്നു കാണിക്കുന്നു, അതിനാല്‍ ഭീതിപ്പെടേണ്ടയെന്ന് വസിഷ്ഠന്‍ അഭിപ്രായപ്പെട്ടു.അന്തരിക്ഷം ഭീതിദമായി കാണപ്പെട്ട ആ സമയം ജമദഗ്‌നിയുടെ പുത്രനും ക്ഷത്രിയവംശനാശകനുമായ പരശുരാമന്‍ തന്റെ ഘോരരൂപത്തോടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ ഇടത്തേതോളില്‍ ഒരുധനുസ്സും വലത്തേതോളില്‍ പരശുവും കൈയില്‍ ഒരു ദണ്ഡും ഉണ്ടായിരുന്നു. ഋഷികള്‍ അദ്ദേഹത്തെ കൈകള്‍ കഴുകാനുള്ള ജലംനല്‍കിയാദരിച്ചു. പരശുരാമന്‍ രാമനോടിപ്രകാരം പറഞ്ഞു’നീ ശിവന്റെ ധനുസ്സൊടിച്ച സംഭവം ഞാന്‍ വിശദമായിക്കേട്ടു. മറ്റാരെക്കൊണ്ടും ചിന്തിക്കുവാന്‍കൂടി കഴിയാത്ത ഒരു നടപടിയാണത്. അതുകേട്ട് മറ്റൊരുവില്ലുമായി ഞാനിവിടെയെത്തിയിരിക്കയാണ്’.


ജന്മഭൂമി: http://www.janmabhumidaily.com/news687688#ixzz4pbQY8hK0

No comments: