Saturday, August 12, 2017

കനമുള്ള എന്തോ ഒന്ന് അശോകമരത്തിന്റെ നെറുകയില്‍ പതിച്ചതായി ദേവിക്കുതോന്നി. കൊമ്പുകള്‍ കുലുങ്ങിയപ്പോള്‍, വിടര്‍ന്ന പൂക്കള്‍ പൂമഴയുതിര്‍ത്തു. ഒപ്പം ഒരു മന്ത്രം കാതിലെത്തി. അമ്മ ദേവി ജയിക്കട്ടെ…
ആഞ്ജനേയന്റെ ശബ്ദമല്ലേ? ദേവി മുകളിലേയ്ക്ക് നോക്കി. അതെ. പൂലര്‍ക്കാലത്തിന്റെ മങ്ങഴത്തില്‍, ഇലച്ചാര്‍ത്തില്‍ താന്‍ കണ്ട രൂപത്തില്‍, പൊന്നൊളി പരത്തി, അല്പശരീരനായി വായുപുത്രന്‍! ആ കണ്ണുകളില്‍ ക്ഷീണം മഷിയെഴുതിയിട്ടുണ്ട്. മുഖം അല്പം കരുവാളിച്ചിട്ടുണ്ട്…
‘ലങ്കേശ്വരന്റെ തടവുപുള്ളിയ്ക്ക് ബന്ധുബലമുണ്ട് എന്നു തെളിയിച്ചു. അല്ലേ, വായുപുത്രാ? വാത്സല്യമൂറുന്ന സ്വരത്തില്‍ ദേവി മൊഴിഞ്ഞു. ഇത്രയും വേണമായിരുന്നോ?
അതിരുവിട്ടു എന്നു ദേവി്ക്കുതോന്നിയോ? ഹനുമാന്‍ ആദരവോടെ തിരക്കി.
‘ ഇല്ല. എന്നാലും’ ദേവി നിറുത്തി.
‘ഇത്രയും വേണ്ടിവരുമെന്നു നിരൂപിച്ചതല്ലാ. പക്ഷേ, അഹങ്കാരിയായ ലങ്കേശന്‍ എല്ലാം ചോദിച്ചു വാങ്ങുകയായിരുന്നു, ദേവീ-
‘ഉണ്ണി’- ദേവിയുടെ ശബ്ദത്തില്‍ വാത്സല്യം ചുരന്നു. ക്ഷീണം തോന്നുന്നുവെങ്കില്‍,ഇവിടെ എവി െടയെങ്കിലും മറവൂള്ള സ്ഥലത്തിരുന്നു വിശ്രമിക്കൂ.
തന്റെ പെറ്റമ്മയാണ് മുന്നിലെന്നു ആഞ്ജനേയനു തോന്നി. അമ്മയുടെ വാത്സല്യം നുറയുന്ന വാക്കുകള്‍ അടിമുടി കുളിരുണര്‍ത്തി. എല്ലാ ക്ഷീണവും പറന്നകന്നു. തികഞ്ഞ ഹര്‍ഷവായ്‌പോടെ പറഞ്ഞു. അമ്മദേവീ, ഈയുള്ളവന് ഒരു ക്ഷീണവുമില്ലാ. അഥവാ, എന്തെങ്കിലും ക്ഷീണമുണ്ടായിരുന്നുവെങ്കില്‍, ഈ സന്നിധിയിലെത്തിയപ്പോള്‍ അതെല്ലാം എന്നെ വിട്ടകന്നു. അമ്മദേവി അനുഗ്രഹിച്ച് ഞാന്‍ വിശ്രമമേല്ക്കും. അതിപ്പോഴല്ലാ. ദശഗ്രീവനെ എന്റെ സ്വാമി നിഗ്രഹിക്കും. നിന്തിരുവടിയുടെ ദുഃഖം നിശ്ശേഷം തീര്‍ക്കും. അന്ന് അന്നേ ഈയുള്ളവന് വിശ്രമമുള്ളൂ.
വാല്മികി രാമായണത്തില്‍ ഇങ്ങനെ വിസ്തരിക്കുന്നുണ്ടോ? ഇല്ലല്ലേ- മുത്തശ്ശി ആരാഞ്ഞു.
‘ ഇല്ല. വാല്മീകി രാമായണത്തിലില്ല. ഇത് ഭാവാര്‍ഥരാമാണത്തിലാണ്. വാല്മീകിരാമായണത്തില്‍, ലങ്കാദഹനം കഴിഞ്ഞെത്തുന്ന ഹനുമാനോട് സുഗ്രീവ സൈന്യം എങ്ങനെയാണ് സമുദ്രം കടന്നെത്തുക എന്നതില്‍ ദേവി സംശയം കോലുന്നു.
കഥം നുഃഖലു ദുഷ്പാരം
സന്തരീഷ്യതി സാഗരം
താനി ഹര്‍ഋക്ഷസൈന്യാനി
തൗവാനരവരാത്മജൗ
ഹനുമാന്‍ ദേവിയെ സമാധാനിപ്പിക്കുന്നു. അതിനുശേഷം വിടചോദിക്കുന്നു. അധ്യാത്മരാമായണത്തിലാണെങ്കില്‍, യാത്രചോദിക്കുന്ന ഹനുമാനോട് ദുഃഖപീഡിതയായ ദേവിപറയുന്നു. നിന്നെ കണ്ടതുകൊണ്ട് ഞാന്‍ ദുഃഖം മറന്നു. ഇപ്പോള്‍ നീ പോകുമല്ലോ. ഇനിമേല്‍ രാമാവൃത്താന്തം കേള്‍ക്കാതെ ഞാനെങ്ങനെ ജീവിച്ചിരിക്കും?
ത്വാം ദൃഷ്ട്വാ വിസ്മൃതം
ദുഃഖമിദാനിം ത്വംഗമിഷ്യസി
ഇതഃപരം കഥം വര്‍ത്തേ
രാമവാര്‍ത്താ ശ്രുതിര വിനാ അപ്പോള്‍ ഹനുമാന്‍ പറയുന്നു. ദേവീ, എന്റെ തോളില്‍ കയറിയാലും. ക്ഷണവേഗം ഞാന്‍ അങ്ങയെ രാമസന്നിധിയിലെത്തിക്കാം. ദേവി അന്നേരം പറഞ്ഞു. അതു വേണ്ടാ. സമുദ്രത്തെ ശോഷിപ്പിച്ചിട്ടോ, ശരകൂടങ്ങള്‍ കൊണ്ടു ബന്ധിച്ചിട്ടോ വാനരന്മാരോടുകൂടി ഇവിടെ വന്ന് രാവണനെ യുദ്ധത്തില്‍ സംഹരിച്ചശേഷം എന്നെ കൊണ്ടുപോവുന്നതായാല്‍ രാമന്റെ കീര്‍ത്തി ലോകത്തിലേതുകാലത്തും നശിക്കാതെ നിലനില്‍ക്കും. അതുകൊണ്ട്‌നീയിപ്പോള്‍ പൊയ്‌ക്കൊള്‍ക. ഞാന്‍ ഏതെങ്കിലും വിധത്തില്‍ പ്രാണന്‍ ധരിച്ചിരിക്കാം…
അഥോ ഗച്ഛകഥം ചാപി
പ്രാണാന്‍ സന്ധാരയാമ്യഹം
‘ അങ്ങനെ പറഞ്ഞു സമാധാനിപ്പിച്ച് ദേവി ഹനുമാനെ പറഞ്ഞയ്ക്കുന്നു. അല്ലേ? മുത്തശ്ശി ആദരവോടെ മൊഴിഞ്ഞു.


ജന്മഭൂമി: http://www.janmabhumidaily.com/news687687#ixzz4pbQk2VDj

No comments: