ഇന്ദ്രന്റെ ദയനീയാവസ്ഥയില്‍ അഗ്‌നിദേവനും മറ്റും പിതൃദേവന്മാരെ സമീപിച്ച് ഒരു ആടിനെ നല്‍കുകയും അതിന്റെ വൃഷ്ണങ്ങള്‍ ഇന്ദ്രന് നല്‍കുവാനപേക്ഷിക്കുകയും ചെയ്തു. ഇന്ദ്രന്റെ കുറവങ്ങനെ നികത്തപ്പെട്ടു. ബ്രഹ്മര്‍ഷിയുടെ ഉപദേശത്താല്‍ രാമനും ലക്ഷ്മണനും ഗൗതമന്റെ ആശ്രമത്തില്‍ പ്രവേശിക്കുകയുണ്ടായി.
ആ കുമാരന്മാര്‍ക്ക് അഹല്യയെ കാണുവാന്‍ കഴിഞ്ഞു. അവര്‍ രണ്ടുപേരും അഹല്യയുടെ പാദങ്ങളില്‍ വന്ദിക്കുകയും അഹല്യ ഗൗതമന്റെ വാക്കുകള്‍ ഓര്‍ക്കുകയും ചെയ്തു. ഗൗതമന്‍ അവിടെയെത്തുകയും രാമനെ ആദരിക്കയുമുണ്ടായി.
വിശ്വാമിത്രന്റെ കൂടെ രാമനും ലക്ഷ്മണനും ജനകന്റെ യാഗസ്ഥലത്തെത്തി. വിശ്വാമിത്രന്‍ എത്തിച്ചേര്‍ന്നതറിഞ്ഞ് തന്റെ കുലഗുരുവും ഗൗതമപുത്രനുമായ ശതാനന്ദനോടും മറ്റ് ഋഷികളോടുംകൂടി വന്ന് ജനകന്‍ സാദരം സ്വാഗതവും ആതിഥ്യവുമരുളി. ഇനിയൊരു പന്ത്രണ്ടുനാള്‍ കഴിഞ്ഞാല്‍ ഏതൊക്കെ ദേവന്മാരാണ് യജ്ഞഭാഗം വാങ്ങാന്‍ വരുന്നതെന്ന് അങ്ങയുടെ ദിവ്യദൃഷ്ടിയാല്‍ കാണാമെന്ന് ജനകന്‍ പറഞ്ഞു.
അതിനുശേഷം ബ്രഹ്മര്‍ഷിയുടെ കൂടെവന്ന കുമാരന്മാരേപ്പറ്റി ചോദിച്ചു. അവര്‍ ആരാണെന്നും എന്തിനാണു വന്നത് എന്നും മറ്റും. കുമാരന്മാര്‍ ദശരഥപുത്രന്മാരാണെന്നും ഇതുവരെയവര്‍ ചെയ്ത വിശേഷകാര്യങ്ങളും ബ്രഹ്മര്‍ഷി പറയുകയുണ്ടായി. കൂടാതെ മിഥിലയിലേക്കു വന്നത് അങ്ങയുടെ മാഹാത്മ്യമേറിയ ധനുസ്സ് കാണാന്‍കൂടിയാണ്.
ശതാനന്ദന്റെ ചോദ്യത്തിനുത്തരമായി രാമന്‍ എങ്ങനെയാണ് അഹല്യക്കു ശാപമോക്ഷം നല്‍കിയതെന്ന് ബ്രഹ്മര്‍ഷി വിശദീകരിച്ചു. ശതാനന്ദനാകട്ടെ ബ്രഹ്മര്‍ഷിയുടെ ജീവിതകഥ രാമനെ കേള്‍പ്പിച്ചു. രാജാവായിരുന്ന വിശ്വാമിത്രന്‍ ഒരിക്കല്‍ ഒരു അക്ഷൗഹിണീ സേനയുമായി ലോകം ചുറ്റിയ കൂട്ടത്തില്‍ വസിഷ്ഠന്റെ ആശ്രമത്തിലുമെത്തിച്ചേര്‍ന്നു.
വസിഷ്ഠാശ്രമം അതീവ സുന്ദരമായിരുന്നു. വസിഷ്ഠന്‍ രാജാവിന്റെ ഭരണകാര്യങ്ങളേപ്പറ്റിയും മറ്റും ചര്‍ച്ച ചെയ്തു. അദ്ദേഹം രാജാവിനേയും സേനയേയും ഭക്ഷണത്തിനു ക്ഷണിച്ചു. ആ ക്ഷണം രാജാവ് സ്വീകരിച്ചപ്പോള്‍ വസിഷ്ഠന്‍ തന്റെ സ്വര്‍ഗ്ഗീയ പശുവായ ശബളയെ വിളിച്ച് വേണ്ടതെല്ലാമൊരുക്കുവാന്‍ പറഞ്ഞു. ഓരോരുത്തര്‍ക്കും അവരവരുടെയിഷ്ടപ്രകാരമുള്ള ഭക്ഷണം ആ പശു നല്‍കി.
വിശ്വാമിത്രന്‍ വസിഷ്ഠനോട് ശബളയെ ഒരു ലക്ഷം മറ്റു പശുക്കള്‍ക്കു പകരമായി തനിക്കു നല്‍കണമെന്നാവശ്യപ്പെട്ടു. രാജാവ് അനേകം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും വസിഷ്ഠന്‍ ശബളയെ നല്‍കിയില്ല. വിശ്വാമിത്രന്‍ തന്റെ ശക്തിയാല്‍ ശബളയെ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ ആ പശു സ്വന്തം ശരീരത്തില്‍ നിന്നും അനേകം ഭടന്മാരെ സൃഷ്ടിക്കുകയും രാജാവിനെ പരാജയപ്പെടത്തുകയും ചെയ്തു.
ജന്മഭൂമി: h
No comments:
Post a Comment