Thursday, November 02, 2017

പിതൃക്കള്‍ക്ക് വേണ്ടി നാം ശ്രദ്ധയോടെ നല്‍കുന്ന നിത്യ ഭക്ഷണം ആയതിനാലാണ് ബലിക്ക് ശ്രാദ്ധം എന്ന പേര് വന്നത്. ഏതെങ്കിലും ഒരു പിതൃവിനെ മാത്രം ഉദ്ദേശിച്ചു ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്-ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു.
മാതൃ -പിതൃ പരമ്പരയില്‍ പെട്ട സര്‍വ പിതൃക്കള്‍ക്കും ജ്ഞാത – അജ്ഞാത പിതൃക്കള്‍ക്കും ബഹുദ്ദിഷ്ട ശ്രാദ്ധകര്‍മം ചെയ്യുവാന്‍ ഉത്തമമായ  ദിവസമാണ് കര്‍ക്കിടകവാവ്.
മനുഷ്യരുടെ ഒരു മാസം പിതൃക്കളുടെ ഒരു ദിവസം എന്നാണ് സങ്കല്പം. അപ്രകാരം നമ്മുടെ 30 ദിവസങ്ങളോളം നീളുന്ന പിതൃക്കളുടെ ഒരു ദിവസത്തിലെ മധ്യാഹ്ന വേളയാണ് അമാവാസി. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. കര്‍ക്കിടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയും പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ കര്‍ക്കിടക വാവിനോളം  യോജ്യമായ ദിവസം  വേറെയില്ല
”അജ്ഞാനാദ് ദിനമാസാനം തസ്മാത് പാര്‍വണമീഷ്യതേ” എന്ന് ഗരുഡ പുരാണം പറയുന്നു. ഏതെങ്കിലും പിതൃവിന്റെ മരണ നക്ഷത്രമോ തിഥിയോ അറിയാതെ വന്നാല്‍ അമാവാസിയില്‍ ശ്രാദ്ധം (പാര്‍വണ ശ്രാദ്ധം) ചെയ്യാം എന്ന് വിധിയും ഉണ്ട്.
മറ്റെന്തൊക്കെ പുണ്യ കര്‍മങ്ങള്‍ ചെയ്താലും പിതൃപ്രീതി ഇല്ലെങ്കില്‍ ഒന്നിലും പൂര്‍ണ്ണാനുഭവ സിദ്ധി കൈവരുകയില്ല എന്ന് അറിയുക.
ബലി തര്‍പ്പണം നടത്തേണ്ടത് എങ്ങനെ?
വാവു ബലി ഇടുന്നവര്‍ വാവു ദിവസവും തലേന്നും വ്രതം ആചരിക്കണം. മത്സ്യ മാംസാദികള്‍ വര്‍ജിക്കണം. സാത്വിക ഭക്ഷണം മാത്രം കഴിക്കുക. ധാന്യ ഭക്ഷണം ഒരു നേരം മാത്രം.
പിറ്റേന്ന് വാവു ദിനത്തില്‍ ബലി അര്‍പ്പിക്കുന്ന സ്നാനഘട്ടത്തില്‍ കുളിച്ച് ഈറനോടെ ചോറ് എള്ള്, തൈര് മുതലായ ദ്രവ്യങ്ങളാല്‍ പിണ്ഡം സമര്‍പ്പിച്ച്  ജലത്തില്‍ നിമജ്ജനം ചെയ്യണം. ശ്രാദ്ധം ഊട്ടുന്ന സമയത്ത് പിതൃക്കളുടെ പേരും രൂപവും മരണം നടന്ന നക്ഷത്രവും  മനസ്സില്‍ സങ്കല്‍പ്പിക്കുക. അതാത് സ്ഥലങ്ങളിലെ പുരോഹിതന്മാരുടെ നിര്‍ദേശം അനുസരിച്ച് ചെയ്യാവുന്നതാണ്. ..sreyas

No comments: