Thursday, November 02, 2017

സംസാരത്തില്‍ മുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ ചിത്രങ്ങളോ, പരിജനങ്ങളോ, സമ്പത്തോ, ശാസ്ത്രമോ ഒന്നും ഉപകരിക്കുന്നില്ല. എപ്പോഴും കൂടെ വസിക്കുന്ന മനസ്സാകുന്ന സുഹൃത്തുമായി കൂടിയാലോചിച്ചാല്‍ ഇക്കാര്യം എളിതായിട്ട് നിര്‍വഹിക്കാന്‍ കഴിയും. മണ്‍കട്ടയോ തടിക്കഷ്ണമോ പോലെ വിചാരിച്ച് ശരീരത്തെ തിരസ്‌കരിച്ച് ദേവേശനായ പരമാത്മാവിനെ ദര്‍ശിക്കണം. വാക്കുകള്‍കൊണ്ടറിയാന്‍ കഴിയാത്തവനും മറ്റൊന്നിനോടും ഉപമിക്കാന്‍ കഴിയാത്തവനും ദൃശ്യത്തോട് ബന്ധമില്ലാത്തവും ആയ ആത്മാവിനെ അഹങ്കാരം നശിച്ച് ആനന്ദമയവും പരമേശ്വര രൂപവുമായ സ്വരൂപം പ്രകാശിച്ച് ചിത്തിന്റെ അംശഭൂതമായ സുസ്ഥിര തുര്യ ദൃഷ്ടിവിളങ്ങിയാല്‍ ദര്‍ശിക്കാന്‍ കഴിയും.
പരിപൂര്‍ണ്ണമായ ആത്മാവസ്ഥ സുഷുപ്താവസ്ഥയോട് ഏകദേശം ഉപമിക്കാം. ഇങ്ങനെ സുഷുപ്തിയോട് സാമ്യമുള്ളതും, സമാധിസിദ്ധവുമായ ആത്മാവസ്ഥ അനുഭവമാത്രഗോചരമാണെങ്കിലും വാക്കുകള്‍ക്കതീതമാണ്. ഈ കാണപ്പെടുന്ന ജഗത്ത് മുഴുവന്‍ അപരിച്ഛിന്നമായ ആത്മതത്ത്വം മാത്രമാണ്. ബാഹ്യ വിഷയങ്ങളില്‍നിന്നും ശാന്തമായ മനസ്സ് അന്തരാത്മാവില്‍ പാലില്‍ വെള്ളമെന്നപോലെ ലയിച്ച് നിശ്ചലമാകുമ്പോള്‍ ചരാചരാത്മാവായ ദേവദേവന്‍ തന്നത്താന്‍ പ്രകാശിക്കും. ഈ ആത്മാനുഭൂതി നാലാമത്തെ ജ്ഞാനഭൂമികയിലെ അറിവാകുന്നു. അതു ലഭിച്ചുകഴിഞ്ഞാല്‍ വിഷയവാസന നശിച്ച് പരമപുരുഷാര്‍ത്ഥരൂപമായ സ്വന്തം ആത്മാവിന്റെ സ്ഫുടമായ പ്രകാശം അനുഭവപ്പെടുന്നു.
അതിനുശേഷം സമാധിചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഒരേ അവസ്ഥയിലുള്ള ആനന്ദപ്രാപ്തി കൈവരുന്നു. അതോടെ പരമാത്മാസുഖസ്വരൂപനായി പരിണമിച്ച് ഏഴാം ഭൂമികയിലെത്തി വിളങ്ങുകയും ചെയ്യുന്നു. മനസ്സുകൊണ്ടുതന്നെ മനസ്സിനെ നിഗ്രഹിച്ച് ആത്മാവിനെ ദര്‍ശിക്കാത്തവന് സംസാരദുഃഖം ഒരിക്കലും നശിക്കുകയില്ല. മനോനിഗ്രഹം സാധിച്ചാല്‍ സുഖിയായി എന്നതിനു സംശയമില്ല.
ദേഹം, ആര്, ദേഹിയാര് എന്നുള്ള ചിന്തകൂടാതെ ദേഹത്തില്‍ മാത്രം വിശ്വാസമര്‍പ്പിച്ചുകൊണ്ടുള്ള സംഗം ബന്ധനകാരണമാണ് ദേശകാലാദികളില്‍ അപരിഛേദ്യമായ ആത്മാവില്‍ ദേഹബുദ്ധിയോടുകൂടി വിഷയസുഖങ്ങളാഗ്രഹിച്ചുകൊണ്ടുള്ള സംഗവും ബന്ധനകാരണമാണ് ആത്മാവല്ലാതെ മറ്റൊന്നുമില്ലെന്ന് ഞാന്‍ എന്തിന് സ്വീകരിക്കുന്നു? അല്ലെങ്കില്‍ ത്യജിക്കുന്നു? എന്ന അസംഗതമായ സ്ഥിതിയാണ് ജീവന്മുക്താവസ്ഥ.
കര്‍മ്മത്തിലൊ, കര്‍മ്മത്യാഗത്തിലോ താല്പര്യമില്ലാതെ സിദ്ധിയിലും അസിദ്ധിയിലും സമദൃഷ്ടിയോടെ കണ്ട് ഫലേച്ഛയില്ലാതിരിക്കുന്നവന്‍ അസക്തനെന്നു പറയപ്പെടുന്നു. ലോകാനുസാരണം കര്‍മ്മങ്ങളെ ഉപേക്ഷിക്കാതെ മനസ്സുകൊണ്ട് വിദഗ്ധമായി കര്‍മ്മേച്ഛയേയും കര്‍മ്മഫലത്തേയും ത്യജിക്കുന്നവനും അസക്തനാകുന്നു.
അസക്തമായ മനോവൃത്തി ഗുണഫലങ്ങളുളവാക്കി കൈവല്യത്തെ സമ്പാദിക്കുന്നു. സക്തിമൂലം കലുഷിതരാകുന്നവര്‍ ദുഃഖിതരായിത്തന്നെ മരിച്ച് പല ജന്മങ്ങളിലായി പലയോനികളില്‍ വീണ്ടും വീണ്ടും ജനിക്കുന്നു. സക്തി വന്ധ്യയെന്നും വന്ദ്യയെന്നും രണ്ടുതരത്തിലുണ്ട്. ഇതില്‍ വന്ധ്യ മൂഢന്മാരിലും വന്ദ്യ തത്ത്വജ്ഞന്മാരിലും സ്ഥിതിചെയ്യുന്നു. ആത്മതത്വബോധമില്ലാത്തതും ദേഹാദിവസ്തുഭാവനയോടുകൂടിയതും സംസാരത്തെ വീണ്ടും വീണ്ടും ഉദിപ്പിക്കുന്നതുമായ സക്തി വന്ധ്യയാണ്. ആത്മസ്വരൂപ നിശ്ചയത്താല്‍ ആത്മനാത്മ വിവേകത്തില്‍ നിന്നുണ്ടായതും, നിമിഷംതോറും സംസാരത്തെ വര്‍ജിച്ചിരിക്കുന്നതുമായ സക്തി വന്ദ്യയാണ്.
ശംഖചക്രഗദാധാരിയായ ഭഗവാന്‍ ലോകോദ്ധാരണത്തിനായി അവതാരങ്ങളെടുക്കുന്നത് വന്ദ്യസക്തിക്കു വശംവദനായിട്ടാണ്. വിജ്ഞാനനിഷ്ഠന്മാരായ സിദ്ധന്മാരും ഇന്ദ്രാദിലോകപാലകരും വന്ദ്യസക്തിക്കധീനരാണ്.
മനസ്സ് വന്ധ്യസക്തിക്കധീനമാക്കിയവര്‍ മാംസം കണ്ട കഴുകനെപ്പോലെ വിഷയങ്ങളില്‍ കുടുങ്ങുന്നു. അവര്‍ ദുഃഖാഗ്നി തട്ടി ശുഷ്‌കിച്ച് നരകാഗ്നികളെ ജ്വലിപ്പിക്കുന്ന വിറകുകളായിത്തീരുന്നു. തെളിഞ്ഞ വിദ്യാദൃഷ്ടിയോടെ ദൃശ്യപ്രപഞ്ചത്തില്‍ ആസക്തി വെടിഞ്ഞ് ആത്മാമാത്രനായിരിക്കുന്നവനാണ് മുക്തന്‍.
ജ്ഞാനി ശയനഅശനാദികളില്‍ മുഴുകിയാലും മൂഢനോടോ, ബുദ്ധിമാനോടോ സഹവസിച്ചാലും, നിത്യനൈമിത്യാദികര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാലും ഇല്ലെങ്കിലും മനസ്സിനെ വിവിധ വിഷയങ്ങളില്‍ മുഴുകാന്‍ ഇടവരാതെ സൂക്ഷിക്കേണ്ടതാണ്. ചിന്തയിലോ, ചേഷ്ടയിലോ, വസ്തുവിലോ, ആകാശത്തോ, താഴേയോ, ദിക്കുകളിലോ ഉള്ളിലോ പുറത്തോ എങ്ങും സഞ്ചരിക്കാന്‍ മനസ്സിനെ അഴിച്ചുവിടരുത്. കളത്രഭൃത്യാദികളിലോ ഇന്ദ്രിയങ്ങളുടെ പ്രവൃത്തിയിലോ പ്രാണവായുക്കളിലോ, മൂര്‍ദ്ധാവ്, താലു, ഭ്രൂമധ്യം, നാസാഗ്രം, മുഖം, കണ്ണ് തുടങ്ങിയവയിലോ മനസ്സിനെ വ്യാപരിക്കാന്‍ വിടാതെ നോക്കണം. അതുപോലെത്തന്നെ അന്ധകാരം, പ്രകാശം ജാഗ്രത്‌സ്വപ്ന സുഷുപ്തികള്‍, ഗുണത്രയങ്ങള്‍, വര്‍ണ്ണങ്ങള്‍, ചരം സ്ഥിരം, ആദിമധ്യാന്തങ്ങള്‍, അകലെ, അരികില്‍, മുന്‍പില്‍, പിന്നില്‍, നാമത്തില്‍, രൂപത്തില്‍, ജീവനില്‍, ശബ്ദസ്പര്‍ശാദികളില്‍, മോഹമദാദികളില്‍, ഗമനാഗമനങ്ങളില്‍, കാലങ്ങളില്‍ തുടങ്ങിയ ഒന്നിലും മനസ്സിനെ പ്രവര്‍ത്തിപ്പിക്കരുത്.
വിഷയത്തില്‍ അല്പം ആശ്രയിച്ചിരുന്നാലും അതിന്റെ രസാനുഭൂതി ഇല്ലാതാക്കി കേവലമായ ചിത്തില്‍ വിശ്രമിപ്പിച്ച് ആത്മധ്യാനത്തില്‍ ലയിപ്പിക്കണം. അതായത് അല്പംപോലും വിഷയസ്പര്‍ശമില്ലാതെ പ്രശാന്തചിത്തത്തോടെ ആത്മാനന്ദം അനുഭവിക്കണം. സംഗമില്ലാതെ ആത്മാവില്‍ ലയിച്ചിരിക്കുന്ന ജീവന്‍ ജീവന്‍മുക്താവസ്ഥയെ പ്രാപിക്കുന്നു. ലോകവ്യവഹാരങ്ങള്‍ ചെയ്താലും ചെയ്യാതിരുന്നാലും കര്‍മ്മഫലങ്ങള്‍ അവനെ സ്പര്‍ശിക്കുന്നില്ല. വിഷയവൃത്തികള്‍ നിശ്ശേഷം മനസ്സില്‍ നിന്നൊഴിയുമ്പോള്‍ ഉണ്ടാകുന്ന സങ്കല്പരഹിതമായ അവസ്ഥയെ ജാഗ്രത്തിലെ സുഷുപ്താവസ്ഥയെന്ന് വിദ്വാന്മാര്‍ പറയുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news289513#ixzz4xKnEXa8P

No comments: