Sunday, April 22, 2018


യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 505 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).
ദ്വിവിധോ ഭവതി പ്രഷ്ടാ തത്വജ്ഞോഽജ്ഞോഽധവാപി ച
അജ്ഞസ്യാജ്ഞതയാ ദേയോ ജ്ഞസ്യ തു ജ്ഞതയോത്തര: (6.2/29/32)
വസിഷ്ഠന്‍ തുടര്‍ന്നു: “ചോദ്യകര്‍ത്താക്കള്‍ രണ്ടു തരത്തിലാണുള്ളത്. അജ്ഞാനികളും, പ്രബുദ്ധരും. അജ്ഞാനിക്കുള്ള ഉത്തരം അവനു യോജിച്ചവണ്ണം അവന്റെ നിലയനുസരിച്ചു വേണം നല്‍കാന്‍. പ്രബുദ്ധനുള്ള ഉത്തരം അവന്റെ നിലയ്ക്ക് യോജിച്ചതുമാവണം.”
ഇതുവരെ നീ അജ്ഞാനിയായിരുന്നു. അതുകൊണ്ട് ബുദ്ധിപരമായ ഉത്തരങ്ങള്‍ മതിയായിരുന്നു. ഇപ്പോള്‍ നിനക്ക് സത്യമറിയാം എന്നുള്ളതുകൊണ്ട് ബുദ്ധിപരമോ യുക്ത്യാനുസാരിയോ ആയ ഉത്തരങ്ങള്‍ മതിയാവുകയില്ല.
രാമാ, വാക്കുകള്‍ കൊണ്ട് പറയാവുന്ന എല്ലാം, അവ എത്ര വിശദീകരിച്ചു പറഞ്ഞാലും ചുരുക്കിപ്പറഞ്ഞാലും, എത്ര സൂക്ഷ്മവും അഭൌമവുമാണെങ്കില്‍പ്പോലും യുക്തി, ദ്വന്ദത, ഭിന്നത, എന്നീ പരിമിതികള്‍ ഉള്ളവയാണ്. അത്തരം നിറം പിടിച്ച ഉത്തരങ്ങള്‍ നിനക്ക് നല്‍കാന്‍ വയ്യ. എന്നാല്‍ വാക്കുകള്‍ക്ക്, സ്വയം നിറംപിടിപ്പിക്കാതെ ശുദ്ധസത്യം മാത്രം പറഞ്ഞു പ്രതിഫലിപ്പിക്കാനുള്ള കഴിവില്ല താനും.
നിന്നെപ്പോലുള്ളവന് നിര്‍മലമായ സത്യം മാത്രമേ പകര്‍ന്നു നല്‍കാവൂ. എന്നാല്‍ നിര്‍മലസത്യം നിശ്ശബ്ദതയില്‍ മാത്രമേ വെളിപ്പെടുകയുള്ളു. ആ മൌനം യുക്ത്യാനുസാരിയായ എല്ലാ അന്വേഷണങ്ങളില്‍ നിന്നും സ്വതന്ത്രമാണ്. പരമമായ അവസ്ഥയാണത്. അതുകൊണ്ട് മൌനം മാത്രമേ നിന്റെ ചോദ്യത്തിന് ഉത്തരമായി തരാന്‍ കഴിയൂ.
എല്ലാ ഭാവാവിഷ്കാരങ്ങളും അത് പ്രകടിപ്പിക്കുന്നവന്റെ സ്വഭാവത്തില്‍ അധിഷ്ഠിതമാണ്. ഞാന്‍ നിത്യശുദ്ധപ്രബുദ്ധവും അഭേദവുമായ അനന്താവബോധത്തില്‍, പരമാത്മാവില്‍ സുദൃഢനാണ്. എങ്ങനെയാണ് വാക്കുകള്‍കൊണ്ട് എന്റെ സഹജഭാവത്തില്‍ കളങ്കം ചാര്‍ത്തുക? വാക്കുകള്‍ക്ക് പകരാനാവാത്ത കാര്യം പറയാന്‍ ശ്രമിച്ച് എന്നിലെ പരിപൂര്‍ണ്ണതയെ ഞാനെന്തിനു വികലമാക്കണം? അതിനാല്‍ അനന്തതയെ എന്റെ മനസ്സിലുയരുന്ന വാക്കുകളിലേയ്ക്ക് ചുരുക്കാന്‍ ഞാന്‍ തുനിയുന്നില്ല.
രാമന്‍ പറഞ്ഞു: വാക്കുകള്‍ ദ്വന്ദതയാലും പരിമിതികളാലും കളങ്കപ്പെട്ടിരിക്കുന്നു എന്നെനിക്കറിയാം. അതങ്ങനെ ഇരിക്കുമ്പോള്‍ത്തന്നെ ആ പരിമിതികള്‍ക്കുള്ളില്‍ ഇരുന്നുകൊണ്ട് തന്നെ പറയൂ അങ്ങാരാണ്?
വസിഷ്ഠന്‍ പറഞ്ഞു: ഞാന്‍ ശുദ്ധാകാശം പോലെ നിര്‍മ്മലമായ ബോധമാണ്. വിഷയാനുബദ്ധങ്ങളായ അനുഭവങ്ങള്‍ക്ക് ഞാന്‍ വശംവദനല്ല. അനന്തമായ നിര്‍മ്മലാവബോധമാണ് ഞാന്‍. നീയും അതുതന്നെ. ലോകം മുഴുവന്‍ അത് തന്നെയാണ്. എല്ലാമെല്ലാം അവിഭാജ്യമായ അദ്വയമായ ബോധമാണ്. ഞാന്‍ ശുദ്ധപ്രബുദ്ധതയാണ്. അതില്‍ നിന്നും വിഭിന്നമായി മറ്റൊന്നും ഇല്ലാത്തതിനാല്‍ എന്നെ വേര്‍തിരിച്ചു പറയാന്‍ എനിക്കാവില്ല.
ഒരാള്‍ തന്നെക്കുറിച്ച് വ്യതിരിക്തമായ ഒരു ധാരണയെ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനു പകരം അഹംകാരവും തല്‍സംബന്ധിയായ മറ്റെല്ലാം ഉദിച്ചുയരുന്നത്.
ഒരാളുടെ പരമമായ അവസ്ഥ എന്നത് ജീവിച്ചിരിക്കുമ്പോഴും ‘മരിച്ച’പോലുള്ള ‘അകര്‍മ്മാ’വസ്ഥയാണ്. എന്നാല്‍ ഈ അഹംകാരം സ്വയം മുക്തിപദം കൈവരിക്കാന്‍ ശ്രമിക്കുക എന്നത് അസംബന്ധമാണ്. കാരണം അഹംകാരത്തിന് സത്യത്തെ അറിയാനാവുന്നതെങ്ങനെ?
അനന്താവബോധത്തിന് സ്വയം സാക്ഷാത്ക്കരിക്കേണ്ടതായി ഒന്നുമില്ല. എങ്ങനെ നോക്കിയാലും ജന്മനാ അന്ധനായ ഒരാള്‍ നല്ലൊരു ചിത്രം ‘കാണുന്നതു’പോലെയുള്ള അവസ്ഥയാണിത്. ബോധത്തില്‍ ചലനം ഉണ്ടായാലും ഇല്ലെങ്കിലും പാറപോലെയുറച്ചു നില്‍ക്കുന്ന സാധകന്റെ അവസ്ഥയാണ് മോക്ഷം, അല്ലെങ്കില്‍ നിര്‍വാണം.
അയാള്‍ ‘മറ്റൊന്നിനെ’ കാണുന്നില്ല. അയാളില്‍ ആശകളോ ആസക്തികളോ ഇല്ല. അയാളില്‍ ‘ഞാന്‍’. ‘നീ’, ‘’അവര്‍’, മുതലായ സത്തകള്‍ ഇല്ല. എല്ലാമെല്ലാം ഒന്നാണ്, എകാത്മകമാണ്.

No comments: