ദ്വൈതദര്‍ശനം
വേദാന്തദര്‍ശനത്തിന്റെ ഒരു ശാഖ. ജീവാത്മാവും പരമാത്മാവും ഭിന്നമാണെന്നു സിദ്ധാന്തിക്കുന്ന വാദമാണിത്. സ്രഷ്ടാവും സൃഷ്ടിയും വിഭിന്നമാണെന്ന ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാധ്വാചാര്യര്‍ ആണ്. പൂര്‍ണപ്രജ്ഞനെന്നും ആനന്ദതീര്‍ഥനെന്നും അറിയപ്പെടുന്ന മാധ്വന്‍ 1199-ല്‍ തെക്കന്‍ കര്‍ണാടകത്തിലെ ഉഡുപ്പിക്കു സമീപമുള്ള ഒരു ഗ്രാമത്തിലാണ് ജനിച്ചത്. വേദജ്ഞാനത്തിലും സന്ന്യാസത്തിലും താത്പര്യം കാട്ടിയ ഇദ്ദേഹം വര്‍ഷങ്ങളോളം ധ്യാനത്തിലും അധ്യയനത്തിലുമായി കഴിച്ചുകൂട്ടുകയും തന്റെ ഗുരുനാഥനായിരുന്ന അച്യുതപ്രേക്ഷനോട് നിരന്തരം സംവാദങ്ങളിലും ചര്‍ച്ചകളിലും ഏര് പ്പെടുകയും പതിവായിരുന്നു. അത്തരം ദീര്‍ഘ ചര്‍ച്ചകളില്‍നിന്ന് ദ്വൈതദര്‍ശനം ഉരുത്തിരിഞ്ഞതായാണ് വിശ്വസിക്കപ്പെടുന്നത്.
അഭേദത്തില്‍ ബ്രഹ്മം മാത്രമേ സത്യമുള്ളൂ എന്ന് അദ്വൈതം വിശ്വസിച്ചപ്പോള്‍ ദ്വൈതസിദ്ധാന്തം ബാഹ്യപ്രപഞ്ചത്തെ അപഗ്രഥിച്ച് പദാര്‍ഥങ്ങളുടെ മൗലികമായ സത്ത രണ്ടാണെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നു. അവ ജഡവസ്തുവും ചൈതന്യവുമാണ്. സകല വസ്തുക്കളും ജഡ-ചൈതന്യങ്ങളുടെ സങ്കലിത രൂപമാണെന്നും പ്രപഞ്ചം പദാര്‍ഥങ്ങളുടെ ആകെത്തുകയാണെന്നും ആണ് ഇക്കൂട്ടരുടെ വാദഗതി. ജഗത്നിയന്താവായ ഈശ്വരനും പ്രപഞ്ചവും തമ്മില്‍ ഭേദമുണ്ടെന്നാണ് മാധ്വാചാര്യരുടെ വ്യാഖ്യാനം. ഓരോ ജീവാത്മാവിനും അതിന്റേതായ പ്രത്യേക ഗുണങ്ങള്‍ ഉണ്ടെന്നാണ് ദ്വൈതവാദികളുടെ വിശ്വാസം. അനേകത്വവാദത്തില്‍നിന്നുണ്ടായ ഈ സിദ്ധാന്തം മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ അപഗ്രഥിച്ച് രണ്ട് ഉണ്മ മാത്രമേ ആത്യന്തികമായി യഥാര്‍ഥമായുള്ളൂ എന്ന നിഗമനത്തിലെത്തിച്ചേരുന്നു. ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ടാണ് മാധ്വാചാര്യര്‍ ദ്വൈതമതം സ്ഥാപിച്ചത്. ഈശ്വരന്, ജീവന്, ജഗത്ത് എന്നീ മൂന്ന് സത്തകളെ അംഗീകരിച്ചുകൊണ്ടാണ് ആചാര്യന് ദ്വൈതചിന്താപദ്ധതിക്ക് രൂപംനല്കിയത്. ഈ മൂന്ന് പ്രാപഞ്ചിക സത്തകളും സ്വതന്ത്രങ്ങളാണെന്നും, പ്രത്യക്ഷാനുമാന ശബ്ദ പ്രമാണങ്ങളാണ് ഇവയെ അംഗീകരിക്കുന്നതിനുപകരിക്കുന്നതെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍വതന്ത്രസ്വതന്ത്രനായ ജഗദീശ്വരന് ഒരിടത്തും, ജീവാത്മാവും പ്രപഞ്ചവും മറുഭാഗത്തും യാഥാര്‍ഥ്യങ്ങളായി സ്ഥിതിചെയ്യുന്നുണ്ടെന്നു വാദിച്ച മാധ്വന്‍ ബ്രഹ്മ-ജീവ ഭേദം, ബ്രഹ്മ-ജഗത് ഭേദം, ജീവ-ജഗത് ഭേദം, ജീവ-ജീവ ഭേദം, ജഗത്-തദ്ഭാഗ ഭേദം എന്നിങ്ങനെ അഞ്ചുതരം ഭേദങ്ങള്‍ യാഥാര്‍ഥ്യങ്ങളായി ഉണ്ടെന്ന് സിദ്ധാന്തിച്ചു. ജഗത്ത് ജഡമാണെന്നും, ഈശ്വരസാക്ഷാത്കാരമാണ് മുക്തിക്കുള്ള മാര്‍ഗമെന്നും ഇദ്ദേഹം പഠിപ്പിച്ചു. ശങ്കരാചാര്യരുടെ അദ്വൈതസിദ്ധാന്തത്തെ എതിര്‍ത്ത മാധ്വാചാര്യര്‍ ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നിവയ്ക്കും ഉപനിഷത്തുക്കള്‍ക്കും തന്റെ സിദ്ധാന്തപ്രകാരം വ്യാഖ്യാനം രചിച്ചു. ദ്വൈതവാദത്തിന്റെ പ്രചാരണത്തിനായി മായാവാദഖണ്ഡനം, തത്ത്വസംഖ്യാനം തുടങ്ങിയ കൃതികള്‍ ഇദ്ദേഹം രചിക്കുകയും ചെയ്തു.
ദ്വൈതവാദമനുസരിച്ച് പ്രത്യക്ഷം, അനുമാനം, ശബ്ദം എന്നിങ്ങനെ മൂന്ന് പ്രമാണങ്ങളാണ് ജ്ഞാനസാധനങ്ങള്‍. ഉപമാനം (സാദൃശ്യം) അനുമാനത്തിന്റെ ഒരു വകഭേദമായി ആണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്. പ്രത്യക്ഷാനുമാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ ജഗത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിന് നമ്മെ സഹായിക്കാന്‍ കഴിയുകയില്ല. പ്രത്യക്ഷം ഇന്ദ്രിയഗോചരങ്ങളില്‍ ഒതുങ്ങിനില്ക്കുന്നു. അനുമാനം മറ്റു മാര്‍ഗങ്ങളിലൂടെ നമുക്കു ലഭിക്കുന്ന വസ്തുതകളെ പരീക്ഷിക്കാനും ക്രമീകരിക്കാനും സഹായിക്കുന്നുണ്ടെങ്കിലും പുതിയതായി ഒരു വസ്തുതയും സംഭരിക്കാന്‍ സമര്‍ഥമാകുന്നില്ല. ശരിയായ ജ്ഞാനം ലഭിക്കുന്നതിന് വേദത്തെയാണ് ആശ്രയിക്കേണ്ടതെന്ന് മാധ്വന്‍ പറയുന്നു. വേദപ്രാമാണ്യത്തെ ദ്വൈതസിദ്ധാന്തം പൂര്‍ണമായും അംഗീകരിക്കുന്നു. പൗരുഷേയമായ സാക്ഷ്യത്തെയും അപൗരുഷേയമായ സാക്ഷ്യത്തെയും വേര്‍തിരിച്ചാണ് ഇവര്‍ കാണുന്നത്. അപൗരുഷേയ സാക്ഷ്യം പരമപ്രമാണവും സര്‍വഥാ നിര്‍ദോഷവുമാണെന്ന് മാധ്വാചാര്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സിദ്ധാന്തപ്രകാരം അനുഭവവും ജ്ഞാനവും അടിസ്ഥാനമാക്കിയാണ് എല്ലാത്തിനും നിലനില്പ് കല്പിക്കുന്നത്. ജ്ഞാതാവും ജ്ഞേയവും കൂടാതെ യാതൊരു ജ്ഞാനവും ഉണ്ടാവുകയില്ല എന്ന് ദ്വൈതസിദ്ധാന്തം ഉറപ്പിച്ചുപറയുന്നു.
പ്രപഞ്ചവും ഈശ്വരനും തമ്മില്‍ ദ്വൈതസിദ്ധാന്തപ്രകാരം ആശ്രയാശ്രയീഭാവമാണുള്ളത്. പില്ക്കാലത്ത് ആത്മാവ് ഈശ്വരേച്ഛ അനുസരിച്ച് വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നുവെന്നും പാപകര്‍മത്തിന്റെയും പുണ്യകര്‍മത്തിന്റെയും ഫലമനുസരിച്ച് ആത്യന്തികമുക്തി അഥവാ ഈശ്വരസാക്ഷാത്കാരം ലഭിക്കുന്നുവെന്നും ഉള്ള വിഭിന്നാഭിപ്രായങ്ങള്‍ ദ്വൈതസിദ്ധാന്തത്തിലുണ്ടായിട്ടുണ്ട്. എങ്ങനെയായാലും ഭൗതികപ്രപഞ്ചം മാത്രമേ യാഥാര്‍ഥ്യമായുള്ളൂവെന്ന് ഭൗതികവാദികളും, ബ്രഹ്മം മാത്രമേ യാഥാര്‍ഥ്യമായുള്ളൂവെന്ന് അദ്വൈതവേദാന്തികളും സമര്‍ഥിക്കുന്നു. പൂര്‍വകര്‍മങ്ങളനുസരിച്ചാണ് ദ്വൈതികള്‍ക്ക് മോക്ഷപ്രാപ്തി സിദ്ധിക്കുന്നത്. ഓരോ ആത്മാവിനും സംസാരബന്ധത്തിന്റെ രീതിയനുസരിച്ച് മോക്ഷമാര്‍ഗം കഠിനമോ ലഘുവോ ആയി മാറുന്നു. മോക്ഷപ്രാപ്തിക്ക് ശ്രവണ മനന നിദിധ്യാസനമാണ് മാര്‍ഗമായി അംഗീകരിച്ചിട്ടുള്ളതെന്നു കാണാം. മുക്തനാകുന്നതോടെ ആത്മാക്കള്‍ക്ക് മുക്തി ലഭിക്കുന്നുണ്ടെങ്കിലും അവയുടെ വ്യതിരിക്തത തുടര്‍ന്നും നിലനില്‍ക്കുന്നുണ്ടെന്നാണ് ദ്വൈതവേദാന്തികളുടെ നിലപാട്.
ദ്വൈതസിദ്ധാന്തമനുസരിച്ച് യഥാര്‍ഥ സത്ത (പദാര്‍ഥം) രണ്ടുതരത്തിലുണ്ട്: സ്വതന്ത്രവും പരതന്ത്രവും. പരമപുരുഷനായ ഈശ്വരനെ മാത്രമേ സ്വതന്ത്രസത്തയ്ക്ക് അവകാശിയായി ഇവര്‍ കാണുന്നുള്ളൂ. പരതന്ത്രസത്തയ്ക്ക് ഭാവ അഭാവ രൂപത്തില്‍ രണ്ടുതരത്തില്‍ വിഭജനം കല്പിക്കപ്പെട്ടിരിക്കുന്നു. ഭാവാത്മകസത്തയില്‍ ചേതനമായവയും അഭാവസത്തയില്‍ അചേതനങ്ങളായ പ്രകൃതി, ദേശം, കാലം തുടങ്ങിയവയും ഉള് പ്പെടുന്നു.
കപിലന്റെ സാംഖ്യദര്‍ശനം ഒരര്‍ഥത്തില്‍ ദ്വൈതവാദമാണെന്ന് അപഗ്രഥിച്ചിട്ടുണ്ട്. പുരുഷപ്രകൃതികളെ മാത്രം അംഗീകരിക്കുന്ന സാംഖ്യര്‍ അവയുടെ സംയോഗമാണ് പ്രപഞ്ചം എന്ന് സിദ്ധാന്തിക്കുന്നു. പൂര്‍വമീമാംസകര്‍ ധര്‍മത്തെ ഉപാസിക്കുമ്പോഴും ജഡചേതനങ്ങളുടെ ഭിന്നാസ്തിത്വം നിഷേധിക്കുന്നില്ല. യോഗദര്‍ശനത്തിലും ദൃശ്യപ്രപഞ്ചം ജഡാവസ്ഥയിലുള്ള മൂലപ്രകൃതിയുടെ പരിണാമമാണ്; പുരുഷന് ചേതനാരൂപനും. അവിടെയും ദ്വിവിധത്തിലുള്ള അസ്തിത്വം കാണുന്നു. യോഗികള്‍ക്കും ദ്വൈതപദ്ധതി സ്വീകാര്യംതന്നെയെന്ന് ചുരുക്കം. അദ്വൈതവാദികളായിരുന്ന ന്യായവൈശേഷികന്മാരും പില്ക്കാലത്ത് ജീവാത്മാ പരമാത്മാ എന്ന വിഭിന്നാസ്തിത്വം അംഗീകരിക്കുകവഴി ദ്വൈതദര്‍ശനത്തെ അംഗീകരിക്കുകയുണ്ടായി.
No comments:
Post a Comment