Wednesday, April 18, 2018

ത്രിഗുണങ്ങള്‍

മൂലപ്രകൃതിയുടെ ഭാഗമായ സത്ത്വഗുണം, രജോഗുണം, തമോഗുണം എന്നിവ. ത്രിഗുണങ്ങളുടെ അസന്തുലിതാവസ്ഥയാണ് സൃഷ്ടിയുടെ കാരണമായി പറയുന്നത്. ഈ മൂന്ന് ഗുണങ്ങളുടെ സംബന്ധത്താലാണ് അന്തരാത്മാവ് സ്ഥാവര ജംഗമ സ്വരൂപങ്ങളെ പ്രാപിച്ചിരിക്കുന്നത്. മൂന്ന് ഗുണങ്ങളും സമതുലിതമാകുമ്പോള്‍ പ്രളയാവസ്ഥയായിരിക്കും. പ്രകാശം, ലാഘവത്വം എന്നിവ സത്ത്വത്തിന്റെയും ചലനാത്മകതയും രാഗവും രജസ്സിന്റെയും ഗുരുത, അജ്ഞത മുതലായവ തമസ്സിന്റെയും സ്വഭാവ സവിശേഷതകളാണ്.
സാംഖ്യശാസ്ത്രപ്രകാരം സിദ്ധമായിട്ടുള്ള സത്ത്വമെന്ന ഗുണമാണ് പ്രകൃതിയുടെ പ്രകാശാദികള്‍ക്കു കാരണമായിട്ടുള്ളത്. സത്ത്വം സമര്‍ഥചൈതന്യമാണ്. മഹാവിഷ്ണു സത്ത്വഗുണപ്രധാനനാണ്. സാത്വികഗുണത്തോടുകൂടിയുള്ളവര്‍ ഊര്‍ധലോകത്തില്‍ (സ്വര്‍ലോകം) ജനിക്കുന്നുവെന്നാണ് വിശ്വാസം. രാജസഗുണത്തോടുകൂടിയവരാകട്ടെ മധ്യമലോകത്തില്‍ (ഭൂലോകം) ജനിക്കുന്നുവെന്നും താമസഗുണക്കാര്‍ അധോലോകത്തില്‍ (പാതാളം) ജനിക്കുന്നുവെന്നും ആണ് സാംഖ്യമതാനുയായികള്‍ വിശ്വസിച്ചുപോരുന്നത്. ത്രിഗുണാതീതമായി പുരുഷനെ മാത്രമാണ് ഇവര്‍ കൈക്കൊള്ളുന്നത്. പഞ്ചഭൂതങ്ങള്‍, ജ്ഞാനേന്ദ്രിയങ്ങള്‍, കര്‍മേന്ദ്രിയങ്ങള്‍, ദൃശ്യപ്രപഞ്ചം തുടങ്ങിയവയെല്ലാം ത്രിഗുണാത്മകങ്ങളും എന്നാല്‍ ഗുണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി ഭിന്നസ്വഭാവികളുമാണ്. രജോഗുണപ്രധാനനായി അറിയപ്പെടുന്നത് ബ്രഹ്മാവാണ്. തമോഗുണപ്രധാനനാണ് പരമശിവന്‍. രജസ്സ് എല്ലാ ക്രിയകളുടെയും ഉറവിടമാണ്. അത് ദുഃഖത്തെ ഉളവാക്കുന്നു. രജോഗുണം പരിഭ്രാന്തമായ സുഖാനുഭവത്തിലേക്കും അവിശ്രമ പ്രയത്നത്തിലേക്കും നയിക്കുന്നു. തമോഗുണമാകട്ടെ ക്രിയാശീലത്തെ തടയുന്നു. ഈ മൂന്ന് ഗുണങ്ങളും ഒരിക്കലും ഭിന്നങ്ങളായി വര്‍ത്തിക്കുന്നില്ല. അവ അന്യോന്യം പോഷിപ്പിച്ച് ഒരു വിളക്കിലെ ജ്വാല, എണ്ണ, തിരി എന്നിവപോലെ ബന്ധപ്പെട്ടു വര്‍ത്തിക്കുന്നു. ത്രിഗുണങ്ങള്‍ തന്നെയാണ് പ്രകൃതിയുടെ സാരതത്ത്വമായി വര്‍ത്തിക്കുന്നത്.
ശാസ്ത്രീയവീക്ഷണമനുസരിച്ച് സത്ത്വം സ്ഥിതികോര്‍ജമാണ്. രജസ്സ് ഗതികോര്‍ജവും തമസ്സ് ജഡത്വവുമാണ്.

No comments: