ഗരുഡപുരാണം
പതിനെട്ട് മഹാപുരാണങ്ങളില്‍ ഒന്ന്. ഗരുഡന്റെ പര്യായങ്ങളായ 'താര്‍ക്ഷ്യ', 'വൈനതേയ', 'സൗപര്‍ണ' എന്നീ പേരുകളിലും ഈ പുരാണം അറിയപ്പെടുന്നുണ്ട്. ഗരുഡന് കശ്യപന് ഉപദേശിച്ച പുരാണമാണ് ഇത്. കശ്യപന് പിന്നീട് വ്യാസനും വ്യാസന് ശിവനും ഈ പുരാണം ഉപദേശിച്ചു.
വൈഷ്ണവപുരാണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഗരുഡപുരാണം. വിഷ്ണുവിന്റെ അവതാരങ്ങളെ വാഴ്ത്തുകയാണ് മുഖ്യമെങ്കിലും ഒട്ടുവളരെ വ്യത്യസ്ത വിഷയങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിന് ആചാരകാണ്ഡം, പ്രേതകാണ്ഡം, ബ്രഹ്മകാണ്ഡം എന്നിങ്ങനെ മൂന്നുഭാഗങ്ങളുണ്ട്. കര്‍മകാണ്ഡം, ധര്‍മകാണ്ഡം, മോക്ഷകാണ്ഡം എന്നും യഥാക്രമം ഇവ അറിയപ്പെടുന്നു. ആദ്യത്തെ രണ്ടു കാണ്ഡങ്ങള്‍ക്ക് പൂര്‍വകാണ്ഡം, ഉത്തരകാണ്ഡം എന്നും പേരുണ്ട്. 240 അധ്യായങ്ങളുള്ള ആചാരകാണ്ഡമാണ് ദൈര്‍ഘ്യമേറിയത്. പുരാണങ്ങളുടെ അഞ്ചു മുഖ്യസ്വഭാവങ്ങള്‍, ചികിത്സ, വിഗ്രഹാരാധന, ധര്‍മശാസ്ത്രം, നീതിശാസ്ത്രം, ജ്യോതിശ്ശാസ്ത്രം, രത്നത്തെ സംബന്ധിച്ച ശാസ്ത്രം എന്നിവയാണ് ആദ്യകാണ്ഡത്തിലെ മുഖ്യവിഷയങ്ങള്‍. രണ്ടാം കാണ്ഡത്തില്‍ മരണസമയത്തും മരണാനന്തരമായും ചെയ്യേണ്ട കര്‍മങ്ങള്‍, ആത്മാവിന്റെ ഗതിയും അവസ്ഥയും, സതി അനുഷ്ഠാനം എന്നിവ വിവരിക്കുന്നു. മോക്ഷകാണ്ഡം മഹാവിഷ്ണുവും ഗരുഡനും തമ്മിലുള്ള സംഭാഷണമാണ്. വിഷ്ണുവിന്റെ മാഹാത്മ്യം, പ്രകൃതി, കാലം, ദൈവാവതാരങ്ങള്‍, പ്രായശ്ചിത്തം, തിരുപ്പതിയും മറ്റു പുണ്യതീര്ഥങ്ങളും തുടങ്ങിയവയാണ് ഈ കാണ്ഡത്തിലെ വിഷയങ്ങള്‍. ഉപാധി, മായ, അവിദ്യ എന്നീ സിദ്ധാന്തങ്ങളെ വിമര്‍ശിക്കുകയും മാധ്വന്റെ ദ്വൈതസിദ്ധാന്തത്തെ പിന്താങ്ങുകയും ചെയ്യുന്നുണ്ട്.
1 comment:
കൂടുതൽ അറിയണം..
Post a Comment