ഛാന്ദോഗ്യോപനിഷത്ത്-13
ഗായത്രം മുതലായ പേരുകളോടുകൂടിയ സാമോപാസനയെ പറയുന്നു.
അവയ്ക്ക് പ്രത്യേക ഫലവും നിര്‍ദ്ദേശിക്കുന്നു
മനസ്സ് ഹിങ്കാരവും വാക്ക് പ്രസ്താവവും കണ്ണ് ഉദ്ഗീഥവും കാത് പ്രതിഹാരവും പ്രാണന്‍ നിധനവുമാണ്. ഇങ്ങനെയുള്ള ഗായത്ര സാമം പ്രാണനിലും ഇന്ദ്രിയങ്ങളിലും പ്രതിഷ്ഠിതമായിരിക്കുന്നു.
കര്‍മ്മത്തില്‍ ഉപയോഗിക്കുന്ന ക്രമത്തിലാണ് ഗായത്രാദി സാമങ്ങളെ പറയുന്നത്. ഇന്ദ്രിയവൃത്തികളില്‍ മുന്നിലാണ് മനസ്സ്. അതിനാല്‍ സാമഭക്തികളിലെ ആദ്യത്തേതായ ഹിങ്കാരവുമായി സാമ്യം പറഞ്ഞിരിക്കുന്നു. പിന്നെ വരുന്ന വാക്ക് പ്രസ്താവമാണ്. ഇന്ദ്രിയങ്ങളില്‍ ശ്രേഷ്ഠമെന്ന് കരുതുന്ന കണ്ണാണ് സാമത്തിലെ കേമമായ ഉദ്ഗീഥം. ആംഗ്യമില്ലാത്ത ശബ്ദങ്ങളില്‍ നിന്ന് കാത് പിന്‍വലിയുന്നതിനാല്‍ പ്രതിഹാരം. ഉറക്കത്തില്‍ ഇന്ദ്രിയങ്ങളുടെ ലയം പ്രാണനില്‍ ആയതുകൊണ്ട് പ്രാണന്‍ നിധനമാണ്.
പ്രാണങ്ങളില്‍ പ്രതിഷ്ഠിതമായ ഗായത്ര സാമത്തെ ഇങ്ങനെ അറിഞ്ഞ് ഉപാസിക്കുന്നവന്‍ പൂര്‍ണശക്തിയുള്ള ഇന്ദ്രിയങ്ങളുള്ളവനാകും. വളരെ പ്രശസ്തിയോടെ പൂര്‍ണ്ണ ആയുസ്സായി ജീവിക്കും. പ്രജ, പശു, കീര്‍ത്തി എന്നിവയാല്‍ മഹാനായിത്തീരും. മഹാമനസ്സായി ജീവിക്കുക എന്നത് ഗായത്രോപാസകന്റെ വ്രതമാണ്. മനുഷ്യായുസ്സായ 100 വയസ്സ് വലിയ മഹാമനസ്‌കതയോടെ ഈ ഗായത്ര ഉപാസകന്‍ ജീവിക്കും.
തീയുണ്ടാക്കാന്‍ വേണ്ടി കടയുന്നത് ഹിങ്കാരമാണ്. അതില്‍നിന്ന് പുക ഉണ്ടാകുന്നത് പ്രസ്താവം. അഗ്‌നി ജ്വലിക്കുന്നത് ഉദ്ഗീഥം. കനലായിത്തീരുന്നത് പ്രതിഹാരം. തീകെടുവാന്‍ പോകുന്നതും കെട്ടടങ്ങുന്നതും നിധനമാണ്. രഥന്തരമെന്ന ഈ സാമം അഗ്‌നിയില്‍ പ്രതിഷ്ഠിതമാണ്.
യാഗത്തില്‍ ഗായത്രത്തിനു ശേഷമാണ് അരണി കടഞ്ഞ് തീയുണ്ടാക്കുക. അതിനെ രഥന്തം സാമമായി വിവരിക്കുന്നു. അരണി കടയുന്ന സമയത്താണ് രഥന്തം സാമം ഗാനം ചെയ്യുന്നത്.
അഗ്‌നിയില്‍ പ്രതിഷ്ഠിതമായ രഥന്തര സാമത്തെ അറിഞ്ഞ് ഉപാസിക്കുന്നയാള്‍ ബ്രഹ്മതേജസ്സോടുകൂടിയവനും ധാരാളം അന്നം കഴിക്കുവാന്‍ കഴിവുളളവനുമായിത്തീരും. പ്രശസ്തമായ രീതിയില്‍ പുരുഷായുസ്സ് മുഴുവന്‍ ജീവിക്കും. പ്രജ, പശു, കീര്‍ത്തി എന്നിവയാല്‍ മഹാനായിത്തീരും. അഗ്‌നിക്കു നേരെയിരുന്ന് കഴിക്കുകയോ തുപ്പുകയോ ചെയ്യരുതെന്ന് അയാളുടെ വ്രതമാണ്.
ഇനി വാമദേവ്യ സാമമാണ്. ഉപമന്ത്രിക്കുക അഥവാ സങ്കേതം ചെയ്യുക എന്നത് ഒന്നാമത്തേതായതിനാല്‍ അത് ഹിംകാരമാണ്. സ്ത്രീക്ക് വസ്ത്രം മുതലായവ കൊടുത്ത് സന്തോഷിപ്പിക്കുന്നത് പ്രസ്താവമാണ്. സ്ത്രീയും പുരുഷനും ഒരുമിച്ച് (ഒരേ കട്ടിലില്‍) ശയിക്കുന്നത് ശ്രേഷ്ഠമായതിനാല്‍ അത് ഉദ്ഗീഥമാണ്. സ്ത്രീക്ക് അഭിമുഖമായി ഒരുമിച്ച് ശയിക്കുന്നത് പ്രതിഹാരമാണ്. മൈഥുനംകൊണ്ട് സമയം കഴിക്കുന്നതും മൈഥുനം അവസാനിപ്പിക്കുന്നതും നിധനമാണ്. വാമദേവ സാമ്യം മിഥുനത്തില്‍ (സ്ത്രീയും പുരുഷനും ചേര്‍ന്ന ഇണയില്‍) പ്രതിഷ്ഠിതമായിരിക്കുന്നു.
മിഥുനത്തില്‍ പ്രതിഷ്ഠിതമായ വാമദേവ്യത്തെ ഇങ്ങനെ അറിയുന്നയാള്‍ മിഥുനമുള്ളവനാകും. അയാള്‍ ഒരിക്കലും ഭാര്യയില്ലാത്തവനായിരിക്കയില്ല എന്നര്‍ത്ഥം. അയാളുടെ രേതസ്സ് ഒരിക്കലും നിഷ്ഫലമാകില്ല. അയാള്‍ പൂര്‍ണായുസ്സായിരിക്കും. പ്രജ, പശു, കീര്‍ത്തി തുടങ്ങിയവയാല്‍ മഹാനായിത്തീരും. സമാഗമത്തിനായി വരുന്ന ഒരു സ്ത്രീയേയും ഉപേക്ഷിക്കരുത് എന്നതാണ് വാമദേവ്യ ഉപാസനയിലെ വ്രതം. ജലത്തിന്റേയും വായുവിന്റേയും സംഗമത്തില്‍നിന്നാണ് വാമദേവ്യമുണ്ടാകുന്നതെന്ന് ശ്രുതി പറഞ്ഞതിനാല്‍ അത് മിഥുനത്തില്‍ പ്രതിഷ്ഠിതമാണ്.
സ്ത്രീ-പുരുഷന്മാരായ മിഥുനം രണ്ട് അരണികളെപ്പോലെ ആയതിനാലാണ് അഗ്‌നിയില്‍ പ്രതിഷ്ഠിതമായ രഥന്തം സാമം കഴിഞ്ഞ് വാമദേവ്യത്തെ പറയുന്നത്.
അടുത്തത് ബൃഹത് സാമമാണ്. ഉദിച്ചുയരുന്ന സൂര്യന്‍ ഹിങ്കാരമാണ്. ഉദയം കഴിഞ്ഞാല്‍ പ്രസ്താവം. ഉച്ചസൂര്യന്‍ ഉദ്ഗീഥം. ഉച്ചകഴിഞ്ഞാല്‍ പ്രതിഹാരം. അസ്മന സൂര്യന്‍ നിധനം. ഇങ്ങനെയുള്ള ബൃഹത്‌സാമം ആദിത്യനില്‍ പ്രതിഷ്ഠിതമാണ്.
ആദിത്യനാണ് എല്ലാ സൃഷ്ടികള്‍ക്കും മൂലമായിട്ടുള്ളത്. അതുകൊണ്ട് വാമദേവ്യത്തിനുശേഷം ബൃഹത്‌സാമത്തെ പറയുന്നു. ഉദയസൂര്യനെയാണ് ആദ്യം കാണുന്നത് എന്നതിനാലാണ് ഹിംകാരമായത്. സൂര്യോദയത്തിനുശേഷം കര്‍മ്മങ്ങളെല്ലാം തുടങ്ങുന്നതിനാല്‍ തുടക്കം എന്ന അര്‍ത്ഥത്തില്‍ പ്രസ്താവം. ഉച്ചസൂര്യന്‍ വളരെ പ്രാധാന്യമുള്ളതിനാല്‍ ഉദ്ഗീഥം. ഉച്ചകഴിഞ്ഞാല്‍ പശുക്കളേയും മറ്റും വീട്ടിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനാല്‍ പ്രതിഹാരം. ജീവജാലങ്ങള്‍ അസ്തമയമാകുമ്പോള്‍ ചേക്കേറിയിരിക്കുന്നതിനാല്‍ നിധനം. ബൃഹത്‌സാമത്തിന്റെ ദേവത ആദിത്യനായതിനാല്‍ ബൃഹത്‌സാമം ആദിത്യനില്‍ പ്രതിഷ്ഠിതമാണ്.
ആദിത്യനില്‍ പ്രതിഷ്ഠിതമായ ബൃഹദ്‌സാമത്തെ ഇങ്ങനെ അറിയുന്നയാള്‍ തേജസ്സുള്ളവനും നന്നായി ഭക്ഷണം കഴിക്കാന്‍ കഴിവുള്ളവനുമാകും. ജീവിതം മുഴുവന്‍ പ്രശസ്തനായി കഴിയും. സന്തതിയും സമ്പത്തും കീര്‍ത്തിയുമൊക്കെ നേടി മഹാനായിത്തീരും. തപിക്കുന്ന ആദിത്യനെ നിന്ദിക്കില്ല എന്നത് ഈ ഉപാസകന്റെ വ്രതമാണ്.
janmabhumi
No comments:
Post a Comment