ജ്ഞാനേന്ദ്രിയങ്ങളഞ്ചും ആറാമതായി മനസ്സും-ഇങ്ങനെ ആറു ഭൗതിക പദാര്‍ത്ഥങ്ങളെ ജീവന്‍ ആകര്‍ഷിക്കുന്നു; ഇന്ദ്രിയങ്ങളുടെ വലയില്‍ കുടുങ്ങുന്നു.
''യഥാളഗ്നേഃ വിസ്ഫുലി-
ഗാഃ ക്ഷുദ്രാസ്തുവുച്ചരന്തി''
(കുണ്ഡത്തില്‍ കത്തിജ്ജ്വലിക്കുന്ന അഗ്നിയില്‍നിന്ന് സ്ഫുലിംഗങ്ങള്‍ ആവിര്‍ഭവിക്കുന്നതുപോലെയാണ്) ജീവാത്മാക്കള്‍ ഭഗവാനില്‍നിന്ന് ആവിര്‍ഭവിക്കുന്നത്. തീപ്പൊരികള്‍ക്ക് അഗ്നിയുടെ ചൂടും പ്രകാശക ശക്തിയും ചെറിയതോതില്‍ ഉണ്ടെങ്കിലും വായുവിന്റെ ശക്തികൊണ്ട് അത് നിഷ്പ്രയോജനമായിത്തീരുന്നു. അതുപോലെ ഭഗവാന്റെ ശക്തിയും ജ്ഞാനാദി ഗുണങ്ങളും ഉണ്ടെങ്കിലും നിര്‍വീര്യമായിത്തീരുന്നു. തീപ്പൊരികള്‍ക്ക്, സ്വന്തംകേന്ദ്രമായ അഗ്നികുണ്ഡത്തിലേക്ക് തന്നെ എത്തിച്ചേരാന്‍ കഴിഞ്ഞാല്‍ പൂര്‍വാവസ്ഥയില്‍ എത്തി സ്വപ്രഭാവം വീണ്ടെടുക്കാന്‍ കഴിയും.
അതുപോലെ ഭോഗവാസനകളുടെ പിടിയില്‍നിന്നു മുക്തിനേടി, ഭഗവത് പദത്തില്‍ തിരിച്ച് ചെല്ലാന്‍ കഴിയുന്ന ഭക്തന്മാര്‍ക്ക്, ഭഗവാന്റെ സാധര്‍മ്മ്യം നേടാനും ഭഗവദാനന്ദം ആസ്വദിക്കാനും കഴിയുന്നു.
ജീവാത്മാക്കളുടെ ദേഹാന്തര പ്രാപ്തി വിവരിക്കുന്നു (15-8)
ഈ ശ്ലോകത്തില്‍ ഈശ്വരന് (ഈശ്വരഃ) എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് ജീവാത്മാവിനെയാണ്. ദേഹത്തിന്റെയും ഇന്ദ്രിയങ്ങളുടെയും ഉടമ ഞാനാണെന്ന് സ്വയം അഭിമാനിക്കുന്നതുകൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചിട്ടുള്ളത്. ആ ജീവാത്മാവ്-
''ശരീരം യദ് അവാപ്‌നോതി'' ശരീരം സ്വീകരിക്കുമ്പോഴും,
അതായത് ജനിക്കുമ്പോഴും മരിക്കുമ്പോഴും ഇന്ദ്രിയങ്ങളെക്കൂടി ഒപ്പം കൂട്ടിക്കൊണ്ടാണ് സഞ്ചരിക്കുന്നത്. വായു വീശുമ്പോള്‍ പുഷ്പം, ചന്ദനം, കസ്തൂരി മുതലായവയുടെ മണംകൂടി ഉള്‍ക്കൊള്ളുന്നുണ്ടല്ലോ. അതുപോലെ എന്ന് പറയുന്നു.
''വായുര്‍ ഗന്ധാനിവ ആശയാല്‍''
ഈ ജന്മത്തിലെ ശരീരവും അതു ചെയ്ത കര്‍മ്മങ്ങളുമാണ് അടുത്ത ജന്മത്തിലെ ശരീരാകൃതി എന്തെന്ന് നിര്‍ണയിക്കുന്നത്. മരണസമയത്ത് ജീവന്റെ ബോധമണ്ഡലമാണ് അടുത്ത ജന്മത്തിലെ ദേഹമെന്തെന്ന് തീരുമാനിക്കുന്നത്. മരണകാലത്ത് ഒരു പൂച്ചയോ പട്ടിയോ ആണ് മനസ്സിലുള്ളതെങ്കില്‍ അടുത്ത ജന്മത്തില്‍ പട്ടിയോ പൂച്ചയോ ആയി ജനിക്കും. ശ്രീകൃഷ്ണ ഭഗവാനെയാണ് ധ്യാനിച്ചുകൊണ്ട് മരണമടയുന്നതെങ്കില്‍ കൃഷ്ണ സാരൂപ്യം കിട്ടുകയും ചെയ്യും.
janmabhumi
No comments:
Post a Comment