Saturday, May 19, 2018

ഛാന്ദോഗ്യോപനിഷത്ത്-30
സത്യകാമന്‍ എന്ന കുട്ടി അമ്മയായ ജബാലയോടു ചോദിച്ചു. ''അമ്മേ, ഞാന്‍ ഗുരുകുലത്തില്‍ വിദ്യ അഭ്യസിക്കുവാന്‍ ബ്രഹ്മചാരിയായി താമസിക്കുവാന്‍ ആഗ്രഹിക്കുന്നു. ഏതു ഗോ്രതക്കാരനാണ് ഞാന്‍ എന്ന് പറഞ്ഞ് തന്നാലും'' എന്ന്.
ഗുരുകുലത്തില്‍ ഗുരുവിനെ അഭിവാദ്യം ചെയ്യുമ്പോള്‍ ഗോത്രനാമംകൂടി പറയണം. അതിന് വേണ്ടിയാണ് സത്യകാമന്‍ ഗോത്രത്തിന്റെ പേര് ചോദിച്ചത്.
ജബാല, സത്യകാമനോട് പറഞ്ഞു: ''മകനെ നീ ഏത് ഗോത്രക്കാരനാണെന്ന് എനിക്കറിയില്ല. ഞാന്‍ പല പ്രവൃത്തികളും ചെയ്ത പലരേയും പരിചരിച്ചു.  കഴിഞ്ഞ യൗവ്വനത്തിലാണ് നിന്നെ പ്രസവിച്ചത്. അതിനാല്‍ നിന്റെ ഗോത്രം ഏതെന്ന് അറിയില്ല. എന്റെ പേര് ജബാല എന്നാണ്. നീ സത്യകാമനും. അതിനാല്‍ നീ ജബാലയുടെ പുത്രനായ സത്യകാമന്‍ ആണെന്ന് ആചാര്യനോട് പറയുക. സത്യകാമന്‍ ജനിച്ചയുടനെ ഭര്‍ത്താവ് മരിച്ചുപോയതിനാല്‍ അതേപ്പറ്റി അറിയാനാകില്ല. അച്ഛന്റെ ഗോത്രമാണ് മകന്റെ ഗോത്രം. തന്റെ പോലും ഗോത്രം ആ അമ്മക്ക് അറിയുമായിരുന്നില്ല. അതിനാലാണ് ജബാലയുടെ മകന്‍ എന്ന് പറഞ്ഞാല്‍ മതിയെന്ന് നിര്‍ദ്ദേശിച്ചത്. 'ജബാല സത്യകാമന്‍' എന്ന് ചേര്‍ത്ത് പറയാം.
സത്യകാമന്‍ ഹരിദ്രുമന്റെ മകനായ ഗൗതമന്‍ എന്ന ഗുരുവിന്റെ അടുത്തെത്തി തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഗൗതമന്‍ ചോദിച്ചു- സത്യകാമ നീ ഏതു ഗോത്രക്കാരനാണ്? എന്റെ ഗോത്രം അറിയില്ല. അമ്മയുടെ പേര് ജബാല എന്നാണെന്നും അമ്മ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെയും ഗുരുവിനോട് പറഞ്ഞു. ഞാന്‍ ജബാലയുടെ മകനായ സത്യകാമനാണ്.
ഗൗതമന്‍ ഇതുകേട്ട് വളരെ തൃപ്തനായി പറഞ്ഞു. ഒരു ബ്രാഹ്മണനല്ലാത്തയാള്‍ ഇങ്ങനെ പറയില്ല. ഞാന്‍ നിന്നെ ഉപനയിക്കാം. നീ സത്യത്തില്‍നിന്ന് തെറ്റിയില്ലല്ലോ. സത്യകാമനെ ഉപനയിച്ചശേഷം 400 ചാക്ക് എല്ലുന്തി അവശരായ പശുക്കളെക്കൊണ്ട് കാട്ടിലേക്ക് പോകുംവഴി സത്യകാമന്‍ പറഞ്ഞു. ഇവ.... തിരിച്ചുവരില്ല എന്ന്. പശുക്കള്‍ വര്‍ധിച്ച് ആയിരം കൊല്ലംവരെ അയാള്‍ കാട്ടില്‍തന്നെ കഴിഞ്ഞു.
അങ്ങനെയിരിക്കെ ഒരുനാള്‍ ഒരു കാള വിളിച്ചു സത്യകാമാ എന്ന്. ഭഗവാനേ... എന്ന് അവന്‍ വിളികേട്ടു. അപ്പോള്‍ കാള പറഞ്ഞു. മോനേ ഞങ്ങള്‍ ആയിരം തികഞ്ഞിരിക്കുന്നു. ഞങ്ങളെ ആചാര്യ കുലത്തില്‍ എത്തിക്കണം. സത്യകാമന്റെ ശ്രദ്ധയും തപസ്സും കണ്ട് സന്തോഷിച്ചു. ദിക്കുകളുടെ ദേവതയായ വായു അവനെ അനുഗ്രഹിക്കാനായി ഒരു കാളയുടെ ശരീരത്തില്‍ കയറി പറയുന്നതാണ് ഇത്.
പിന്നെ ആ കാള ചോദിച്ചു നിനക്ക് ഞാന്‍ ബ്രഹ്മത്തിന്റെ പാദത്തെ ഉപദേശിച്ചുതരട്ടേയെന്ന്. ഉപദേശിച്ചുതരണമെന്ന് സത്യകാമന്‍ മറുപടി നല്‍കി. കിഴക്കേ ദിക്ക് ഒരു കലയാകുന്നു. പടിഞ്ഞാറ് ഒരു കല, തെക്ക് മറ്റൊരു കല, വടക്ക് നാലാമത്തെ കല. ഇതാണ് ബ്രഹ്മത്തിന്റെ നാല് കലകളോടുകൂടിയ 'പ്രകാശവാന്‍' എന്ന് പേരുള്ള പാദം.
ബ്രഹ്മത്തിന്റെ നാല് കലകളോടുകൂടിയ ഈ പദത്തെ അറിഞ്ഞ് പ്രകാശവാന്‍ എന്ന ഗുണത്തോടെ ഉപാസിക്കുമ്പോള്‍ ലോകത്തില്‍ പ്രസിദ്ധനാകും. പരലോകത്തില്‍ പ്രകാശമുള്ള സ്ഥലങ്ങളിലെത്തും.
അഗ്‌നി നിനക്ക് ബ്രഹ്മത്തിന്റെ ഒരു പാദം പറഞ്ഞ്തരും എന്ന് പറഞ്ഞ് കാള പിന്‍വാങ്ങി. അടുത്ത  ദിവസം രാവിലെ സത്യകാമന്‍ പശുക്കളെ ആചാര്യകുലത്തിലേക്ക് കൊണ്ടുപോയി. സന്ധ്യാസമയത്ത് എത്തിച്ചേര്‍ന്ന സ്ഥലത്ത് തീകൂട്ടി പശുക്കളെ തടഞ്ഞുനിര്‍ത്തി. സമിദാധാനം ചെയ്ത് സത്യകാമന്‍ അഗ്‌നിയുടെ പടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ട് മുഖമായി അഗ്‌നിയുടേയും പശുക്കളുടേയും അടുത്ത് ഇരുന്നു.
അഗ്‌നി അവനെ സത്യകാമന്‍ എന്ന് നീട്ടിവിളിച്ചു. ഭഗവാനേ... എന്ന് സത്യകാമന്‍ വിളികേട്ടു. മോനേ ഞാന്‍ നിനക്ക് ബ്രഹ്മത്തിന്റെ ഒരു പാദം പറഞ്ഞുതരട്ടേ...ഉപദേശിച്ചുതരൂ എന്ന് സത്യകാമനും. പൃഥിവി ഒരു കലയാകുന്നു. അന്തരീക്ഷം അടുത്ത കല, ദ്യോവ് പിന്നത്തേത്. സമുദ്രം നാലാമത്തെ. ഇതാണ് ബ്രഹ്മത്തിന്റെ നാല് കലകളോടുകൂടിയ 'അനന്തവാന്‍' എന്ന പേരുള്ള പദം.
ഈ പാദത്തെ നാലു കലകളോടെ അനന്തവത്ത്വം എന്ന ഗുണത്തോടെ ഉപാസിക്കുന്നയാള്‍ ഈ ലോകത്തില്‍ അന്തമില്ലാത്ത സന്തതി പരമ്പരയോടുകൂടിയവനാകും. മരണശേഷം നാശമില്ലാത്ത ലോകങ്ങളെ നേടുകയും ചെയ്യും.
ഹംസം നിനക്ക് ബ്രഹ്മത്തിന്റെ ഒരു പാദം പറഞ്ഞുതരും എന്ന് പറഞ്ഞ് അഗ്‌നി മടങ്ങി. അടുത്ത ദിവസം രാവിലെ സത്യകാമന്‍ പശുക്കളുമാി യാത്രയായി. അന്ന് സന്ധ്യക്ക് എത്തിച്ചേര്‍ന്ന സ്ഥലത്ത് തീകൂട്ടി പശുക്കളെ തടഞ്ഞുനിര്‍ത്തി സമിദാധാനം ചെയ്ത് അഗ്‌നിയുടെ പടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞ് പശുക്കളുടേയും അഗ്‌നിയുടെയും സമീപത്ത് ഇരുന്നു. ഇവിടെ 'ഹംസം' എന്ന് പറഞ്ഞത് ആദിത്യനെയാണ്. വെളുത്ത നിറവും ആകാശത്തെ സഞ്ചാരവും രണ്ടിനും ഒരുപോലെയാണ്.
അപ്പോള്‍ ഹംസം അടുത്തു വന്ന് സത്യകാമാ... എന്ന് വിളിച്ചു. ഭഗവാനേ.... എന്ന് സത്യകാമന്‍ വിളികേട്ടു. മോനെ, ഞാന്‍ നിനക്ക് ബ്രഹ്മത്തിന്റെ ഒരു പാദം പറഞ്ഞുതരട്ടേ...? ഉപദേശിച്ചുതരണം എന്ന് സത്യകാമനും. അഗ്‌നി ഒരു കലയാകുന്നു. സൂര്യന്‍ അടുത്ത കല. ചന്ദ്രന്‍ പിന്നത്തെ കല. വിദ്യുത് നാലാമത്തേതും. ഇതാണ് ബ്രഹ്മത്തിന്റെ നാല് കലകളോടുകൂടിയ 'ജ്യോതിഷ്മാന്‍' എന്ന പാദം. ജ്യോതിഷ്മത്ത്വം എന്ന ഗുണത്തോടെ നാലു കലകളോടുകൂടിയ ബ്രഹ്മത്തിന്റെ ഈ പാദത്തെ ഉപാസിക്കുന്നയാള്‍ പ്രകാശം എന്ന ഗുണമുള്ളവനും മരണശേഷം പ്രകാശമുള്ള സൂര്യചന്ദ്രന്മാരുടെ ലോകങ്ങളിലെത്തുകയും ചെയ്യും.
നീര്‍ക്ക (നീര്‍ക്കോഴി) നിനക്ക് ബ്രഹ്മത്തിന്റെ ഒരു പാദം പറഞ്ഞുതരും എന്ന് പറഞ്ഞ് ഹംസം പോയി. അടുത്ത ദിവസം രാവിലെ സത്യകാമന്‍ പശുക്കളുമായി പുറപ്പെട്ടു. അന്ന് സന്ധ്യയ്ക്ക് എത്തിച്ചേര്‍ന്ന സ്ഥലത്ത് തീകൂട്ടി പശുക്കളെ തടുത്തുനിര്‍ത്തി. സമിദാധനം ചെയ്ത് അഗ്‌നിയുടെ പടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞ് അഗ്‌നിയുടേയും പശുക്കളുടേയും അടുത്തിരുന്നു.
നീര്‍ക്കാക്ക വെള്ളവുമായി ബന്ധമുള്ളതിനാല്‍ പ്രാണനാണ്. പ്രാണനും ജീവന്റെ നിലനില്‍പ്പിന് വെള്ളത്തെ ആശ്രയിക്കുന്നു.
നീര്‍ക്കാക്ക അടുത്തുവന്ന് സത്യകാമാ എന്ന് വിളിച്ചു. ഭഗവാനേ...എന്ന് വിളികേട്ടു. മോനേ ഞാന്‍ നിനക്ക് ബ്രഹ്മത്തിന്റെ ഒരു പാദം പറഞ്ഞുതരട്ടേ... ഉപദേശിച്ചു തരണമെന്ന് സത്യകാമനും. പ്രാണന്‍ ഒരു കലയാകുന്നു. ചക്ഷുസ്സ് അടുത്ത കല. ശ്രോത്രം മൂന്നാമത്തെ കല. മനസ്സ് നാലാമത്തെ കലയാണ്. ഇതാണ് ബ്രഹ്മത്തിന്റെ നാല് കലകളോടുകൂടിയ 'ആവതനവാന്‍' എന്ന പാദം. ആയതനവാന്‍ എന്നാല്‍ ആശ്രയമുള്ളവന്‍, ധാരാളം സ്ഥലമുള്ളവന്‍ എന്നൊക്കെ അര്‍ത്ഥം.
ആയനൈവത്ത്വം എന്ന ഗുണത്തോടെ ഈ പാദത്തെ ഉപാസിച്ചാല്‍ എല്ലായിടത്തും ആശ്രയമുള്ളവനായിത്തീരും. മരണശേഷം ധാരാളം സ്ഥലമുള്ള വിശാല ലോകങ്ങളില്‍ എത്തും.
സത്യകാമന്‍ പശുക്കളുമായി ആചാര്യകുലത്തിലെത്തി. ആചാര്യന്‍ സത്യകാമാ.. എന്ന് വിളിച്ചു. ഭഗവാനേ... എന്ന് അവന്‍ വിളികേട്ടു. മോനേ നീയൊരു ബ്രഹ്മജ്ഞാനിയെപ്പോലെ ശോഭിക്കുന്നല്ലോ. ആരാണ് നിന്നെ ഉപദേശിച്ചത്. സത്യകാമന്‍ പറഞ്ഞു- മനുഷ്യരില്‍നിന്ന് അന്യരാണ് എന്നെ ഉപദേശിച്ചത്. അങ്ങ് തന്നെ എനിക്ക് ഉപദേശം തരണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സത്യകാമനില്‍ ഒരു ബ്രഹ്മജ്ഞാനിയുടെ ലക്ഷണങ്ങളായ പ്രസന്നത, കൃതാര്‍ത്ഥം, പുഞ്ചിരി തുടങ്ങിയ ഗുണങ്ങള്‍ കണ്ടാണ് ഗുരു അങ്ങനെ ചോദിച്ചത്. ദേവതകളാണ് തനിക്ക് ഉപദേശം നല്‍കിയതെന്നും ഗുരുവില്‍നിന്ന് നേരിട്ട് ആ അറിവ് ലഭിക്കണമെന്നും സത്യകാമന്‍ ആഗ്രഹിച്ചു.
ആചാര്യന്മാരില്‍നിന്നും നേരിട്ട് അറിഞ്ഞാലേ അറിവ് ഫലവത്താകൂ. അത് അങ്ങയില്‍നിന്നും മറ്റും ഞാന്‍ കേട്ടിട്ടുണ്ട്. ഇതുകേട്ട ആചാര്യനായ ഗൗതമന്‍ നാലു പാദങ്ങളോടും 16 കലകളോടുംകൂടിയ ബ്രഹ്മവിദ്യയെ പൂര്‍ണ്ണമായും സത്യകാമന് ഉപദേശിച്ചുകൊടുത്തു.
 9495746977

No comments: