ഛാന്ദോഗ്യോപനിഷത്ത്-30
ഒരിക്കല്‍ കമലന്റെ മകനായ ഉപകോസലന്‍ ജാബാല സത്യകാമന്റെ കീഴില്‍ ബ്രഹ്മചാരിയായി കഴിഞ്ഞു. 12 വര്‍ഷം ഉപകോസലന്‍ ആചാര്യന്റെ അഗ്നികളെ പരിചരണം ചെയ്തു. സത്യകാമന്‍ മറ്റുള്ള ശിഷ്യരെയെല്ലാം സമാവര്‍ത്തനം ചെയ്യിച്ചു. അവരെയെല്ലാം വിദ്യാഭ്യാസം കഴിഞ്ഞ് വീടുകളിലേക്ക് പോയി. എന്നാല്‍ ഉപകോസലനെ മാത്രം സമാവര്‍ത്തനം ചെയ്തില്ല.
ഉപകോസലന്റെ കൃത്യനിഷ്ഠയിലും ശ്രദ്ധയിലും സന്തുഷ്ടയായ ഗുരുപത്‌നി അവന് വിദ്യ ഉപദേശിക്കുവാന്‍ സത്യകാമനെ നിര്‍ബന്ധിച്ചു. ഈ ബ്രഹ്മചാരി വളരെ ക്ലേശങ്ങള്‍ അനുഭവിച്ച് അഗ്നികളെ വേണ്ടപോലെ പരിചരിച്ചു. അഗ്നികള്‍ അങ്ങയെ കുറ്റംപറയാതിരിക്കാന്‍ അവന് വിദ്യയെ ഉപദേശിക്കൂ. ഉപകോസലന് വിദ്യ ഉപദേശിക്കാതെ ആചാര്യന്‍ യാത്രപോയി.
ഉപകോസലന്‍ മനോദുഃഖം കാരണം ഭക്ഷണം കഴിക്കാതിരിക്കുവാന്‍ നിശ്ചയിച്ചു. ആചാര്യ ഭാര്യ അവനോട് ഭക്ഷണം കഴിക്കാനാവശ്യപ്പെട്ടു. എനിക്ക് പലതരത്തിലുള്ള ആഗ്രഹങ്ങളുണ്ട്. മനസ്സ് വിഷമിച്ചിരിക്കുകയാണ്. അതുകൊണ്ട് ഭക്ഷണം വേണ്ടെന്ന് പറഞ്ഞു. ഭക്ഷണം കഴിച്ചാല്‍ വീണ്ടും ആഗ്രഹങ്ങള്‍ ശക്തമാകും. അതൊഴിവാകാനാണ് കഴിക്കേണ്ടെന്ന് വച്ചത്.
അതിനുശേഷം അഗ്നികള്‍ ഒന്നിച്ചുചേര്‍ന്ന് അന്യോന്യം പറഞ്ഞു- ഈ ബ്രഹ്മചാരി വളരെ ക്ലേശങ്ങളനുഭവിച്ചാണ് നമ്മളെ നന്നായി ശുശ്രൂഷിച്ചത്. ഇവന് ബ്രഹ്മവിദ്യ ഉപദേശിക്കാം എന്ന് പ്രാണന്‍ ബ്രഹ്മമാകുന്നു. കം എന്ന സുഖം ബ്രഹ്മമാകുന്നു. ഖം എന്ന ആകാശം ബ്രഹ്മമാകുന്നു. എന്നിങ്ങനെ ഉപദേശിച്ചു. ഗാര്‍ഹപത്യാഗ്നി, ആഹവനീയാഗ്നി, ദക്ഷിണാഗ്നി ഇവ മൂന്നും ചേര്‍ന്നാണ് ബ്രഹ്മവിദ്യയെ ഉപദേശിച്ചത്.
പ്രാണന്‍ ബ്രഹ്മമാണെന്ന് മനസ്സിലായി. എന്നാല്‍ കം, ഖം എന്നിവയെ മനസ്സിലായില്ലെന്ന് ഉപകോസലന്‍ എന്നിങ്ങനെയും പ്രാണനേയും അതിന്റെ സ്ഥാനത്തേയും ഉപദേശിച്ചു.
നമ്മുടെ ജീവിതത്തില്‍ പ്രാണന്‍ അടിസ്ഥാനമായിരിക്കുന്നതിനാല്‍ അത് ബ്രഹ്മമാണ് എന്ന് മനസ്സിലായി. നശിക്കുന്നതായ സുഖവും ചേതനയില്ലാത്ത ആകാശവും എങ്ങനെ ബ്രഹ്മമാകും. ഇതായിരുന്നു സംശയം. കം, ഖം എന്നിവ ഒന്നുതന്നെയാണ് എന്ന് പറഞ്ഞതിനാല്‍ ഭൗതിക ആകാശവും നശ്വരസുഖവുമല്ല ഉദ്ദേശിച്ചത്. സുഖത്തിനാധാരമായ ആകാശം ഹൃദയാകാശത്തിലെ ആത്മാനുഭവം പരമാനന്ദമാണ്, അലൗകികമാണ്. സുഖമെന്ന് പറഞ്ഞത് അത് തന്നെ. ആകാശം സുഖാശ്രയമായ ആകാശമാണ്.
പിന്നീട് മൂന്ന് അഗ്നികളും പ്രത്യേകം ഉപദേശിച്ചു. പൃഥിവി, അഗ്നി, അന്നം, ആദിത്യന്‍ എന്നിവ എന്റെ ശരീരമാണ് ആദിത്യനിലെ പുരുഷന്‍ ഞാനാണ് എന്നിങ്ങനെ ഗാര്‍ഹപത്യാഗ്നി പറഞ്ഞു. ഗൃഹസ്ഥര്‍ വിവാഹശേഷം നിത്യവും കെടാതെ സൂക്ഷിക്കുന്നതാണ് ഗാര്‍ഹപത്യാഗ്നി. അഗ്നിഹോത്രത്തിനുള്ള അഗ്നി ഇതില്‍നിന്നാണ് ജ്വലിപ്പിക്കുക. പൃഥിവിയും അന്നവും കഴിക്കാനുള്ളതും അഗ്നിയും ആദിത്യനും കഴിക്കുന്നവനുമാണ്.
ഗാര്‍ഹപത്യാഗ്നിയെ ഇങ്ങനെ അന്നമായും അന്നദാനായും അറിയണം. ഉപാസിക്കുന്നവരുടെ പാപകര്‍മ്മങ്ങള്‍ നശിക്കും. അഗ്നിലോക അധികാരം ഉണ്ടാകും. പൂര്‍ണ്ണ ആയുസ്സ്, ശ്രേഷ്ഠജീവിതം എന്നിവയുണ്ടാകും. സന്തതിക്ക് നാശമുണ്ടാകില്ല. ഉപാസിക്കുന്നയാളെ ഇവിടെയും പരലോകത്തും അഗ്നിദേവതകള്‍ സംരക്ഷിക്കും.
പിന്നെ ദക്ഷിണാഗ്നിയുടെ ഉപദേശം അപ്പുകധ ദിക്കുകള്‍, നക്ഷത്രങ്ങള്‍, ചന്ദ്രന്‍ എന്നിവ എന്റെ ശരീരമണ്. ചന്ദ്രനിലെ പുരുഷന്‍ ഞാനാണ്. അന്വാഹാര്യ പചനന്‍ എന്നാണ് ഇവിടെ ദക്ഷിണാഗ്നിയെ വിശേഷിപ്പിച്ചിരിക്കുന്നത്. യാഗത്തിലെ പുരോഹിതര്‍ക്ക് ദക്ഷിണാഗ്നിയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനാലാണിത്. ദക്ഷിണാഗ്നി പിതൃക്കളുടെ അഗ്നിയാണ്. ചന്ദ്രനും ദക്ഷിണാഗ്നിയ്ക്കും അന്നം, പ്രകാശസ്വരൂപം ഇവയാല്‍ അഭേദം പറയുന്നു. നക്ഷത്രങ്ങള്‍ ചന്ദ്രന്റെ അന്നമാണ്. ദക്ഷിണാഗ്നിയുടെ അന്നമാണ് അപ്പുകള്‍ അന്നമെന്ന നിലയില്‍ ഇവ ബന്ധപ്പെട്ടിരിക്കുന്നു.
ദക്ഷിണാഗ്നിയെ അറിഞ്ഞ് ഉപാസിക്കുന്നയാളുടെ പാപകര്‍മ്മങ്ങള്‍ നശിക്കും. അഗ്നിലോക അവകാശം, ആയുസ്സ് മുഴുവന്‍ ശ്രേഷ്ഠജീവിതം എന്നിവ ഉണ്ടാകും. പിന്തുടര്‍ച്ചക്കാര്‍ക്ക് നാശമുണ്ടാവില്ല. ഉപാസിക്കുന്നയാളെ ഇവിടേയും പരലോകത്തും അഗ്നിദേവതകള്‍ സംരക്ഷിക്കും.
ആഹവനീയാഗ്നിയാണ് പിന്നെ ഉപദേശിച്ചത്. പ്രാണന്‍, ആകാശം, ദ്യോവ്, വിദ്യുത്ത് എന്നിവ എന്റെ ശരീരമാണ്. വിദ്യുത്തില്‍ കാണുന്ന പുരുഷന്‍ ഞാനാണ്. പ്രകാശസ്വരൂപന്‍ എന്ന നിലയിലാണ് ആഹവനീയാഗ്നിയും വിദ്യുത്തും തമ്മില്‍ അഭേദം പറഞ്ഞത്. ആഹവനീയാഗ്നിയെ അറിഞ്ഞ് ഉപാസിക്കുന്ന എന്റെ പാപകര്‍മ്മങ്ങളെല്ലാം നശിക്കും. അഗ്നിലോകത്തിന് അവകാശിയാകും. പൂര്‍ണ്ണ ആയുസ്സ് ശ്രേഷ്ഠമായി ജീവിക്കും. അഗ്നിദേവതകള്‍ ഇവിടെയും പരലോകത്തും രക്ഷിക്കും. വംശാവലിക്ക് നാശമുണ്ടാകില്ല.
മോനേ, ഉപകോസലാ, നിനക്ക് അഗ്നിവിദ്യയും ആത്മവിദ്യയും പറഞ്ഞുതന്നു. ആചാര്യന്‍ നിനക്ക് ഗതിയെ പറഞ്ഞുതന്നു എന്ന് അഗ്നികള്‍ പറഞ്ഞു.
ആചാര്യന്‍ മടങ്ങിവന്നു. ഉപകോസലാ എന്ന് വിളിച്ചു ഭഗവാനേ എന്ന് വിളികേട്ടു. ശിഷ്യന്റെ മുഖം ബ്രഹ്മജ്ഞാനിയെപ്പോലെ ശോഭിക്കുന്നതിനാല്‍ ആരാണ് ഉപദേശിച്ചു തന്നത് എന്ന് ചോദിച്ചു. ആദ്യം മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നെ അഗ്നികളെ ചൂണ്ടിക്കാണിച്ചു. എന്താണ് ഉപദേശിച്ചുതന്നത് എന്ന് ചോദിച്ചപ്പോള്‍ അത് പറഞ്ഞുകൊടുത്തു.
അഗ്നികള്‍ നിനക്ക് ലോകങ്ങളെ മാത്രമാണ് പറഞ്ഞുതന്നത് ഞാന്‍ നിനക്ക് നീ ആഗ്രഹിക്കുന്ന ബ്രഹ്മവിദ്യയെ വിസ്തരിച്ച് ഉപദേശിക്കാം. താമരയിലയില്‍ വെള്ളം പറ്റാതിരിക്കുന്നതുപോലെ ബ്രഹ്മത്തെ അറിയുന്നവനില്‍ പാപകര്‍മ്മങ്ങള്‍ സംബന്ധിക്കില്ല. ഭഗവാനെ എനിക്ക് ബ്രഹ്മത്തെ ഉപദേശിച്ചുതരണേ എന്ന ശിഷ്യന്റെ ആവശ്യംകേട്ട് ആചാര്യന്‍ അയാള്‍ക്ക് ബ്രഹ്മവിദ്യ ഉപദേശിച്ചുകൊടുത്തു. ആത്മവിദ്യയുടെ ഭാഗമായി ഉപാസന, ധ്യാനം മുതലായ സാധനകളെല്ലാം സത്യകാമനെന്ന ആചാര്യന്‍ ശിഷ്യനായ ഉപകോസലന് ഉപദേശിച്ചു....janmabhumi
No comments:
Post a Comment