Sunday, May 20, 2018

(9) ആര്‍ജവം
ഒരു യഥാര്‍ത്ഥ ബ്രാഹ്മണനായി തീരണം എന്ന് ആഗ്രഹിക്കുന്നവന്‍ ഈ പറയുന്ന അസാധാരണ ധര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് ശീലിക്കണം. ആദ്യത്തേതാണ് ആര്‍ജവം-ഋജത്വം. മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് ആശയം തന്നെ പറയുകയും അതനുസരിച്ചു തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുക-ചിന്തിച്ചതില്‍നിന്ന് വ്യത്യസ്തമായി പറയുകയും അതില്‍നിന്ന് വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യാതെ- കുടിലത ഇല്ലാതെ ജീവിക്കുക-അതാണ് ആര്‍ജവം.
(16- ല്‍ രണ്ടാം ശ്ലോകം)
ബ്രാഹ്മണന്റെ ദൈവീക ഗുണങ്ങള്‍ 
തുടരുന്നു(16-2)
(10) അഹിംസാ- മനുഷ്യനെ മാത്രമല്ല, ഒരു പ്രാണിയെയും കൊല്ലാതിരിക്കുക എന്നതാണ് സാധാരണമായ അര്‍ത്ഥം. അതുമാത്രം പോരാ, ഒരു ജീവിയേയും പീഡിപ്പിക്കാതിരിക്കുക തന്നെ വേണം. അതും പോരാ, വേറെ ഏതെങ്കിലും ഒരുവന്‍ പ്രാണികളെ പീഡിപ്പിക്കുകയോ, വധിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍, നാം ഹിംസയ്ക്ക് ഒരു തരത്തിലും സഹായം ചെയ്യരുത്, കാരണക്കാരാവരുത്. ബ്രാഹ്മണന്‍ മാത്രമല്ല, ബ്രഹ്മചാരിയും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്ന്യാസിയും എല്ലാത്തരം ആളുകളും ഈ അഹിംസാ ഗുണം വളര്‍ത്തി എടുക്കേണ്ടതുണ്ട്.
അഹിംസയുടെ തത്ത്വം (16-2)
ജീവാത്മാവിന് നാശമില്ല; ദേഹം മാത്രമാണ് നശിക്കുന്നത്. രണ്ടാമധ്യായത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. (ദേഹീനിത്യമവധ്യോയം-ശ്ലോകം) അതുകൊണ്ട് ജന്തുക്കളെ വധിച്ച്, അവയുടെ മാംസം ഭക്ഷിക്കാം എന്ന് കരുതുന്നത് തെറ്റാണ്. ഒരു ജീവാത്മാവ്, പൂര്‍വജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലമായി ഒരു ആടിന്റെ ദേഹം സ്വീകരിച്ച് ജനിക്കുന്നു. ഈ ജന്മത്തിലെ സുഖദുഃഖങ്ങള്‍ മുഴുവനും അതിന്റെ ആയുസ്സ് അവസാനിക്കുന്നതിന് മുന്‍പ് അനുഭവിച്ച് തീര്‍ത്താല്‍ മാത്രമേ, ആടിനെക്കാള്‍ മെച്ചമായ മറ്റൊരു ദേഹം സ്വീകരിക്കല്‍ സാധിക്കുകയുള്ളൂ; അങ്ങനെ ആ ജീവന്റെ പരമപദത്തിലേക്കുള്ള ദീര്‍ഘയാത്ര തുടരാന്‍ കഴിയുകയുള്ളൂ. നാം ആ ആടിനെ വധിക്കുകയാണെങ്കില്‍ അടുത്ത ജന്മത്തിലും ആ ജീവന്‍ ആടായിത്തന്നെ ജനിക്കണം. ഇങ്ങനെ ആ ജീവന്റെ പരമപദത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു; അങ്ങനെ നാം പാപം സമ്പാദിക്കുന്നു. അതുകൊണ്ടാണ് ഹിംസ പാപമായും അഹിംസ സദ്ഗുണമായും ശാസ്ത്രങ്ങളില്‍ പ്രതിപാദിക്കുന്നത്.
(11) സത്യം-(16-2)
സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി കണ്ടുംകേട്ടും മനസ്സിലാക്കിയ യാഥാര്‍ത്ഥ്യത്തെ വളച്ചൊടിച്ച്, ദുര്‍വ്യാഖ്യാനം ചെയ്തു പറയാതിരിക്കുക-അതാണ് സത്യം. ലൗകിക ജീവിതം നയിക്കുന്നവരും; ആത്മീയ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരും ഈ സദ്ഗുണം പരിശീലിക്കണം. മാത്രമല്ല ലോകത്തിലുള്ള എല്ലാവിധത്തിലുമുള്ള ആള്‍ക്കാരും സ്വന്തം മക്കളെ കുട്ടിക്കാലം മുതലേ പരിശീലിപ്പിക്കുകയും വേണം.
(12) അക്രോധ- (16-2)
ശത്രുക്കള്‍ വന്ന് നമ്മെ ശകാരിക്കുകയോ പീഡിപ്പിക്കുകയോ ചെയ്താല്‍ നമുക്ക് ക്രോധം വരും. ആ ക്രോധം നമുക്ക് ഉണ്ടാവരുത്. ക്ഷമാശീലം പുലര്‍ത്തണം. ലൗകിക ജീവിതം നയിക്കുന്നവരെക്കാള്‍ ആത്മീയ ജീവിതം നയിക്കുന്നവര്‍. അക്രോധം-അതായത് ക്ഷമ പരിശീലിക്കേണ്ടിയിരിക്കുന്നു.
(13) ത്യാഗഃ (16-2)
നമ്മുടെ കയ്യിലുള്ളതും നമുക്ക് ഏറ്റവും പ്രിയപ്പെട്ടതുമായ വസ്തു, വേറെ ആരെങ്കിലും ചോദിച്ചാല്‍ ദാനം ചെയ്യാനുള്ള ഔദാര്യം.
(14) ശാന്തിഃ (16-2)
അന്തഃകരണത്തിന്റെയും ഇന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ഭൗതിക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വലിക്കുകയും ആത്മീയ കാര്യങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ ഉണ്ടാവുന്ന മനസ്സുഖമാണ് ശാന്തി.
(15) അപൈശുനം-(16-2)
മറ്റുള്ളവരിലെ ദോഷവശങ്ങള്‍-ഇല്ലാത്തവയും ഉള്ളതും ആയവ-ഉള്‍ക്കൊള്ളിച്ചുകൊണ്ട് പറയുക-എന്നതാണ്-പൈശുനം-എന്ന സ്വഭാവം. അത് ഇല്ലാതിരിക്കുക. മറ്റുള്ളവരുടെ നാം വിളിച്ചു പറഞ്ഞതുകൊണ്ട്, അവര്‍ കുറ്റകൃത്യം ചെയ്യാതിരിക്കുകയില്ല. എന്ന് നാം ഓര്‍മ്മിക്കണം.
(16)ദയാ-(16-2)
മനുഷ്യര്‍ മാത്രമല്ല, വേറെ ജീവികളും ദാരിദ്ര്യം രോഗം മുതലായവ കൊണ്ട് ദുഃഖിക്കുന്നതു കണ്ടാല്‍ സഹിക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും അതിനെ നിവാരണം ചെയ്യാനുള്ള പ്രവൃത്തി ആരംഭിക്കുകയും ചെയ്യുക. ഈ ഗുണവും എല്ലാത്തരം ആളുകളും ശീലിക്കേണ്ടതാണ്.
(17) അലോലുപ്ത്വം (16-2)
ഈ പദം സാഹിത്യനിയമങ്ങളനുസരിച്ച്-അലോലുപത്വം-എന്നാണ് ചൊല്ലേണ്ടത്. വൈദിക രീതിക്കനുസരിച്ചാണ് ഈ ശ്ലോകത്തില്‍-പ്ത്വം-എന്ന് 'പകാരം' ലോപിച്ച് ചൊല്ലുന്നത്.
വിഷയസുഖഭോഗ സാധനങ്ങള്‍ എല്ലാം തന്നെ, തന്റെ സമീപത്ത് തന്നെ ഉണ്ടെങ്കിലും, ഇന്ദ്രിയങ്ങളെ അവ അനുഭവിക്കാന്‍ വേണ്ടി ഉപയോഗിക്കാതിരിക്കുകയും ഭഗവത് സാക്ഷാത്കാരത്തിനുവേണ്ടി, അംബരീഷ മഹാരാജാവിനെപ്പോലെ ഉപയോഗിക്കുകയും ചെയ്യുക.
(18) മാര്‍ദ്ദവം-(16-2)
മനസ്സില്‍ ഒരിക്കലും ക്രൂരഭാവം ഉണ്ടാകാതിരിക്കുകയും, എപ്പോഴും-ഏതവസ്ഥയിലും ഏതുതരം ആളുകളോടും സൗമ്യഭാവം പുലര്‍ത്തുകയും ചെയ്യുക-അതാണ് മാര്‍ദ്ദവം.
(19) ഹ്രീഃ- (16-2)
ശാസ്ത്ര നിഷിദ്ധവും സദാചാരവിരുദ്ധവുമായ പ്രവൃത്തികള്‍ എന്തെങ്കിലും കാരണത്താല്‍ ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ ആരെങ്കിലും അറിയുമോ അറിയുമോ എന്ന ചിന്തകൊണ്ടുണ്ടാവുന്ന ലജ്ജാ-നിന്ദാഭാവം-അതാണ്-ഹ്രീ-എന്ന വാക്കിന്റെ അര്‍ത്ഥം. ഏതു മനുഷ്യനും അഭ്യസിച്ച് ശീലമാക്കേണ്ടുന്ന സദ്ഗുണമാണ് ഈ ലജ്ജ.
(20) അചാപലം (16-2)
ഒരു പ്രയോജനവുമില്ലാതെ, വാക്കും, കൈകാലുകളും പ്രയോഗിക്കുക എന്നതാണ് ചാപലം. ആ സ്വഭാവം ഇല്ലാതിരിക്കുക-അചാപലം-എന്ന ഗുണം. നമ്മുടെ ഏതുവിധം പ്രവൃത്തിയും ചിലപ്പോള്‍ ലക്ഷ്യത്തില്‍ എത്തിച്ചില്ല എന്നുവന്നേക്കാം. ചിലപ്പോള്‍ താമസം നേരിട്ടേക്കാം. അപ്പോള്‍ ക്ഷോഭിച്ച് എന്തെങ്കിലും കാട്ടിക്കൂട്ടാതെ ക്ഷമയോടെ പ്രവര്‍ത്തനം തുടരാനുള്ള മാനസികാവസ്ഥ-അതാണ് അചാപലം.
janmabhumi

No comments: