Monday, May 21, 2018

ധനുമാസത്തിലെ പൂതിരുവാതിരനാള്‍ പരമശിവന്റെ പിറന്നാളാണെന്ന് കരുതപ്പെടുന്നു. അന്ന് നമുക്ക് ഏവര്‍ക്കും മൃത്യുഞ്ജയ മന്ത്രം ''ത്രൈ്യംബകം യജാമഹേ സുഗന്ധിം പുഷ്ടി വര്‍ദ്ധനം, ഉര്‍വാരുകമിവ ബന്ധനാത് മൃത്യോര്‍ മുക്ഷീയ മാമൃതാത്'' ജപിച്ച് മൃത്യുഭയം ഇല്ലാതാക്കാം. ഹൈന്ദവതരുണികള്‍ ദീര്‍ഘസുമംഗല്യത്തിനും പതീലാഭത്തിനും വേണ്ടി ആചരിക്കുന്ന ഒരു വ്രതമാണ് ഇത്. കല്യാണം കഴിഞ്ഞ് ആദ്യം വരുന്ന തിരുവാതിര സുമംഗലികള്‍ വളരെ കെങ്കേമമായി അതര്‍ഹിക്കുന്ന രീതിക്ക് ആഘോഷിക്കാറുണ്ട്. ഉമാ-മഹേശ്വര പ്രീതികരമാണ് ഈ വ്രതം. ധര്‍മത്തില്‍ ഉറച്ച് ജീവിക്കുക, അധര്‍മങ്ങള്‍ ചെയ്യാതെ ഇരിക്കുക. ശിവന്റെ വാഹനം കാളയാണ്. കാളക്ക് വൃഷഭം (ഋഷഭം) എന്നും ഋഷഭം എന്നാല്‍ ധര്‍മം എന്നും അര്‍ത്ഥം ഉണ്ട്. ധര്‍മത്തിന്‍ മേലാണ് ഭഗവാന്‍ സ്ഥിതി ചെയ്യുന്നത് എന്ന വസ്തുത പ്രതീകമായി ഋഷിവര്യന്മാര്‍ നമുക്ക് പറഞ്ഞുതന്നപ്പോള്‍ ശിവന്‍ കാളപ്പുറത്ത് സഞ്ചരിക്കുന്നു എന്നായി വ്യാഖ്യാനം. ധര്‍മോ രക്ഷതി രക്ഷിതഃ സുമംഗലികള്‍ തങ്ങളുടെ ഭര്‍ത്താവിന്റെ ആയു-ആരോഗ്യത്തിനും കന്യകകള്‍ സദ്ഭര്‍തൃലാഭത്തിനും വേണ്ടി ഭയഭക്തി പൂര്‍വം അനുഷ്ഠിക്കുന്ന ഈ തിരുവാതിര വ്രതത്തിന് അമിതമായ പ്രാധാന്യം ഉണ്ട്. രേവതി മുതല്‍ തിരുവാതിര വരെയുള്ള ദിവസങ്ങളില്‍ അതികാലത്ത് തന്നെ നിത്യവൃത്തികളും സ്‌നാനാദി കര്‍മങ്ങളും കഴിച്ച് വ്രതശുദ്ധിയോടെ ഇരിക്കുക. മകയിരം നാളില്‍ വൈകിട്ട് എട്ടങ്ങാടി തയ്യാറാക്കുന്നു. കാവത്ത്, കൂര്‍ക്ക, ചേന, നനക്കിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, വലിയ ചേമ്പ്, ചെറിയചേമ്പ് എന്ന് ഇങ്ങനെ എട്ട് കിഴങ്ങുകളും നേന്ത്രക്കായും കനലില്‍ ചുട്ട് എടുക്കുന്നു. ഉണങ്ങിയ നാളികേരം, കരിമ്പ്, കദളിപ്പഴം എന്നിവയും അരിഞ്ഞ് വെച്ച കിഴങ്ങുകളും ശര്‍ക്കരപാവും വന്‍പയര്‍ എള്ള്, കടല എന്നിവ വറുത്തതും ചോളപ്പൊടിയും ചേര്‍ത്ത് ഇളക്കണം. ഇതാണ് എട്ടങ്ങാടി. ദേവന്മാര്‍ക്ക് നിവേദിച്ച് പ്രസാദമായി കഴിക്കാം. എല്ലാ മംഗല്യവതികളായ സ്ത്രീകളും കന്യകകളും ചന്ദനം, ചാന്ത്, കുങ്കുമം എന്നിവ നെറ്റിയില്‍ ചാര്‍ത്തുകയും കണ്ണെഴുതി മൂന്ന് വെറ്റിലകൊണ്ട് ഗണപതി, അര്‍ദ്ധനാരീശ്വരന്‍, അഷ്ടദിക്ക് പാലന്മാര്‍ എന്നിവരെ അര്‍ച്ചന ചെയ്ത് ബാക്കി പൂജാ പത്രം വസിഷ്ഠ മഹര്‍ഷിയുടെ ഭാര്യയും ആകാശത്തില്‍ ജാജ്വല്യ നക്ഷത്രമായി പ്രകാശിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്ന അരുന്ധതി എന്ന പതിവ്രതാ രത്‌നത്തിനെ സങ്കല്‍പ്പിച്ച് മുകളിലേക്ക് അര്‍ച്ചിക്കുകയും ചെയ്യുന്നു. പിന്നീട് തിരുവാതിരകളി പുലരുന്നതുവരെ കളിക്കുന്നു. പുലരുമ്പോള്‍ നല്ലപോലെ സ്‌നാനം ചെയ്ത് ക്ഷേത്ര ദര്‍ശനം നടത്തി, തീര്‍ത്ഥം കുടിച്ച് പാരണമീട്ടിയ ശേഷം മാത്രമേ അരിഭക്ഷണം കഴിക്കാവൂ. തിരുവാതിര അന്ന് കൂവ കുറുക്കിയത്, ഗോതമ്പ്/ചാമ കഞ്ഞി, പുഴുക്ക് എന്നിവ സമൃദ്ധിയായി കഴിക്കുമ്പോള്‍ പുണര്‍തത്തിന്റെ അന്ന് ഭക്ഷണത്തിന്റെ ആവശ്യം വരില്ല. ദൗര്‍ഭാഗ്യം എന്ന് പറയട്ടെ, കൂവപ്പൊടി ചിലപ്പോള്‍ കിട്ടി എന്ന് വരില്ല അതിന്റെ വര്‍ണന കേട്ട് സുഖിച്ചാല്‍ മതി. തിരുവാതിര ദിവസം പരമശിവന് മഹാന്യാസ പുരസ്സരം 11 ആവര്‍ത്തി രുദ്രാഭിഷേകം വളരെ മഹത്തായതാണ്. ഓരോ ആവര്‍ത്തിക്കും എണ്ണ, പഞ്ചഗവ്യം, പഞ്ചാമൃതം, നെയ്യ്, പാല്‍, തൈര്, തേന്‍, കരിമ്പ് നീര്‍, ചെറുനാരങ്ങാനീര്‍, ഇളനീര്‍, പനിനീര്‍ ഇവ അഭിഷേകം ചെയ്യാം. രുദ്രം ചമകം ജപിക്കുന്നത് കേള്‍ക്കാന്‍ മൃത്യഞ്ജയ രുദ്രത്ത് വളരെ വളരെ സന്തോഷമത്രെ! കൂട്ടത്തില്‍ ചമകജപവും. ഒരു ആവര്‍ത്തി ജപിക്കണം. ശിവന്റെ പിറന്നാള്‍ ഗംഭീരമാക്കാം. തിരുവാതിര നക്ഷത്രത്തിന്റെ ദേവന്‍ മഹാദേവനാണ്. ഇതെല്ലാം വൈദിക രീതി പ്രകാരം ചെയ്താല്‍ തന്നെ ഗാംഭീര്യം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തും. ഭൂലോകത്ത് ഇരുന്ന് ആഘോഷിക്കണമെങ്കില്‍ രുദ്രാഭിഷേകം വഴിയേ ഭഗവാനേ പ്രീതിപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. വൈകുന്നേരം അത് ചെയ്യാം. ഭഗവാന്‍ വിശ്വേശ്വരനായ മഹാദേവായ ത്രൈ്യംബകായ ത്രിപുരാന്തകായ ത്രികാഗ്നികാലായ കാലാഗ്നി രുദ്രായ നീലകണ്ഠായ മൃത്യുഞ്ജയായ സര്‍വേശ്വരായ സദാശിവായ ശങ്കരായ ശ്രീമന്‍ മഹാദേവായ നമഃ എന്ന് പ്രാര്‍ത്ഥിച്ച് ഉപസംഹരിക്കാം...janmabhumi

No comments: