Thursday, May 17, 2018

അതിഥി ദേവോ ഭവ' എന്നതാണ് ഭാരതീയ വീക്ഷണം.  തിഥി നോക്കാതെ ഭവനത്തിലെത്തുന്നവനാണ് അതിഥി. മുന്നറിയിപ്പില്ലാതെ വരുന്ന അതിഥി ഈശ്വരനെപ്പോലെ പൂജനീയനാണ് എന്ന് പുരാണങ്ങള്‍ സൂചിപ്പിക്കുന്നു. ഒരു തിഥിയില്‍ അധികം ആതിഥേയ ഗൃഹത്തില്‍ പാര്‍ക്കാത്തവന്‍ എന്നും പതിഞ്ചുദിവസത്തിനുള്ളില്‍ വീണ്ടും വരാത്തവന്‍ എന്നും 'അതിഥി' എന്ന ശബ്ദത്തിന് അര്‍ത്ഥം കല്‍പ്പിക്കപ്പെടുന്നു. ഗൃഹനാഥന്റെ അതേ ഗ്രാമത്തില്‍ത്തന്നെ സ്ഥിരതാമസമുള്ളവനെ അതിഥിയായി പരിഗണിക്കാറില്ല. ഒരു രാത്രിയില്‍ കൂടുതല്‍ ആതിഥേയ  ഗൃഹത്തില്‍ പാര്‍ക്കുന്നവനും അതിഥിയല്ല. 'അതിഥിയും മീനും രണ്ട് ദിവസം കഴിഞ്ഞാല്‍ ചീഞ്ഞു തുടങ്ങും എന്നാണ് ഡച്ച് പഴമൊഴി. അതിഥി ഒരു വീട്ടിലേയ്‌ക്കെത്തുന്നത് രാവിലെയോ സന്ധ്യയ്‌ക്കോ ആവണമെന്നാണ്.
അതിഥി ആരായാലും അദ്ദേഹത്തെ യഥാവിധി ആദരിച്ച് സല്‍ക്കരിക്കണമെന്നും ഗൃഹത്തില്‍ നിന്നും നിരാശനായി മടക്കി അയയ്ക്കരുതെന്നും പുരാണങ്ങള്‍ അടിവരയിട്ടു സൂചിപ്പിക്കുന്നു. അതിഥി അസന്തുഷ്ടനായി മടങ്ങിയാല്‍ ആതിഥേയന്‍ അതുവരെ ആര്‍ജ്ജിച്ച പുണ്യമത്രയും ക്ഷയിക്കുകയും ഗൃഹസ്ഥന്റെ പുണ്യങ്ങള്‍ അതിഥി കൊണ്ടുപോവുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.  അതിഥിയെ യഥാവിധി സല്‍ക്കരിക്കാതെ മടക്കി അയച്ചാല്‍ അത് ഗൃഹസ്ഥനും ദോഷമാണ്.  
തൈത്തിരീയോപനിഷത്തിലാണ് അതിഥിയെ ദേവതുല്യനായി പ്രകീര്‍ത്തിക്കുന്നത്. മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യ ദേവോ ഭവ, അതിഥി ദേവോ ഭവ എന്നാണ് തൈത്തിരീയത്തില്‍  പറയുന്നത്. 
പകല്‍ അതിഥിയെ ഭക്ഷണം നല്‍കാതെ അയയ്ക്കുന്നതിന്റെ ഇരട്ടിയാണത്രേ രാത്രി ഭക്ഷണം നല്‍കാതെ അതിഥിയെ മടക്കിവിട്ടാല്‍ ഉണ്ടാവുന്ന പാപഫലം. ഒന്നിലധികം അതിഥികള്‍ ഒന്നിച്ചു വന്നാല്‍ അവരുടെ യോഗ്യതകള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ട ഉപചാരങ്ങള്‍ നല്‍കണമെന്നും പറയുന്നു. 

No comments: