Thursday, May 17, 2018


"ഭഗവാൻ എല്ലായിടത്തുമുണ്ട്"
നിലത്തിരുന്ന് ശീലമില്ലാത്ത ഒരു അമേരിക്കൻ വനിത വളരെ വിഷമിച്ചാണ് ഹാളിൽ ഇരുന്നത്. അവർ ഭഗവാന്റെ നേർക്ക് കാൽ നീട്ടിവെച്ചിരുന്നു. ഇതു കണ്ട് ഒരു പരിചാരകൻ ചമ്രം പടിഞ്ഞിരിക്കാൻ അവരോട് നിർദ്ദേശിച്ചു. ഭഗവാൻ ഇതുകണ്ടപ്പോൾ ചിരിച്ചുകൊണ്ടു പറഞ്ഞു "അവർ നിലത്തിരിക്കാൻ തന്നെ വിഷമിക്കുമ്പോൾ നീയെന്തിനാണ് ചമ്രം പടിഞ്ഞിരിക്കാൻ അവരോട് നിർബന്ധിക്കുന്നത്".
പരിചാരകൻ പറഞ്ഞു "അങ്ങനെയല്ല, ഭഗവാന്റെ നേർക്ക് കാൽ നീട്ടി വയ്ക്കുന്നത് അനാദരവാണെന്ന് അവർക്ക്‌ അറിയാത്തതിനാൽ ഞാനതു പറഞ്ഞുകൊടുത്തു അത്രമാത്രം". "ഓ അങ്ങനെയാണോ അത് അനാദരവാണ് അല്ലേ? എങ്കിൽ അവരുടെ നേർക്ക് ഞാൻ കാലു നീട്ടി വയ്ക്കുന്നതും അനാദരവ് തന്നെ. നീ പറയുന്നത് എനിക്കും ബാധകമാണല്ലോ" ഇങ്ങനെ ലാഘവത്തോടെ പറഞ്ഞുകൊണ്ട് ശ്രീഭഗവാൻ ചമ്രം പടിഞ്ഞിരുന്നു. വാതരോഗം കാരണം കാലുകൾ മടക്കി വച്ചപ്പോൾ മഹർഷിക്ക്‌ വളരെ വേദനയുണ്ടായി. പത്തു നിമിഷങ്ങൾക്കുള്ളിൽ കാലുകൾ മരവിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹം ചമ്രം പടിഞ്ഞു തന്നെ ഇരുന്നു. ഇടയ്ക്കിടെ കാലുകൾ നീട്ടി വയ്ക്കും. ഉടനെ തന്നെ 'ഇത് അനാദരവാണല്ലോ'? എന്നു പറഞ്ഞു കാലുകൾ മടക്കി വെക്കുകയും ചെയ്യും. സന്ദർശകരെല്ലാം പോയിട്ടും മഹർഷി കാലുകൾ മടക്കിതന്നെ ഇരുന്നു. "കാലുകൾ നിവർത്തിവയ്ക്കാമോ എന്ന് എനിക്കറിയില്ല, ഇവർ പറയുന്നു അത് മര്യാദ അല്ലെന്ന് " ഇങ്ങനെ പറഞ്ഞ് ഭഗവാൻ ഇരുന്നു. പരിചാരകൻ ഉടൻ തന്നെ ഭഗവാന്റെ കാൽക്കൽ വീണു പശ്ചാത്താപം പ്രകടിപ്പിച്ചു.
കരുണാദ്രനായ ഭഗവാൻ കാൽ നീട്ടി വച്ചുകൊണ്ട് പെരിയ പുരാണത്തിലെ ഒരു കഥ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു "ഭഗവാൻ ഇല്ലാത്ത സ്ഥലം എവിടെയാണ്? ഭഗവാൻ എല്ലായിടത്തുമുണ്ട്."

No comments: