Sunday, May 20, 2018

പ്രവൃത്തിമാര്‍ഗം, നിവൃത്തിമാര്‍ഗം എന്നിങ്ങനെ രണ്ടുതരം മാര്‍ഗങ്ങളുണ്ടെന്നും അവ പരസ്പരവിരുദ്ധങ്ങളാണെന്നുമുള്ള ധാരണ നമ്മളില്‍ പലര്‍ക്കും ഉണ്ട്. ഇത് എത്രത്തോളം ശരിയാണ്?  അഥര്‍വവേദത്തിലെ ഒരു മന്ത്രത്തിലൂടെ നമുക്കൊന്നു കണ്ണോടിക്കാം.
ഓം മധുമന്മേ നിക്രമണം മധുമന്മേ 
പരായണമ്.
വാചാ വദാമി മധുമദ് ഭൂയാസം 
മധുസന്ദൃശഃ.
(അഥര്‍വവേദം 1.34.3)
അര്‍ഥം: (മേ=) എന്റെ (നിക്രമണം=) നിവൃത്തി (മധുമത്=) മധുരപൂര്‍ണ്ണമാകട്ടെ, (മേ=) എന്റെ (പരായണം=) പ്രവൃത്തി (മധുമത്=) മധുരപൂര്‍ണ്ണമാകട്ടെ, (മധുമത്=) അങ്ങനെയുള്ള മാധുര്യത്തെ (വാചാ=) എന്റെ വാക്കിനാല്‍ (വദാമി) ഞാന്‍ പറയട്ടെ. അപ്രകാരം ഞാന്‍ (മധുസന്ദൃശഃ=) തേന്‍പോലെ മധുരമയന്‍ (ഭൂയാസം=) ആയിത്തീരട്ടെ. 
വേദമാണ് സമസ്തധര്‍മങ്ങളുടെയും വേര് എന്ന് മനുസ്മൃതി പറയുന്നു. എന്താണ് ധര്‍മ്മം? യാതൊന്നില്‍നിന്നാണോ അഭ്യുദയവും നിഃശ്രേയസ്സ് അഥവാ മോക്ഷവും ഉണ്ടാകുന്നത് അതാണ് ധര്‍മ്മം എന്ന് വൈശേഷികദര്‍ശനത്തില്‍ കണാദമുനി നിര്‍വചിക്കുന്നു. ഇപ്രകാരം അഭ്യുദയവും നിഃശ്രേയസ്സും ഉണ്ടാക്കുന്ന കര്‍മങ്ങളെ മനുസ്മൃതിയില്‍ യഥാക്രമം പ്രവൃത്തികര്‍മ്മമെന്നും നിവൃത്തികര്‍മ്മമെന്നും വിളിക്കുന്നു. ആ മനുസ്മൃതിശ്ലോകം കാണുക:
സുഖാഭ്യുദയികം ചൈവ 
നൈഃശ്രേയസികമേവ ച.
പ്രവൃത്തം ച നിവൃത്തം ച ദ്വിവിധം 
കര്മ വൈദികമ്.
(മനുസ്മൃതി 12.88)
അര്‍ഥം: അഭ്യുദയികം നൈഃശ്രേയസികം എന്നിങ്ങനെ സുഖങ്ങള്‍ രണ്ടാണ്. അതിനാല്‍തന്നെ പ്രവൃത്തം എന്നും നിവൃത്തം എന്നു വൈദികകര്‍മങ്ങളും രണ്ടാണ്. 
വേദങ്ങളില്‍ പറയപ്പെട്ടിട്ടുള്ള ഈ രണ്ടുവിധം കര്‍മ്മങ്ങളും ധര്‍മ്മത്തിന്റെ നിര്‍വചനത്തിനുള്ളില്‍ വരുന്നവയാണ്. ധര്‍മ്മമെന്നാല്‍ ധരിക്കാന്‍ യോഗ്യമായത് എന്നും അര്‍ഥം. അതായത് ഇവ രണ്ടും നമുക്ക് ധരിക്കാന്‍ യോഗ്യമാണ്. ഈ ലോകത്തില്‍ ജീവിക്കണമെങ്കില്‍ പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതേപോലെതന്നെ ജീവിതത്തിന്റെ യാഥാര്‍ഥ്യത്തെ തിരിച്ചറിയാന്‍ നിവൃത്തിയും ആവശ്യമാണ്. അതുകൊണ്ട് ജീവിതത്തില്‍ ഇവ രണ്ടിന്റെയും സന്തുലനമാണ് വേണ്ടത്. മുകളില്‍ എഴുതിയ അഥര്‍വമന്ത്രത്തില്‍ എത്ര സുന്ദരമായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് എന്ന് കാണുക.
നമ്മുടെ പ്രവൃത്തികള്‍ മധുരപൂര്‍ണ്ണമാകണം. അറിവിനായും ധനത്തിനായും യശസ്സിനായും എല്ലാം നാം പ്രവര്‍ത്തിക്കണം. എല്ലായിടത്തും ഒന്നാമനായി വിജയിക്കണം. സമൂഹികനന്മയ്ക്കായും പ്രവര്‍ത്തിക്കണം. അതിനെല്ലാമായിക്കൊണ്ട് ഉത്തമമായ കര്‍മ്മപദ്ധതികള്‍ ആരംഭിച്ച് നടപ്പിലാക്കണം. ആചാര്യശ്രേഷ്ഠനായ ഭര്‍തൃഹരിയുടെ ഒരു കഥനമുണ്ട്- 'അധമരായ ആളുകള്‍ വിഘ്‌നഭയത്താല്‍ കര്‍മങ്ങള്‍ തുടങ്ങിവെക്കുകയേ ചെയ്യുന്നില്ല. മധ്യമരാകട്ടെ, വിഘ്‌നങ്ങള്‍ വന്നുചേരുമ്പോള്‍ കര്‍മങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് പിന്‍വാങ്ങുന്നു. എന്നാല്‍ ഉത്തമരായവര്‍ കാര്യങ്ങള്‍ തുടങ്ങി അതില്‍ സഫലത നേടിയ ശേഷം വിശ്രമിക്കുന്നു.' ഈ മുന്നാമത്തെ കൂട്ടരെയാണ് നാം ജീവിതത്തില്‍ വിജയിച്ചവര്‍ എന്നു വിളിക്കുന്നത്. ഇവരുടെ കര്‍മ്മങ്ങളോരോന്നും ആരംഭിക്കുന്നതു മുതല്‍ അവസാനിക്കുന്നതുവരെ പ്രവൃത്തികളില്‍ മന്ത്രം പറയുംപ്രകാരമുള്ള മാധുര്യത്തെ നമുക്ക് കാണാനാകും.
എന്നാല്‍ കേവലം പ്രവൃത്തി മാത്രം മതിയോ? ഭൗതികമായ അഭിവൃദ്ധിയെ മാത്രം തങ്ങളുടെ ജീവിതലക്ഷ്യമായി കണക്കാക്കുന്നവര്‍ ജീവിതയാഥാര്‍ഥ്യത്തില്‍നിന്നും ഏറെ അകന്നുപോകുന്നു. അവര്‍  ജീവിതത്തിന്റെ ശാന്തിയില്‍നിന്നും ആനന്ദത്തില്‍നിന്നും അവരറിയാതെതന്നെ അകലുന്നു. പകരം അര്‍ഥകാമങ്ങള്‍ക്ക് സ്വയം വശപ്പെട്ടുപോകുന്നു. ഇന്നീ ലോകത്തില്‍ ഇതു കാരണം സംഭവിക്കുന്ന  മൂല്യച്യുതിയുടെ ദുരന്തപൂര്‍ണ്ണമായ ദൃശ്യങ്ങള്‍ ദിനംപ്രതി വാര്‍ത്താമാധ്യമങ്ങളിലൂടെ നമുക്ക് അറിയാനാകുന്നുണ്ട്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ധര്‍മ്മത്തെയാണ് നാം ആശ്രയിക്കേണ്ടത്. ധര്‍മ്മാചരണം നമ്മളില്‍ പ്രവൃത്തിയുടെയും നിവൃത്തിയുടെയും സന്തുലതയെ സ്ഥാപിക്കുന്നു. ധര്‍മ്മമൂലമായ വേദങ്ങളില്‍ പറയുന്നതത്രയും പ്രവൃത്തികര്‍മ്മങ്ങളോടൊപ്പം നിവൃത്തികര്‍മ്മങ്ങളും ചെയ്തുപോകാനാണ്. യോഗത്തിലധിഷ്ഠിതമായ സാധനയാണ് നിവൃത്തിക്കുള്ള ഉപായം. അതിനായി അഹിംസ, സത്യം, ബ്രഹ്മചര്യം തുടങ്ങിയ വ്രതചര്യകളെയും നാം പിന്‍തുടരേണ്ടതുണ്ട്. വൈദികസാധനാക്രമത്തിന്റെ ഭാഗമായി പ്രതിദിനവും സന്ധ്യോപാസന ചെയ്യുക. പ്രാണായാമാദികളും ധ്യാനവും അനുഷ്ഠിക്കുക. അങ്ങനെ നിവൃത്തിയെയും മധുരപൂര്‍ണ്ണമാക്കുക. 
പ്രവൃത്തികര്‍മ്മങ്ങളും നിവൃത്തികര്‍മ്മങ്ങളും മധുരപൂര്‍ണ്ണമായാല്‍ അത്തരം വ്യക്തികളുടെ വാക്കുകളും  മധുരപൂര്‍ണ്ണമായിരിക്കും. അവരുടെ ഉപദേശങ്ങളെയാണ് നാം പിന്‍തുടരേണ്ടത്. അവര്‍ അനുഭവജ്ഞാനികളാണ്. അവര്‍ സ്വയം മധുവായിത്തീര്‍ന്നവരാണ്. അവര്‍ മാത്രമാണ് ജീവിതയാഥാര്‍ഥ്യത്തോട് അടുത്ത് വര്‍ത്തിക്കുന്നത്. എന്നാല്‍ ഗതകാലത്തില്‍ എവിടെയോവെച്ച് നമുക്ക് വേദങ്ങളുടെ ഈ ജീവിതവീക്ഷണം  നഷ്ടപ്പെട്ടു. പ്രവൃത്തികര്‍മ്മങ്ങള്‍ പാടേ ഉപേക്ഷിക്കേണ്ടതാണെന്ന് ഒരു കൂട്ടം ആത്മീയവാദികള്‍ പറഞ്ഞു. നിവൃത്തിക്കുപോലും കര്‍മ്മം വേണ്ടതില്ലെന്ന് അവരിലൊരു വിഭാഗം അഭിപ്രായപ്പെട്ടു. ഇതാണ് വേദത്തിന്റെ പരമമായ താല്പര്യമെന്ന് അവര്‍ വാദിച്ചു. എന്താണിതിന്റെ അനന്തരഫലമായി സംഭവിച്ചത് എന്നല്ലേ? പ്രവൃത്തിയിലധിഷ്ഠിതമായ ഗൃഹസ്ഥാശ്രമധര്‍മ്മം നശിക്കാന്‍ തുടങ്ങി. മറ്റ് മൂന്ന് ആശ്രമങ്ങളെയും നിലനിര്‍ത്തുന്നത് ഗൃഹസ്ഥാശ്രമമായതിനാല്‍ ആ നാശം മറ്റ് ആശ്രമങ്ങളെയും ബാധിച്ചു. സാമൂഹ്യവ്യവസ്ഥകളെയും രാഷ്ട്രവ്യവസ്ഥയെയും അത് ശിഥിലമാക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരു കൂട്ടര്‍, ഭൗതികവാദികള്‍ ഇതിനെതിരെ ശക്തമായി പ്രതിഷേധമുയര്‍ത്തി. ആധ്യാത്മികത തീര്‍ത്തും അപ്രായോഗികമാണെന്നവര്‍ വിധിയെഴുതി. ആധുനികസമൂഹത്തിന് അവരുടെ കാഴ്ചപ്പാട് കുറേക്കൂടി യുക്തിസഹമായിത്തോന്നി. അവര്‍ തീര്‍ത്തും ഭൗതികമാര്‍ഗികളായിത്തീര്‍ന്നു. അവരില്‍ ഭൂരിഭാഗവും ഈശ്വരവിശ്വാസികളായിരിന്നുകൊണ്ടുതന്നെ ഭൗതികതയില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് ജീവിച്ചു. 
ഈ രണ്ട് മാര്‍ഗങ്ങള്‍ വേര്‍പിരിഞ്ഞപ്പോള്‍ വേദത്തിന്റെ മധുരമയമായ ജീവിതസങ്കല്പത്തെയാണ് നമുക്ക് നഷ്ടപ്പെട്ടത്. വേദങ്ങളിലേക്കുള്ള മടക്കയാത്ര എന്നാല്‍ ആ മധുരജീവിതത്തിലേക്കുള്ള മടക്കയാത്രതന്നെയാണ്. വരൂ, നമുക്കും ആ ജീവനമധു നുകരുവാനായി വേദവനിയിലേക്കു ചെല്ലാം...janmabhumi

No comments: