ലക്ഷ്മീദാസന്‍
ദേശം
കൊച്ചിരാജ്യത്തു കണയന്നൂര്‍ത്താലൂക്കില്‍ വെള്ളാരപള്ളിയില്‍ വടക്കുഭാഗത്തു തൃപ്പൂതമങ്ഗലം എന്നൊരു ക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനടുത്തുള്ള പോലീസ്‌സ്റ്റേഷന്റെ തെക്കേ പറമ്പിലായിരുന്നുവത്രേ കരിങ്ങമ്പള്ളിമന സ്ഥിതിചെയ്തിരുന്നതു്. നാലു തളികളില്‍ കീഴ്ത്തളി ഐരാണിക്കുളം ഗ്രാമത്തിനും ചിങ്ങപുരത്തുതളി ഇരിങ്ങാലക്കുട ഗ്രാമത്തിനും നെടിയതളി പറവൂര്‍ഗ്രാമത്തിനും മേല്‍ത്തളി മൂഴിക്കുളം ഗ്രാമത്തിനും അവകാശപ്പെട്ടിരുന്നു എന്നു മുന്‍പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ʻʻതളിയാതിരി അവരോധം പുക്കു തോന്നിയതു കരിങ്ങമ്പള്ളി സ്വരൂപവും കാരിമുക്കില്‍ സ്വരൂപവും ഇളമ്പരക്കോട്ടു സ്വരൂപവുˮമാണെന്നു കേരളോല്‍പത്തിയില്‍ പ്രസ്താവിച്ചുകാണുന്നു. ആ സ്വരൂപങ്ങളില്‍ ഇളമകളായിരിക്കുന്നവരാണു് തളിയാതിരിമാരാകുക; അവര്‍ക്കു വിവാഹം പാടില്ലായിരുന്നു. ഐരാണിക്കുളം ഗ്രാമത്തിലെ തളിയാതിരിസ്ഥാനമാണു് കരിങ്ങമ്പള്ളി സ്വരൂപത്തില്‍നിന്നു നടത്തിവന്നതു്. ആ സ്വരൂപം അന്യം നിന്നിട്ടു് ഇരുനൂറ്റി ചില്വാനം കൊല്ലങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നു് അഭിജ്ഞന്മാര്‍ പ്രസ്താവിക്കുന്നു. അത്തരത്തില്‍ ആഭിജാത്യംകൊണ്ടും ആര്‍ത്ഥപുഷ്ടികൊണ്ടും ഉച്ചസ്ഥമായ ഒരു കുടുംബത്തിലായിരുന്നു ലക്ഷ്മീദാസന്‍ നമ്പൂതിരിപ്പാട്ടിലെ ജനനം. കാളിദാസനെ അനുകരിച്ചു് തന്നെസ്സംബന്ധിച്ചു് അന്വര്‍ത്ഥമായ ലക്ഷ്മീദാസനെന്ന പേര്‍ കവി സ്വീകരിച്ചു എന്നേ ഊഹിക്കേണ്ടതുള്ളൂ; പിതൃദത്തമായ നാമധേയം എന്തെന്നറിവാന്‍ മാര്‍ഗ്ഗമില്ല.
കാലം
ʻʻലക്ഷ്മ്യാ രങ്ഗേ ശരദി ശശിനസ്സൌധശൃങ്ഗേ കയോശ്ചില്‍
പ്രേമ്ണാ യൂനോസ്സഹ വിഹരതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാസേധഃ ക്വ നു ഹതവിധേര്‍ദ്ദൂ രനീതസ്സ തസ്യാ–
ശ്‌ശ്രാന്തസ്സ്വപ്നേ ശുകമിതി ഗിരാ ശ്രാവ്യയോ സന്ദിദേശˮ
പ്രേമ്ണാ യൂനോസ്സഹ വിഹരതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാസേധഃ ക്വ നു ഹതവിധേര്‍ദ്ദൂ രനീതസ്സ തസ്യാ–
ശ്‌ശ്രാന്തസ്സ്വപ്നേ ശുകമിതി ഗിരാ ശ്രാവ്യയോ സന്ദിദേശˮ
എന്നതാണു് ശുകസന്ദേശത്തിലെ പ്രഥമശ്ലോകം. ഈ ശ്ലോകത്തിലെ ʻʻലക്ഷ്മ്യാ രങ്ഗേˮ എന്ന ഭാഗം കലിവര്‍ഷസംഖ്യയെ കുറിക്കുന്നതാണെന്നു വിചാരിച്ചു ചിലര്‍ ക്രി.പി. 112-ലാണ് പ്രസ്തുതഗ്രന്ഥത്തിന്റെ നിര്‍മ്മാണം എന്നും ʻʻദൂരനീതസ്സതസ്യാഃˮ എന്ന ഭാഗം കലിദിനസംഖ്യയെ കുറിക്കുന്നു എന്നു സങ്കല്പിച്ചു കൊണ്ടു മറ്റു ചിലര്‍ കൊല്ലം 666-ല്‍ ആണു് അതിന്റെ രചനയെന്നും വാദിക്കുന്നു. ഈ രണ്ടു പക്ഷവും ശരിയല്ല. ക്രി.പി. രണ്ടാംശതകത്തില്‍ തളിയാതിരിമാരുണ്ടായിരുന്നതിനോ അവര്‍ ശൂകസന്ദേശത്തില്‍ വര്‍ണ്ണിക്കുന്ന അധികാരങ്ങള്‍ നടത്തിയിരുന്നതിനോ തെളിവില്ലെന്നു മുന്‍പ് പ്രസ്താവിച്ചിട്ടുണ്ട്. ക്രി.പി. രണ്ടാംശതകത്തിലെ സംസ്കൃതകാവ്യശൈലിയല്ല ശുകസന്ദേശത്തില്‍ നാം കാണുന്നതു്. കൊല്ലം 666-ല്‍ അല്ല ലക്ഷ്മീദാസന്റെ ജീവിതകാലമെന്നു ഖണ്ഡിച്ചുതന്നെ പറയാം. അതിനുമുമ്പ് അദ്ദേഹം അത്യുജ്ജ്വലമായി പ്രശംസിക്കുന്ന തൃക്കണാമതിലകത്തിന്റ മഹിമ അസ്തമിച്ചുകഴിഞ്ഞിരുന്നു. അന്നു തിരുവഞ്ചിക്കുളം കവി വര്‍ണ്ണിക്കുന്ന വിധത്തില്‍ പെരുമാക്കന്മാരുടെ രാജധാനിയുമല്ലായിരുന്നു. പോരാത്തതിനു ശുകസന്ദേശത്തിലെ ആറാമത്തെ ശ്ലോകത്തിലേ ʻആസ്ഥാ ലോകേവിപുലമനസാംʼ എന്ന ഭാഗം ക്രി.പി. പതിന്നാലാം ശതകത്തില്‍ ആവിര്‍ഭവിച്ചു എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ലാത്ത ഉണ്ണുനീലിസന്ദേശത്തില്‍ ഉദ്ധരിച്ചുകാണുന്നുമുണ്ടു്. ʻദൂരനീതസ്സതസ്യാഃʼ എന്നതു കവിയുടെ കാലത്തേയും, ʻലക്ഷ്മ്യാ രങ്ഗേʼ എന്നതു സന്ദേശത്തിനു വിഷയമായ സംഭവത്തിന്റെ കാലത്തേയും കുറിക്കുന്നു എന്നു പറയുന്നുതു് ഇതിനേക്കാള്‍ അനുപന്നമാണു്. വാസ്തവത്തില്‍ ആ ശ്ലോകത്തില്‍ കലിസൂചനയേയില്ല. കവിതന്നെയാണു് വിയുക്തനായ നായകന്‍; അദ്ദേഹം ശൂകമുഖമായി സന്ദേശമയയ്ക്കുന്നതു തൃക്കണാമതിലകത്തുകാരിയായ തന്റെ പ്രിയതമയ്ക്കുമാണു്. ശുകസന്ദേശത്തില്‍ ഒരു ശ്ലോകത്തിലെങ്കിലും കലിയുള്ളതായി അതിന്റെ വ്യാഖ്യാതാക്കന്മാരില്‍ ആരും പറഞ്ഞിട്ടുമില്ല. അന്നു കൊല്ലത്തല്ലാതെ വേണാട്ടു (കൂപക) രാജാക്കന്മാര്‍ക്കു തിരുവനന്തപുരത്തു പ്രത്യേകം രാജധാനിയുള്ളതായി കവി പ്രസ്താവിക്കാത്തതു് അവിടെ പ്രത്യേകമൊരു ശാഖ താമസിക്കാത്തതുകൊണ്ടായിരിക്കും. എന്നാല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ പുളകോല്‍ഗമമുണ്ടാകുന്ന വിധത്തില്‍ വര്‍ണ്ണിക്കുന്നുമുണ്ടു്. കൊല്ലത്തിനു പുറമേ കായങ്കുളത്തും അവര്‍ക്കൊരു രാജധാനിയുളളതായി പ്രസ്താവിക്കുന്നു. ഓണാടെന്ന കായങ്കുളം രാജ്യം പതിന്നാലാം ശതകത്തിനുമുമ്പ് വേര്‍തിരിഞ്ഞതിനു രേഖകളുണ്ടു്. തെക്കുങ്കൂറും വടക്കുങ്കൂറും അന്നു പിരിഞ്ഞു കഴിഞ്ഞിരുന്നില്ല. തിരുവഞ്ചിക്കുളത്തൈ മഹാരാജാവിനേയും അവരോധനാധികാരികളായ തളിയാതിരിമാരേയും യഥാക്രമം
ʻʻഉത്തീര്‍ണ്ണസ്താമുദധിദയിതാമുത്തരേണ ക്രമേഥാ
രാജല്‍പത്തിദ്വിവഹയരഥാനീകിനീം രാജധാനീം
രാജ്ഞാമാജ്ഞാനിയമിതനൃണാമാനനൈര്‍ഭൂരിധാമ്നാം
രാജാ രാജ്യേത്യവനിവലയേ ഗീയതേ യന്നികേതഃˮ
രാജല്‍പത്തിദ്വിവഹയരഥാനീകിനീം രാജധാനീം
രാജ്ഞാമാജ്ഞാനിയമിതനൃണാമാനനൈര്‍ഭൂരിധാമ്നാം
രാജാ രാജ്യേത്യവനിവലയേ ഗീയതേ യന്നികേതഃˮ
എന്നും
ശാസ്ത്രേ ശാസ്ത്രേപി ച ഭൃഗുനിഭൈശ്ശശ്വദുദ്ഭാസതേ യാ
വിപ്രേന്ദൈസ്തൈര്‍വിപുലമഠവര്യാവലീഷു സ്ഥലീഷുˮ
വിപ്രേന്ദൈസ്തൈര്‍വിപുലമഠവര്യാവലീഷു സ്ഥലീഷുˮ
എന്നുള്ള ശ്ലോകങ്ങളില്‍ ചിത്രണം ചെയ്തിരിക്കുന്നു. ആദ്യത്തേ ശ്ലോകം സ്ഥാനച്യൂതനായ ഒരു രാജാവിനു ഒരിക്കലും യോജിക്കുന്നതല്ലല്ലോ, ഇതേല്ലാം വച്ചുനോക്കുമ്പോള്‍ ക്രി.പി. പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ ഉള്ള ഒരു കൃതിയായിരിക്കും ശുകസന്ദേശം എന്നു പറവാന്‍ തോന്നുന്നുണ്ടു്.
ചരിത്രം
മറ്റു ചില വിശിഷ്ടകവികളെപ്പറ്റി എന്ന പോലെ ലക്ഷ്മീദാസനെപ്പറ്റിയും ഒരു കഥ പറയാനുണ്ട്. ബാല്യത്തില്‍ അദ്ദേഹം മന്ദബുദ്ധിയായിരുന്നു. തന്നിമിത്തം അദ്ദേഹത്തെ പഠിപ്പിച്ചിരുന്ന ശാസ്ത്രികള്‍ പിരിഞ്ഞുപോകന്‍ നിശ്ചയിച്ചു. അപ്പോള്‍ അകായിലുള്ളവര്‍ ʻഈ ചെപ്പുകുടം കൊട്ടത്തളത്തിലുള്ള കരിങ്കല്ലിനെക്കൂടി കുഴിച്ചിട്ടുണ്ടു്ʼ എന്നു പറഞ്ഞു ശാസ്ത്രികളെ ആശ്വസിപ്പിച്ചു. കാലക്രമത്തില്‍ അദ്ദേഹത്തിന്റെ ശ്രമം ഫലവത്തുമായി. ഇതാണു് ആ കഥ. മറ്റൊരു കഥ കവിയുടെ പരദേശയാത്രയുമായി കെട്ടുപെട്ടു കിടക്കുന്നു. പരദേശത്തു ലക്ഷ്മീദാസന്‍ ഒരു ദിവസം രാത്രിയില്‍ ഒരു ബ്രാഹ്മണഗൃഹത്തില്‍ ചെന്നു. ആ ഗൃഹത്തിന്റെ നായകന്‍ അദ്ദേഹത്തിനു് അത്താഴമാകട്ടെ അകത്തുകിടക്കുവാന്‍ സ്ഥലമാകട്ടെ കൊടുത്തില്ല. കവി പുറന്തിണ്ണയില്‍ കിടന്നു് ഉറക്കം വരാതെ വലഞ്ഞു. അപ്പോള്‍ ഗൃഹത്തിനകത്തു ചിലര്‍ പുതിയ വാവ്യമായ ശുകസന്ദേശം വായിച്ചു് അര്‍ത്ഥവിചാരം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ശ്ലോകത്തിന്റെ അര്‍ത്ഥത്തെപ്പറ്റിയുള്ള വാഗ്വാദം മൂത്തപ്പോള്‍ ആഗന്തുകന്‍ കവിഹൃദയമിന്നതെന്നു വെളിയിലിരുന്നു വിശദീകരിച്ചു. അതുകേട്ടു് അവര്‍ കതകു തുറന്നു ʻʻനീര്‍താനാ കുരിങ്ങമ്പള്ളി?ˮ എന്നു ചോദിക്കുകയും ആണെന്നുള്ള മറുപടി കേട്ടു് ആനന്ദവിവശരായി അദ്ദേഹത്തെ അകത്തു വിളിച്ചുകൊണ്ടുപോയി സല്‍ക്കരിക്കുകയും ചെയ്തു. ഈ ഐതിഹ്യം യഥാര്‍ത്ഥമാണെങ്കില്‍ അതു ലക്ഷ്മീദാസന്റെ ആദ്യത്തെ വിദേശസഞ്ചാരമായിരിയ്ക്കുകയില്ല; എന്തെന്നാല്‍ ഒരു വിദേശസഞ്ചാരം കഴിച്ചിട്ടാണല്ലോ ശുകസന്ദേശം നിര്‍മ്മിച്ചതു്. കവിതന്നെയാണു് നായകന്‍ എന്നു വരവര്‍ണ്ണിന്യാദി വ്യാഖ്യകളില്‍ തുറന്നു പ്രസ്താവിച്ചിട്ടുള്ള വസ്തുത പ്രകൃതത്തില്‍ സ്മരണീയമാണു്.
ശുകസന്ദേശം
സന്ദേശകാവ്യങ്ങളുടെ മാര്‍ഗ്ഗദര്‍ശിയെന്നു രാമായണം കിഷ്കിന്ധാകാണ്ഡത്തില്‍ വാനരസന്ദേശം ഉള്‍ക്കൊള്ളിച്ചിട്ടുള്ള വാല്മീകി മഹര്‍ഷിയെയാണു പറയേണ്ടതു്. ആ
പ്രസ്ഥാനത്തിന്റെ പിതാവു മേഘസന്ദേശകാരനായ കാളിദാസ മഹാകവി തന്നെയാകുന്നു. മേഘസന്ദേശത്തില്‍ പൂര്‍വഭാഗം കവി വിയോഗാര്‍ത്തനായ നായകന്റെ താമസസ്ഥലം മുതല്‍ നായികയുടെ താമസസ്ഥലം വരെയുള്ള മാര്‍ഗ്ഗവര്‍ണ്ണനത്തിനാണു പ്രധാനമായി വിനിയോഗിക്കുന്നതു്. ഉത്തരഭാഗം കൊണ്ടു നായികയുടെ ദേശം, ഗൃഹം, വിരഹാവസ്ഥ മുതാലയവ വര്‍ണ്ണിക്കുകയും ദൂതന്‍ നിവേദനം ചെയ്യേണ്ട സന്ദേശം കുറിക്കുകയും ചെയ്യുന്നു. ശുകസന്ദേശത്തിനു വരവര്‍ണ്ണിനിയെന്ന വ്യാഖ്യാനം രചിച്ച ധര്‍മ്മഗുപ്തന്‍, സന്ദേശകാവ്യത്തില്‍ കവി പന്ത്രണ്ടുവിഷയങ്ങളില്‍ മനസ്സിരുത്തേണ്ടതുണ്ടെന്നും ആ വിഷയങ്ങള്‍ (1) ആദികാവ്യം (2) ദൌത്യയോജനം (3) പ്രത്യങ്ഗവര്‍ണ്ണനം (4) പ്രാപ്യദേശവര്‍ണ്ണനം (5) മന്ദിരാഭിജ്ഞാനം (6) പ്രിയാസന്നിവേശവിമര്‍ശനം (7) അന്യരൂപതാപത്തിസംഭാവന (8) അവസ്ഥാവികല്പനങ്ങള്‍ (9) വചനാരംഭം (10) സന്ദേശവചനം (11) അഭിജ്ഞാനദാനം (12) പ്രമേയപരിനിഷ്ഠാപനം എന്നിവയാണെന്നും വിവരിച്ചിട്ടുണ്ടു്. മേഘസന്ദേശകാവ്യദ്വാരാ കാളിദാസന്‍ ദേശചരിത്രഗ്രന്ഥത്തില്‍ അത്യന്തം അവജ്ഞ ഭാവിച്ചിരുന്ന ഭാരതീയര്‍ക്കു മാര്‍ഗ്ഗവര്‍ണ്ണന എന്ന വ്യാജത്തില്‍ ചരിത്രപരമായി പല അറിവുകളും നല്‌കി. പശ്ചാല്‍കാലികന്മാരായ സന്ദേശകവികള്‍ അദ്ദേഹത്തെ അനുകരിക്കുക നിമിത്തം നമുക്കു് ഈ വിഷയങ്ങളില്‍ ഒട്ടു വളരെ ജ്ഞാനമുണ്ടാകുവാന്‍ സങ്ഗതി വന്നിട്ടുണ്ടു്. അതാണു് സന്ദേശകൃതികള്‍ക്കു് ഇതരകൃതികളെ അപേക്ഷിച്ചുള്ള മെച്ചം.
ശുകസന്ദേശവും ദേശചരിത്രവും
ലക്ഷ്മീദാസന്റെ സന്ദേശത്തിലേ നായകനു് ഏതോ ദുര്‍വിധിയാല്‍ രാമേശ്വരത്തു കുറേക്കാലം താമസിക്കേണ്ടിവരുന്നു. അവിടെ നിന്നു് ഒരു കിളിയെ ദൂതനാക്കി തൃക്കണാമതിലകത്തു താമസിക്കുന്ന തന്റെ പ്രേയസിക്കു് അദ്ദേഹം സന്ദേശമയക്കുന്നു. നായകന്‍ ലക്ഷ്മീദാസന്‍ തന്നെയാണെന്നു പറഞ്ഞുവല്ലോ; പ്രയേസി അന്തര്‍ജ്ജനമല്ല. ʻവീതാലംബേ പഥി പിചരിതും വ്യക്തമാഭാഷിതുഞ്ചʼ (ആകാശത്തുകൂടി പറക്കുന്നതിനും വ്യക്തമായി സംഭാഷണം ചെയ്യുന്നതിനും) തത്തയ്ക്കുള്ള പാടവം പ്രസിദ്ധമാണല്ലോ. രാമേശ്വരം, താമ്രവര്‍ണ്ണീനദി, ആ നദീതീരത്തിലുള്ള മണലൂരെന്ന പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി, അവിടെനിന്നും വലതു വശത്തും ഇടതു വശത്തുമായി തെക്കോട്ടേയ്ക്കു പോകുന്നതിനുള്ള രണ്ടു വഴികള്‍, ഇടതുവശത്തേ വഴി വളവുള്ളതാണെങ്കിലും അതിനുള്ള മേന്മ, പാണ്ഡ്യരാജ്യം, സഹ്യപര്‍വതം, ഇവയെ വര്‍ണ്ണിച്ചതിനുമേല്‍ കവി ശുകത്തെ കേരളത്തിലേക്കു കടക്കുവാന്‍ ഉപദേശിക്കുന്നു. ആ ഘട്ടത്തില്‍ ലക്ഷ്മീദാസന്റെ ദേശാഭിമാനത്തെ കരതലാമലകം പോലെ കാണിക്കുന്ന ഉജ്ജ്വലമായ ഒരു ശ്ലോകമുണ്ടു്. അതാണു താഴെ ഉദ്ധരിക്കുന്നതു് —
ʻʻബ്രഹ്മക്ഷത്രം ജനപദമഥ സ്ഫീതമധ്യക്ഷയേഥാ
ദര്‍പ്പാദര്‍ശം ദൃഢതരമൃഷേര്‍ജ്ജാമദഗ്നസ്യ ബാഹ്വോഃ
യം മേദിന്യാം രുചിരമരിചോത്താളതാംബൂലവല്ലീ–
വേല്ലല്‍കേരക്രമുകനികരാന്‍ കേരളാനുദ്ഗൃണന്തി.ˮ
ദര്‍പ്പാദര്‍ശം ദൃഢതരമൃഷേര്‍ജ്ജാമദഗ്നസ്യ ബാഹ്വോഃ
യം മേദിന്യാം രുചിരമരിചോത്താളതാംബൂലവല്ലീ–
വേല്ലല്‍കേരക്രമുകനികരാന്‍ കേരളാനുദ്ഗൃണന്തി.ˮ
അവിടെ കന്യാകുമാരീക്ഷേത്രം, മരുത്വാമല, ശുചീന്ദ്രക്ഷേത്രം, തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രം, കഴുകന്മാരുള്ള കഴക്കൂട്ടം, ഇവയുടെ വിവരണം കഴിഞ്ഞു ʻകൂപകാധീശ്വരന്മാരുടെ കുലപുരിʼയായ കൊല്ലത്തേയ്ക്കു കവി കിളിയെ പറഞ്ഞയയ്ക്കുന്നു. പിന്നെ രണ്ടു കായല്‍, (സിന്ധുദ്വയമെന്നാല്‍ രണ്ടു പുഴയെന്നല്ല അര്‍ത്ഥം) അതായതു് അഷ്ടമുടിക്കായലും കായങ്കുളം കായലും, കടന്നു കായങ്കുളത്തെത്തി അവിടെനിന്നു തിരുവല്ലാ വെമ്പലനാടു്, (കോട്ടയം) ആ നാട്ടിലെ രാജാക്കന്മാരുടെ പടവീടായ കടുത്തുരുത്തി (സിന്ധുദ്വീപം—കടല്‍ത്തുരുത്തു്) ഇവയെല്ലാം സന്ദര്‍ശിച്ചു മൂവാറ്റുപുഴയാറു (ഫുല്ല) കടന്നു് അതിനടുത്തുള്ള (വേന്നനാട്ടു) നമ്പൂരിഗ്രാമത്തിലെ മഹാവിഷ്ണുവിനെ കിളി തൊഴണം. ആ വിഷ്ണുക്ഷേത്രം ഏതാണെന്നു വെളിപ്പെടുന്നില്ല. പ്രസ്തുതഗ്രാമത്തിലേ വിദ്വാന്മാരേയും വിശേഷിച്ചു മഹാപണ്ഡിതനായിരുന്ന സുബ്രഹ്മണ്യന്‍ നമ്പൂരിയേയും കവി താഴെക്കാണുന്നവിധം പ്രശംസിക്കുന്നു.
ʻʻപ്രജേഞാല്‍കര്‍ഷപ്രകടനകൃതേ പ്രാശ്നികേ പ്രാജ്ഞലോകേ
കല്ലോലാഭൈര്‍മ്മതിജലനിധേരുത്ഥിതൈസ്തര്‍ക്കജാലൈഃ
സ്പര്‍ദ്ധാബന്ധാദവഹിതധിയഃ സ്പഷ്ടമന്ത്രാര്‍ത്ഥരത്നം
ശ്രൌതേ ലീനം സദസി രഹസി ശ്രാവകാശ്‌ശ്രാവയേയുഃ.
ദത്തപ്രോമാ ശിഖിനി ദളയന്‍ ദാനവാന്‍ ബാണമുക്ത്യാ
സുബ്രഹ്മണ്യഃ പഥി സുമനസാം യൂഥനേതാ നിഷേവ്യഃ
അക്ഷോഭ്യത്വം ദധതി കൃതിനാമദ്ഭുതാര്‍ത്ഥാന്യമീഷാം
ഛിദ്രാസ്കന്ദിച്ഛിദുരതരസാ യസ്യ ശക്ത്യാ പദാനി.ˮ
കല്ലോലാഭൈര്‍മ്മതിജലനിധേരുത്ഥിതൈസ്തര്‍ക്കജാലൈഃ
സ്പര്‍ദ്ധാബന്ധാദവഹിതധിയഃ സ്പഷ്ടമന്ത്രാര്‍ത്ഥരത്നം
ശ്രൌതേ ലീനം സദസി രഹസി ശ്രാവകാശ്‌ശ്രാവയേയുഃ.
ദത്തപ്രോമാ ശിഖിനി ദളയന്‍ ദാനവാന്‍ ബാണമുക്ത്യാ
സുബ്രഹ്മണ്യഃ പഥി സുമനസാം യൂഥനേതാ നിഷേവ്യഃ
അക്ഷോഭ്യത്വം ദധതി കൃതിനാമദ്ഭുതാര്‍ത്ഥാന്യമീഷാം
ഛിദ്രാസ്കന്ദിച്ഛിദുരതരസാ യസ്യ ശക്ത്യാ പദാനി.ˮ
ഈ സുബ്രഹ്മണ്യന്‍ പുലിയന്നൂര്‍ മനയ്ക്കലേ അങ്ഗമായിരുന്നു. മാടമ്പു മനയ്ക്കലേ അങ്ഗമെന്നു പറയുന്നതു ശരിയല്ലെന്നാണു തോന്നുന്നുതു്. പുലിയന്നൂര്‍ ഒരു താന്ത്രികകുടുംബമാണു്. പിന്നീട് തൃക്കാക്കരയപ്പനെത്തൊഴുതു പെരിയാര്‍ കടന്നു തിരുവഞ്ചിക്കുളത്തെത്തി ജയരാതേശ്വരമെന്നു പേരുള്ള അവിടത്തേ ക്ഷേത്രത്തിലെ ശിവനേയും അതിനപ്പുറം കൊടുങ്ങല്ലൂര്‍ ഭദ്രകാളിയേയും വന്ദിച്ചു തൃക്കാണമതിലകത്തു് എത്തണമെന്നു കവി കിളിയോടു് അഭ്യര്‍ത്ഥിക്കുന്നു. ചരിത്രസംബന്ധമായി പൂര്‍വ്വഭാഗത്തില്‍നിന്നു നമുക്കു ലഭിക്കുന്ന അറിവുകള്‍ അമൂല്യങ്ങളാണെന്നു് ഇത്രയും പ്രസ്താവിച്ചതില്‍നിന്നു വിശദമാകുന്നതാണല്ലോ.
ശുകസന്ദേശത്തിലേ സാഹിത്യം
മേഘസന്ദേശം കഴിഞ്ഞാല്‍ സന്ദേശകാവ്യസാമ്രാജ്യത്തില്‍ അടുത്തസ്ഥാനം ശുകസന്ദേശത്തിനാണെന്നുള്ളതിനാല്‍ പക്ഷാന്തരമില്ല. സ്വഭാവഗംഭീരമായ രചനാവൈഭവംകൊണ്ടും അനുവാചകന്മാര്‍ക്ക് അവരുടെ ബുദ്ധിശക്തിക്കനുഗുണമായി സമുല്ലസിക്കുന്ന അര്‍ത്ഥസൗന്ദര്യംകൊണ്ടും ഹൃദയങ്ഗമമായ ശബ്ദാര്‍ത്ഥാലങ്കാരപൌഷ്കല്യം കൊണ്ടും ശുകസന്ദേശം സര്‍വ്വതിശായിയായ രാമണീയകകാഷ്ഠയെ അധിഷ്ഠാനം ചെയ്യുന്നു എന്നു പി. എസ്സ്. അനന്തനാരായണശാസ്ത്രി പ്രസ്താവിച്ചിട്ടുള്ളതു പ്രത്യക്ഷരം പരമാര്‍ത്ഥമാകുന്നു.
ʻʻസൗജന്യാബ്ദേ! ഭവതു ഭവതേ സ്വാഗതം; വേഗതോ ഗാ–
മാഗാസ്സമ്പ്രത്യമരതരുണീനന്ദനാന്നന്ദനാണു
ഉത്സങ്ഗാദ്വാ കരപരിലസദ്വല്ലകീകോണവേല്ല–
ന്നീലക്ഷൗമാഞ്ചലപടലികാമുദ്രിതാദദ്രിജായാഃ?ˮ
മാഗാസ്സമ്പ്രത്യമരതരുണീനന്ദനാന്നന്ദനാണു
ഉത്സങ്ഗാദ്വാ കരപരിലസദ്വല്ലകീകോണവേല്ല–
ന്നീലക്ഷൗമാഞ്ചലപടലികാമുദ്രിതാദദ്രിജായാഃ?ˮ
എന്ന ശ്ലോകം ശബ്ദഭംഗിക്കും,
ʻʻചക്ഷുല്ലീലാം ചടുലശഫരൈരൂര്‍മ്മിഭിര്‍ഭ്രൂ വിലാസാന്‍
ഫേനൈര്‍ഹാസശ്രീയമപി മുഖേ വ്യഞ്ജയന്തീ സ്രവന്തീ
ആത്മാസങ്ഗഗേ ജനയതി രുചിം ഭര്‍ത്തുരന്യാസ്വദൃശ്യൈഃ
സ്വേദച്ഛേദൈരുദയിഭിരസൗ സ്വച്ഛമുക്താച്ഛലേന.ˮ
ഫേനൈര്‍ഹാസശ്രീയമപി മുഖേ വ്യഞ്ജയന്തീ സ്രവന്തീ
ആത്മാസങ്ഗഗേ ജനയതി രുചിം ഭര്‍ത്തുരന്യാസ്വദൃശ്യൈഃ
സ്വേദച്ഛേദൈരുദയിഭിരസൗ സ്വച്ഛമുക്താച്ഛലേന.ˮ
എന്ന ശ്ലോകം അര്‍ത്ഥചമല്‍ക്കാരത്തിനും ഉദാഹരണമായി അങ്ഗീകരിക്കാവുന്നതാണു്. ചില ശ്ലോകങ്ങള്‍ നാളികേരപാകത്തില്‍ വിരചിതങ്ങളാകയാല്‍ അല്പമേധസ്സുകള്‍ക്കു് അര്‍ത്ഥഗ്രഹണത്തിന്നു ക്ലേശമുണ്ടു്. എന്നാല്‍ വൈദൂഷ്യമുള്ളവര്‍ക്കു് അവയുടെ രസം അമൃതോപമവുമാണു്.
വ്യാഖ്യാനങ്ങള്‍
ശുകസന്ദേശത്തിന്റെ വ്യാഖ്യാനങ്ങളില്‍ പ്രഥമസ്ഥാനത്തെ അര്‍ഹിക്കുന്നതു കോഴിക്കോട്ടു പടിഞ്ഞാറേക്കോവിലകത്തു മാനവേദരാജാവിന്റെ വിലാസിനിയാകുന്നു. വിലാസിനീകാരന്‍ കൊല്ലം 940 മുതല്‍ 1015 വരെ ജീവിച്ചിരുന്നു. ഏറാള്‍പ്പാടായതിന്നു മേലാണു മരിച്ചതു്. വിലാസിനിയില്‍ താഴെ ഉദ്ധരിക്കുന്ന പ്രസ്താവന കാണുന്നു.
ʻʻശൃങ്ഗാരശര്‍ക്കരാക്ഷോദസങ്ഗാതിമധുരാകൃതി
ജയതി പ്രഥിതം കാവ്യം ശുകസന്ദേശസംജ്ഞിതം.
തസ്യാതിമോഹനഗഭീരതരാര്‍ത്ഥജാത–
സമ്പൂരിതോദരസമുദ്ഗസഹോദരേണ
ദ്വാരാപിധാനശകലോദ്ധരണപ്രവീണാം
ശ്രീമാനവേദനൃപതിര്‍വിവൃതിം കരോതി.
ലക്ഷ്മിദാസകവീശ്വരേണ ഭണിത–
സ്സന്ദേശകാവ്യാചലോ
ഗുഢാര്‍ത്ഥോഛ്റയദുര്‍ഗ്ഗമോദ്യധിഷണാ–
ശക്ത്യാ മയാരുഹ്യതേ
ശ്രാന്തശ്ചേല്‍ പതിതോന്തരാ ഗുരുകൃപാ–
യഷ്ടിം ഗരിഷ്ഠാം തദാ
വിഷുഭ്യാധികകൃഛ്റതഃ സ്ഥവരവദ്–
ഗന്താസ്മി ചാധിത്യകാം.
ലക്ഷ്മീദാസകവേരുദാരവചസ–
സ്സന്ദേശകാവ്യാങ്ഗജോ
ബഹ്വര്‍ത്ഥശ്രുതവൃത്തിമണ്ഡനഗുണ
ശ്രീമാനവേദാന്നൃപാല്‍
ജാതാമദ്യ വിലാസിനീം സഹൃദയാം
ഗൃഹ്ണന്‍ ബുധേഭ്യോധികം
ദത്വാര്‍ത്ഥാന്‍ ദൃഡരക്ഷിതാന്‍ ജദനയതാ–
ദാനന്ദമസ്യാ സദാ.ˮ
ജയതി പ്രഥിതം കാവ്യം ശുകസന്ദേശസംജ്ഞിതം.
തസ്യാതിമോഹനഗഭീരതരാര്‍ത്ഥജാത–
സമ്പൂരിതോദരസമുദ്ഗസഹോദരേണ
ദ്വാരാപിധാനശകലോദ്ധരണപ്രവീണാം
ശ്രീമാനവേദനൃപതിര്‍വിവൃതിം കരോതി.
ലക്ഷ്മിദാസകവീശ്വരേണ ഭണിത–
സ്സന്ദേശകാവ്യാചലോ
ഗുഢാര്‍ത്ഥോഛ്റയദുര്‍ഗ്ഗമോദ്യധിഷണാ–
ശക്ത്യാ മയാരുഹ്യതേ
ശ്രാന്തശ്ചേല്‍ പതിതോന്തരാ ഗുരുകൃപാ–
യഷ്ടിം ഗരിഷ്ഠാം തദാ
വിഷുഭ്യാധികകൃഛ്റതഃ സ്ഥവരവദ്–
ഗന്താസ്മി ചാധിത്യകാം.
ലക്ഷ്മീദാസകവേരുദാരവചസ–
സ്സന്ദേശകാവ്യാങ്ഗജോ
ബഹ്വര്‍ത്ഥശ്രുതവൃത്തിമണ്ഡനഗുണ
ശ്രീമാനവേദാന്നൃപാല്‍
ജാതാമദ്യ വിലാസിനീം സഹൃദയാം
ഗൃഹ്ണന്‍ ബുധേഭ്യോധികം
ദത്വാര്‍ത്ഥാന്‍ ദൃഡരക്ഷിതാന്‍ ജദനയതാ–
ദാനന്ദമസ്യാ സദാ.ˮ
വ്യാഖ്യാതാവു ശ്രീരങ്ഗനാഥനെന്ന ഗുരുവിനേയും ഉഴുത്തിരവാരിയര്‍, ശേഖരവാരിയര്‍ എന്നീ രണ്ടു സതീര്‍ത്ഥ്യന്മാരെയും സ്മരിക്കുന്നു. രങ്ഗനാഥന്‍ ഒരു ദ്രാവിഡബ്രാഹ്മണനാണു്. അദ്ദേഹം ന്യായത്തില്‍ ദിനകരിക്കു് ഒരു വ്യഖ്യാനം രചിച്ചിട്ടുള്ളതിനു പുറമേ ചോളദേശീയനായ അശ്വത്ഥനാരായണ ശാസ്ത്രികള്‍ നിബന്ധിച്ച വ്യൂല്‍പത്തിവാദടിപ്പണി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അശ്വത്ഥനാരായണശാസ്ത്രികളുടെ പൌത്രനായിരുന്നു മഹാമഹോപാധ്യായന്‍ രാമസുബ്ബാശാസ്ത്രികള്‍. രൂദ്രനും ശേഖരനും ദേശമംഗലത്തു വാരിയന്മാരാണു്. ʻതസ്യ പ്രേമപ്രസരസുരഭിസ്സുഭ്ര സന്ദേശവാണീʼ എന്ന ശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ മാനവേദന്‍ സിദ്ധാന്തകൌമുദി, തത്വബോധിനി മുതലായി താരതമ്യേന അര്‍വ്വാചീനങ്ങളായ ഗ്രന്ഥങ്ങളിലെ വിഷയങ്ങള്‍ എടുത്തുകാണിയ്ക്കുന്നതിനു പുറമേ കൊല്ലം പത്താംശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന വടക്കേടത്തു കൊച്ചുശങ്കരന്‍ മൂത്തതിനെ സ്മരിക്കുകയും ചെയ്യുന്നു. മൂത്തതു് ദേശമങ്ഗലത്തു ഉഴുത്തിരവാരിയരുടെ ശിഷ്യനും വലിയ വൈയാകരണനുമായിരുന്നു. ഏവഞ്ച വിലാസിനീകാരന്‍ 680–740 ഈ കൊല്ലങ്ങള്‍ക്കിടയ്ക്കാണു് ജീവിച്ചിരുന്നതെന്നും ആ വ്യാഖ്യാനത്തിനു് 736-ല്‍ എഴുതിയ ഒരു പകര്‍പ്പുണ്ടെന്നും ഉള്ള അഭ്യൂഹം പ്രമാദമാണെന്നു വന്നുകൂടുന്നു.
വരവര്‍ണ്ണിനി
മറ്റു വ്യാഖ്യാനങ്ങലള്‍ പ്രാചീനങ്ങളാണു്. അവയും കേരളീയകൃതികള്‍തന്നെ. അവയില്‍ വരവര്‍ണ്ണിനി ധര്‍മ്മഗുപ്തന്റേതാണെന്നു മുന്‍പു പറഞ്ഞുവല്ലോ.
ʻʻസ്വസ്രേ പൂര്‍വം മഹിതനൃപതേര്‍വ്വിക്രമാദിത്യനാമ്നേഃ
പോക്കാംചക്രേ തരണജലദം കാളിദാസഃ കവീന്ദ്രഃˮ
പോക്കാംചക്രേ തരണജലദം കാളിദാസഃ കവീന്ദ്രഃˮ
എന്നു നാം ലീലാതിലകത്തില്‍ കാണുന്ന ഒരു പദ്യത്തിന്റെ പൂര്‍വാര്‍ദ്ധം അദ്ദേഹം ഉദ്ധരിക്കുന്നതില്‍നിന്നു താന്‍ കേരളീയനാണെന്നു നമ്മെ ഉല്‍ബോധിപ്പിക്കുന്നു.
ʻʻലക്ഷ്മീദാസകവേഃ ക്വ ലജ്ജിതവിയദ്ഗങ്ഗാതരങ്ഗാഗിരഃ?
ക്ലിഷ്ടോന്മേഷതയാനുദീര്‍ണ്ണവിഷയാ ദൃഷ്ടിഃ ക്വ ചാസ്മാദൃശാം?
സാതാമേവ തഥാപി വീക്ഷ്യ വികടോല്ലാസപ്രസാദം ഗുണം
വ്യാഖ്യാനേ പ്രയതാമഹേ; സഹൃദയാസ്തത്ര പ്രസീദന്തു നഃ
ഭാങ്കാരമാത്രേ കതിചില്‍ പ്രവൃത്താഃ;
പര്യായദാനേപി പരേ കൃതാര്‍ത്ഥാഃ;
സംവാദവാചൈവ വീവൃണ്വതേ ന്യേ
വ്യാഖ്യാകൃതഃ, കിന്ന്വിയതാ ഫലം നഃ?
ലക്ഷ്മിദാസപദേന ലോകവിദിതഃ കാവ്യേഷു ലബ്ധശ്രമോ
ഭാരത്യാ സഹ വശ്യയാ പരിലസന്‍ യസ്യ പ്രബന്ധാ കവിഃ
ശൃങ്ഗാരസ്സ ച ഗോചരസ്സഹൃദയശ്ലാഘ്യോ രസഗ്രാമണീ–
സ്സര്‍വോത്തീര്‍ണ്ണതയേദമുല്ലസതി നസ്സന്ദേശകാവ്യാമൃതം.ˮ
ക്ലിഷ്ടോന്മേഷതയാനുദീര്‍ണ്ണവിഷയാ ദൃഷ്ടിഃ ക്വ ചാസ്മാദൃശാം?
സാതാമേവ തഥാപി വീക്ഷ്യ വികടോല്ലാസപ്രസാദം ഗുണം
വ്യാഖ്യാനേ പ്രയതാമഹേ; സഹൃദയാസ്തത്ര പ്രസീദന്തു നഃ
ഭാങ്കാരമാത്രേ കതിചില്‍ പ്രവൃത്താഃ;
പര്യായദാനേപി പരേ കൃതാര്‍ത്ഥാഃ;
സംവാദവാചൈവ വീവൃണ്വതേ ന്യേ
വ്യാഖ്യാകൃതഃ, കിന്ന്വിയതാ ഫലം നഃ?
ലക്ഷ്മിദാസപദേന ലോകവിദിതഃ കാവ്യേഷു ലബ്ധശ്രമോ
ഭാരത്യാ സഹ വശ്യയാ പരിലസന്‍ യസ്യ പ്രബന്ധാ കവിഃ
ശൃങ്ഗാരസ്സ ച ഗോചരസ്സഹൃദയശ്ലാഘ്യോ രസഗ്രാമണീ–
സ്സര്‍വോത്തീര്‍ണ്ണതയേദമുല്ലസതി നസ്സന്ദേശകാവ്യാമൃതം.ˮ
വരവര്‍ണ്ണിനി എന്ന പേര്‍ വ്യാഖ്യാനത്തിനു കൊടുത്തതു തന്നെ യുവതി സാധര്‍മ്മ്യം കൊണ്ടും വരവസ്തുവിന്റെ വര്‍ണ്ണനം കൊണ്ടുമാണെന്നു കൂടി അദ്ദേഹം പറവാന്‍ ഭാവമുണ്ടു്. അതിലൊന്നും അതിശയോക്തിസ്പര്‍ശമില്ല. ഒരു സന്ദേശത്തില്‍ അടങ്ങിയിരിക്കേണ്ട പന്ത്രണ്ടു പ്രകരണങ്ങളെക്കുറിച്ചു് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടല്ലോ. തന്റെ വ്യാഖ്യാനം പതിമ്മൂന്നു പരിച്ഛേദങ്ങളായി ആ പണ്ഡിതന്‍ വിഭജിക്കുന്നു. അതില്‍ ആദ്യത്തേതു് അവതരണികാരൂപത്തിലുള്ളതും ഒടുവിലത്തേതു പ്രമേയപരിനിഷ്ഠാപനവുമാണു്.
ചിന്താതിലകം
വാസുദേവശിഷ്യനായ ഗൌരീദാസന്റെ ചിന്താതിലകമാണു് മൂന്നാമത്തെ വ്യാഖ്യാനം. അതു് ഇങ്ങനെ ആരംഭിക്കുന്നു.
ʻʻസ്വപ്നാവസ്ഥസദൃശമഖിലം ബോധയന്‍ ദൃശ്യമാന-
സ്വപ്നോത്ഥൈകപ്രിയസഹചരീതീവ്രവിശ്ലേഷദുഃഖം
ചക്രേ ചക്രപ്രഹരണരതഃ കോപി ധാത്രീസുരേന്ദ്ര–
ശ്ചക്രദ്വന്ദ്വപ്രതിമതുലനാരൂലികാം മൂലികാം നഃˮ
സ്വപ്നോത്ഥൈകപ്രിയസഹചരീതീവ്രവിശ്ലേഷദുഃഖം
ചക്രേ ചക്രപ്രഹരണരതഃ കോപി ധാത്രീസുരേന്ദ്ര–
ശ്ചക്രദ്വന്ദ്വപ്രതിമതുലനാരൂലികാം മൂലികാം നഃˮ
വ്യാകൃതി
അജ്ഞാതനാമാവായ ഒര പണ്ഡിതന്റെ കൃതിയാണു് ശുകസന്ദേശവ്യാകൃതി സന്ദേശകാവ്യങ്ങളിലേ ദ്വാദശപ്രകരണങ്ങളെപ്പറ്റി അദ്ദേഹവും പ്രസ്താവിക്കുന്നു. വ്യാകൃതിയോ വരവര്‍ണ്ണിനിയോ അവയില്‍ പ്രാചീനതരമെന്നു നിര്‍ണ്ണയിക്കുവാന്‍ പ്രയാസമുണ്ടു്. എന്നാല്‍ വ്യാകൃതികാരനു കാവ്യത്തിലെ നായികയെപ്പറ്റി ചില പുതിയ വിവരങ്ങള്‍ നമ്മെ ധരിപ്പിക്കുവാനുണ്ടു്. രങ്ഗലക്ഷ്മി എന്നാണു നായികയുടെ പേരെന്നും കാവ്യത്തിലെ ʻʻസ്ഫുടമഭിദധദ്യദ്ഭൂതാങ്ഗീമഥാന്യേ സങ്ഗീതാര്‍ത്ഥപ്രണയനവിധഃ പ്രേക്ഷകാ രങ്ഗലക്ഷ്മീംˮ എന്ന ഭാഗം അതിനു ലക്ഷ്യമാണെന്നും, ആ സുന്ദരി ഒരു നര്‍ത്തകിയായിരുന്നു എന്നും ʻʻവാണീവീണാരവസഹചരീ വാണീനീനാം ശിഖാ യാˮ (II-31) എന്ന പദ്യാംശം അതിനു സാക്ഷ്യം വഹിക്കുന്നു എന്നുമാണു് അദ്ദേഹം പ്രസ്താവിക്കുന്നതു്. അതു് വിശ്വസനീയമായിരിക്കുന്നു. എന്നാല്‍ രങ്ഗലക്ഷ്മി എന്നതു ഒരു ബിരുദനാമമെന്നാണു് എന്റെ പക്ഷം. ഉത്തരസന്ദേശത്തില്‍ ʻവര്‍ണ്ണഃ സ്വര്‍ണ്ണാംബുജവിരജസാംʼ എന്നതിനും ʻഅന്തര്‍വ്രീളാംʼ എന്നതിനും ഇടയ്ക്കുള്ള ഒരു പ്രക്ഷിപ്തപദ്യമാണു്.
ʻʻവക്ത്രേ പദ്മം ദൃശി കവലയം കൈരവം മന്ദഹാസേ
ഹസ്തേ രക്തോല്‍പലമപി വപുഃ പ്രേക്ഷ്യ സങ്ഗൃഹ്യ സഖ്യഃ
അപ്ഫുല്ലേതി സ്ഫുടമഭിദധത്യദ്ഭൂതാംഗീമഥാന്യേ
സങ്ശീതാര്‍ത്ഥപ്രണയനവിദഃ പ്രേക്ഷകാ രങ്ഗലക്ഷ്മീം.ˮ
ഹസ്തേ രക്തോല്‍പലമപി വപുഃ പ്രേക്ഷ്യ സങ്ഗൃഹ്യ സഖ്യഃ
അപ്ഫുല്ലേതി സ്ഫുടമഭിദധത്യദ്ഭൂതാംഗീമഥാന്യേ
സങ്ശീതാര്‍ത്ഥപ്രണയനവിദഃ പ്രേക്ഷകാ രങ്ഗലക്ഷ്മീം.ˮ
എന്നു വ്യാകൃതികാരന്‍ നിര്‍ദ്ദേശിക്കുന്നു. അതു പ്രക്ഷിപ്തമെന്നു തീര്‍ച്ചപ്പെടുത്തേണ്ടതില്ല. അപ്ഫുല്ലാ എന്നാല്‍ ജലത്തില്‍ വികസിച്ചവളെന്നര്‍ത്ഥം. അതു് ഏതോ ഒരു ഭാഷാസംജ്ഞയുടെ സംസ്കൃതരൂപം പോലെ തോന്നുന്നു. അതായിരിക്കം നായികയുടെ യഥാര്‍ത്ഥനാമധേയം.
ഈ വ്യാഖ്യാതാക്കന്മാര്‍ക്കെല്ലാം ലക്ഷ്മീദാസനെപ്പറ്റി എത്രമാത്രം ബഹുമാനമുണ്ടായിരുന്നു എന്ന പറയേണ്ടതില്ലല്ലോ വിശാഖം തിരുനാള്‍ തിരുമനസ്സുകൊണ്ടു് ഈ സന്ദേശം സ്വന്തം ഇങ്ഗ്ലീഷ് ടിപ്പണിയോടും വലിയ കോയിത്തമ്പുരാന്റെ സംസ്കൃതടിപ്പണിയില്‍ ഏതാനും ഭാഗത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്നും ഇവിടെ വക്തവ്യമാണു്.
മുക്തങ്ങള്‍
ലക്ഷ്മീദാസന്റ രണ്ടു് ഒറ്റ ശ്ലോകങ്ങള്‍ നമുക്കു കിട്ടീട്ടുണ്ടു്. അവ താഴേക്കാണുന്നവയാണു്.
നിദ്ര:
ʻʻവിദ്യാഭിലാഷകുപിതാം നിജബാലസഖ്യാ
തന്ദ്യാ കഥഞ്ചിദനുനീയ സമീപനീതാം
ചേതോഹരാം പ്രണയിനീമഖിലേന്ദ്രിയേഷ്ടാം
നിദ്രാം പ്രസാദയിതുമേവ നമസ്കരോമി.ˮ
തന്ദ്യാ കഥഞ്ചിദനുനീയ സമീപനീതാം
ചേതോഹരാം പ്രണയിനീമഖിലേന്ദ്രിയേഷ്ടാം
നിദ്രാം പ്രസാദയിതുമേവ നമസ്കരോമി.ˮ
മലയവായു:
ʻʻഅമീ തടസമീപനിര്‍ഝരതരങ്ഗരിങ്ഖല്‍പയോ–
ജഡീകൃതപടീരഭൂരുഹകുടീരസഞ്ചാരിണഃ
മനോ വിധുരയന്തി മേ മലയമേഖലാമേദുരാ
ദുരാസദവനപ്രിയപ്രിയതമാരുതാ മാരുതാഃ.ˮ
ജഡീകൃതപടീരഭൂരുഹകുടീരസഞ്ചാരിണഃ
മനോ വിധുരയന്തി മേ മലയമേഖലാമേദുരാ
ദുരാസദവനപ്രിയപ്രിയതമാരുതാ മാരുതാഃ.ˮ
മൂഷികവംസശം
അതുലന്‍
പ്രാചീനകേരളത്തെ പരാമര്‍ശിക്കുന്നതും പണ്ടത്തേ കോലത്തുനാട്ടുരാജാക്കന്മാരുടെ വംശത്തേയും അപദാനങ്ങളേയും അനുകീര്‍ത്തനം ചെയ്യുന്നതുമായ ഒരു സംസ്കൃതമഹാകാവ്യമാകുന്നു മൂഷികവംശം. ഈ കാവ്യത്തിന്റെ പതിനഞ്ചു സര്‍ഗ്ഗങ്ങള്‍ കണ്ടുകിട്ടീട്ടുണ്ടു്. പതിനഞ്ചാമത്തെതാണു് ഒടുവിലത്തെ സര്‍ഗ്ഗമെന്നു് അനുമാനിക്കുന്നതിനു് ന്യായങ്ങളുമുണ്ടു്. ശ്രീകണ്ഠന്‍ എന്ന ഒരു കോലത്തിരിരാജാവിന്റെ രാജ്യഭാരവര്‍ണ്ണനമാണു് പതിനഞ്ചാം സര്‍ഗ്ഗത്തിലെ വിഷയം. ആ ശ്രീകണ്ഠന്‍ പ്രഥമാരജേന്ദ്രചോളന്‍ കേരളദിഗ്വിജയത്തില്‍ പരാജിതനാക്കിയ കന്ത(ണ്ഠ)ന്‍ കാരിവര്‍മ്മനാണെന്നു് ഊഹിക്കാം. രാജേന്ദ്രചോളന്റെ വാഴ്ചക്കാലം ക്രി.പി. 1012 മുതല്‍ 1043 വരെയായിരുന്നതിനാല്‍ ഏകദേശം അക്കാലത്താണു് ശ്രീകണ്ഠന്‍ ജീവിച്ചിരുന്നതെന്നുള്ളതിനു സംശയമില്ല. മൂഷികവംശത്തിന്റെ നിര്‍മ്മാതാവു് ʻഅതുലന്‍ʼ എന്നൊരു കവിയാണെന്നുള്ളതു ഗ്രന്ഥത്തില്‍ കാണുന്നു ʻʻഅതുലകൃതൌ മൂഷികവംശ ദ്വിതീയസര്‍ഗ്ഗഃˮ എന്ന കുറിപ്പില്‍നിന്നും വെളിപ്പെടുന്നു. അതുലനും ശ്രീകണ്ഠനും സമകാലീനന്മാരായിരുന്നു എന്നുള്ളതും നാം മൂഷികവംശത്തില്‍ നിന്നും ഗ്രഹിക്കുന്നു. ഇത്രയും പ്രസ്താവിച്ചതില്‍നിന്നു മൂഷികവംശത്തിന്റെ ആവിര്‍ഭാവം ക്രി.പി. പതിനൊന്നാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലാണെന്നും കാണാവുന്നതാണു്.
വിഷയം
അന്തര്‍വത്നിയായ ഒരു കേരളരാജ്ഞി ഏഴിമലയില്‍ കോലവംശത്തിന്റെ കൂടസ്ഥനായ രാമഘടനെ പ്രസവിക്കുന്നതാണു് കഥയുടെ ആരംഭം. രാമഘടന്‍, നന്ദനന്‍ മുതലായി പല കോലത്തിരിമാരുടേയും ചരിത്രം കവി വര്‍ണ്ണിക്കുന്നു. ആ കൂട്ടത്തില്‍ പെരിഞ്ചെല്ലൂര്‍ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാപകനായ ശതസോമന്‍, കേരളേശ്വരനായ ജയരാഗന്റെ പുത്രനും കോലാധിപനായ രണമാനിയുടെ മരുമകനുമായ ഗോദവര്‍മ്മാവു് ഇവരെപ്പറ്റിയും പ്രസ്താവിക്കുന്നുണ്ടു്. അച്ഛനും അമ്മാവനും തമ്മില്‍ ആരംഭിച്ച ഒരു യുദ്ധം ഗോദര്‍മ്മാവു പോര്‍ക്കളത്തിന്റെ മധ്യത്തില്‍ നിന്നുകൊണ്ടു സമാധാനത്തില്‍ കലാശിപ്പിച്ചു. ജയരാഗന്‍ ക്രി.പി. ഉദ്ദേശം 900 മുതല്‍ 912 വരെ കേരളം രക്ഷിച്ച വിജയരാഗദേവനാകുന്നു. പിന്നീടും പല രാജാക്കന്‍മാരുടെ വാഴ്ചയെപ്പറ്റി സൂചിപ്പിച്ചതിനുമേല്‍ ദ്വിതീയവളഭന്‍ എന്ന പ്രശസ്യനായ രാജാവിന്റെ ചരിത്രം വിവരിക്കുന്നു. അക്കാലത്തു ഭവനെന്നും നന്ദിയെന്നും പേരില്‍ രണ്ടു പണ്ഡിതമൂര്‍ദ്ധന്യന്മാരായ നമ്പൂരിമാര്‍ പെരിഞ്ചെല്ലൂരില്‍ ജിവിച്ചിരുന്നു.
ʻʻയത്ര ദ്വിജന്മതിലകൌ ഭവനന്ദിസംജ്ഞാ–
വക്ഷീയമാണഗുണരത്നചയാവഭൂതാം
മോഹോപനോദകരണാര്‍ത്ഥമഹ പ്രജാനാം
ശുക്രശ്ച ശക്രസചിവശ്ച ദിവോവതീര്‍ണ്ണൌˮ
വക്ഷീയമാണഗുണരത്നചയാവഭൂതാം
മോഹോപനോദകരണാര്‍ത്ഥമഹ പ്രജാനാം
ശുക്രശ്ച ശക്രസചിവശ്ച ദിവോവതീര്‍ണ്ണൌˮ
എന്നാണു് കവി അവരെപ്പറ്റി പറയുന്നതു്. വളഭന്‍ സ്മാര്‍ത്തമതാവലംബിയായിരുന്നു എങ്കിലും കോലത്തുനാട്ടിനും കൊടുങ്ങല്ലൂരിനും ഇടയ്ക്കു സമുദ്രതീരത്തില്‍ അക്കാലത്തു സ്ഥിതിചെയ്തിരുന്നതും പിന്നീട് കടലെടുത്തുപോയതുമായി ശ്രീമൂലവാസത്തിലേക്കു പോയി അവിടത്തെ ʻഅതികാരുണീകനായ സുഗതനെʼ (ബുദ്ധഭഗവാനെ) അഭിവന്ദിക്കുകുയും ശ്രേഷ്ഠന്മാരായ ʻജൈനʼ (ബൌദ്ധ) ജനങ്ങളുടെ ആശിസ്സു സ്വീകരിക്കുകയും ചെയ്തു. ഈ വളഭന്റെ അനുജനാണു് കവിയുടെ പുരസ്കര്‍ത്താവായ ശ്രീകണ്ഠന്‍. അദ്ദേഹത്തെ അതുലന്‍
ʻʻപീനോന്നതസ്ഥിരതരാംസതടം പ്രലംബ–
ജ്യാഘാതലാഞ്ഛിതകഠോതരപ്രകോഷ്ഠം
കൌക്ഷേയകത്സരുകിണാങ്കതലാങ്ഗുലീകം
യദ്ബാഹുദണ്ഡമജിതം ഭജതേ ജയശ്രീഃˮ
ʻʻകല്പദ്രുമഃ പ്രണയിനാം, സുഹൃദാം ശശാങ്കോ,
ബന്ധുസ്സതാം, സദനമംബുജദേവതായാഃ
വര്‍ഗ്ഗസ്യ യസ്സമിതി വിദ്വിഷതാം കൃതാന്തഃ,
കാന്തജനസ്യ ഭഗവാനപി പുഷ്പകേതുഃˮ
ജ്യാഘാതലാഞ്ഛിതകഠോതരപ്രകോഷ്ഠം
കൌക്ഷേയകത്സരുകിണാങ്കതലാങ്ഗുലീകം
യദ്ബാഹുദണ്ഡമജിതം ഭജതേ ജയശ്രീഃˮ
ʻʻകല്പദ്രുമഃ പ്രണയിനാം, സുഹൃദാം ശശാങ്കോ,
ബന്ധുസ്സതാം, സദനമംബുജദേവതായാഃ
വര്‍ഗ്ഗസ്യ യസ്സമിതി വിദ്വിഷതാം കൃതാന്തഃ,
കാന്തജനസ്യ ഭഗവാനപി പുഷ്പകേതുഃˮ
എന്നും മറ്റും പല പ്രകാരത്തില്‍ വര്‍ണ്ണിക്കുന്നുണ്ടു്. ആകെക്കൂടി നോക്കുമ്പോള്‍ മൂഷികവംശത്തിനു കാവ്യമെന്നും ദേശചരിത്രമെന്നും രണ്ടു നിലകളില്‍ അഭിനയന്ദനീയമായ സ്ഥാനമാണുള്ളതു്.
No comments:
Post a Comment