നാരായണന്‍നമ്പൂരി—സീതാഹരണം
ʻസീതാഹരണംʼ എന്നൊരു യമകകാവ്യം നാരായണന് എന്നൊരു കേരളീയന്റെ കൃതിയായി കാണുന്നുണ്ടു്. ആ കാവ്യത്തില്‍ സപ്തമാശ്വാസത്തിന്റെ ഏതാനും ഭാഗത്തോളം മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. കവിയുടെ ദേശമേതെന്നു് അറിയുന്നില്ല. എന്നാല്‍ അദ്ദേഹം രവി എന്നുകൂടി പേരുള്ള മനുകുലാദിത്യന്‍ എന്ന കേരളരാജാവിന്റെ കാലത്താണു് ജീവിച്ചിരുന്നതെന്നു പ്രസ്താവിക്കുന്നു. അദ്ദേഹം തിരുമൂഴിക്കുളം ക്ഷേത്രത്തിനു ചില വസ്തുക്കള്‍ ദാനം ചെയ്തിട്ടുണ്ടു്. തിരുനെല്‍വേലി ജില്ലയില്‍ ബ്രഹ്മദേശം എന്ന സ്ഥലത്തു ജനിച്ച സര്‍വജ്ഞാത്മമുനി അദ്ദേഹത്തിന്റെ കാലത്താണു് ʻസംക്ഷേപശീരീരകംʼ എന്ന വേദാന്തഗ്രന്ഥം രചിച്ചതെന്നു്
ശ്രീദേവേശ്വരപാദപങ്കജരജസ്സമ്പര്ക്കപൂതാശയഃ
സര്വജ്ഞാത്മഗിരാങ്കിതോ മുനിവരസ്സംക്ഷേപശാരീരകം
ചക്രേ സജ്ജനബൂദ്ധിവര്ദ്ധനമിദം രാജന്യവംശേ നൃപേ
ശ്രീമത്യക്ഷയശാനേന മനുകുലാദിത്യേ ഭുവം ശാസതി
സര്വജ്ഞാത്മഗിരാങ്കിതോ മുനിവരസ്സംക്ഷേപശാരീരകം
ചക്രേ സജ്ജനബൂദ്ധിവര്ദ്ധനമിദം രാജന്യവംശേ നൃപേ
ശ്രീമത്യക്ഷയശാനേന മനുകുലാദിത്യേ ഭുവം ശാസതി
എന്ന് അതില്‍തന്നെയുള്ള പദ്യത്തില്‍നിന്നു സ്പഷ്ടമാകുന്നു. മറ്റൊരു മനുകലാദിത്യനേയും പറ്റി നാം അറിയുന്നില്ല. ചേരചക്രവര്‍ത്തിയായ ഭാസ്കരരവിവര്‍മ്മന്റെ സമകാലികനായ മനുകുലാദിത്യന്‍ ജീവിച്ചിരുന്നതും ക്രി.പി. പത്താം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു. അതിനാല്‍ സീതാഹരണകാരന്റെ കാലവും അതുതന്നെയായി വരാവുന്നതാണു്.
അങ്ങനെയാണെങ്കില്‍ യുധിഷ്ഠിരവിജയത്തിന്റെ അനുകൃതിയായി പ്രസ്തുത കാവ്യം നാരായണന് രചിച്ചു എന്നു സങ്കല്പിക്കാം. ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു.
പ്രണമത വരദമനന്തം ദേവം നരകാദിദൈത്യവരദമനം തം
ശുദ്ധിരതാനി ജഗത്യാ വൃഷ്ണീന്യേനാനുഗൃഹ്ണാതാ നിജഗത്യാ.
കൃഷ്ടഃ കംസമഹാരിസ്സ്വര്ഗ്ഗസദോജഃ സകല്പകം സമഹാരി;
ജനതാ യേനാഗോപി ധ്വസ്തോ യമുനാപയശ്ച യേനാഗോപി.
ശുദ്ധിരതാനി ജഗത്യാ വൃഷ്ണീന്യേനാനുഗൃഹ്ണാതാ നിജഗത്യാ.
കൃഷ്ടഃ കംസമഹാരിസ്സ്വര്ഗ്ഗസദോജഃ സകല്പകം സമഹാരി;
ജനതാ യേനാഗോപി ധ്വസ്തോ യമുനാപയശ്ച യേനാഗോപി.
* * * *
അസ്ത്യവതാരവിരമദസ്തഥാപി ഭൂമേരധീശിതാ രവിരമദഃ
സദ്വിധിനാ മായാദ്യഃ സമനുകുലാദിത്യ ഇതി ച നാമായാദ്യഃ
ഹരിമിവ സമരാജേയം പ്രീത്യാ മുക്താമരേന്ദ്രസമരാജേയം
ചിരതരമേവ രമേതേ ലബ്ധ്വാ രാജ്ഞാം ക്ഷമാരമേ വരമേതേ.
പൂരിതസൂര്യാശരണാന്നൃപസാധ്വേനോരിതിമിരസൂര്യാശരണാല്
ഇതി രിപുനരപായസ്യ പ്രണതാസ്മരണാദമീപുനരപായസ്യ
തത്ര വരാജനി തരസാ രാമകഥേര്ത്ഥം പ്രഭാതി രാജനി തരസാ
മതിമപിസന്നാമവതാ യമിതാ നാരായണേന സന്നാമവതാ.
ദണ്ഡകാരണ്യത്തില്‍ മാരീചന്റെ ആഗമനം മുതല്ക്കുള്ള കഥ കവി വിവരിക്കുന്നു. യുധിഷ്ഠിരവിജയത്തോളം വിശിഷ്ടമല്ലെങ്കിലും ഈ യമകകാവ്യം സാമാന്യം നന്നായിട്ടുണ്ടു്.
നീലകണ്ഠന് — കല്യാണസൌഗന്ധികം വ്യായോഗം
ക്രി.പി. ഒമ്പതാം ശതകത്തിലോ പത്താം ശതകത്തിലോ വിരചിതമായ ഒരു കൃതിയാണു് കല്യാണസൌഗന്ധികവ്യായോഗം. ആ ഗ്രന്ഥത്തില്‍ കവി തന്നെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു:
ʻʻആജ്ഞാഗുണേന ഗുണവിദ്ഭിരഭിഷ്ടുതാനാം
കാത്യായനീചരണപങ്കജഭക്തിഭാജാം
ഷ്ടകര്മ്മിണാം നിവസതൌ പരമാഗ്രഹാരേ
പ്രാപ്തപ്രസൂതിരുപസേവിതവാന് ഗുരുര്‍ന്നഃ.ˮ
കാത്യായനീചരണപങ്കജഭക്തിഭാജാം
ഷ്ടകര്മ്മിണാം നിവസതൌ പരമാഗ്രഹാരേ
പ്രാപ്തപ്രസൂതിരുപസേവിതവാന് ഗുരുര്‍ന്നഃ.ˮ
തദസ്യ നീലകണ്ഠനാമ്നഃ കല്യാണസൌകന്ധികം നാമ നിബന്ധനശരീരമിദമഭിനയാലങ്കാരാലങ്കൃതമനുസന്ദര്ശയ.ˮ ഇതില്‍ നിന്നു പാര്‍വതീദേവി കുലദേവതയായുള്ള ഏതോ ഒരു വിശിഷ്ടമായ അഗ്രഹാരത്തില്‍ ജനിച്ച പണ്ഡിതനാണു് നീലകണ്ഠകവിയുടെ ഗുരുവെന്നും ആ കവിയാണു് കല്യാണസൌഗന്ധികവ്യായോഗം രചിച്ചതെന്നും മനസ്സിലാകുന്നു. ഈ അഗ്രഹാരമേതെന്നു വിശദമാകുന്നില്ല. ʻപരമാഗ്രഹാരേʼ എന്ന പദത്തിനു തിരുനെല്‍വേലി ജില്ലയിലെ പരമാകുടി എന്ന ഗ്രാമമെന്നു ചില വിദേശീയര്‍ അര്‍ത്ഥകല്പനം ചെയ്യുന്നതു് അസംബന്ധമാകുന്നു. അദ്ദേഹം ഒരു നമ്പൂരി തന്നെയാണെന്നുള്ളതിനു സംശയമില്ല. നീലകണ്ഠന് മത്തവിലാസപ്രഹസനം വായിച്ചിരുന്നു എന്നും ആ പ്രഹസനം കൂടിയാട്ടത്തിനു് ഉപയോഗിച്ചിരുന്നു എന്നും ʻʻനൃത്യന്മത്തവിലാസജാം ധനപതേഃ പ്രീതിം കരിഷ്യാമ്യഹംˮ എന്ന ശ്ലോകപാദത്തില്നിന്നു് അനുമാനിക്കാവുന്നതാണു്. ഹനുമാനും ഭീമസേനനുമായുള്ള ശണ്ഠ കല്യാണകന്‍ എന്ന ഒരു വിദ്യാധരന് അവരുടെ ജ്യേഷ്ഠാനുജബന്ധം പറഞ്ഞു മനസ്സിലാക്കി അവസാനിപ്പിക്കുന്നതു് അതിന്റെ മര്മ്മമാകയാല് ആ രൂപകത്തിനു കല്യാണസൌഗന്ധികം എന്നു പേര് വന്നു; പിന്നീടു് ആ പേര്തന്നെ കേരളസാഹിത്യത്തില്‍ സൌഗന്ധികാഹരണവിഷയങ്ങളായ കൃതികള്‍ക്കു സ്ഥിരപ്പെടുകയും ചെയ്തു. വ്യായോഗത്തിനു സാഹിത്യാചാര്യന്മാര് നിര്‍ദ്ദേശിച്ചിട്ടുള്ള സകല ലക്ഷണങ്ങളും കല്യാണസൌഗന്ധികത്തില് കളിയാടുന്നു. നടാങ്കുശത്തില് ഈ വ്യായോഗത്തെ ʻʻഅപ്യേവം കല്യാണസൌഗന്ധികാദിഘടിതഭീമാദിവര്ണ്ണികാപരിസ്ഥിതൌ സ്തോകാപ്രവേശോ ദൃശ്യതേˮ എന്ന പംക്തിയില്‍ സ്മരിക്കുന്നുണ്ടു്.
ʻപരമാഗ്രഹാരംʼ എന്നതു തളിപ്പറമ്പാണെന്നും അവിടെ ഒരു കാലത്തു താമസിച്ചു പിന്നീടു് കറുമ്പ്രനാട്ടു താലൂക്കിലേയ്ക്കു നീങ്ങിയ ʻമാണിʼ എന്ന മഠത്തിലെ ചാക്യാന്മാരില്‍ ഒരാളാണു് പ്രസ്തുത വ്യയോഗം നിര്‍മ്മിച്ചതെന്നും അതു കൊല്ലം 600–700 ഈ വര്ഷങ്ങള്ക്കിടയ്ക്കാണെന്നും ചിലര്‍ പറയുന്നതില്‍ ഉപപത്തി കാണുന്നില്ല.കുലശേഖരവര്‍മ്മാവു് കൂടിയാട്ടത്തിനു് അങ്ഗീകരിച്ച രൂപകങ്ങളുടെ കൂട്ടത്തില്‍ കല്യാണസൌഗന്ധികവും ഉള്‍പ്പെടുന്നു എന്നുള്ളതിനു ലക്ഷ്യങ്ങളുണ്ടു്.
ത്രൈവിക്രമം
ത്രൈവിക്രമം എന്നൊരു രൂപകത്തെപ്പറ്റിയും ഇവിടെ നിരൂപണം ചെയ്യേണ്ടിയിരിക്കുന്നു. ഇതു് അത്യന്തം ഹ്രസ്വമായ ഒരു രൂപകമാണു്. ആകെ പത്തു ശ്ലോകങ്ങളും ഏതാനും വാക്യങ്ങളുമേ ഉള്ളു. ʻʻനാന്ദ്യന്തേ തതഃ പ്രവിശതി സൂത്രധാരസ്സഹ പ്രിയയാˮ എന്ന സൂചനയോടുകൂടി ഗ്രന്ഥം ആരംഭിക്കുന്നു. സൂത്രധാരനും നടിയും മാത്രമാണു് പാത്രങ്ങള്‍. സൂത്രധാരന്‍, ʻʻആര്യേ തൃതീയേ ഖലു ചിത്രപടേ
ദൈത്യേന്ദ്രമൌലിമണിഘൃഷ്ടികിണീകൃതസ്യ
പാദസ്യ യസ്യ ഗഗനോദ്ഗമഗര്വിതസ്യ
ത്രൈവിക്രമം ത്രിഭുവനാതതമത്ഭൂതം യദ്–
ഭക്തൈര്വിഭക്തമഖിലം വടുവാമനസ്യˮ
പാദസ്യ യസ്യ ഗഗനോദ്ഗമഗര്വിതസ്യ
ത്രൈവിക്രമം ത്രിഭുവനാതതമത്ഭൂതം യദ്–
ഭക്തൈര്വിഭക്തമഖിലം വടുവാമനസ്യˮ
എന്നുള്ള പീഠികയോടുകൂടി വാമനാവതാരം കഥ നടിയെ പറഞ്ഞുകേള്‍പ്പിക്കുന്നു. നാന്ദിയോ ഭരതവാക്യമോ ഇല്ല. എന്നാല്‍ ഭരതവാക്യത്തിനുപകരം
ʻʻആര്യേ! ബാഢം ഹരിപദകഥാ സേയമന്തഃപ്രയാതാ
ഭക്തിര്ഭൂയാത്തവ ച മമ ച ശ്രീധരസ്യാങ്ഘ്രിപദ്മേ
നശ്യത്വേവം ദുരിതമസകൃല് പശ്യതാം നൃത്യതാം നഃ
സ്വസ്ഥോ രാജാപ്യവതു വസുധാം; സ്വസ്തി ഗോബ്രാഹ്മണേഭ്യഃˮ
ഭക്തിര്ഭൂയാത്തവ ച മമ ച ശ്രീധരസ്യാങ്ഘ്രിപദ്മേ
നശ്യത്വേവം ദുരിതമസകൃല് പശ്യതാം നൃത്യതാം നഃ
സ്വസ്ഥോ രാജാപ്യവതു വസുധാം; സ്വസ്തി ഗോബ്രാഹ്മണേഭ്യഃˮ
എന്നെരു ശ്ലോകം കാണുന്നുണ്ടു്. അതു കേട്ടു നടി ʻʻരമണീയാഖലു കഥാ; അന്യാം ചിത്രബദ്ധാം വര്ണ്ണയത്വാര്യഃˮ എന്നു ഭര്‍ത്താവിനോടു് അഭ്യര്‍ത്ഥിക്കുകയും അതോടുകൂടി രൂപകം പരിസമാപ്തിയെ പ്രാപിക്കുകയും ചെയ്യുന്നു. ʻസ്വസ്തിഗോബ്രാഹ്മണേഭ്യഃʼ എന്നതു കലിവാക്യമാണെങ്കില് ക്രി.പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിലാണു് പ്രസ്തുതകൃതിയുടെ രചന എന്നു വന്നുകൂടുന്നു. അതു ശരിയാണെങ്കിലും അല്ലെങ്കിലും ʻനാരായണായ ഹരയേ മുരശാസനായʼ എന്നൊരു ശ്ലോകം അതില്‍ ഭോജചമ്പുവിലെ ʻനാരായണായ നളിനായ തലോചനായʼ എന്ന ശ്ലോകത്തിന്റെ രീതിയില്‍ കാണുന്നതു കൊണ്ടു ക്രി.പി. പതിനൊന്നാം ശതകത്തിനു മേലാണു് അതിന്റെ നിര്‍മ്മിതി എന്നു സങ്കല്പിക്കാം. ക്ഷേത്രങ്ങളിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടു ചാക്കിയാന്മാര്‍ അഭിനയത്തിനു ചില ചെറിയ രൂപകങ്ങള്‍ നിര്‍മ്മിച്ചിരുന്നു എന്നും ത്രൈവിക്രമകാരന് തന്നെ വേറെ രണ്ടു രൂപകങ്ങളെങ്കിലും അത്തരത്തില്‍ നിബന്ധിച്ചിരുന്നു എന്നും തെളിയുന്നുണ്ട്. അവയേതെന്നോ ഗ്രന്ഥകര്‍ത്താവു് ആരെന്നോ അറിവാന്‍ തരമില്ല.
No comments:
Post a Comment