Wednesday, May 23, 2018

എപ്പോഴാണ് ഈ ശ്രുതി വിപ്രതിപന്നത്വം ഉണ്ടാവുന്നത്? പൂര്‍വ്വജനീനമായി കൊണ്ടു വന്ന വാസനകളില്‍ തലകറങ്ങി നിന്നു കര്‍മ്മം ചെയ്യുമ്പോള്‍ ശ്രുതിയും സ്മൃതിയും ഒന്നുമില്ല. കാരണം കര്‍മ്മകലാപങ്ങളില്‍ കിടക്കുകയാണ്. കര്‍മ്മം കാമ്യമാണാദ്യം. ഏതു വ്യക്തിയിലും കര്‍മ്മം ആവിര്‍ഭവിക്കുന്നത് സംഗവും കാമവും കൊണ്ടാണ്. ഏതെങ്കിലും ഇന്ദ്രിയം ഏതെങ്കിലും വിഷയവുമായി കണ്ടാല്‍, ഇന്ദ്രിയരാഗം ഗുണങ്ങളുടെ ചേര്‍ച്ചയില്‍ കിടക്കുന്നത് ഒരു പ്രയത്‌നവുമില്ലാതെ ചേരും. അതിനാരും പ്രയത്‌നിക്കണ്ട. ചേരാതിരിക്കാനേ പ്രയത്‌നിക്കേണ്ടു.ചേരാതിരിക്കാന്‍ ഒന്നു പ്രയത്‌നിച്ച് നോക്കൂ….സ്വാഭാവികപ്രിയം വന്നൊരു വസ്തു നോക്കുന്നില്ലാ എന്നൊന്ന് വിചാരിച്ചു നോക്കു. ട്രയിനിലോ ബസ്സിലോ മറ്റോ സഞ്ചരിക്കുമ്പോള്‍ പ്രിയമുളള ഒരു വസ്തു കണ്ടിടത്തു നിന്ന് കണ്ണൊന്ന് പിന്‍വലിച്ചു നോക്കിയേ അപ്പോഴറിയാം ആപ്തകാമനാണോന്ന്. പിന്‍വലിയില്ല. ദൃഷ്ടി പിന്‍വലിയില്ല. മറ്റൊരാള്‍ താന്‍ നോക്കുന്നത് നോക്കുന്നുണ്ടെന്ന് കണ്ടാല്‍ പിന്നത്തെ നോട്ടം ഒളിഞ്ഞുനോട്ടമായി മാറും. കാരണം ഇയാള്‍ അങ്ങോട്ടു നോക്കിയിരിക്കുന്നു. ഭാര്യ കണ്ടോ എന്നൊരു സംശയം. ഭാര്യക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവളുടെ മുഖഭാവത്തില്‍ നിന്ന് മനസ്സിലായി. ‘വയസ്സു കാലത്ത് കിളവന്റെ ഒരു പൂതി. ഞാന്‍ കണ്ടില്ലന്നാ ഇയാളു വിചാരിക്കുന്നത്. വീട്ടിലോട്ടു ചെല്ലട്ടെ ഞാന്‍ കൈകാര്യം ചെയ്യുന്നുണ്ട്.’എന്ന് ഇവള് വിചാരിക്കുമ്പോഴെക്ക് ഇയാളു പതുക്കെ അവിടുന്ന് കണ്ണുയര്‍ത്തി പിന്‍തിരിഞ്ഞ് വാ പോകാം എന്നു പറഞ്ഞ് അപ്പുറത്തോടെ കറങ്ങി വന്ന് വേറൊരു ആങ്കിളില്‍ ഇടക്കു നോക്കുകയും, ഇവള്‍ക്ക് കണാന്‍കഴിയാത്തൊരാങ്കിളില്‍ ഇവളെ നിറുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒളിഞ്ഞ് നോക്കുകയാണ്.
അപ്പോള്‍ എങ്ങനെയാണ് ഇന്ദ്രിയങ്ങള്‍ വിഷയങ്ങളില്‍ നിന്ന് പിന്‍തിരിയുന്നത്. എല്ലാ കാര്യങ്ങളിലും ആഹാരത്തില്‍, നീഹാരത്തില്‍ എല്ലാം. എങ്ങനെയാണ് ഇത് സംഭവിക്കുന്നതെന്ന് കൃത്യമായറിയണം. ഇത് നിത്യവും നിരന്തരവും സംഭവിച്ചു കൊണ്ടിരിക്കുന്നതാണ്. അപ്പോള്‍ അവിടെ സങ്കല്പം, കാമം അല്പം കഴിയുമ്പോഴേക്ക് കര്‍മ്മം. ജ്ഞാനേന്ദ്രിയങ്ങളില്‍ നിന്ന് വേഗങ്ങളേറ്റു വാങ്ങിയ കര്‍മ്മേന്ദ്രിയങ്ങള്‍ പ്രവര്‍ത്തനസജ്ജമാകുകയും, ബുദ്ധി അതിനനുഗുണങ്ങളായ സാഹചര്യങ്ങളെ ഇണക്കുകയും ചെയ്തു നിങ്ങളെ വിഷയലോലുപത്വത്തിലേക്ക്, വിഷയലോകങ്ങളിലേക്ക് കൊണ്ടു പോകുവാന്‍  സദാ സര്‍വ്വദാ സന്നദ്ധമാണ്. കാരണം ഇന്ദ്രിയത്തിന്റെ ശീലം വിഷയങ്ങളില്‍ ചേര്‍ന്നാണ്. ആത്മാവില്‍ ചേര്‍ന്നല്ല. ആത്മാവിനെ കുറിച്ചുളള പഠനങ്ങളും പരിപാടികളും നടക്കുന്നിടത്തു പോലുമിരിക്കുമ്പോള്‍, ആവശ്യത്തിന് വിഷയലോലുപത്വത്തിനുളളത് കണ്ടെത്തുവാന്‍ മനസ്സും ഇന്ദ്രിയവും വളരെ അനായാസം സാധിച്ചെടുക്കും. അതുകൊണ്ടാണ് നമ്മുടെ ആദ്ധ്യാത്മിക പഠനരംഗങ്ങള്‍ അക്കാദമികമായി വികസിക്കുമ്പോള്‍ വിഷയബാഹുല്യം ഉണ്ടാവുന്നത്. വനത്തിലേക്ക് ആവശ്യമുളളവന്‍ ചെന്ന് മുനിയുടെ പാദാന്തികത്തില്‍ ഇരുന്ന് കാണാന്‍ കാഴച്ഛകളും കെട്ടു കാഴ്ചകളും ഇല്ലാത്ത ഒരു സ്ഥലത്തിരുന്ന പഠിക്കാന്‍ മാത്രം വന്നവന്‍ പഠിക്കുന്നതുപോലെയല്ല .ഉണ്ണാന്‍ വന്നവന്‍, ഉറങ്ങാന്‍ വന്നവന്‍,കൂട്ടു കൂടാന്‍ വന്നവന്‍, വിവാഹം കഴിക്കാന്‍ വന്നവന്‍, പ്രേമിക്കാന്‍ വന്നവന്‍ എല്ലാമടങ്ങുന്ന ഒരു പ്രപഞ്ചം തന്നെയാണ് ഇന്ന് ആദ്ധ്യാത്മികത വിതരണം ചെയ്യുന്ന രംഗങ്ങളത്രയും. അവശ്യക്കാരന്‍ മാത്രമേ അതു പഠിക്കുകയുളളു അന്നേരവും.
ആപ്തകാമനായ ഒരുവനില്‍ നിന്ന് പഠിക്കുമ്പോഴും കാര്യമായി ഒന്നും കൊടുക്കേണ്ട. പഠിക്കാന്‍ വന്നവനില്‍ നിന്ന് ഒന്നും ഉണ്ടാവില്ല. അപ്പോള്‍ ഈ ഉണ്ടാക്കിയ പ്രപഞ്ചം ആര്‍ക്കുവേണ്ടിയാണ്. പഠിക്കാതിരിക്കാന്‍ വന്നവന് വേണ്ടിയാണ്. അതു കൊണ്ടവന്‍ വാരിക്കോരി ചിലവാക്കും.’എത്രയാ സ്വാമിക്ക് വേണ്ടത്. എത്രയാ ചിലവാക്കേണ്ടത.് ഒന്നു പറഞ്ഞാല്‍ പോരെ. ഞാനല്ലെയുളളതിവിടെ. പഠിക്കാന്‍ അതു മാത്രം പറയേണ്ട. ‘ഇതാണ് വിഷയങ്ങളുടെ ലോകം. ഈ വിഷയപ്രപഞ്ചത്തില്‍ ഓരോ വിഷയങ്ങള്‍ക്കാണ് നമ്മള്‍ ചാടുന്നത്. തിരിച്ചു വരുമ്പോള്‍ ഏതൊക്കെ വിഷയങ്ങളാണ് നമ്മുടെ മനസ്സില്‍ പതിയുന്നത്.’ഹൊ! അവിടെ വെച്ചിരുന്ന കൃഷ്ണവിഗ്രഹത്തിന്റെ പെയിന്റ് ശ്രദ്ധിച്ചോ, കൃഷ്ണനല്ല: കൃഷ്ണവിഗ്രഹത്തിന്റെ പെയിന്റ്.ആ തൂക്കിയിരുന്ന മാലകള്‍ എത്ര ലക്ഷം രൂപ വരും. സ്വാമി നടന്നു വരുമ്പോള്‍  ഉടുത്തിരുന്ന ആ കാവി ഹൊ! ക്ലാസ്സല്ല നിങ്ങളുടെ ചര്‍ച്ച. നീ കണ്ടില്ലേടി ആ താലവുമായി നിന്ന പെണ്ണുങ്ങള്‍ എന്തൊരു സാരിയായിരുന്നു ഉടുത്തിരുന്നത്. ‘ഇങ്ങനെ വിഷയങ്ങള്‍ക്ക് ഇഷ്ടം പോലെ സാധ്യത ഈ ലോകത്ത് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ പറഞ്ഞാലും പറഞ്ഞാലും തീരാത്തതുണ്ട്. അതുകൊണ്ടാണ് 1 മുതല്‍ 47 ശ്ലോകങ്ങള്‍ അടങ്ങുന്ന ഒന്നാം അദ്ധ്യായത്തില്‍ ഉപോദ്ഘാതത്തില്‍ ഇത്രയും പറഞ്ഞത്. വിഷയങ്ങളെ വര്‍ണ്ണിച്ച് സമയം കളയണ്ട.
ശങ്കരാചാര്യര്‍ ഉപോദ്ഘാതത്തില്‍ പതിനൊന്നാം ശ്ലോകം മുതലേ തൊട്ടളളു. അതിന്റെ കാരണവും ഇതാണ്. വിഷയവും അതിനോടുളള ചേര്‍ച്ചയും അതില്‍ നിന്നുണ്ടാവുന്ന സങ്കല്പവും കാമവും കര്‍മ്മവും ആരെയും പഠിപ്പിക്കേണ്ട കാര്യമില്ല. ഒറ്റയടിക്കു മനസ്സിലാവുന്ന കാര്യമാണ്. കര്‍മ്മം കാമ്യമായി മാത്രമാണ് ഉദയം ചെയ്യുന്നത്. കാമ്യകര്‍മ്മങ്ങളിലൂടെ സഞ്ചരിക്കുന്ന മനുഷ്യന്‍ അതിരതിരുകള്‍ ഇല്ലാതെ കാമ്യത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഇടക്ക് അതിന്റെ ഫലത്തില് ശ്രദ്ധ വന്നു പോകും. പലപ്പോഴും നിരന്തരമായ കര്‍മ്മത്തില്‍ ഫലം ചിന്തിക്കാന്‍ ഇടയുണ്ടാവില്ല. ഫലത്തെ അറിയാന്‍ ഇടയുണ്ടാവില്ല.എന്താണ് കര്‍മ്മഫലം എന്ന് നോക്കാന്‍ പോലും ഇടയുണ്ടാവില്ല. എന്നാല്‍ കര്‍മ്മം നിരന്തരമായി ചെയ്തു കൂട്ടുമ്പോള്‍,സേച്ഛയുടെ ലോകങ്ങളില്‍ ചെയ്തു കൂട്ടുന്ന കര്‍മ്മ കലാപങ്ങള്‍ നിരന്തരമായി ചെയ്യുമ്പോള്‍, കര്‍മ്മം ചെയ്യാന്‍ ഇറങ്ങുന്നവന്‍ പ്രതീക്ഷിക്കുന്ന ഫലവും,പ്രതീക്ഷിക്കാത്ത ഫലവും ഒന്നിലധികം തവണ തന്റെ പ്രതീക്ഷക്കു വിപരീതമായ ഫലം കൈവരുമ്പോള്‍ ആദ്യത്തെ പ്രാവശ്യം സാരമില്ല വേണ്ടത്ര ഞാന്‍ കരുതലെടുക്കാത്തതു കൊണ്ടാണെന്ന് വിചാരിക്കും.രണ്ടാമത്തെ പ്രവശ്യം ചിലപ്പോള്‍ അതിന്റെ വസ്തുവകകള്‍ സമ്പാദിച്ചത് ശരിയാകാത്തത് കൊണ്ടാണെന്ന് വിചാരിക്കും.മൂന്നാമത്തെ പ്രാവശ്യം വീണ്ടും തകരുമ്പോള്‍’ഇതെന്താ ഇങ്ങനെ വരുന്നത്.’എന്ന് ചിന്തിക്കാന്‍ തുടങ്ങും.അങ്ങനെ ചിന്തിക്കാന്‍ തുടങ്ങുന്ന ഒരവസ്ഥയില്‍ കര്‍മ്മ ഫലം,കര്‍മ്മസ്വരുപത്തെയും,കര്‍മ്മഹേതുവിനെയും കടന്ന് ഒരനിശ്ചത്വത്തിന്റെ ലോകങ്ങളിലേക്ക് പോകുന്നു എന്ന് കാണുമ്പോഴാണ് ഒരുവന്‍ ശങ്കാകുലനാവുന്നത്.അപ്പോള്‍ കര്‍മ്മ നിയമങ്ങള്‍ അടങ്ങുന്ന സംഹിതാ എന്ന ശ്രുതിയെ സംശയിക്കാന്‍ തുടങ്ങും.അതില്‍ കേറി നോക്കുമ്പോള്‍ അര്‍ത്ഥവാദപരങ്ങളായ, വിപരീതമെന്നു തോന്നുന്ന നിര്‍ദ്ദേശങ്ങളും ഉണ്ടാവും.അവിടെയാണ് കൂടുതല്‍ പ്രശ്‌നം വരുന്നത് .
ശ്രുതിയെടുത്ത് പഠിക്കുമ്പോള്‍ ശ്രുതിയില്‍ പരസ്പരം വിപരീതമെന്ന് തോന്നുന്ന ആശയങ്ങള്‍ കാണുകയും ചെയ്യും.അതു സമന്വയിക്കാന്‍ പറ്റാതെ നില്‍ക്കുമ്പോഴാണ് ശ്രുതി വിപ്രതിപന്നനാകുന്നത്.അപ്പോഴാണ് ഒരുവന് കര്‍മ്മത്തെയും കര്‍മ്മകലാപത്തെയും തന്റെ ജീവിതത്തെയും ഒക്കെ മറന്ന് തനിക്കുളവായ സംശയം ഒന്നു മാറികിട്ടിയാല്‍ മതി എന്ന് തോന്നുന്നത്.ആ അശാന്തിയില്‍ അവനുളവാകുന്ന ജിഞ്ജാസക്കാണ് അവനെന്തും വാരിയെറിയാന്‍ തയ്യാറാവുന്നത്. അങ്ങനെയാണ് രാജവായ ജനകനും, അശ്വപതിയുമൊക്കെ യാഞ്ജവല്‍ക്ക്യാദി ആചാര്യന്മാരെ സമീപിച്ചത്.ലൗകികസുഖഭോഗങ്ങളുടെ മുഴുവന്‍ രംഗങ്ങളിലും എത്തിക്കഴിഞ്ഞിട്ടും അശാന്തിയാണ്, ഈ അശാന്തിയൊന്നുമില്ലാതെ,ഫിസിക്‌സ് പഠിക്കാന്‍ പോകുന്നതു പോലെ ,കെമിസ്ട്രി പഠിക്കാന്‍ പോകുന്ന പോലെ ഭാരതീയ പൗരണികമായിരിക്കുന്ന ഗീതയും മറ്റ് ആദ്ധ്യത്മികഗ്രന്ഥങ്ങളും ഒരാവര്‍ത്തി ഒന്നു പഠിച്ചാല്‍ നമ്മളുടെ ഈ ലൗകികജീവിതത്തിലെ സുഖഭോഗങ്ങള്‍  ഇതിലും കുറേക്കൂടി മെച്ചപ്പെടുവോ എന്നറിയാന്‍ ഇറങ്ങിതിരിക്കുകയും പഠിക്കുകയും ചെയ്തിട്ട് വല്ല കാര്യവുമുണ്ടോ?..
swami nirmalanandaji

No comments: