Wednesday, May 23, 2018

Ramayana

ലോകമെമ്പാടും അനുഷ്ഠാനമുള്ള ജനങ്ങള്‍ക്ക് അവരുടെ ജീവിതം സംശുദ്ധമാകണം എന്നുണ്ടെങ്കില്‍ കാലം ദേശം ഇവയെക്കുറിച്ചുള്ള അറിവ് അനിവാര്യമാണ്. ഏത് വസ്തുതയും കാലപരിച്ഛിന്നതയില്‍ കണ്ടിരുന്ന ഒരു ജനത കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും ഉത്തരായന ദക്ഷിണായനങ്ങളായും ഒക്കെ പിരിച്ച് മനസ്സിലാക്കിയിരുന്നു. ഭൂമിയുടെ ജീവസ്സിനെ സൂര്യന്‍ തന്നിലേയ്ക്ക് വലിച്ചെടുക്കുന്ന കാലം ആദാനകാലവും, ഭൂമിയിലേയ്ക്ക് സൗരതേജസ്സിനെ അക്ഷോഭ്യമായി വിട്ടുകൊടുത്തുകൊണ്ട് സര്‍ജ്ജനപ്രക്രിയയുടെയും ജീവസ്സിന്റെയും സര്‍ഗ്ഗകലകള്‍ ഉളവാകുന്ന വിസര്‍ഗ്ഗകാലവും രണ്ട് കാലങ്ങളാണ്. ഉത്തരായനമെന്നും ദക്ഷിണായനമെന്നും പ്രസിദ്ധമായി കാലത്തെ രണ്ടായി പിരിക്കുക . അവയെ ആറ് ഋതുക്കളായി പിരിക്കുക, മാസങ്ങളായി പിരിക്കുക പക്കങ്ങളായി പിരിക്കുക.  കാരണം വ്യക്തിയെയെടുത്താലും സമഷ്ടിയെയെടുത്താലും അഗ്നിഖണ്ഡത്തിന്റെയും സൂര്യഖണ്ഡത്തിന്റെയും ഉപരിലോകമായ ചന്ദ്രഖണ്ഡത്തിന്റെയും അതിലുപരിയായ നിത്യകലകളുടെയും അറിവ് ലോകമെമ്പാടുമുള്ള അനുഷ്ഠാനമിഷ്ടപ്പെടുന്ന ജനതയ്ക്കുണ്ടായിരുന്നു. കാലാന്തരത്തില്‍ അര്‍ത്ഥശാസ്ത്രങ്ങള്‍ക്ക് പ്രാധാന്യം വരുകയും ധര്‍മ്മശാസ്ത്രങ്ങള്‍ പിന്‍വാങ്ങുകയും ചെയ്തതോടുകൂടി ജനജീവിതത്തിലുടനീളം വലിയമാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. യാതൊരുവന്‍ സൂര്യഖണ്ഡത്തെ ഉപാസിക്കുന്നുവോ അവന്‍ സൂര്യവംശിയായിരിക്കുകയും  സൂര്യഖണ്ഡത്തിനും മുകളില്‍ ചന്ദ്രഖണ്ഡത്തെ ആരുപാസിക്കുന്നുവോ അവന്‍ ചന്ദ്രവംശിയായിരിക്കുകയും ചെയ്യുക. ലോകത്തെ ചന്ദ്രവംശത്തിന്റെയും സൂര്യവംശത്തിന്റെയും അനുഷ്ഠാനങ്ങളെ അവലംബിച്ചുകൊണ്ട് പഠിക്കുക അതനുസരിച്ചുള്ള ജീവിതരീതികളും വളര്‍ച്ചയും ഉളവാക്കുക. ഇതൊക്കെ വ്യഷ്ടിചരിത്രത്തിലും സമഷ്ടിചരിത്രത്തിലും ഒരു കാലത്തിന്റെ ചരിത്രമായിരുന്നു. അങ്ങനെയുള്ള മാനവചരിത്രത്തെ ഇതിചാസങ്ങളെന്നു പറയും. സമഗ്രമായ ചരിത്രമുള്‍ക്കൊള്ളുന്നതുകൊണ്ടാണ് ഇതിഹാസമെന്നു പറയുന്നത്.  ഒരു വ്യക്തിയുടെ ജീവചരിത്രമെഴുതുമ്പോള്‍ അയാളുടെ ജാഗ്രത്തിനെ അവലംബിച്ച് യുക്തിപൂര്‍വ്വം കടന്നുപോകുന്നതാണ് ചരിത്രമായി കണക്കാക്കുന്നത്. ഒരു വ്യക്തി എന്നത് അയാളുടെ ജാഗ്രത്തും സ്വപ്നവും സുഷുപ്തിയുമെന്ന മൂന്ന് അവസ്ഥകള്‍ ചേരുന്നതും കൃത്യമായ ജീവിതത്തിലൂടെ പോകുന്നവനെങ്കില്‍ ഭൗതീകേതരമായ നാലാമത്തെ ഒരവസ്ഥകൂടി ചേര്‍ക്കേണ്ടതുമാണ്. അതിലുപരി വ്യക്തിയ്ക്ക് അയാളുടെ സൂക്ഷ്മമായ ഒരു മാനസികപ്രപഞ്ചവും അയാള്‍ ലോകത്തോട് ഇടപെടുന്ന ഒരു വാക്പ്രപഞ്ചവും അതേപോലെ അയാളുടെ കര്‍മ്മലോകങ്ങളും ചേര്‍ന്ന മൂന്ന് പ്രപഞ്ചങ്ങളുണ്ടാകുക സോഭാവികമാണ്. വ്യക്തിയെ നാമിന്ന് അപഗ്രഥിക്കുമ്പോള്‍ നമുക്ക് പരിചിതങ്ങളായ കുറച്ച് കര്‍മ്മങ്ങളിലൂടെ മാത്രമാണ് നാമിന്ന് പരിചയപ്പെടുന്നത്. അതെത്രയോ നിസാരമോ എത്രയോ ചെറുതോ ആണ്. നിങ്ങള്‍ പരസ്പരം അറിയുന്നു എന്ന് അവകാശപ്പെടുന്നവരെനോക്കിയാല്‍ എന്തറിഞ്ഞിട്ടറിയുന്നു എന്നു ചോദിച്ചാല്‍ അല്പമാത്രമായ കൊടുക്കവാങ്ങലുകളുടെ ചരിത്രം മാത്രംവച്ചുകൊണ്ട് മാനവചേതനയെ അപഗ്രഥിക്കുകയും പഠിക്കുകയും പറയുകയും അതനുസരിച്ച് തീരുമാനമെടുക്കുകയുമാണ്. അതുകൊണ്ട് മാനവന്റെയും കുടുംബങ്ങളുടെയും രാഷ്ട്രങ്ങളുടെയും ലോകത്തിന്റെ തന്നെയും ഗതി തെറ്റായവിധത്തിലാകുവാന്‍ അവന്റെ ചരിത്രസാപേക്ഷ്യത്തിന്റെ പരിമിതി കാരണമായിത്തീരുന്നു. വ്യക്തിയ്ക്ക് ഒരു വാക്പ്രപഞ്ചവും ഒരു മാനസിക പ്രപഞ്ചവും ഒരു കര്‍മ്മ പ്രപഞ്ചവും സദസര്‍വ്വദാ ആരായിരുന്നാലും അവനോടൊപ്പമുണ്ടാകും. ഈ പ്രപഞ്ചങ്ങളെയും നേരത്തെ പറഞ്ഞ അവസ്ഥാന്തരങ്ങളെയും ചേര്‍ത്തുവച്ച് വ്യക്തികളുടെയും കുടുംബങ്ങളുടെയും രാഷ്ട്രങ്ങളുടെയും ചരിത്രം ജീവന്റെ ആവിര്‍ഭാവദിനം മുതല്‍ പ്രളയം വരെ ഒന്നുമാത്രമാണ് എന്ന് കണ്ടെത്തിയിട്ടുള്ള ഉത്തമന്‍മാരും യോഗികളുമായ ആചാര്യന്മാരുടെ അന്വേഷണത്തിന്റെയും തപസ്സിന്റെയും ഫലമായി എഴുതപെട്ടിട്ടുള്ള അന്യൂനമായ ചരിത്രങ്ങളാണ് ഇതിഹാസങ്ങള്‍.
swami nirmalanandaji

No comments: