Saturday, May 19, 2018

അച്ഛനില്‍നിന്നും രേതസ്സിന്റെ  രൂപത്തിലുള്ള ഒന്നാം ജന്മവും അമ്മയുടെ ഉള്ളില്‍ ശിശുവായുള്ള  രണ്ടാം ജന്മവും ഗർഭത്തിൽ നിന്ന് പുറത്തു വരുന്നത് മൂന്നാം ജന്മവും അച്ഛനും മകനും ഒരേ ആത്മാവാണെന്ന തത്വം ഉറപ്പുള്ളതിനാലാണ് ഇപ്രകാരം പറഞ്ഞത്. അച്ഛന്റെ ആത്മാവ് തന്നെ പുത്രന്‍. അതിനാല്‍ അച്ഛന്‍ വീണ്ടും ജനിക്കുന്നത് മൂന്നാം ജന്മമായി കണക്കാക്കുന്നു. ദേവന്‍മാരോടും ഋഷിമാരോടും പിതൃക്കളോടുമുള്ള കടങ്ങളൊക്കെ വീട്ടി കൃതകൃത്യനായി മരിക്കുന്ന അദ്ദേഹം പുനര്‍ജനിക്കുന്നതാണ് മൂന്നാം ജന്മം. ഒരാള്‍ക്ക് പറഞ്ഞത് മറ്റുള്ളവര്‍ക്കും ബാധകമാണ്. മകനും ഇതുപോലെ മൂന്നാം ജന്മമെടുക്കും. ഈ മൂന്ന് തരത്തിലുള്ള സംസാരചക്രത്തിലെ അലച്ചില്‍ എല്ലാ ജീവനുമുണ്ട്. അതില്‍നിന്ന് മുക്തിയെ നേടണം. ഇതാണ് നമ്മുടെ ജീവിതലക്ഷ്യമെന്ന് ശ്രുതി ഓര്‍മ്മിപ്പിക്കുന്നു. മൂന്ന് ജന്മങ്ങളാകുന്ന അവസ്ഥകളില്‍പെട്ടുഴലുന്നവരെല്ലാം ഏതെങ്കിലും ഒരവസ്ഥയില്‍ ശ്രുതിയില്‍ പറഞ്ഞ ആത്മതത്വത്തെ അറിഞ്ഞാല്‍ സംസാരബന്ധനങ്ങളില്‍നിന്ന് മോചിതരായി കൃതകൃത്യരായിത്തീരുമെന്ന് മന്ത്രവും ഉദ്‌ഘോഷിക്കുന്നു.
തദുക്തമൃഷിണാ ഗര്‍ഭേ നു സന്നഗന്വഷാമാ 
വേദമഹം ദേവാനാം
ജനിമാനി വിശ്വം ഗതഃ മാപും ആയസീ 
രക്ഷന്നധഃ ശ്യോനോ
ജവസാനിരദീയമിതി ഗര്‍ഭ എവൈതച്ഛയാനോ വാമദേവ ഏവമുവാച
ഇതിനെപ്പറ്റി ഋഷി മന്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ അമ്മയുടെ ഗര്‍ഭത്തില്‍ കിടക്കുമ്പോള്‍ തന്നെ ദേവന്മാരുടെ എല്ലാ ജന്മങ്ങളേയും അറിഞ്ഞു. തത്വജ്ഞാനം ഉണ്ടാകുന്നതിന് മുമ്പ് എന്നെ ഇരുമ്പുകൊണ്ടുള്ള അനേകം ശരീരങ്ങള്‍ കീഴോട്ട് സംസാരിലേക്ക് കെട്ടിവലിച്ചിട്ടിരുന്നു. പിന്നെ ആത്മജ്ഞാനം നേടിയപ്പോള്‍ ഒരു പരുന്തിനെപ്പോലെ ഞാന്‍ അവയെ മറികടന്ന് പുറത്തുവന്നു. എന്നിങ്ങനെ വാമദേവ ഋഷി ഗര്‍ഭത്തില്‍ കിടന്നുകൊണ്ട് പറഞ്ഞു.
സ ഏവം വിദ്യാന സ്മാ ച്ഛരീരഭേദാദൂര്‍ദ്ധ്വാഃ 
ഉപക്രമ്യാമുഷ്മിന്‍ സ്വര്‍ഗ്ഗേ ലോകേ സര്‍വാന്‍ 
കാമാനാസ്ത്വാളമൃത സമഭവത് സമഭവത്
ഇപ്രകാരമറിഞ്ഞ വാമദേവന്‍ ഊര്‍ദ്ധ്വഗതിയില്‍ പരമാത്മാവായിത്തീര്‍ന്ന് സംസാരത്തില്‍നിന്ന് ഉയര്‍ന്ന് എല്ലാ കാമങ്ങളേയും നേടി ശാസ്ത്രം പറഞ്ഞതായ ആത്മസ്വരൂപത്തില്‍ അമൃത്വത്തെ പ്രാപിച്ചു.
അമ്മയുടെ ഗര്‍ഭത്തിലിരിക്കുമ്പോള്‍ തന്നെ ആത്മജ്ഞാനം നേടിയ വാമദേവഋഷിയുടെ അനുഭൂതിയെ പറഞ്ഞ് അധ്യായം തീരുന്നു. താഴ്ന്ന നിലവാരമുള്ള സംസാരത്തില്‍നിന്ന് ഉയര്‍ന്ന് ഏറ്റവും ഉന്നതമായ പരമാത്മാവസ്ഥയിലേക്ക് എത്താനായി. നിരവധി ശരീരങ്ങളുടെ ബന്ധനങ്ങളെ പരമാത്മാജ്ഞാനം കൊണ്ട് നേടിയ വീര്യത്താലാണ് ഭേദിച്ചത്. അപ്പോള്‍ എല്ലാ ആഗ്രഹങ്ങളേയും നേടിയവനുമായി. ഇവിടെ സ്വര്‍ഗ്ഗലോകം എന്ന്പറഞ്ഞിരിക്കുന്നത് ദേവന്മാരുടെ വാസസ്ഥാനമല്ല. പരമപദ പ്രാപ്തി തന്നെയാണ് ആത്മസ്വരൂപത്തെ സാക്ഷാത്കരിക്കല്‍തന്നെയാണത്. സ്വസ്വരൂപമായ പരമാത്മാവില്‍ അമൃത്വത്തെ കൈവരിച്ചു. സമഭവത് എന്ന രണ്ട് തവണ പറഞ്ഞത് അധ്യായത്തിന്റെ സമാപനം കാണിക്കുന്നു....( ഐതരേയോപനിഷത്ത്-13)...janmabhumi

No comments: