Friday, May 18, 2018

ബ്രഹ്മത്തിന്റെ പാദങ്ങളായ വായുവിനെയും പ്രാണനേയും ബ്രഹ്മമായി ഉപാസിക്കണമെന്ന് ഇനി പറയുന്നു. ശിഷ്യന് ഗുരുവിലുണ്ടാകേണ്ട ശ്രദ്ധ, വിശ്വാസം എന്നിവയേയും ഗുരുവിന് പ്രതിഫലം നല്‍കേണ്ടതിന്റെ ആവശ്യകതയും ഒരു കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു.
ധാരാളം അന്നം പാകംചെയ്ത് നിരവധി പേര്‍ക്ക് ദാനം ചെയ്തിരുന്ന പൗത്രായണനായ 'ജാന ശ്രുതി' എന്ന ഒരു രാജാവുണ്ടായിരുന്നു. ജനങ്ങള്‍ തന്റെ അന്നംതന്നെ കഴിക്കണമെന്ന് കരുതി എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ധാരാളം സത്രങ്ങള്‍ ഉണ്ടാക്കി. ജനശ്രുതന്റെ വംശത്തില്‍ ജനിച്ചവനാണ് ജാനശ്രുതി. പൗത്രായണന്‍ എന്നാല്‍ മകന്റെ മകന്‍ എന്നാണ്.
ഒരു ദിവസം കുറെ ഹംസങ്ങള്‍ അതിലെ പറന്നുപോയി. അവയില്‍ ഒരു അരയന്നം മുന്നില്‍ പോകുന്നതിനോട് വിളിച്ചുപറഞ്ഞു. ഭല്ലാക്ഷ, ജാനശ്രുതിയുടെ  ജ്യോതിസ്സ് പകല്‍പോലെ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. അത് നിന്നെ ദഹിപ്പിക്കും. ഇതേ സമയം കൊട്ടാര മാളികയുടെ മട്ടുപ്പാവിലിരുന്ന രാജാവ് കേള്‍ക്കത്തക്കവിധമായിരുന്നു ഇവയുടെ സംഭാഷണം. ഭക്ഷാക്ഷന്‍ പറഞ്ഞു- സയുഗ്വാവായരൈക്വനെ പോലെ ജാനശ്രുതിയെപറ്റി പറയുകയാണോ? അപ്പോള്‍ ആദ്യത്തെ ഹംസം ചോദിച്ചു. സയുഗ്വാവായ രൈക്വന്‍ എങ്ങനെയുള്ളവനാണ്? സയുഗ്വാവ് എന്നാല്‍ ശകടത്തോടുകൂടിയവന്‍. ജാനശ്രുതിയേക്കാള്‍ കേമനാണ് രൈക്വന്‍ എന്ന സൂചന. അതിനാല്‍ ജാനശ്രുതിയെ പുകഴ്ത്തി പറയേണ്ടതില്ല.
ചൂതുകളിയില്‍ കൃതമെന്ന ആയം കൊണ്ട് ജയിച്ചാല്‍ അതിനു താഴെയുള്ള ആയങ്ങളെല്ലാം അടങ്ങുന്നതുപോലെ ജനങ്ങള്‍ എന്തെല്ലാം നല്ലത് ചെയ്യുന്നുവോ അതെല്ലാം രൈക്വനില്‍ അടങ്ങുന്നു. അദ്ദേഹം അറിയുന്നതിനെ അറിയുന്നയാളും അങ്ങനെതന്നെയാണ്. ഇതേപറ്റിയാണ് താന്‍ പറഞ്ഞതെന്ന്  ഭല്ലാക്ഷനെന്ന ഹംസം പറഞ്ഞു. ചൂതുകളിലെ ചൂതിന്റെ ഒരു വശത്തെയാണ് ആയം എന്നു പറയുന്നത്. 1, 2, 3, 4 എന്ന് അടയാളപ്പെടുത്തിയ നാല് വശങ്ങളുണ്ട് ചൂതിന്. കലി, ദ്വാപനം, ത്രേതാമൃത എന്ന് യഥാക്രമം പേര്. കൃതമെന്ന ആയംകൊണ്ട് ജയിച്ചാല്‍ മറ്റ് മൂന്നിന്റെയും കൂടി ജയം പോലെയായി രൈക്വന്റെ ധര്‍മം കൃതമെന്ന ആയത്തിന് തുല്യമാണ്.
ജാനശ്രുതി രാജാവ് ഇതെല്ലാം കേട്ട് രൈക്വനെക്കുറിച്ചാലോചിച്ച് അന്ന് രാത്രി കിടന്നു. രാവിലെ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്ന സമയം തന്നെ സ്തുതിക്കുന്ന ക്ഷത്താവിനോട് തന്നെയല്ല സ്തുതിക്കേണ്ടത്, രൈക്വനെയാണെന്ന് പറഞ്ഞു. അപ്പോള്‍ ആരാണ് രൈക്വന്‍ എന്ന് ക്ഷത്താവ് ചോദിച്ചു. ഹംസങ്ങള്‍ തമ്മില്‍ പറഞ്ഞ കാര്യം രാജാവ് അയാളോട് പറഞ്ഞു. ക്ഷത്രിയന് ശൂദ്രസ്ത്രീയിലുണ്ടാകുന്ന മകനാണ് ക്ഷത്താവ്. കൊട്ടാരത്തിലെ പരിചാരക ജോലികളാണ് പ്രധാനം.
ക്ഷത്താവ് ഗ്രാമങ്ങളിലും നഗരങ്ങളിലും മറ്റുമായി പലയിടത്തും രൈക്വനെ അന്വേഷിച്ചു നടന്നു. താന്‍ കണ്ടില്ലെന്നു രാജാവിനോട് പറഞ്ഞു. ബ്രഹ്മജ്ഞാനികളെ എവിടെയാണോ അന്വേഷിക്കേണ്ടത് അവിടെ രൈക്വനെ തിരയാന്‍ രാജാവ് പറഞ്ഞു. ബ്രഹ്മജ്ഞാനികള്‍ കാടുകളിലോ നദീതീരങ്ങളിലോ ഏകാന്തമായ സ്ഥലങ്ങളിലോ ആകും ഉണ്ടാവുക. അവിടെ തിരയാനാണ് രാജാവ് പറഞ്ഞത്.
ജാനശ്രുതി രാജാവിന്റെ  വാക്കനുസരിച്ച് ക്ഷത്താവ് വീണ്ടും രൈക്വനെ അന്വേഷിച്ചു നടന്നു. ഒരിടത്ത് ഒരു വണ്ടിയുടെ കീഴില്‍ ഇരുന്ന് ചൊറി മാന്തിക്കൊണ്ടിരിക്കുന്ന ഒരാളെ കണ്ടു. അങ്ങാണോ സായുഗ്വാവായ രൈക്വന്‍? എന്ന് ചോദിച്ചു. താന്‍തന്നെയാണ് രൈക്വന്‍ എന്ന് അയാള്‍ മറുപടി നല്‍കി. ക്ഷത്താവ് തിരിച്ചുചെന്ന് താന്‍ രൈക്വനെ കണ്ടെത്തിയ കാര്യം അറിയിച്ചു.
രാജാവ് 600 പശുക്കള്‍, കണ്ഠാഭരണം, കോവര്‍ കഴുതകള്‍ വലിക്കുന്ന തേര് എന്നിവയുമായി രൈക്വന്റെ അടുത്തെത്തി. ഇതെല്ലാം അങ്ങേയ്ക്കാണ്, അങ്ങ് ഉപാസിക്കുന്ന ദേവത ഏതാണെന്ന് എനിക്ക് ഉപദേശിച്ചു തരണേ എന്ന് രൈക്വനോട് പറഞ്ഞു. ഈ പശുക്കളും രഥവും ആഭരണവും ഒക്കെ നിനക്ക് തന്നെയായിരിക്കട്ടെ എന്ന് പറഞ്ഞ് ജാനശ്രുതിയെ മടക്കിയയച്ചു. ക്ഷത്രിയനായ രാജാവിനെ 'ശൂദ്രാ' എന്നാണ് രൈക്വന്‍ സംേബാധന ചെയ്തത്. 'ശുചാ ദ്രവതി ഇതി ശൂദ്രഃ'- ദുഃഖംകൊണ്ട് ഓടുന്നവന്‍. ഹംസങ്ങളുടെ വാക്ക് കേട്ട് ജാനശ്രുതിക്ക് ദുഃഖമുണ്ടായി. അതിനാലാണ് രൈക്വനെ അന്വേഷിച്ച് ഓടിവന്നത്.
ജാനശ്രുതി പിന്നേയും 1000 പശുക്കളേയും മുത്തുമാലയും രഥവും തന്റെ മകളുമായും വന്നു. തന്റെ മകളെ ഭാര്യയായി സ്വീകരിക്കാന്‍ രാജാവ് രൈക്വനോട് പറഞ്ഞു. കൂടെ കൊണ്ടുവന്നിട്ടുള്ള വലിയ ധനവും ഈ ഗ്രാമവും അങ്ങേക്ക് തരാം. അങ്ങ് ഉപാസിക്കുന്ന ദേവതയെപ്പറ്റി എനിക്ക് പറഞ്ഞുതരണം.
രാജകന്യകയേയും ധനത്തേയും സ്വീകരിച്ച രൈക്വന്‍ രാജാവിന് വിദ്യയെ ഉപദേശിച്ചുകൊടുത്തു. രാജാവ് കൊടുത്ത ഗ്രാമങ്ങളാണ് മഹാവൃഷ്ടദേശത്ത് രൈക്വപര്‍ണ്ണങ്ങള്‍ എന്ന േപരില്‍ പ്രസിദ്ധമായത്.
വിദ്യ നേടണമെങ്കില്‍ അതിന് പാത്രമാവണം. തന്റെ സമര്‍പ്പണത്തിലൂടെ ജാനശ്രുതി രൈക്വനെ സന്തുഷ്ടനാക്കി വിദ്യാദാനത്തിന് പാത്രമായി. ധനം കൊടുക്കുന്നയാള്‍, ബ്രഹ്മചാരി, മേധാശക്തിയുള്ളവന്‍,  ശ്രോത്രിയന്‍, പ്രിയപ്പെട്ടവന്‍, വിദ്യ പറഞ്ഞുതരുന്നവന്‍ എന്നിങ്ങനെ ആറ്‌പേരാണ് വിദ്യാദാനത്തിന് പാത്രങ്ങള്‍.

No comments: