വേദം ഈശ്വരവാണിയാണെന്നാണ് നമ്മുടെ ഋഷികോകിലങ്ങളേവരും ഐകകണ്‌ഠ്യേന പ്രസ്താവിച്ചിരിക്കുന്നത്. മാനവജീവിതത്തെ സുന്ദരമാക്കുവാനുള്ള ഉപായങ്ങളത്രയും ആദിഗുരുവായ പരമേശ്വരന്‍ വേദങ്ങളിലൂടെയാണ് പ്രകാശിപ്പിച്ചത്. യജുര്‍വേദം ആരംഭിക്കുന്നതു തന്നെ ഇത്തരത്തില്‍ ജീവിതവിജയം കൈവരിക്കുവാനുള്ള 13 ഉപായങ്ങളെ സൂത്രരൂപത്തില്‍ അവതരിപ്പിച്ചുകൊണ്ടാണ്. ശുക്ലയജുര്‍വേദത്തിലെ ആദ്യമന്ത്രം കാണൂ:
ഓം ഇഷേ ത്വോര്‌ജേ ത്വാ വായവ സ്ഥ ദേവോ വഃ സവിതാ പ്രാര്പയതു ശ്രേഷ്ഠതമായ കര്മണളആപ്യായധ്വമഘ്‌ന്യാളഇന്ദ്രായ ഭാഗം പ്രജാവതീരനമീവാളഅയക്ഷ്മാ മാ വ സ്‌തേനളഈശത മാഘശങ്‌സോ ധ്രുവാളഅസ്മിന്‍ ഗോപതൗ സ്യാത ബഹ്വീര്‌യജമാനസ്യ പശൂന്‍ പാഹി. (യജുര്‍വേദം 1.1)
സര്‍വശക്തനായ പരമാത്മാവിനോട് ജീവന്‍ പ്രാര്‍ഥിക്കുകയാണ്, ഹേ പരമേശ്വരാ, (ഇഷേ=) പ്രേരണയ്ക്കായും (ഊര്‌ജേ=) ഊര്‍ജ്ജം അഥവാ ഉത്സാഹത്തിനായും (ത്വാ ത്വാ=) നിന്നെയാണ് ആശ്രയിക്കുന്നത്, നിന്നെയാണ് ഉപാസിക്കുന്നത്.
നേരായ പ്രാര്‍ഥനയുടെ സ്വരൂപം വെളിവാക്കുന്ന ഈ വാക്കുകളാലാണ് യജുര്‍വേദം ആരംഭിക്കുന്നത്. മകന്‍ അച്ഛനോടെന്നവണ്ണം ജീവന്‍ ഈശ്വരനോട് തനിക്കുവേണ്ട പ്രേരണയും ഊര്‍ജ്ജശക്തിയും അഥവാ ഉത്സാഹവും ആവശ്യപ്പെടുകയാണ്. 13 സൂത്രവാക്യങ്ങളാല്‍ ഈശ്വരന്‍ ജീവനുവേണ്ട പ്രേരണ നല്‍കുകയും ഊര്‍ജ്ജത്തിനും ഉത്സാഹത്തിനുമായുള്ള ഉപായങ്ങള്‍ ഉപദേശിക്കുകയും ചെയ്യുന്നു. കാണുക:
1. വായവഃ സ്ഥ= അല്ലയോ ജീവാത്മാവേ, നീ സദാ ഗതിശീലനാകൂ (വാ ഗതൗ). പ്രവഹിക്കുന്ന വായുവിനെപ്പോലെ ഒട്ടലില്ലാതെ സദാ കര്‍മ്മം ചെയ്തുകൊണ്ടേയിരിക്കൂ. അകര്‍മ്മണ്യതയാണ് ദുഷ്ചിന്തകളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് അലസതയോ ആസക്തിയോ ഇല്ലാതെ പ്രവൃത്തി ചെയ്തുകൊണ്ടേ ഇരിക്കുക. ഇക്കാര്യത്തില്‍ ഒഴുകുന്ന വായുവാണ് മാതൃക.
2. സവിതാ ദേവഃ വഃ ശ്രേഷ്ഠതമായ കര്മണേ പ്ര അര്പയതു= ഉത്തമ സമാജത്തിന്റെ സ്രഷ്ടാക്കളായ ആചാര്യന്മാര്‍ നിന്റെ കര്‍മ്മങ്ങള്‍ ശ്രേഷ്ഠതമങ്ങളാക്കിത്തീര്‍ക്കാന്‍ കെല്പുള്ളവരാണ്. വിനമ്രതാഭാവത്തോടെ അവരെ സമീപിക്കൂ.
3. ആപ്യായ ധ്വമ്= ശ്രേഷ്ഠതമങ്ങളായ കര്‍മ്മങ്ങളിലൂടെ നീ വളരൂ, വലുതാകൂ. ഇതാണ് വളരാനുള്ള മാര്‍ഗം.
4. അഘ്‌ന്യാ= നിന്റെ കര്‍മങ്ങള്‍ ഹിംസാരഹിതമായിരിക്കട്ടെ. ധര്‍മ്മവിരുദ്ധമായി, വാക്കുകൊണ്ടോ നോക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരു ജീവിയെയും നീ വേദനിപ്പിക്കരുത്. വിനാശകര്‍മ്മങ്ങള്‍ നിന്നെ വിനാശത്തിലേക്ക് നയിക്കും.
5. ഇന്ദ്രായ ഭാഗം= പരമാത്മാവിന്റെ പരമൈശ്വര്യഗുണത്തെ ഉപാസിക്കുക. അതിന്റെ ഭാഗമായിത്തീരുക. ഐശ്വര്യങ്ങളെ ഗ്രഹിക്കുക.
6. പ്രജാവതീഃ= ഉത്തമ പ്രജകളെ നിര്‍മ്മിക്കുക. സന്താനങ്ങളായാലും ശിഷ്യന്മാരായാലും അവരെ ശ്രദ്ധയോടെ വേണം വളര്‍ത്താന്‍. എങ്കിലേ പൈതൃകം സംരക്ഷിക്കപ്പെടൂ.
7. അനമീവാഃ= രോഗങ്ങള്‍ വന്നുപെടാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിനായി ജീവിതചര്യ ശ്രദ്ധയോടെ ചിട്ടപ്പെടുത്തുക.
8. അയക്ഷ്മാഃ= നിനക്കൊരിക്കലും യക്ഷ്മാ എന്ന ക്ഷയരോഗം പിടിപെടാതിരിക്കട്ടെ. ജീവിതത്തില്‍ വരുന്ന ഏത് ക്ഷയവും രോഗമാണ്. വ്യയം ചെയ്യുംതോറും ക്ഷയിക്കാതെ വര്‍ധിച്ചുവരുന്ന അറിവെന്ന ധനത്തിന്റെ ഈശനാവുക.
9. മാ വഃ സ്‌തേനഃ ഈശത= സ്‌തേനന്‍ നിന്റെ ഈശനാവാതിരിക്കട്ടെ. പരിശ്രമംകൂടാതെ ധനം ആര്‍ജ്ജിക്കാനുള്ള ചിന്തയ്ക്ക് വശപ്പെടരുത്. ലോട്ടറി, ഊഹക്കച്ചവടം, ചൂതുകളി, ചീട്ടുകളി, കുതിരപ്പന്തയം തുടങ്ങിയവ മനുഷ്യരെ അലസരും ദുര്‍മോഹികളുമാക്കിത്തീര്‍ക്കുന്നു.
10. മാ അഘശംസഃ (ഈശത)= പാപത്തെ നല്ലരൂപത്തില്‍ ചിത്രീകരിക്കുന്നവര്‍ നിനക്ക് വഴികാട്ടാതിരിക്കട്ടെ. അവര്‍ വിനാശകാരികളാണ്.
11. ധ്രുവാ അസ്മിന്‍ ഗോപതൗ സ്യാത= അറിവിന്റെ പാലകരായ ആചാര്യന്മാരുടെ ധര്‍മോപദേശത്തില്‍ വര്‍ത്തിച്ചുകൊണ്ട് ധര്‍മ്മത്തില്‍നിന്നും ഒട്ടുംതന്നെ വ്യതിചലിക്കാത്തവനാവുക. തെറ്റും ശരിയും നിര്‍ണയിക്കാനുള്ള ധര്‍മ്മചിന്ത അവരില്‍നിന്നും ഉള്‍ക്കൊള്ളുക.
12. ബഹ്വീഃ= അനേകമായി മാറുക. അതായത് സ്വാര്‍ഥത ഇല്ലാതാക്കുക. തന്നെപ്പോലെതന്നെയാണ് തന്റെ സഹജീവികള്‍ എന്ന തത്വത്തെ ഉള്‍ക്കൊള്ളുക. വ്യക്തിയില്‍നിന്നും കുടുംബമായും കുടുംബത്തില്‍നിന്ന് സമൂഹമായും സമൂഹത്തില്‍നിന്ന് രാഷ്ട്രമായും രാഷ്ട്രത്തില്‍നിന്ന് വിശ്വമായും മാറുക.
13. യജമാനസ്യ പശൂന്‍ പാഹി= നിനക്ക് ഈ ജീവിതയജ്ഞം സുസാധ്യമാക്കിത്തരുന്ന മനസ്സാകുന്ന ശാലയില്‍ കാമക്രോധാദി മൃഗങ്ങളും വസിക്കുന്നുണ്ട്. (കാമക്രോധലോഭാദയഃ പശവഃ). അവയെ സുരക്ഷിതമാക്കി മാറ്റിനിര്‍ത്തുക. മാനിനെ കൂട്ടിലടയ്ക്കാറില്ല. എന്നാല്‍ കടുവയെയും സിംഹത്തെയും കൂട്ടിലടച്ച് സംരക്ഷിക്കണം. ഇല്ലായെങ്കില്‍ അത് അന്യരെ ഉപദ്രവിക്കും. അതേപോലെതന്നെയാണ് കാമക്രോധാദികളും. ധര്‍മാവിരുദ്ധമായ കാമവും ക്രോധവും ജീവിതത്തില്‍ ആവശ്യംതന്നെയാണ്. എന്നാല്‍ അനിയന്ത്രിതമായാലോ, അനര്‍ഥങ്ങള്‍ക്ക് മറ്റെവിടെയും പോകേണ്ടിവരില്ല. അതിനാല്‍ അവയെ നിയന്ത്രിക്കാന്‍ പഠിക്കുക.
ഈശ്വരന്റെ ഈ 13 ഉപദേശങ്ങള്‍ ജീവിതവിജയത്തിനായുള്ള സൂത്രവാക്യങ്ങളാണ്. ഈ മന്ത്രത്തിന്റെ ഋഷി പരമേഷ്ഠി പ്രജാപതിയാണ്. ഏറ്റവും ഉന്നതമായ സ്ഥാനത്തിരുന്നുകൊണ്ട് പ്രജകളെ പാലിക്കുന്നവന്‍ എന്നാണ് പരമേഷ്ഠി പ്രജാപതി എന്ന നാമത്തിന്റെ അര്‍ഥം. ഈ മന്ത്രത്തെ ശ്രദ്ധയോടെ മനനം ചെയ്യുകയും ഈ 13 സൂത്രങ്ങളെ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്കോരോരുത്തര്‍ക്കും പരമേഷ്ഠി പ്രജാപതി എന്ന ഋഷിത്വം നേടാനാകും.
janmabhumi
No comments:
Post a Comment