ഏതവസ്ഥയിലും ഈശ്വരനെ ഗാഢമായി പിടിക്കുക. ഈശ്വരനെ മുറുകെ പിടിക്കണം എന്നു പറയുന്നതിന്റെ അര്‍ത്ഥം എന്താണ്? ഈശ്വരന്‍ ബുദ്ധിക്കതീതനാണ്. പിന്നെ ഗാഢമായി പിടിക്കുന്നതെങ്ങനെയാണ്? ഈശ്വരനെ മുറുകെ പിടിക്കുക എന്നു പറഞ്ഞാല്‍ ഈശ്വര നാമത്തെ ബലമായി പിടിക്കുക എന്നര്‍ത്ഥം. നാമത്തിലുള്ള ഭക്തിയോടും നാമത്തിന്റെ സംരക്ഷണശക്തിയിലുള്ള അചഞ്ചലവിശ്വാസത്തോടും പ്രാര്‍ത്ഥനയുടെയും വിനയത്തിന്റെയും അകമ്പടിയോടും കൂടി ഈശ്വരനാമത്തെ ഉള്‍ക്കൊള്ളുക.
''അല്ലയോ ഭഗവാനേ, കരുണാമയനായ ജഗദ്ഗുരോ!എന്റെ ഹൃദയത്തില്‍ തളംകെട്ടി നില്‍ക്കുന്ന ദുര്‍വികാരങ്ങളെ നശിപ്പിക്കേണമേ. അവിടുത്തെ കാരുണ്യം അടിയന്റെ മേല്‍ വര്‍ഷിക്കേണമേ. ഈ അഹന്തയും, ഈ വ്യക്തിബോധവും, മായാബന്ധവും സഹിക്കാന്‍ വയ്യാതായേ. മഹാപ്രഭോ,അമൃതം വഴിയുന്ന അവിടുത്തെ കരുണാകടാക്ഷം തൂകി അടിയനെ രക്ഷിക്കേണമേ.''ഈ മട്ടിലുള്ള പ്രാര്‍ത്ഥന നിങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഉയരണം. ഏകാന്തതയിലുള്ള വ്യാകുലാര്‍ദ്രമായ (ഈശ്വരനു വേണ്ടിയുള്ള)ഈ വിലാപമാണ് നിജമായ പ്രാര്‍ത്ഥന-ഫലദായകമായ സങ്കീര്‍ത്തനം.
ദുഃഖബാഷ്പം പൊഴിച്ച് മറ്റുള്ളവര്‍മുഖേന അനുഭവിക്കേണ്ടി വരുന്ന ദു:ഖങ്ങളെപ്പറ്റി ഈശ്വരനോടു പരാതി പറയുന്നത് ദൗര്‍ബല്യത്തിന്റെ ലക്ഷണമാണ്. അമംഗളകരമായ കണ്ണീരിന്റെ ഉറവിടമാണ് ദുര്‍ബലചിത്തം. പ്രാരാബ്ധങ്ങള്‍ ശാരീരിക പീഡകള്‍ ഉണ്ടാക്കിയെന്നു വരാം. എന്നാല്‍ ഭക്തന്‍ സുശക്തമനസ്‌ക്കനാണ്. അവന്‍ (അതുമൂലം)വിലപിക്കുകയില്ല. അവന്‍ മറ്റുള്ളവരില്‍ പഴിചാരുകയില്ല. അവന്‍ ഈശ്വരനോടോ ഈശ്വരനെക്കുറിച്ചോ പരാതി പറയുകയില്ല. ജ്ഞാനാവസ്ഥയിലെന്നപോലെ ഗാഢഭക്തിയിലും അവന്റെ മനസ്സ് ശാന്തിയില്‍ നിലയുറപ്പിച്ചിരിക്കും. തന്റെ മനശ്ശാന്തി നഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ മൂലമാണെന്നു വിചാരിക്കുന്നത് പാപമാണ്. ശാന്തി നിങ്ങളുടെ നൈസര്‍ഗ്ഗികഗുണമാണ്. ആര്‍ക്കും അതിനെ നശിപ്പിക്കാന്‍ സാദ്ധ്യമല്ല. ശാന്തി നിങ്ങളില്‍ ഇല്ലെങ്കില്‍ കരുതിക്കൊള്ളു, അതിന്റെ കാരണക്കാരന്‍ നിങ്ങള്‍ തന്നെയാണെന്ന്.
(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)
No comments:
Post a Comment