Wednesday, May 02, 2018

നാഥസമ്പ്രദായം-  നാഥസമ്പ്രദായവുമായി ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങളെപ്പറ്റി പല പണ്ഡിതന്മാരും പറയുന്നുണ്ട്. അവയില്‍ ചിലത് അച്ചടിച്ചിട്ടുണ്ട്. ചിലത് ഗ്രന്ഥപ്പുരകളിലൊതുങ്ങുന്നു. ചിലതിനെക്കുറിച്ചു  കേട്ടുകേള്‍വി മാത്രം. സിദ്ധസിദ്ധാന്തപദ്ധതി, സിദ്ധസിദ്ധാന്തസംഗ്രഹം, ഗോരക്ഷകശതകം, ഗോരക്ഷസിദ്ധാന്തസംഗ്രഹം, ഗോരക്ഷസംഹിതാ, അമരൗഘശാസനം, യോഗസിദ്ധാന്തപദ്ധതി, വിവേകമാര്‍ത്തണ്ഡം, യോഗചിന്താമണി, ജ്ഞാനാമൃതം, അമനസ്‌കം, ആത്മബോധം, ഗോരക്ഷഗീതാ, യോഗബീജം, ഗോരക്ഷപിഷ്ടികാ തുടങ്ങിയവ ഗോരക്ഷനാഥനുമായി ബന്ധപ്പെട്ടവയാണ്.
മത്സ്യേന്ദ്രസംഹിതാ, കൗളജ്ഞാനനിര്‍ണ്ണയം, കുലാനന്ദതന്ത്രം, ജ്ഞാനകാരികാ, അകുലവീരതന്ത്രം മുതലായവ മത്സ്യേന്ദ്രനാഥനുമായി ബന്ധപ്പട്ടതാണെന്നു കരുതുന്നു. സ്വാത്മാരാമന്റെ ഹഠയോഗപ്രദീപികാ, ഘേരണ്ഡസംഹിതാ, ശിവസംഹിതാ എന്നിവയും നാഥസമ്പ്രദായവുമായി ബന്ധപ്പെട്ട പ്രധാനഗ്രന്ഥങ്ങളാണ്. 
ഇവ കൂടാതെ നിരവധി ഉപനിഷദ്‌രൂപത്തിലുള്ള സാഹിത്യങ്ങളും കാണാം. നാദബിന്ദു, ധ്യാനബിന്ദു, തേജോബിന്ദു, യോഗതത്വ, യോഗചൂഡാമണി, യോഗശിഖാ, യോഗകുണ്ഡലീ, ഗോരക്ഷോപനിഷത്ത് തുടങ്ങിയ ഈ ഉപനിഷത്തുക്കള്‍ പില്‍ക്കാലനിര്‍മ്മിതികളാണെന്നു കരുതപ്പെടുന്നു. നാഥസൂത്രം, ശിവഗീതാ, ദത്താത്രേയകൃതമായ അവധൂതഗീതാ, ദത്താത്രേയസംഹിതാ, ശാബരതന്ത്രം, ശങ്കരാചാര്യരുടെ യോഗതാരാവലീ എന്നിവയും ഈ നാഥപഥവുമായി ബന്ധപ്പെട്ട കൃതികളാണ്. ഇവ കൂടാതെ ബംഗാളി, ഹിന്ദി, രാജസ്ഥാനി, നേപ്പാളി, ടിബറ്റന്‍ ഭാഷകളില്‍ നാടന്‍പാട്ടുകളായും മറ്റും ഒട്ടനവധി രചനകള്‍ വേറെയുമുണ്ട്.
ഇവയില്‍ സിദ്ധസിദ്ധാന്ത പദ്ധതിയുടെ ഉള്ളടക്കം എന്താണെന്നു നമുക്കു നോക്കാം. പിണ്‌ഡോല്‍പ്പത്തി, പിണ്ഡവിചാരം, പിണ്ഡസംവിത്തി, പിണ്ഡാധാരം, പിണ്ഡപദസമരസഭാവം, ശ്രീനിത്യപിണ്ഡാവധൂതലക്ഷണം എന്നിങ്ങനെ ആറ് ഉപദേശങ്ങള്‍ (അദ്ധ്യായങ്ങള്‍) ആയിട്ടാണ് വിഷയത്തെ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി സാങ്കേതികാര്‍ത്ഥങ്ങളടങ്ങുന്ന പദങ്ങള്‍ ഇതിലുടനീളം ഉണ്ട്. ഇവയില്‍ പലതും ആ പരമ്പരയില്‍ ദീക്ഷ സ്വീകരിച്ചു പ്രവേശിച്ചാല്‍ മാത്രമേ മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ കഴിയൂ. നാഥപഥവുമായി ശ്രീവിദ്യാസമ്പ്രദായത്തിന് അടുത്ത ബന്ധമുള്ളതിനാല്‍   ഈ സമ്പ്രദായത്തില്‍ പ്രവേശിച്ചവര്‍ക്ക് ഈ പദാവലി പരിചിതമായിരിക്കും. 
 ഒന്നാമത്തെ ഉപദേശത്തില്‍ ജഗദ്ഗുരുവും ശക്തിസഹിതനുമായ ആദിനാഥനെ നമിച്ച് ഗോരക്ഷാനാഥന്‍ സിദ്ധസിദ്ധാന്തപദ്ധതിയെ ഉപദേശിക്കുന്നു. അണ്ഡം (ജഗത്ത്, മാക്രോകോസം), പിണ്ഡം  (ജീവി, മനുഷ്യന്‍, മൈക്രോകോസം) എന്നിവയുടെ ഉല്‍പ്പത്തിക്രമം പറഞ്ഞു തുടങ്ങുന്നു. സത്യത്തില്‍ അണ്ഡപിണ്ഡങ്ങളുടെ ഉല്‍പ്പത്തി എന്ന ഒന്നില്ല (പരംതത്ത്വത്തിന്റെ തലത്തില്‍, സമാധി അവസ്ഥയില്‍, നിന്നു നോക്കുമ്പോള്‍). എങ്കിലും മാലോകര്‍ക്കു മനസ്സിലാകാന്‍, സത്സമ്പ്രദായം അനുസരിച്ച്, സിദ്ധമതത്തില്‍ (നാഥന്‍, യോഗി, സിദ്ധന്‍, അവധൂതന്‍ എന്നെല്ലാം ഈ സമ്പ്രദായികളെ വിളിച്ചുവരുന്നു) പ്രസിദ്ധങ്ങളായ പിണ്‌ഡോല്‍പ്പത്തി മുതലായവയെ വിവരിക്കുന്നു. ശങ്കരാചാര്യരുടെ ഗുരുവായ ഗോവിന്ദഭഗവത്പാദരുടെ ഗുരുവായ ഗൗഡപാദാചാര്യരുടെ അജാതവാദവുമായി നമുക്ക് ഇതിനെ തുലനം ചെയ്യാന്‍ കഴിയും. 
സൃഷ്ടിയുടെ തുടക്കത്തില്‍ കര്‍ത്താവില്ല, കാരണമില്ല, കുലമില്ല, അകുലമില്ല (കുലാകുലങ്ങള്‍ നാഥ, തന്ത്ര പഥങ്ങളിലെ സാങ്കേതികപദങ്ങളാണ്), അനാമാവായ (പേരില്ലാത്ത) പരബ്രഹ്മം മാത്രം  അവ്യക്തമായി നിലക്കൊണ്ടു. അനാദിയും അനന്തവുമായ ഈ ബ്രഹ്മത്തിന്റെ ധര്‍മ്മാധര്‍മ്മിണിയായ സ്വശക്തി (നിജശക്തി) ഇച്ഛാരൂപത്തില്‍ വെളിവായി. അതിന്റെ ഉന്മുഖത്വം വഴി പരാശക്തിയും, സ്പന്ദനം വഴി അപരാശക്തിയും ഉണ്ടായി. പിന്നെ അഹന്താര്‍ദ്ധമാത്ര (സാങ്കേതികപദം) കൊണ്ട് സൂക്ഷ്മശക്തിയും പിന്നെ കുണ്ഡലിനീശക്തിയും ഉണ്ടായി.
നിജശക്തിക്ക് നിത്യതാ, നിരഞ്ജനതാ, നിസ്പന്ദതാ, നിരാഭാസതാ, നിരുത്ഥാനതാ എന്നീ അഞ്ചു ഗുണങ്ങളുണ്ട്. പരാശക്തിയ്ക്ക് അസ്തിതാ, അപ്രമേയതാ, അഭിന്നതാ, അനന്തരതാ, അവ്യക്തതാ എന്നീ അഞ്ചു ഗുണങ്ങളും അപരാശക്തിയ്ക്ക് സ്ഫുരത്താ, സ്ഫുടതാ, സ്ഫാരതാ, സ്‌ഫോടതാ, സ്ഫൂര്‍ത്തിതാ എന്നീ അഞ്ചു ഗുണങ്ങളുമുണ്ട്. 
അതുപോലെ സൂക്ഷ്മശക്തിയ്ക്ക് നിരംശതാ, നിരന്തരതാ, നിശ്ചലതാ, നിശ്ചയതാ, നിര്‍വികല്‍പ്പതാ എന്ന അഞ്ചു ഗുണങ്ങളും കുണ്ഡലിനീ ശക്തിയ്ക്ക് പൂര്‍ണ്ണതാ, പ്രതിബിംബതാ, പ്രബലതാ, പ്രോച്ചലതാ, പ്രത്യങ്മുഖതാ എന്ന അഞ്ചു ഗുണങ്ങളും ഉണ്ട്. ഇപ്രകാരം ശക്തിതത്വത്തില്‍  (ശക്തിചക്രം- നിജാ, പരാ, അപരാ, സൂക്ഷ്മാ, കുണ്ഡലീ എന്ന അഞ്ച്) അയ്യഞ്ച് ഗുണങ്ങള്‍ (25) ചേര്‍ന്ന് പരപിണ്ഡം (ആദ്യപിണ്ഡം) ഉണ്ടായി.  
തുടര്‍ന്ന് ഇതുപോലെ അനാദ്യപിണ്ഡത്തെ വിവരിക്കുന്നു. അതിന് അപരമ്പരം, പരമം പദം, ശൂന്യം, നിരഞ്ജനം, പരമാത്മാ എന്ന അഞ്ച് തത്വങ്ങളുണ്ട്. അതില്‍ അപരമ്പരത്തില്‍ നിന്ന് സ്ഫുരത്തയും പരമപദത്തില്‍ നിന്ന് ഭാവനയും ശൂന്യത്തില്‍നിന്ന് സ്വസത്തയും നിരഞ്ജനതത്വത്തില്‍ നിന്നും സ്വസാക്ഷാല്‍ക്കാരവും പരമാത്മാവില്‍ നിന്നും പരമാത്മാവും ഉണ്ടായി.
 അകളങ്കത്വം, അനുപമത്വം, അപാരത്വം, അമൂര്‍ത്തത്വം, അനുദയത്വം എന്നീ അഞ്ചു ഗുണങ്ങള്‍ അപരമ്പരത്തിനും നിഷ്‌കളത്വം, അണുതരത്വം, അചലത്വം, അസംഖ്യത്വം, അപാരത്വം എന്ന പഞ്ചഗുണങ്ങള്‍ പരമംപദത്തിനും ലീലതാ, പൂര്‍ണ്ണതാ, ഉന്മനീ, ലോലതാ, മൂര്‍ച്ഛതാ എന്നിവ ശൂന്യത്തിനും സത്യത്വം, സഹജത്വം, സമരസത്വം, സാവധാനത്വം, സര്‍വഗതത്വം എന്നിവ നിരഞ്ജനത്തിനും അക്ഷയ്യത്വം, അഭേദ്യത്വം, അച്ഛേദ്യത്വം, അദാഹ്യത്വം, അവിനാശിത്വം എന്നീ അഞ്ചു ഗുണങ്ങള്‍ പരമാത്മാവിനും ഉണ്ട്. 
ഈ അനാദ്യത്തില്‍ നിന്നും പരമാനന്ദവും പരമാനന്ദത്തില്‍ നിന്നും പ്രബോധവും പ്രബോധത്തില്‍ നിന്നും ചിദുദയവും ചിദുദയത്തില്‍ നിന്നും പ്രകാശവും പ്രകാശത്തില്‍ നിന്നും സോഹംഭാവവും ഉണ്ടായി. പരമാനന്ദത്തിന് സ്പന്ദം, ഹര്‍ഷം, ഉത്സാഹം, നിസ്പന്ദം, നിത്യസുഖത്വം എന്ന പഞ്ചഗുണങ്ങള്‍, പ്രബോധത്തിന് ഉദയം, ഉല്ലാസം, അവഭാസം, വികാസം, പ്രഭാ എന്ന അഞ്ചെണ്ണം, ചിദുദയത്തിന് സദ്ഭാവം, വിചാരം, കര്‍തൃത്വം, ജ്ഞാതൃത്വം, സ്വതന്ത്രത്വം എന്നിവ, പ്രകാശത്തിന് നിര്‍വികാരത്വം, നിഷ്‌കളത്വം, നിര്‍വികല്‍പ്പത്വം, സമതാ, വിശ്രാന്തി എന്നീ അഞ്ച്, സോഹംഭാവത്തിന് അഹന്താ, അഖണ്‌ഡൈശ്വര്യം, സ്വാത്മതാ, വിശ്വാനുഭവസാമര്‍ത്ഥ്യം, സര്‍വജ്ഞത്വം എന്നീ പഞ്ചഗുണങ്ങള്‍. ഇങ്ങനെ ആദ്യപിണ്ഡത്തിന് അഞ്ചു തത്വങ്ങളും ഇരുപത്തിയഞ്ച് (പഞ്ചവിംശതി) ഗുണങ്ങളും.  
janmabhumi

No comments: