Wednesday, May 23, 2018

ജമ്മുവിലെ ശബരിമല എന്നു വിശേഷിപ്പിക്കാവുന്ന ക്ഷേത്രമാണ് വൈഷ്‌ണോദേവി. രണ്ടു ക്ഷേത്രങ്ങളേയും സംബന്ധിച്ച ഐതിഹ്യത്തിനു സമാനതകളുണ്ട്. പന്തളം രാജാവിന്റെ വളര്‍ത്തുമകനായി അവതരിച്ച് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനമേകിക്കൊണ്ടു വാണരുളുന്ന സ്വാമി അയ്യപ്പന്‍ ശിവന്റെയും വിഷ്ണുവിന്റെയും ചൈതന്യത്തിന്റെ ഒന്നുചേര്‍ന്ന ശക്തിയാണെന്നാണ് സങ്കല്‍പം. വൈഷ്‌ണോ ദേവിയാകട്ടെ ഭഗവതിയുടെ മൂന്നു ഭാവങ്ങളായ കാളിയുടേയും സരസ്വതിയുടേയും മഹാലക്ഷ്മിയുടേയും ചൈതന്യങ്ങള്‍ ഒത്തു ചേര്‍ന്ന രൂപമെന്നാണു വിശ്വാസം. അസുരനിഗ്രഹത്തിനിടയില്‍ ഇവര്‍ ഒരുമിച്ചു കണ്ടുമുട്ടിയെന്നും മൂവരുടേയും തേജസ്സ് ഒരുമിച്ചു ചേര്‍ത്തുവെന്നും വിശ്വാസം. ആ തേജസ്സില്‍ നിന്ന്  ഒരു അതിസന്ദരിയായ പെണ്‍കുട്ടി പിറന്നു. തന്റെ ജനനോദ്ദേശ്യമെന്ത് എന്ന ആ കുട്ടിയുടെ ചോദ്യത്തിന്, ഭക്തജന സംരക്ഷണം എന്നു ദേവിമാര്‍ മറുപടി നല്‍കി. നീ കാലക്രമത്തില്‍ വിഷ്ണുവിന്റെ തേജസ്സില്‍ ലയിക്കുമെന്ന് അനുഗ്രഹിച്ച ദേവിമാര്‍ അവളെ വൈഷ്ണവി എന്നു വിളിച്ചു. 
ധ്യാനത്തിലൂടെ സ്വയം തിരിച്ചറിയണമെന്നും ധര്‍മ സംരക്ഷണത്തിനും സജ്ജന സംരക്ഷണത്തിനുമായി ഭൂമിയില്‍ത്തന്നെ വാഴണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
അങ്ങനെ പിറന്ന വൈഷ്ണവി തപസ്സിനായാണ് ജമ്മുവിലെ ഇന്നത്തെ കത്രയിലെത്തിയത്. ആത്മചൈതന്യം തിരിച്ചറിഞ്ഞ് അവിടെ ആശ്രമം നിര്‍മിച്ചു തപസ്സിരുന്ന വൈഷ്ണവിയ്ക്ക് സിംഹവും കുരങ്ങുകളും കാവല്‍ നിന്നു. ഗുരു നിര്‍ദ്ദേശ പ്രകാരം അവിടെയെത്തിയ ശിഷ്യന്‍ ഭൈറോണ്‍ നാഥിന് അവളെ കണ്ട് മോഹം തോന്നി. പ്രണയാഭ്യര്‍ഥനയുമായി പിന്നാലെ കൂടിയ അയാളില്‍ നിന്നു രക്ഷ നേടാനായാണു വൈഷ്ണവി ആശ്രമം വിട്ടു മലമുകളിലെ ഗുഹയിലെത്തിയതത്രെ. പിന്തുടര്‍ന്നു വന്ന ഭൈറോണ്‍ നാഥിനെ ഗത്യന്തരമില്ലാതെ വൈഷ്ണവി തലയറുത്തു കൊന്നു. അതോടെ ബോധോദയമുണ്ടായ ഭൈറോണ്‍ നാഥ് മാപ്പ് അപേക്ഷിക്കുകയും അവിടത്തെ സാമീപ്യമുണ്ടാകാന്‍ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. കരുണ തോന്നിയ വൈഷ്ണവി, താന്‍ വസിക്കുന്ന ഗുഹയ്ക്കടുത്ത് തന്നെ ഇരിക്കാന്‍ അനുവാദം നല്‍കി. തന്നെ കാണാന്‍ വരുന്ന ഭക്തര്‍ നിന്നേയും വന്നു കണ്ടു വണങ്ങുമെന്ന് അനുഗ്രഹവും നല്‍കി. ഇന്ന് വൈഷ്‌ണോ ദേവീ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ഭൈറോണ്‍ നാഥിനേയും വണങ്ങിയേ മടങ്ങൂ. അതോടെ മാത്രമേ ദര്‍ശനം പൂര്‍ണമാകൂ എന്നാണു വിശ്വാസം.  സ്വാമി അയ്യപ്പനോടു യുദ്ധത്തില്‍ തോറ്റ വാവരോട് അയ്യപ്പന്‍ പറഞ്ഞതും ഇങ്ങനെയാണല്ലോ. തന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടനായി  ഭൈറോണ്‍ നാഥ് പിന്നാലെ കൂടിയതിന്‌റെ അനുഭവം കൊണ്ടാവാം ദേവി കരിങ്കല്ലിന്‌റെ രൂപത്തിലുള്ള ധ്യാനം സ്വീകരിച്ചത്. 
ജമ്മുകശ്മീരിലെ റേസി ജില്ലയില്‍ നിന്നാണ് വൈഷ്‌ണോ ദേവിയിലേയ്ക്കുള്ള റോപ്‌വെ തുടങ്ങുന്നത്. കര്‍ശനമായ സുരക്ഷ ഉറപ്പാക്കിയാണ്് റോപ്‌വെയുടെ നിര്‍മാണം.  
വൈഷ്‌ണോ ദേവിയില്‍ നിന്നു പിന്നെയും 1600 അടിയോളം ഉയരത്തിലുള്ള ഭൈറോണ്‍ നാഥ് ക്ഷേതത്തിലെ ദര്‍ശനവും ഇതോടെ കൂടുതല്‍ എളുപ്പമാകും. ഇപ്പോള്‍ അവിടേയ്ക്ക് എത്തുക ഏറെ ദുര്‍ഘടം പിടിച്ച പാതയിലൂടെ വേണം.
janmabhumi

No comments: