Wednesday, May 23, 2018

Ramayana.........5

പഴയകാലത്ത് അഗ്രയണം എന്നൊരേര്‍പ്പാടുണ്ട്.  പുത്തരി എന്നാണ് അതിന്റെ മലയാളം. ഭൂമിതരുന്ന ആദ്യത്തെ ധാന്യം പുത്തരി- പഴയകാലത്ത് ഇതിന് വലിയ പ്രാധാന്യമുണ്ട്. ഇത് വര്‍ഷത്തില്‍ ഒരു ദിവസം മാത്രമേ കഴിക്കാവൂ, പതിവായി കഴിയ്ക്കാവുന്നതല്ല. മൂന്നാല് മാസം പഴകിയ നെല്ലിന്റെ അരി മാത്രമേ വീടുകളില്‍ പണ്ട് ഉപയോഗിച്ചിരുന്നുള്ളു. പുന്നെല്ലിന്റെ അരി പ്രമേഹത്തിന്റെ സാധ്യത കൂട്ടുമെന്ന് ഏതൊരു അമ്മയ്ക്കും അറിയാമായിരുന്നു. കാറ്ററിങ്ങും ഹോട്ടലിയറിങ്ങും വന്നതോടുകൂടി അത് പൂര്‍ണ്ണായി മാറുകയും പാചകകലകള്‍ കച്ചവടത്തിന്റെ ഭാഗമായി പാചകകസര്‍ത്തും വാചകകസര്‍ത്തും അറിയുന്ന പെണ്ണുങ്ങള്‍ എഴുതിപിടിപ്പിച്ചതോടെ അറിവല്ലായ്മയായി മാറുകയും അവരുടെ പുസ്‌കതങ്ങളെ അവലംബിച്ച് ഹോംസയന്‍സ് ഒരു ഡിഗ്രിയായിമാറിയതോടുകൂടി സര്‍വ്വാത്മനാ സമൂഹം തകരുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലിരുന്നാണ് നാം സംസാരിക്കുന്നത്.
അഗ്രയണം ഒരു ആഹൂതിയാണ് തന്റെ സ്വാധിഷ്ഠാനഗതമായ അഗ്നിയെ ബാഹ്യമായി ജ്വലിപ്പിച്ച് ചെയ്യുമ്പോള്‍ അത് ബാഹ്യമായ അഗ്നിപൂജയും തന്റെ ഉള്ളിലാകുമ്പോള്‍ ‘അഗ്നേയ പ്രജാപതേ ഇദം നമമ’ എന്ന് തന്റെ ഉള്ളിലെ അഗ്നിയോട് പറയുന്നത് തന്റെ ദേഹരാകാശ സ്ഥിതമായ അഗ്നിയെ ജ്വലിപ്പിക്കുന്നതുമാകുമ്പോള്‍ ആന്തരിക അഗ്നിപൂജയുമാകുന്നു.  ഒന്ന് സമയാചാരത്തിന്റെയും മറ്റേത് കൗളാചാരത്തിന്റെയും രണ്ട് സങ്കേതങ്ങളാണ്. ദര്‍ശം പൗര്‍ണമാസം രണ്ട് ആഹൂതികളാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ ആപാദചൂഡമായ ജ്ഞാനമാണ് അവയൊക്കെ തരുന്നത്.  അതിഥിപൂജനം, ഒരു വലിയ കല്യാണമോ അടിയന്തരമോ സപ്താഹമോ അതുപോലുള്ളതായ ആഘോഷങ്ങള്‍ നടക്കുമ്പോള്‍, അതിനിടയില്‍ ആരാലും ക്ഷണിക്കപ്പെടാതെ മുന്നറിയിപ്പില്ലാതെ വരുന്ന ആരെങ്കിലുമുണ്ടെങ്കില്‍ മറ്റാരെക്കാളും പ്രാധാന്യത്തോടെ അയാളെ പൂജിയ്ക്കുന്ന പൂജയ്ക്കാണ് അതിഥിപൂജനം എന്ന് പറയുന്നത്. മുന്‍കൂട്ടിവരുമെന്ന് അറിഞ്ഞ വരെല്ലാം മനുഷ്യരാണ്. ഒരു ചടങ്ങിലേയ്ക്ക് മുന്നറിയിപ്പ് ലഭിക്കാതെ വരുന്നവനാരാണോ അവന്‍ യാഥൃശ്ചികനും ഈശ്വരനുമാണ്. പാശ്ചാത്യവും പൗരസ്ത്യവുമായ സംസ്‌കൃതികള്‍ക്കു തമ്മില്‍ എന്താണ് വിത്യാസമെന്നു ചോദിച്ചാല്‍ ഇതാണ്.വിളിക്കാതെ ചെല്ലുന്നവനെ സ്വീകരിക്കുന്ന, യാദൃശ്ചികനെ അംഗീകരിക്കുന്ന ഒരു മാനവസംസ്‌കൃതി ചന്ദ്രമണ്ഡലസ്ഥിതമായ കലയെപ്പൂജിക്കുന്നവരില്‍ പൂര്‍ണമാണ്.
അതിഥി -തിഥി അറിയിക്കാതെ വരുന്നവന്‍. അതിഥിയെ വര്‍ജിച്ചാല്‍ ആശാ, പ്രതീക്ഷാ, സംഗതം, സുനൃതം, ഇഷ്ടം, പൂര്‍ത്തം, പുത്രന്‍, പശു എല്ലാം പോകും ഇതാണ് ഈ സംസ്‌കൃതിയുടെ പഠനം. അതിഥിയെ വര്‍ജ്ജിച്ചാല്‍ ആശകള്‍ സഫലീകൃതങ്ങളാകില്ല. ലോകത്ത് ആരുടെയങ്കിലും ആശ സഫലീകൃതമാകുന്നുവെങ്കില്‍ അതിഥിപൂജനംകൊണ്ടാണ്. സംഗതമായത്, കൈയ്യില്‍ കിട്ടിയത് നഷ്ടപ്പെടാതിരിക്കുന്നത് അതിഥിപൂജനംകൊണ്ടാണ്. നല്ലവാക്ക് അതിഥിപൂജനംകൊണ്ടാണ്. ചിലര്‍ എത്രനന്നായി പറയണമെന്ന് പ്രതീക്ഷിച്ച് പോയാലും വാക്ക് നന്നായിരിക്കില്ല. ചിലര്‍ എത്ര മോശമായി പറയാന്‍ തുടങ്ങിയാലും വാക്ക് നന്നായിരിക്കും. ചിലര്‍ ചെയ്യുന്ന യജ്ഞങ്ങളും യാഗങ്ങളും ഉത്തമമായിരിക്കുന്നത് അതിഥിപൂജനംകൊണ്ടാണ്. പുത്രന്‍ ഒരുപാട് സ്വത്തൊക്കെ സംമ്പാദിച്ചിട്ട് മകനോ മകള്‍ക്കോ തനിക്കുതന്നെയോ കുട്ടികളില്ലാതിരിക്കുന്നു. മരുന്നെല്ലാം വാങ്ങിച്ചു കഴിക്കുന്ന നേരത്ത് അതിഥിപൂജനംകൊണ്ട് അതിഥിപൂജനംകൊണ്ട് അത് സഫലമാകും. സമ്പത്തും പശുവുമെല്ലാമുണ്ടാകും എന്നാണ് ഈ സംസ്‌കൃതി പറയുന്നത്.  അതുകൊണ്ട് ദര്‍ശം, പൗര്‍ണമാസം, അഗ്രയണം അതിഥിപൂജനം.
അതിലൊക്കെ പ്രധാനമാണ് മനസ്സ് കാമനകളിലേയ്ക്ക് പോകാന്‍ വെമ്പല്‍കൊള്ളുന്ന ഒരു കാലമായ നാലുമാസക്കാലം വൃതമനുഷ്ഠിക്കുന്നത്. മനസ്സിനെപിടിച്ചു നിറുത്തുക.  ഇന്ന് നിങ്ങള്‍ കഴിക്കാനുള്ളത് വാങ്ങണമെങ്കിലും ഉടുക്കാനുള്ളത് വാങ്ങണമെങ്കിലും നിങ്ങളുടെ നിത്യജീവിതത്തില്‍ ആവശ്യമുള്ളതെന്ത് വാങ്ങണമെങ്കിലും ആവശ്യംവേണ്ട വസ്തുവിനെനോക്കിയല്ല നിങ്ങള്‍ വാങ്ങുന്നത.് നിങ്ങള്‍ മയങ്ങിവീണിട്ടാണ് വാങ്ങുന്നത്. അതും ലൈംഗികചോദനയില്‍ മയങ്ങിവീണ ഒരു രാജ്യത്തിന്റെ സ്വത്വം, റേഡിയോമാംഗോ നിങ്ങള്‍ എടുക്കുന്നതും ചാനലുകളെ നിങ്ങള്‍ വീട്ടിലേയ്ക്ക് കൊണ്ടുവരുന്നതും തന്തയും തള്ളയും മക്കളും വികലലൈംഗികതയില്‍ മുഴുകിയാകുമ്പോള്‍ നിങ്ങളുടെ സംസ്‌ക്കാരം ഒരു ശവസംസ്‌ക്കാരത്തെക്കാള്‍ മോശമല്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങളെ ഇത് കാണിച്ചാല്‍ വാങ്ങക്കത്തവിധം വിവരമില്ലാത്തവരാണ് ഈ രാജ്യക്കാര്‍ എന്ന് കച്ചവടക്കാര്‍ ധരിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ നിങ്ങളുടെ ബൗധിക സര്‍ജ്ജനത്തിനുമേല്‍ അവന്റെ നിയന്ത്രണം എത്രയാണ്.പണ്ടുള്ളവര്‍ ഇങ്ങനെ വാങ്ങില്ല അവര്‍ അതിന്റെ സ്റ്റഫ് നോക്കിയേ വാങ്ങു. ഇരുപതും ഇരുപത്തഞ്ചും കൊല്ലത്തെ വിദ്യാഭ്യാസംകൊണ്ട് നിങ്ങളെ കളിപ്പിക്കാവുന്ന തലത്തിലെത്തിച്ചിരിക്കുന്നു നിങ്ങളുടെ ഭരണാധികാരികളും, വിദ്യാഭ്യാസ വിചക്ഷണന്മാരും, ആക്ടിവിസ്റ്റുകളും മതങ്ങളും ജാതികളും, എന്നിട്ട് നിങ്ങളുടെ അഭിമാനവും പൊങ്ങച്ചവും അതിനേക്കാളൊക്കെ മുകളില്‍ മനുഷ്യമനസ്സിനെ സര്‍ജ്ജനപ്രക്രിയയുടെ ഊര്‍ജതന്ത്രങ്ങളിലിരിക്കുന്ന ലൈംഗികഊര്‍ജത്തെ സമുജ്ജ്വലമായ തപസ്സിന്റെ ഭാവഹാവാദികളില്‍ വച്ച് രസത്തില്‍ ശൃംഗമായ ശൃംഗാരത്തിലൂടെ സമുജ്ജ്വലിപ്പിച്ച് ആനന്ദപൂര്‍വ്വകമായികൊണ്ടുപോകുന്ന തപസ്സിന്റെ അനവദ്യസുന്ദരലോകങ്ങള്‍ ചാതുര്‍മാസ്യത്തിലുണ്ട്. ഗുരുപൂര്‍ണിമയിലാരംഭിച്ച് മണ്ഡലകാലത്തിലവസാനിപ്പിക്കുന്ന നാലുമാസം ഗൃഹസ്ഥനും ബ്രഹ്മചാരിയ്ക്കും വാനപ്രസ്ഥനും സന്ന്യാസിക്കും ഒരുപോലെ പഥ്യവും ആവശ്യവുമായ ചാതുര്‍മാസ്യം . ഏതുമതത്തിന്റെയും വ്രതമാസം ഈ കാലഘട്ടത്തിലാണ്. വ്രതമാസത്തിന്റെ സമുജ്ജ്വലമായ സംയോജനത്തിന് കാലമാണ് കാരണം. മനുഷ്യമനസ്സിനെ ഈ കാലത്ത് നിയന്ത്രിച്ചാല്‍ നിയന്ത്രിക്കാം. സര്‍ജ്ജനപ്രക്രിയയുടെ ആദിതാളങ്ങളില്‍ തപസ്സിനെ കയറ്റിവയ്ക്കണം. സര്‍ജ്ജനപ്രക്രിയയെന്നാല്‍ സൃഷ്ടിപ്രക്രിയ ഒന്ന് സൃഷ്ടമാകുന്നത് അതിന്റെ ചേര്‍ച്ചയിലാണ്. ഏത് സൃഷ്ടമാകുന്നതിനും അതിന്റെ ബീജത്തില്‍ തപസ്സുണ്ടാകണം.  ആ ചാതുര്‍മാസആചരണത്തിന്റെ ഭാഗമായി ഭാരതീയര്‍ അനുഷ്ഠിച്ചുപോന്ന അനുഷ്ഠാനത്തെ ചാതുര്‍മാസ്യ ആരംഭത്തിലെ കര്‍ക്കിടകത്തിലെയ്ക്ക് കൊണ്ടുവന്ന് കര്‍ക്കിടകത്തില്‍ ഒരു സാമൂഹിക ആചാരമായതാണ് നിങ്ങള്‍ ഇന്ന് രാമായണമാസം ആരംഭിക്കാന്‍ കാരണം. അല്ലാതെ രാമന്‍ കര്‍ക്കിടകത്തില്‍ ജനിച്ചതുകൊണ്ടല്ല. ലഗ്നമാണ് കര്‍ക്കിടകം..
swami nirmalanandaji

No comments: