Wednesday, May 23, 2018

Kenopanishad 09
ശിഷ്യന്റെ അതിഗഹനമായ ചോദ്യം അതേ ഗൗരവത്തോടെ ഏതോ തലത്തില്‍ നിന്ന്‌ ശിഷ്യനു ഗുരു വിസ്‌തരിച്ചു മറുപടി നല്‍കുന്നു. പലപ്പോഴും ചോദ്യം സരളമാണല്ലൊ എന്നു തോന്നാം. അതേ സമയം ഉത്തരം കഠിനമായും, പിടികിട്ടാന്‍ പ്രയാസമുള്ളതായും തോന്നാം. ഏതായാലും നമ്മള്‍ക്കു ശ്രദ്ധിച്ചിരിക്കാം.
സാധാരണ ഗതിയില്‍ നമ്മുടെ ചോദ്യങ്ങള്‍ ഋജുവായിട്ടുള്ളതാണ്‌. അതിനു കൃത്യമായിട്ടുള്ള മറുപടിയുമുണ്ട്‌. ആ ഉത്തരത്തിനപ്പുറത്തേക്കു സാമാന്യമായി പറഞ്ഞാല്‍ നമ്മള്‍ക്കു സഞ്ചരിക്കേണ്ടതില്ല. ഉദാഹരണമായി , ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതെപ്പോഴാണ്‌? 1947 ആഗസ്റ്റ്‌ 15 -ാം തീയ്യതി. നമ്മളെ സംബന്ധിച്ചിടത്തോളം ചോദ്യവും ഉത്തരവും അവിടെ കഴിയുന്നു.എന്നാല്‍ ഉപനിഷത്തിന്റെ രീതി വേറൊന്നാണ്‌. ഇവിടെ ശിഷ്യന്റെ ചോദ്യം മനസ്സും വാക്കുകളും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത്‌ ആരുടെ പ്രേരണക്കൊണ്ടാണ്‌ എന്നാണ്‌. അതിനു മറുപടിയായി ഗുരു പുതിയൊരു വാക്ക്‌ അവതരിപ്പിക്കുന്നു. അതിന്റെ അനുഗ്രഹംക്കൊണ്ട്‌ മാത്രമാണ്‌ സര്‍വ്വതും പ്രവര്‍ത്തനക്ഷമ മാകുന്നതെന്നു പറഞ്ഞാല്‍ നമ്മളെ സംബന്ധിച്ചിടത്തോളം ഉത്തരമായി. എന്നാല്‍ ഗുരുവിനറിയാം അങ്ങനെ ഒറ്റവാക്കില്‍ ഉത്തരം നല്‍കാനാവില്ല. താന്‍ മറുപടി നല്‍കുന്നത്‌ അവന്റെ തലത്തില്‍ നിന്നുക്കൊണ്ടുതന്നെയാകണം.
ഇനിയുള്ള യാത്ര മനസ്സിനപ്പുറത്തേക്കാണ്‌. മനസ്സിനു അതിന്റേതായ പരിമിതികളുണ്ട്‌. അത്‌ നമ്മെ തുടര്‍ന്നുള്ള വരികള്‍ ബോദ്ധ്യപ്പെടുത്തും.
ശ്രോത്രസ്യ ശ്രോത്രം മനസോ മനോ യദ്‌
വാചോ ഹ വാചം സ ഉ പ്രാണസ്യ പ്രാണഃ
ചക്ഷുഷ ശ്ചക്ഷുരതി മുച്യ ധീരാഃ
പ്രേത്യാസ്‌മാ ല്ലോകാദമൃതാ ഭവന്തി.
ശ്രോത്രസ്യ ശ്രോത്രം- കാതിന്റെ കാത്‌. കാതിന്റെ കാതുക്കൊണ്ടാണ്‌ നമ്മള്‍ കേള്‍ക്കുന്നത്‌. മനസോ മനോ യദ്‌- മനസ്സിന്റെ മനസ്സ്‌. മനസ്സിന്റെ മനസ്സുക്കൊണ്ടാണ്‌ നമ്മള്‍ മനനം ചെയ്യുന്നത്‌. അത്‌ യാതൊന്നാണൊ അതുതന്നെയാണ്‌ വാക്കിന്റെ വാക്ക്‌....... വാചോഹവാചം. സ ഉ പ്രാണസ്യ പ്രാണഃ അതു തന്നെയാണ്‌ പ്രാണന്റെ പ്രാണനും. പ്രാണനെ പ്രവര്‍ത്തിപ്പിക്കുന്നത്‌ പ്രാണന്റെ പ്രാണനാണ്‌. കണ്ണിന്റെ കണ്ണുക്കൊണ്ടാണ്‌ കണ്ണു കാണുന്നത്‌. അതിമുച്യ ധീര- ധീരന്‍മാര്‍ അതിനെ അതിവര്‍ത്തിക്കുന്നു. പ്രേത്യാസ്‌മല്ലോകാദമൃതാ ഭവന്തി- ഈ ലോകം വിട്ട്‌ അമൃതിന്റെ, മരണമില്ലാത്ത ലോകത്തിലേക്കു അവര്‍ പ്രവേശിക്കുന്നു.
നമ്മള്‍ ശീലിച്ചു വന്നീട്ടുള്ള സമ്പ്രദായത്തില്‍ നിന്നും തീര്‍ത്തും വിഭിന്നമാണ്‌ ഉപനിഷത്തിന്റെ രീതി. ശിഷ്യനു കൃത്യമായി ഗുരു ഒരു ഉത്തരം നല്‍കുന്നില്ല. അങ്ങനെ അറത്തു മുറിച്ചൊരു ഉത്തരം ചോദ്യത്തിനില്ല താനും. ഗുരു പറഞ്ഞുകൊടുക്കുന്നതെന്തോ അത്‌ ശിഷ്യന്റെ മനസ്സില്‍ സംഭവിക്കണം. അതുക്കൊണ്ടാണ്‌ ആരംഭത്തില്‍ തന്നെയുള്ള ശാന്തി മന്ത്രം. njanmanu

No comments: