ജനകീയവേദമാണ് രാമായണം: സ്വാമി അദ്ധ്യാത്മാനന്ദ
Tuesday 16 May 2017 10:09 pm IST
കോഴിക്കോട്: മനുഷ്യനെ അമൃതാനന്ദ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുകയെന്നതാണ് ഉപനിഷത്തുക്കളുടെ ലക്ഷ്യമെന്ന് സ്വാമി അദ്ധ്യാത്മാനന്ദ പറഞ്ഞു. വാത്മികി രാമായണപ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം ഉപനിഷത്തില്‍ പ്രതിപാദിതമായ യോഗ പാത സവിസ്തരം പരിചയപ്പെടുത്തുന്ന ജനകീയവേദമാണ് രാമായണം. രാമായണ ധര്‍മ്മം ആവോളം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞാല്‍ ആയുസ്സും, ആരോഗ്യവും, കീര്‍ത്തിയും,സുഖവും ഉണ്ടാവും. ധര്‍മ്മാധിഷ്ഠിതമല്ലാത്ത ഉത്പാദനവും, പരസ്യവും, വിഷയഭോഗവും , ലോഭ ചിന്തയുണര്‍ത്തി, അധികാര ക്കൊതി വളര്‍ത്തി കലഹങ്ങളിലേക്കും യുദ്ധങ്ങളിലേക്കും മാനവരാശിയെ നയിക്കും. അന്ധമായ ഭോഗാവേശത്തെ നിയന്ത്രിച്ച് യോഗജീവിതം ഉള്‍ക്കൊള്ളാന്‍ രാമായണം ആഹ്വാനം ചെയ്യുന്നു. ജീവന്റെ മിത്രമായ ഈശ്വരനുമായി ചേര്‍ന്ന് വര്‍ത്തിക്കാന്‍ സഹായിക്കുന്ന സാഹിത്യ കൃതിയാണ് രാമായണ ഇതിഹാസം. ഓരോ വ്യക്തിയും അവരവരില്‍ നിന്നും അതുവഴി ഈശ്വരനില്‍ നിന്നും അകന്നുപോവുന്നുവെന്നതാണ് ഇന്നത്തെ അലോസരങ്ങള്‍ക്കു പ്രധാന കാരണം. വാത്മീകി രാമായണം ശാശ്വതമൂല്യ രത്‌നങ്ങള്‍ നിറഞ്ഞ കഥാസാഗരമാണ്. ശിഷ്യ ഗുണങ്ങള്‍ വേണ്ടുവോളം സ്വന്തമാക്കിയ വാത്മീകി മഹര്‍ഷി ആശ്രമത്തില്‍ എത്തിച്ചേര്‍ന്ന സദ്ഗുരു നാരദരോട് യുക്ത പുരുഷനെക്കുറിച്ച് അന്വേഷിക്കുന്നതാണ് രാമായണത്തിലെ ആദ്യ രംഗം. ഏകാഗ്രതയും, ദൂരക്കാഴ്ചയും, സാഹിത്യവാസനയും, വിനയവും ഒക്കെ വാത്മീകിക്കുണ്ടായിരുന്നു. സനത് കുമാര ശിഷ്യനായ നാരദരും സകലകലാവല്ലഭനും, ത്രിലോക സഞ്ചാരിയും, ജ്ഞാനിയും ആയിരുന്നു. നാരദ വാല്‍മീകി സംവാദം ലോകോപകാരപ്രദമായ ഒരു കൃതിക്ക് അരങ്ങൊരുക്കി അദ്ദേഹം പറഞ്ഞു.
No comments:
Post a Comment