ലോകത്തില്‍ നാം കാണുന്ന സകലകര്‍മ്മങ്ങളും, മനുഷ്യസമുദായത്തിലെ സകലപ്രസ്ഥാനങ്ങളും, നമുക്കു ചുറ്റുമുള്ള സകല പ്രവര്‍ത്തനങ്ങളും, വിചാരത്തിന്റെ ബാഹ്യപ്രകടനം അഥവാ മനുഷ്യന്റെ ഇച്ഛാശക്തിയുടെ ബഹിര്‍പ്രകാശനം മാത്രമാകുന്നു. യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍, കപ്പലുകള്‍, പടക്കപ്പലുകള്‍ ഇവയെല്ലാം ഇച്ഛാശക്തിയുടെ മൂര്‍ത്തരൂപങ്ങളല്ലാതെ മറ്റൊന്നുമല്ല. ഈ ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നതു സ്വഭാവമാകുന്നു: സ്വഭാവത്തെ കര്‍മ്മവും. കര്‍മ്മം ഏതുപോലെയോ അതുപോലെയായിരിക്കും ഇച്ഛാശക്തിയുടെ പ്രകാശനവും. മഹത്തായ ഇച്ഛാശക്തിയോടുകൂടി ലോകത്തില്‍ ഉണ്ടായിട്ടുള്ളവരെല്ലാം വലിയ കര്‍മ്മികളായിരുന്നു: ലോകങ്ങളെ ഇളക്കി മറിക്കുവാന്‍ തക്ക ഇച്ഛാശക്തിയോടുകൂടിയ ആ ഗംഭീരാത്മാക്കള്‍ക്ക് അങ്ങനെയുള്ള ഇച്ഛാശക്തി, അവര്‍ അനേകം ജന്മങ്ങളിലൂടെ നിശ്ചയദാര്‍ഢ്യത്തോടെ ചെയ്ത നിരന്തരകര്‍മ്മങ്ങളുടെ ഫലമായി, സിദ്ധിച്ചതാണ്. ബുദ്ധനോ ക്രിസ്തുവിനോ ഉണ്ടായിരുന്നതുപോലുള്ള ഗംഭീരമനശ്ശക്തി ഒരു ജന്മംകൊണ്ടു സമ്പാദിക്കാവുന്നതല്ല: എന്തെന്നാല്‍ അവരുടെ പിതാക്കന്മാര്‍ ആരായിരുന്നു എന്ന് നമുക്ക് അറിവുണ്ട്. മനുഷ്യസമുദായത്തിന്റെ നന്മയ്ക്കായി ഒരിക്കലെങ്കിലും ഒരു വാക്ക് ആ പിതാക്കന്മാര്‍ പറഞ്ഞതായി അറിവില്ല. ജോസഫിനെപ്പോലെ എത്രയോ ലക്ഷം ആശാരിമാര്‍ മുമ്പുണ്ടായിരുന്നു, എത്രയോ ലക്ഷം ഇപ്പോഴുമുണ്ട്. ബുദ്ധന്റെ പിതാവിനെപ്പോലുള്ള എത്രയോ ലക്ഷം ചെറിയ രാജാക്കന്മാര്‍ ലോകത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ബുദ്ധനെപ്പോലുള്ളവരുടെ ശക്തികള്‍ പാരമ്പര്യേണ സിദ്ധിച്ചതാണെന്നു പറയാമെന്നുവെച്ചാല്‍, ഒരു പക്ഷേ, സ്വന്തം ഭൃത്യന്മാര്‍പോലും വകവെച്ചിട്ടില്ലാത്ത ആ ചെറിയ രാജാവ് ലോകത്തിലെ പകുതി ജനങ്ങളുടെ ആരാധനാപാത്രമായ ഒരു പുത്രനെ ജനിപ്പിച്ചതെങ്ങനെ? ആ ആശാരിക്കും, അനേകലക്ഷം ജനങ്ങള്‍ ഈശ്വരനായാരാധിക്കുന്ന അയാളുടെ പുത്രനും തമ്മിലുള്ള വിപുലമായ അന്തരത്തിനെന്തു കാരണം? പാരമ്പര്യസിദ്ധാന്തംകൊണ്ട് ഇവയ്ക്കു തൃപ്തികരമായ സമാധാനം നല്കാവുന്നതല്ല. ബുദ്ധനും യേശുവും ലോകത്തിന്റെമേല്‍ ക്ഷേപിച്ച ഗംഭീരമനശ്ശക്തി എവിടെ നിന്നു വന്നു? ഈ ശക്തിസമാഹാരം എവിടെനിന്നുണ്ടായി? അതു പണ്ടുപണ്ടേ ഉണ്ടായിരുന്നിരിക്കണം: പല യുഗങ്ങളില്‍ക്കൂടി വളര്‍ന്നു വളര്‍ന്ന് ഒടുവില്‍ ഒരു ബുദ്ധന്റെയോ ക്രിസ്തുവിന്റെയോ രൂപത്തില്‍ ലോകത്തു പെട്ടെന്നു വെളിപ്പെട്ടു: അത് ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം കര്‍മ്മത്താല്‍ നിര്‍ണ്ണയിക്കപ്പെടുന്നു. സ്വന്തം അദ്ധ്വാനം കൊണ്ടു സമ്പാദിക്കുന്നതല്ലാതെ യാതൊന്നും ആര്‍ക്കും ലഭിക്കുകയില്ല. ഇതൊരു ശാശ്വതമായ നിയമമാകുന്നു. ഇത് അങ്ങനെയല്ലെന്ന് ചിലപ്പോള്‍ തോന്നും: എന്നാല്‍ കാലാന്തരത്തില്‍ അതിന്റെ യാഥാര്‍ത്ഥ്യം നമുക്കു ബോദ്ധ്യപ്പെടും. ധനത്തിനുവേണ്ടി ഒരാള്‍ ജീവിത കാലം മുഴുവന്‍ യത്‌നിച്ചിരിക്കാം. അയാള്‍ അതിനുവേണ്ടി അനേകായിരം പേരെ വഞ്ചിച്ചിരിക്കാം: എന്നാല്‍ തനിക്ക് ധനികനാകാനുള്ള അര്‍ഹത ഇല്ല എന്ന് ഒടുവില്‍ അയാള്‍ അറിയുന്നു. അയാള്‍ക്ക് ജീവിതം ഒരു ബുദ്ധിമുട്ടും ശല്യവുമായി പരിണമിക്കുകയും ചെയ്യുന്നു. ശാരീരിക സുഖങ്ങള്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ സമ്പാദിച്ചുകൂട്ടിക്കൊണ്ടിരിക്കാന്‍ നമുക്കു കഴിഞ്ഞേയ്ക്കാം: എന്നാല്‍ നാം നേടിയതേ യഥാര്‍ത്ഥത്തില്‍ നമ്മുടേതാകയുള്ളു. ഒരു മഠയന്‍ ലോകത്തിലുള്ള സകല പുസ്തകങ്ങളും വിലയ്ക്കു വാങ്ങി തന്റെ ഗ്രന്ഥശാലയില്‍ ശേഖരിച്ചു എന്നു വരാം: പക്ഷേ, വായിക്കാനര്‍ഹതയുള്ളവ മാത്രമേ അയാള്‍ക്കു വായിക്കാന്‍ സാധിക്കയുള്ളു. ഈ അര്‍ഹതയാകട്ടെ കര്‍മ്മം കൊണ്ടാണ് സിദ്ധിക്കേണ്ടത്. നമുക്ക് എന്തിനെല്ലാം അര്‍ഹതയുണ്ടെന്നും നമുക്ക് എന്തെല്ലാം ദഹിക്കുമെന്നും നിര്‍ണ്ണയിക്കുന്നത് നമ്മുടെ കര്‍മ്മങ്ങളാകുന്നു. നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്കുത്തരവാദി നാംതന്നെ. മേലില്‍ ഏതവസ്ഥയില്‍ ആകണമെന്ന് നാം ആഗ്രഹിക്കുന്നുവോ, ആ അവസ്ഥയിലാകുവാനുള്ള ശക്തിയും നമുക്കുണ്ട്. നമ്മുടെ ഇന്നത്തെ അവസ്ഥ സ്വന്തം പൂര്‍വ്വകര്‍മ്മങ്ങളുടെ ഫലമാണെങ്കില്‍, ഭാവിയില്‍ നാം ആഗ്രഹിക്കുന്നവിധമുള്ള ഏതവസ്ഥയും നമ്മുടെ ഇപ്പോഴത്തെ കര്‍മ്മങ്ങള്‍കൊണ്ടു വരുത്താവുന്നതാണെന്നും അതില്‍നിന്നു സിദ്ധിക്കുന്നു. അതുകൊണ്ട് കര്‍മ്മം ചെയ്യേണ്ടത് എങ്ങനെ എന്നറിയേണ്ടതാവശ്യം. 'കര്‍മ്മം ചെയ്യാന്‍ പഠിക്കാനെന്തുണ്ട്? ലോകത്തിലുള്ള സകലരും ഏതെങ്കിലും ഒരു വിധത്തില്‍ കര്‍മ്മം ചെയ്യുന്നുണ്ടല്ലോ,' എന്ന് നിങ്ങള്‍ പറയുമായിരിക്കും. എന്നാല്‍ നമ്മുടെ ശക്തികളെ ചിന്നിച്ചിതറിക്കളയുക എന്നൊന്നുണ്ട്. അങ്ങനെ സംഭവിക്കാതെ, സാമര്‍ത്ഥ്യത്തോടുകൂടി ശാസ്ത്രീയ രീതിയില്‍ കര്‍മ്മം ചെയ്യുന്നതിനാണ് കര്‍മ്മയോഗം എന്ന് ഗീത പറയുന്നത്. കര്‍മ്മത്തിന്റെ വഴിയറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനാല്‍ മാത്രം ഒരുവന് അതില്‍നിന്നുള്ള പരമാവധി ഫലം സിദ്ധിക്കുന്നു. മനസ്സിനു സ്വതഃസിദ്ധമായിട്ടുള്ള ശക്തികളെ ആവിഷ്‌കരിക്കുക, ആത്മാവിനെ ഉണര്‍ത്തുക, എന്നുള്ളതാണ് സകലകര്‍മ്മങ്ങളുടേയും ഉദ്ദേശ്യം എന്ന് ഓര്‍മ്മിക്കണം. ശക്തി ഓരോ മനുഷ്യനിലും ഉണ്ട്. ജ്ഞാനവും ഉണ്ട്. അവയെ പുറത്തേയ്ക്കു കൊണ്ടുവരാനുള്ള ആഘാതങ്ങളെപ്പോലെയാകുന്നു വിവിധതരത്തിലുള്ള കര്‍മ്മങ്ങള്‍: ആ ഗംഭീരന്മാരെ തട്ടിയുണര്‍ത്തുകയാകുന്നു കര്‍മ്മം ചെയ്യുന്നത്.
Swami vivekanandan
Swami vivekanandan
No comments:
Post a Comment