Friday, September 21, 2018

അക്രൂരന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
അല്ലയോ നാരായണാ, അവിടേയ്ക്ക്‌ നമസ്കാരം. എല്ലാ കാരണങ്ങള്‍ക്കും കാരണഭൂതമായ അഹേതുകഹേതുവായ അങ്ങില്‍ നിന്നത്രെ സര്‍വ്വഭൂതങ്ങളും അവയുടെ കാരണങ്ങളും ഉദ്ഭൂതമായിട്ടുളളത്‌. പരിണമിച്ചുണ്ടായ ഒന്നിനും അവിടുത്തെ അറിയുക സാദ്ധ്യമല്ല തന്നെ. എങ്കിലും ചില യോഗിവര്യന്മാര്‍ അവിടുത്തെ ധര്‍മ്മശാസ്ത്ര വിധിപ്രകാരമുളള കര്‍മ്മാദികളാല്‍ പൂജിക്കുന്നു. മറ്റു ചിലര്‍ സ്വയം കര്‍മ്മാഭിമാനം ഉപേക്ഷിച്ച്‌ അവിടുത്തെ ശുദ്ധബോധസ്വരൂപമായി ആരാധിച്ച്‌ ജ്ഞാനയജ്ഞത്തില്‍ ഏര്‍പ്പെടുന്നു. (ജ്ഞാനയജ്ഞത്തില്‍ ജ്ഞാനസ്വരൂപത്തെ ജ്ഞാനത്താല്‍ തന്നെ പൂജിച്ചു ധ്യാനിക്കുന്നു). ചിലര്‍ അവിടുത്തെ മാത്രം രൂപത്തെയോ നാനാരൂപങ്ങളെയോ പൂജിക്കുന്നു. പലേ ഗുരുവരന്മാരും അരുളിചെയ്തപോലെ അങ്ങയെ ചിലര്‍ ശിവനായി ആരാധിക്കുന്നു. എന്നാല്‍ എല്ലാവരും അവിടുത്തെത്തന്നെയാണ്‌ പൂജിക്കുന്നത്‌. കാരണം എല്ലാ ദിവ്യതയും അവിടുത്തെ തന്നെ വിവിധ ഭാവങ്ങളത്രെ. പര്‍വ്വതങ്ങളില്‍ പലേടത്തായി ഉദ്‍ഭവിച്ച്‌ താഴ്‌വാരങ്ങളിലൂടെയൊഴുകി സമുദ്രത്തിലാണല്ലോ നദികളെല്ലാം എത്തിച്ചേരുന്നത്‌. സമുദ്രത്തിലൊന്നായിച്ചേരുന്ന നദികള്‍പോലെ വിവിധ മാര്‍ഗ്ഗങ്ങളില്‍ പൂജിച്ചെന്നാലും എല്ലാം അവിടേയ്ക്കു തന്നെ എത്തിച്ചേരുന്നു.

No comments: