Saturday, September 22, 2018

ഒരു പ്ലാവിന്റെ തടിയില്‍ ചക്ക സൂക്ഷ്മരൂപേണ സ്ഥിതിചെയ്യുന്നു. മാവിന്റെ തടിയില്‍ മാങ്ങ സൂക്ഷ്മരൂപേണ സ്ഥിതി ചെയ്യുന്നു. മാവിന്റെയോ പ്ലാവിന്റെയോ വിറക്‍ കത്തിച്ച്‍ ആഹാരം പാകം ചെയ്താല്‍, മാങ്ങയും ചക്കയുമൊക്കെ സൂക്ഷ്മരൂപത്തില്‍ ആ അന്നത്തില്‍ സന്നിവേശിയ്ക്കുന്നു.
വിറക്‌ കത്തിയ്ക്കുമ്പോളുണ്ടാകുന്ന അഗ്നിയിലെ കറുത്ത പുക, അന്നമാണ്‌. ചക്കയോ മാങ്ങയോ അല്ലെങ്കില്‍ ഏത്‍ വിറകാണോ കത്തിക്കുന്നത്‍ ആ അഗ്നിയിലെ കറുത്ത പുക അതിന്റെ ബീജമാണ്‌. വിറക്‌ കത്തിക്കുമ്പോഴത്തെ പുക ശ്വസിക്കുമ്പോള്‍ അതാത്‍ കായയോ പഴമോ ആഹരിച്ചതിനു സമമായി വരുന്നു. അന്നം പാകപ്പെടുമ്പോഴുണ്ടാകുന്ന ആവിയ്ക്ക്‍ ആ അന്നത്തിന്റെ ഗന്ധമുണ്ടാകുന്നു, അത്‍ അടുക്കള മുഴുവന്‍ വ്യാപിയ്ക്കുകയും ചെയ്യുന്നു. ആ ഗന്ധം ശ്വസിയ്ക്കുമ്പോള്‍ത്തന്നെ ആ അന്നം ആഹരിച്ചുകഴിഞ്ഞു.
വെച്ചുണ്ടാക്കുന്ന അന്നത്തിന്റെ, പല തരത്തിലുള്ള കറികളുടെയൊക്കെ ഗന്ധം ശ്വസിക്കുന്നതോടെ അതിലുള്ളതൊക്കെ ആഹരിച്ചു കഴിഞ്ഞ പ്രതീതിയുണ്ടാകുന്നു. അടുക്കളയില്‍ പണിയെടുക്കുന്ന അമ്മമാര്‍ പറയും, അതൊക്കെ വെച്ച്‍ ഉണ്ടാക്കിയപ്പോഴയ്ക്ക്‍ തന്നെ വിശപ്പൊക്കെ പോയീ, എന്ന്‍. അതിന്റെ സത്യം മുകളില്‍ സൂചിപ്പിച്ചതാണ്‌.
ഓരോ സസ്യത്തിന്റെ തടിയിലും ഇലയിലും വേരിലുമൊക്കെ അതിന്റെ ബീജം സജീവമായിത്തന്നെ സ്ഥിതിചെയ്യുന്നു. ആ തടിയോ വേരോ ഒക്കെ ഉപയോഗിച്ച്‍ പുതിയ സസ്യമോ മരമോ ഒക്കെ ഉണ്ടാക്കാം. പുതിയത്‍ ഉണ്ടാക്കാന്‍ അതിന്റെ ബീജംതന്നെ വേണമെന്നില്ല. മനുഷ്യന്റെ ത്വക്കില്‍നിന്നും രക്തത്തില്‍നിന്നുമൊക്കെ ഈ വിധത്തില്‍ കുട്ടികളെ ജനിപ്പിയ്ക്കാം. എന്നാല്‍ അത്തരത്തിലുള്ളതൊന്നും ചെയ്യാന്‍ പാടില്ലെന്നും അതൊക്കെ പ്രക്ര്‌തി വിരുദ്ധമാണെന്നും ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളില്‍ പലയിടത്തും പല പ്രകാരത്തിലും, വിശിഷ്യാ പുരാണങ്ങളിലും ഇതിഹാസങ്ങളിലും കഥാരൂപത്തിലും പ്രതിപാദിച്ചിട്ടുണ്ട്‍.
രക്തബീജ വധോദ്യുക്താ.... എന്ന്‍ ലളിതാ സഹസ്രനാമത്തിലെ വാക്കിന്റെ അര്‍ത്ഥം ഇത്തരത്തിലുള്ളതാണ്‌. ആ അസുരന്റെ രക്തം വീണിടത്തുനിന്നെല്ലാം ലക്ഷക്കണക്കിന്‌ അസുരന്മാര്‍ ഉണ്ടാവും. രക്തബീജന്‍ എന്ന അസുരന്‍ ഇത്തരത്തിലുള്ളവനാണ്‌. ഒരു തുള്ളി രക്തത്തില്‍ എത്ര കോശങ്ങളുണ്ടോ അത്രയും പേര്‍ ജനിക്കുന്നു എന്നര്‍ത്ഥം.
ഭഗവാന്‍ വേദവ്യാസന്‍ നൂറ്റിഒന്ന്‍ കുട്ടികളെ ഇത്തരത്തില്‍ ജനിപ്പിച്ചതും, അതില്‍ ഒന്നുപോലും ധാര്‍മ്മികതയില്‍ ഊന്നിനിന്നുകൊണ്ടുള്ള പന്ഥാവിലൂടെ ജീവിതത്തെ കൊണ്ടുപോയില്ലാ എന്നുമൊക്കെ കഥാരൂപേണ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ആ പണിയൊക്കെ പ്രക്ര്‌തി വിരുദ്ധമാണെന്ന്‍ തെളിയിയ്ക്കാനാണ്‌. ഈ വിധം സ്ര്‌ഷ്ടി നടത്താമെന്ന്‍ നമ്മുടെ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്‍ എന്ന്‍ ആരെങ്കിലും പറഞ്ഞാല്‍, അതൊക്കെ വെറും അന്ധവിശ്വാസമാണെന്ന്‍ കേട്ടമാത്രയില്‍ത്തന്നെ വിധിയെഴുതാന്‍ നമുക്ക്‍ ഒരു പുനര്‍ചിന്തനമൊന്നും വേണ്ട എന്നത്‍ അത്ഭുതാവഹവും ആശ്ചര്യജനകവുമാണ്‌.
അതേസമയം വാഴപ്പോളയില്‍നിന്ന്‍ കോശമെടുത്ത്‍ ടിഷ്യുകള്‍ച്ചര്‍ ചെയ്തുണ്ടാക്കിയ വാഴത്തൈ എന്ന്‍ കേള്‍ക്കുമ്പോള്‍, തേക്കിന്‍തൊലിയിലെ കോശംകൊണ്ട്‍ ഉണ്ടാക്കിയ തേക്കിന്‍തൈ എന്ന്‍ കേള്‍ക്കുമ്പോള്‍ അത്‍ അതേപടി വിശ്വസിക്കുകയും അതൊക്കെ വാങ്ങിയ്ക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ളതിനോട്‍ കാണിയ്ക്കുന്ന ഋണാത്മകസമീപനം - negative approach - എവിടെയാണ്‌ അപ്രത്യക്ഷമാകുന്നത്‍ എന്ന്‍ ചിന്തിയ്ക്കുന്നുമില്ല.
ശ്രീ Vijayan ജി

No comments: