Thursday, September 27, 2018

ചിന്താധാര
Thursday 27 September 2018 2:50 am IST
ധന്യമായി ജീവിക്കണം. ജീവിതത്തിന്റെ ലക്ഷ്യവും മാര്‍ഗവും നന്മനിറഞ്ഞതാകണം!
  അവനവനുവേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ജീവിക്കണം. സത്യം, ധര്‍മം, നീതി എന്നിവയിലൂടെ ജീവിക്കാനറിയണം. സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയതുമാത്രമേ മറ്റുള്ളവര്‍ സ്വീകരിക്കൂ. ഭൗതിക ജീവിതത്തിലെ എല്ലാ നന്മകളോടുമൊപ്പം പൈതൃക ജീവിതത്തിലെ നന്മകളുമെടുക്കണം. രണ്ടും സമഞ്ജസമായി നിലനിര്‍ത്തിവേണം ജീവിതവിജയം കൈവരിക്കാന്‍.
  മനുഷ്യജന്മത്തില്‍ ഞാന്‍ ചെയ്യുന്നതിനെല്ലാം ഫലങ്ങളും പ്രതിഫലങ്ങളുമുണ്ടെന്ന് ഓര്‍മിക്കണം.
  പുനര്‍ജന്മമുണ്ടെന്നും തിരിച്ചറിയണം. ഈ ജന്മത്തിലനുഭവിച്ചു തീരാത്തത് ഇനിയുള്ള ജന്മങ്ങളിലനുഭവിച്ചു തീര്‍ക്കേണ്ടിവരും.
  എല്ലായ്‌പ്പോഴും നല്ലതു ചെയ്യാനായില്ലെങ്കിലും തിന്മ ചെയ്യാതിരിക്കണം.
  ഇന്നലെ ഇനി തിരിച്ചുവരില്ല. ഇന്ന് ഇന്നലെയാകാന്‍ പോകുന്നു. നാളെ ഇന്നുമായിത്തീരും. ഒരിക്കല്‍ നമുക്ക് തിരിച്ചുപോകണം. അന്ത്യയാത്ര ജീവിതത്തിന്റെ ഭാഗമാണ്. ആദ്യശ്വാസംപോലെ അന്ത്യശ്വാസവുമുണ്ട്.
  പിന്തിരിഞ്ഞു നോക്കുമ്പോള്‍ വേദനിക്കേണ്ടിയും ദുഃഖിക്കേണ്ടിയും വരാത്ത ജീവിതമാകട്ടെ നമ്മു
ടേത്.
  ഭൂതകാലത്തെ തിരുത്താനാകില്ല. ഇനിയുള്ള കാലമെങ്കിലും ധന്യമായി ജീവിക്കാം. അതിനായി പ്രതിജ്ഞയെടുക്കാം.
  ഈ ജന്മം കഴിയുന്നത്രയും നന്മ ചെയ്യാനായി വിനിയോഗിക്കാം. കുറച്ച് സമയം, കുറച്ച് ഊര്‍ജ്ജം, കുറച്ച് സമ്പത്ത് അതിനായി മാറ്റിവയ്ക്കാം. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ പ്രവര്‍ത്തിക്കാം.
  സമൂഹത്തില്‍നിന്ന് അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമകറ്റാന്‍ ശ്രമിക്കാം. നമുക്കുകഴിയുന്നത്ര യുക്തിസഹജമായ കാര്യങ്ങളിലൂടെ മുന്നേറാം.
  പുരാതന നന്മകളും ആധുനിക നന്മകളും സമന്വയിപ്പിക്കണം. പുരാതനമായതെല്ലാം നല്ലതെന്നോ, നൂതനമായതെല്ലാം നല്ലതല്ലാത്തതെന്നോ അന്ധമായി വിശ്വസിക്കാതെ, നല്ലതെവിടെയുണ്ടെങ്കിലും എടുക്കാം.
  ജീവിതാന്ത്യത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ ദുഃഖിക്കാനും പശ്ചാത്തപിക്കാനും ഇടവരാതിരിക്കട്ടെ. ശരിയെന്നു തോന്നുന്നത് ശരിയായി ചിന്തിച്ചു ചെയ്യാം.
  എന്നും സന്തോഷമോ, എന്നും ദുഃഖമോ ഉണ്ടാകില്ല. രണ്ടും മാറി മാറി വരും. ഒന്നും ശാശ്വതമല്ല.
  അനുഭവങ്ങള്‍ അനുഭവിച്ചറിയുമ്പോഴാണ് അത് ശ്രേഷ്ഠമാകുന്നത്.
  മനുഷ്യനു മാത്രമേ ദീര്‍ഘകാലത്തേക്കു നിലനി ല്‍ക്കുന്ന ബന്ധവും ബന്ധനവുമുള്ളൂ. ബന്ധം നിലനിര്‍ത്തി ബന്ധനം കുറയ്ക്കുക അതാണ് ജീവിതത്തിലെ വേദനകള്‍ കുറയ്ക്കാനുള്ള വഴി.
  ഈ ഭൂമിയിലേക്ക് വരുന്ന ദിവസമുണ്ടെങ്കില്‍ തിരിച്ചുപോകുന്ന ദിവസവുമുണ്ട്. 
  ജീവിത സത്യങ്ങളും യാഥാര്‍ഥ്യങ്ങളും മനുഷ്യമനസ്സിനെ പഠിപ്പിക്കുക. സുഖങ്ങളും ദുഃഖങ്ങളും യാഥാര്‍ഥ്യബോധത്തോടെ അറിയുക.
  മറ്റുള്ളവന്റെ ദുഃഖവും നമ്മുടെ ദുഃഖവും താരതമ്യം ചെയ്യുക. മറ്റുള്ളവന്റെ ജീവിത ചുറ്റുപാടുകളും നമ്മുടെ ജീവിത ചുറ്റുപാടുകളും തമ്മില്‍ താരതമ്യം ചെയ്യുക.
  നമ്മളെക്കാള്‍ ദുഃഖിക്കുന്നവരും വേദനിക്കുന്നവരുമിവിടെയുണ്ട് എന്ന് മറക്കാതിരിക്കുക.
  നാം ഇന്നനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ ഇടക്കെങ്കിലുമൊന്ന് വിലയിരുത്തുക. നമ്മുടെ പൂര്‍വികരേക്കാള്‍ നാം എത്രയോ മുന്നിലാണെന്നറിയുക. അവരനുഭവിച്ച ദുഃഖത്തെക്കാള്‍ എത്രയോ കുറവാണ് നാം അനുഭവിക്കുന്നത്.
  ലോകത്തിലെല്ലാ ജീവികള്‍ക്കും വേദനയുണ്ട്, വികാര വിചാരങ്ങളുമുണ്ട് കുറേയൊക്കെ വിവേകവുമുണ്ട്. അവര്‍ക്കും ദുരിതവും ദുഃഖവുമുണ്ട്.
  ഈ പ്രകൃതി എല്ലാവര്‍ക്കും ഒരേ അളവിലാണ് സുഖവും ദുഃഖവും തന്നിരിക്കുന്നത്. ചിലരത് വിശ്വസിക്കുന്നില്ലെന്നു മാത്രം. വലിയവന് ചെറിയ ദുഃഖവും വലുതാണ്. ചെറിയവന്റെ വലിയ ദുഃഖത്തെപ്പോലെയാണത്. ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ സുഖവും സന്തോഷവുമാണെന്നു തോന്നും. അതു തോന്നലാണ്. യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ കാലം കുറേയെടുത്തെന്നുവരും.
  അന്നന്നു ജീവിക്കാനറിയണം. ഭൂതകാലത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും പരിധിക്കപ്പുറം ചിന്തിച്ചുഴലുന്നത് അനാവശ്യമാണ്.    
  ജീവിതത്തില്‍ സുഖവും ദുഃഖവും ചിരിയും കരച്ചിലും ജയവും പരാജയവും നന്മയും തിന്മയും വരവും പോക്കും ജനനവും മരണവുമുണ്ട്. ജീവിക്കാന്‍ വേണ്ടിയുള്ള തയാറെടുപ്പല്ല ജീവിതം; ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകലാണ്.
  നമ്മള്‍ എത്രകാലം ഈ ഭൂമിയില്‍ ജീവിക്കുന്നു എന്നതിനേക്കാള്‍ പ്രാധാന്യം എങ്ങനെ ജീവിക്കുന്നു എന്നതിലാണ്.
  നമ്മുടെ ജീവിതകാലം നമ്മുടെ മനസ്സിന് നിറഞ്ഞ സംതൃപ്തിയോടെ ജീവിക്കാനാകണം. അതിനായി മനസ്സില്‍ നിരന്തരം നന്മകള്‍ നിറഞ്ഞുകൊണ്ടേയിരിക്കണം.
  നമ്മുടെ മനസ്സിലേക്ക് നന്മകള്‍ എത്തിക്കേണ്ട വഴി കേള്‍ക്കുകയും കേള്‍പ്പിക്കുകയും ചെയ്യുക, കാണുകയും കാണിപ്പിക്കുകയും ചെയ്യുക, ചര്‍ച്ച ചെയ്യുകയും ചര്‍ച്ച ചെയ്യിപ്പിക്കുകയും ചെയ്യുക, ചിന്തിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുക. അതില്‍നിന്ന് നന്മകളെടുത്ത് ജീവിതത്തില്‍ പകര്‍ത്തുകയും പകര്‍ത്തിപ്പിക്കുകയും ചെയ്യുക.
  സത്യം, ധര്‍മം, നീതി, ന്യായത്തിലൂടെ നമുക്ക് ജീവിക്കാം. മറ്റുള്ളവര്‍ എങ്ങനെ ജീവിക്കുന്നു എന്നതിനേക്കാള്‍ പ്രാധാന്യമുള്ളത് നാം എങ്ങനെ ജീവിക്കുന്നു, എങ്ങനെ ജീവിക്കണമെന്നു തീരുമാനിച്ചുറച്ച് ഇന്നു മുതല്‍ അപ്രകാരമൊരുജീവിതം നയിക്കുന്നതിലാണ്.
  നമ്മുടെ പ്രാര്‍ഥന അസതോമാ സത്ഗമയ, തമസോമാ ജ്യോതിര്‍ഗമയ, മൃത്യോര്‍ മാ അമൃതം ഗമയ എന്നതാണ്. ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഓരോ നിമിഷവും തിന്മയില്‍നിന്ന് നന്മയിലേക്കും, ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്കും അശാന്തിയില്‍നിന്ന് ശാന്തിയിലേക്കുമുള്ള പ്രയാണമാണ് മാര്‍ഗം. നന്മ നിറഞ്ഞവരും വലിയവരുമായി തീരുകയെന്നതാണ് ജീവിതലക്ഷ്യമായി നാം സ്വീകരിക്കേണ്ടത്.
ഡോ. എന്‍. ഗോപാലകൃഷ്ണന്‍

No comments: