ഇക്കഴിഞ്ഞ സെപ്തംബര്‍ മൂന്ന് വ്യക്തിപരമായി എനിക്ക് ഏറെ വിശേഷപ്പെട്ട ഒരു ദിവസമായിരുന്നു. അന്ന് ഞാന്‍ പ്രധാനമന്ത്രിയെ നേരില്‍ച്ചെന്ന് കണ്ട് സന്ദര്‍ശിച്ചു. ദല്‍ഹിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചായിരുന്നു സന്ദര്‍ശനം. രാവിലെ 11 ന് ഏകദേശം അരമണിക്കൂര്‍ അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചു. ആ ദിവസം എന്റെ സിനിമ പ്രവേശത്തിന്റെ 41-ാം വര്‍ഷവുമായിരുന്നു. അന്ന് അഷ്ടമി രോഹിണിയുമായിരുന്നു.
നേരത്തേ അപേക്ഷിച്ചതിനനുസരിച്ചാണ് എനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ലഭിച്ചത്. അത്ഭുതകരമായി അദ്ദേഹംതന്നെ എന്നെ വന്ന് സ്വീകരിച്ചു. 'മോഹന്‍ലാല്‍ ജീ' എന്ന് വിളിച്ച് എന്നെ കെട്ടിപ്പിടിച്ച്, മൂന്ന് തവണ അദ്ദേഹം എന്റെ തോളില്‍ തട്ടി. എന്നെ അദ്ദേഹത്തിന് അറിയുമായിരുന്നു.
വിശദമായിട്ടല്ലെങ്കിലും നേരിയ തോതില്‍ വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചു. നാല്‍പ്പത് വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ നിഷ്ങ്കളങ്കമായി അദ്ദേഹം വിസ്മയിച്ചു. 'കര്‍ണ്ണഭാരം' എന്ന സംസ്‌കൃത നാടകം ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ആദരവോടെ ആ ഭാഷയെ വണങ്ങി. അതേക്കുറിച്ച് സംസാരിച്ചു. ഞാന്‍ 'ടെറിട്ടോറിയല്‍ ആര്‍മി'യില്‍ 'ലഫ്റ്റനന്റ് കേണല്‍' ആണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഏറെ താല്‍പ്പര്യത്തോടെ അതേക്കുറിച്ച് കേട്ടു.
എന്റെ അച്ഛന്‍ വിശ്വനാഥന്‍ നായരുടേയും ശാന്തകുമാരിയുടെയും പേരില്‍ ആരംഭിച്ച മനുഷ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'വിശ്വശാന്തി' ട്രസ്റ്റിനെക്കുറിച്ച് ചുരുക്കിപ്പറഞ്ഞതിനു ശേഷം പ്രധാനമായും നാല് കാര്യങ്ങളാണ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചത്.
ആദ്യത്തേത്, കേരളത്തിലെ ആദിവാസികളുടെ ആരോഗ്യം, വിദ്യാഭ്യാസം, എന്നീ മേഖലകളില്‍ ഞങ്ങള്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച്. രണ്ടാമത്തേത്, ഞങ്ങള്‍ ആരംഭിക്കാനുദ്ദേശിക്കുന്ന ഒരു കാന്‍സര്‍ കെയര്‍ സെന്ററിനെക്കുറിച്ച്. മൂന്നാമത്തേത്, ദല്‍ഹിയില്‍ വെച്ച് ഞങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ഗ്ലോബല്‍ മലയാളി റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സിനെക്കുറിച്ച്. കേരളത്തിന്റെ എല്ലാവിധത്തിലുമുള്ള പുനര്‍ നിര്‍മാണത്തിനും വികസനത്തിനും ലോകമെങ്ങുമുള്ള പ്രതിഭാ ശാലികളായ മലയാളികളുടെ സേവനം എങ്ങനെ ഉപയോഗപ്പെടുത്തണമെന്നതിനെക്കുറിച്ച് ആലോചിക്കാനാണ് ഈ റൗണ്ട് ടേബിള്‍ കോണ്‍ഫ്രന്‍സ്. നാലാമത്തേത്, ഞങ്ങളുടെ ഭാവി പദ്ധതിയിലൊന്നായ യോഗ റീഹാബിലിറ്റേഷന്‍ സെന്ററിനെക്കുറിച്ച്. കേരളത്തില്‍ ഞങ്ങള്‍ ചെയ്ത പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഞാന്‍ അദ്ദേഹത്തിന് ചുരുക്കി വിവരിച്ചുകൊടുത്തു.
ഞാന്‍ ജീവിതത്തില്‍ പരിചയപ്പെട്ട ഏറ്റവും നല്ല 'പേഷ്യന്റ് ലിസണ'റായിരുന്നു അദ്ദേഹം. ഞാന്‍ പറയുന്നതെല്ലാം അദ്ദേഹം നിറഞ്ഞ മൗനത്തോടെ കേട്ടിരുന്നു. അതിനുശേഷം ഈ പറഞ്ഞ എല്ലാ കാര്യങ്ങള്‍ക്കും തന്റെ സര്‍വ പിന്തുണയും നല്‍കുകയും ചെയ്തു. വിശ്വശാന്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പറ്റുമെങ്കില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ താന്‍ ഇവിടെയുണ്ടെങ്കില്‍ നിശ്ചയമായും പങ്കെടുക്കാമെന്നും വാക്ക്തന്നു. യോഗയെക്കുറിച്ച് സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ആവേശത്തോടെ സംസാരിച്ചത്. എന്റെ ചെറിയ ജീവിതത്തിലെ ഒരു വലിയ സ്വപ്‌നത്തിന് ഇന്ത്യയെന്ന മഹാരാജ്യത്തിലെ പ്രധാനമന്ത്രി നല്‍കിയ ആത്മാര്‍ഥമായ പിന്തുണ മനസിനെ വല്ലാതെ സന്തോഷിപ്പിച്ചു. അത് എന്റെ മഹത്വംകൊണ്ടാവില്ല. എന്നെ വിട്ടുപിരിഞ്ഞ അച്ഛന്റെയും ഇപ്പോഴും സ്‌നേഹത്തോടെ എന്റെ കൂടെയുള്ള അമ്മയുടെയും അനുഗ്രഹമാകാം. അവരുടെ ഈശ്വര പ്രാര്‍ഥനകളുടെ ഫലമാകാം.
നരേന്ദ്ര മോദിയെ ഞാന്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് പല ഊഹാപോഹങ്ങളോടെയും വാര്‍ത്തകള്‍ പ്രചരിച്ചു. അത് സ്വാഭാവികമാണ്, അതുകൊണ്ട് ഞാന്‍ അതിനൊന്നും മറുപടി പറഞ്ഞില്ല. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍, അനുവാദമുണ്ടെങ്കില്‍, എനിക്കെപ്പോഴും പ്രധാനമന്ത്രിയെ കാണാം. അത്ഭുതകരമായ കാര്യം, പ്രധാനമന്ത്രി എന്നോട് ഒരു വാക്കുപോലും രാഷ്ട്രീയം പറഞ്ഞില്ല എന്നതാണ്. ഞാന്‍ തിരിച്ച് ചോദിച്ചതുമില്ല. പക്ഷേ, വിശ്വശാന്തിയെക്കുറിച്ചുള്ള സംസാരത്തിനു ശേഷം രാജ്യത്തെക്കുറിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. രാഷ്ട്രീയവും രാഷ്ട്രനിര്‍മാണവും വേറേ വേറേ ആണല്ലോ. അതദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. കേരളത്തിലെ പ്രളയത്തെക്കുറിച്ച്, ഇവിടുത്തെ ഡാമുകളെക്കുറിച്ച്, എടുക്കേണ്ട കരുതലുകളെക്കുറിച്ച് എല്ലാം അദ്ദേഹം പറഞ്ഞു. ചുരുങ്ങിയ വാക്കുകളില്‍, കേരളത്തിന്റെ ചെറിയ കാര്യങ്ങള്‍പോലും അദ്ദേഹം മനസിലാക്കിവെച്ചിരിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി.
രാഷ്ട്രീയത്തിനതീതമായി കേരളത്തിന് എല്ലാവിധ പിന്തുണയും എപ്പോഴും നല്‍കാന്‍ താന്‍ സന്നദ്ധനാണ് എന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഒരു കാര്യത്തിലും അദ്ദേഹം അവകാശവാദം ഉന്നയിച്ചില്ല. കുറെക്കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഒരു പൗരന്റെ ഭാവത്തിലായിരുന്നു സംസാരം. അത് ആകര്‍ഷണീയമായിരുന്നു.
കൂടിക്കാഴ്ച അവസാനിപ്പിച്ച് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹം എന്റെ കരം ചേര്‍ത്ത് പറഞ്ഞു, 'എപ്പോള്‍വേണമെങ്കിലും നിങ്ങള്‍ക്ക് എന്നെ വന്ന് കാണാം.' ആ പറച്ചില്‍, വിടപറയുമ്പോഴുള്ള വെറും ഉപചാരവാക്കല്ലായിരുന്നു. അതിന്റെ ആത്മാര്‍ഥത ഞാന്‍ അനുഭവിച്ചതാണ്. ഒരുപക്ഷേ തന്റെ ആത്മാര്‍ഥത പകുത്തുനല്‍കുന്നതിലൂടെ ഞങ്ങള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കട്ടെ എന്ന് അദ്ദേഹം കരുതിക്കാണും. അദ്ദേഹം അങ്ങനെ കരുതിയാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ആ ഊര്‍ജം ലഭിച്ചു എന്നതാണ് സത്യം.
ഗുരുവായൂരിലെ മരപ്രഭുവിന്റെ ശില്‍പ്പം ഞാന്‍ അദ്ദേഹത്തിന് ഉപഹാരമായി നല്‍കി. അത് ഞാന്‍തന്നെ അദ്ദേഹത്തിന്റെ കൈയില്‍നിന്ന് വാങ്ങി മേശപ്പുറത്ത് മാറ്റിവെച്ചു. ആ ശില്‍പ്പത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനും എല്ലാവിധത്തിലുള്ള വികസനത്തിനും ലോകമെങ്ങുമുള്ള മിടുക്കരും മിടുക്കികളുമായ മലയാളികളുടെ പ്രതിഭയെ ഉപയോഗിക്കുക എന്നത് ഒരു റൗണ്ട് ടേബിള്‍ കോണ്‍ഫ്രസന്‍സിനപ്പുറം നമ്മള്‍ ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രവാസി മലയാളികളുടെ സാമ്പത്തക പിന്തുണയുടെ ബലത്തെക്കുറിച്ചേ നാം പലപ്പോഴും പറയാറുള്ളു. എന്നാല്‍ അവരുടെ പ്രതിഭയേയും പ്രതിബദ്ധതയേയും സേവനമനോഭാവത്തേയും ഇതേവരെ നാം വേണ്ടവിധത്തില്‍ ഗൗരവത്തോടെ 'ടാപ്' ചെയ്തിട്ടില്ല. എത്രയെത്ര മേഖലകളില്‍, എത്രയെത്ര പ്രതിഭകളാണ് മലയാളികളായി ലോകമെങ്ങും ചിതറിക്കിടക്കുന്നത്. അവരുടെ ബുദ്ധിയുടെയും പ്രയത്‌നത്തിന്റെയും നൂറിലൊരംശം ഓരോരുത്തരും മാറ്റിവെച്ചാല്‍ മതി കേരളത്തിനെ മാറ്റിമറിക്കാന്‍. കേരളംപോലുള്ള ഒരു ചെറിയനാടിന് ഇത് സാധ്യമെങ്കില്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന് എല്ലാ മേഖലയിലും ഒരു വന്‍ വിപ്ലവം തന്നെ ഈ വഴി സാധ്യമാകും.
ഏത് വലിയ വ്യക്തിത്വങ്ങളുടെ അടുത്ത് നില്‍ക്കുമ്പോഴും അവരോട് വിടപറയുമ്പോഴും അതിസൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഒരു പോസിറ്റീവ് തരംഗം നമ്മില്‍ ഉണ്ടാവും എനിക്കത് അനുഭവപ്പെടാറുണ്ട്. നരേന്ദ്ര മോദിയെക്കണ്ട് പോരുമ്പോഴും എനിക്ക് അതനുഭവപ്പെട്ടു. പോസിറ്റീവ് എനര്‍ജിക്ക് പാര്‍ട്ടിഭേദമോ മതഭേദമോ ഒന്നും ഇല്ലല്ലോ. അത് മനുഷ്യന്റെ ആത്മാര്‍ഥതയില്‍നിന്നും ഉണര്‍ന്ന് ഒഴുകുന്നതാണ്. മനസുതുറന്ന് ആത്മാര്‍ഥമായി അടുത്ത്‌നിന്നാല്‍ ആര്‍ക്കും അത് തിരിച്ചറിയാം. ഞങ്ങളുടെ സമാഗമം കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞിട്ടും എന്നില്‍ ആ തരംഗങ്ങള്‍ ഉണ്ട്. അത് എന്റെ വ്യക്തിജീവിതത്തിലും ഞങ്ങളുടെ വിശ്വശാന്തി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലും സര്‍ഗാത്മകമായും പ്രചോദനാത്മകമായും പ്രചോദനാത്മകമായും തുടരട്ടെ എന്നാണ് പ്രാര്‍ഥന.
(മോഹന്‍ ലാല്‍, ദ കംപ്ലീറ്റ് ആക്ടര്‍ എന്ന ബ്‌ളോഗില്‍ എഴുതിയത്)
No comments:
Post a Comment