Thursday, September 20, 2018

എന്താണ്‌ ആത്മാവിന്റെ 5 സ്വഭാവങ്ങള്‍? അസ്‌തി ഭാതി പ്രീതി നാമ രൂപഞ്ച പഞ്ചകം. നാമം, രൂപം, അസ്‌തിത്വം, ചേതന, ആനന്ദം, സ്‌നേഹം എന്നിവയാണ്‌ ആത്മാവിന്റെ 5 സ്വഭാവങ്ങള്‍. യേശു, ഞാനാണ്‌ വഴിയും സത്യവും ജീവനും എന്ന്‌ പറഞ്ഞുവല്ലോ. ഒരേ ഒരു വഴി ആത്മാവാണ്‌. ഖുറാനില്‍ ബനി ഇസ്രാ ഈല്‍ 80ല്‍ എന്റെ രക്ഷിതാവേ, സത്യത്തിന്റെ പ്രവേശന മാര്‍ഗ്ഗത്തിലൂടെ നീ എന്നെ പ്രവേശിപ്പിക്കുകയും, സത്യത്തിന്റെ ബഹിര്‍ഗമനത്തിലൂടെ നീ എന്നെ പുറപ്പെടുവിക്കുകയും ചെയ്യേണമേ എന്നു പറയുന്നു. തികഞ്ഞ അവബോധത്തെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. ഞാനാണ്‌ എന്ന ബോധമാണ്‌ ഒരേയൊരു വഴി. അതാണ്‌ സത്യത്തിന്റെ ഒരേയൊരു വഴി. ദൈവത്തിന്റെ അടുക്കല്‍ എത്തണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഞാന്‍ (ആത്മാവ്‌) എന്ന എന്നിലൂടെയല്ലാതെ പോകാതെ തരമില്ലാ. ആത്മബോധം തന്നെയാണ്‌ ശരിയായ ഒരേ ഒരു വഴി. ഇതാണ്‌ യേശു പറഞ്ഞതിന്റെ സാരം. മറ്റുള്ളവരേക്കാള്‍ മുന്നില്‍ "ഞാന്‍" എന്ന ബോധം നിലനില്‍ക്കുന്നു. ഈ "എന്നില്‍" കൂടി തന്നെ കടന്നു വേണം ദിവ്യതയിലേക്ക്‌ പ്രവേശിക്കുവാന്‍ എന്ന്‌ കൃഷ്‌ണനും ഉപനിഷത്തുക്കളും പറയുന്നു.

No comments: