Thursday, September 27, 2018

പാര്‍ഥസാരഥി
ആതാംരപാണികമലപ്രണയപ്രതോദ-
മാലോലഹാരമണികുണ്ഡലഹേമസൂത്രം
ആവിശ്രമാംബുകണമംബുദനീലമവ്യാ-
ദാദ്യം ധനഞ്ജയരഥാഭരണം മഹോ നഃ
(=അര്‍ജുനന്റെ രഥത്തിന് ആഭരണമായി ശോഭിക്കുന്നതും മേഘത്തെപ്പോലെ നീലനിറമുള്ളതുമായ തേജസ്സ് നമ്മെ രക്ഷിക്കട്ടെ, ആ തേജസ്സിനുള്ളില്‍ അതാ, ചുവന്നകൈത്തലങ്ങളാകുന്ന താമരപ്പൂക്കള്‍കൊണ്ട് കുതിരകളുടെ കടിഞ്ഞാണുകളെ പിടിച്ച് നിയന്ത്രിക്കുന്നു, കഴുത്തില്‍ അണിഞ്ഞ മുത്തുമാലയും കാതില്‍ ധരിച്ച രത്‌നകുണ്ഡലങ്ങളും അരയില്‍ കെട്ടിയ സ്വര്‍ണകാഞ്ചിയും ഇളകി ആടിക്കൊണ്ടിരിക്കുന്നു, കുതിരകളെ തെളിക്കുന്ന പ്രയത്‌നംകൊണ്ട് മുഖത്തും ദേഹത്തിലും അതാ വിയര്‍പ്പുതുള്ളി പൊടിയുന്നു.)
(ശ്രീകൃഷ്ണാമൃതം)
(9) ശ്രീഭീഷ്മ പിതാമഹന്‍
പാര്‍ഥസാരഥിയെ സ്തുതിക്കുന്നു.
ത്രിഭുവനകമനം തമാലവര്‍ണം
രവികരഗൗരവരാംബരം ദധാനേ
വപുരളകകുലാവൃതാനനാബ്ജം
വിജയസഖേ രതാരസ്തുമേന വദ്യാ
(ഭാഗവതം 1-ല്‍ 9-ല്‍ ശ്ലോകം.38)
(=മൂന്നുലോകങ്ങളിലെയും സകല സുന്ദര വസ്തുക്കളും സൗന്ദര്യമുള്ളതും തമാലവൃക്ഷത്തിന്റെ നീലനിറമുള്ളതും ഉദയസൂര്യനെക്കാള്‍ മഞ്ഞനിറമുള്ള പട്ടുടുത്തതും, ശിരസ്സിലെ കുറുനിരകളാല്‍ മൂടിക്കിടക്കുന്ന മുഖമാകുന്ന താമരയുള്ളതുമായ തിരുമേനിയുള്ള വിജയസഖനില്‍- പാര്‍ഥസാരഥിയില്‍, കാമമാലിന്യയമില്ലാത്ത ഭക്തിയുണ്ടാവണേ!)

ഭീഷ്മ പിതാമഹന്‍ ഗീതോപദേശം അനുസ്മരിപ്പിച്ച് പ്രാര്‍ഥിക്കുന്നു
വ്യവഹിത പൃതനാമുഖം നിരീക്ഷ്യ
സ്വജനവധാദ്‌വിമുഖസ്യദോഷ ബുധ്യാ
കുമതിമഹരദാത്മവിദ്യയായഃ
ചരണരതിഃ പരമസ്യതസ്യമേസ്തു!
(ഭാഗവതം-1ല്‍ 9-ല്‍ ശ്ലോകം.36)
(ധാര്‍ത്ത രാഷ്ട്രന്മാരുടെ സേനാമുഖത്ത് നി ല്‍ക്കുന്ന ഭീഷ്മദ്രോണാദികളെ കണ്ടപ്പോള്‍, അവരെ വധിക്കുന്നത് പാപമാണെന്ന ദോഷബുദ്ധിയാണ് അര്‍ജുനന് ഉണ്ടായത്. ആ നിന്ദ്യമായ ബുദ്ധിയെ- കുമതിയെ- ആത്മവിദ്യ ഉപദേശിച്ച് നശിപ്പിച്ച ആ സര്‍വേശ്വരന്റെ തൃപ്പാദത്തില്‍ എനിക്ക് ഭക്തിയുണ്ടാവണേ)
(10) മേല്‍പ്പുത്തൂര്‍ നാരായണ ഭട്ടതിരി
ഗീതോപദേശം, സംഗ്രഹിച്ച് സ്തുതിക്കുന്നു.
ജിഷ്‌ണോസ്ത്വം കൃഷ്ണ സൂതഃഖലുസമരമുഖേ
ബന്ധുഘാതേ ദയാലും
ഖിന്നം തം വീക്ഷ്യവീരം കിമിദമയിസഖേ
നിത്യ ഏകോളയമാത്മാ
കോ വധ്യഃ കോളത്രഹന്താ തദിഹ വധഭിയം
പ്രോജ്ഝ്യ മയ്യര്‍പ്പിതാത്മാ
ധര്‍മ്യം യുദ്ധം ചരേതിപ്രകൃതിമനയഥാ
ദര്‍ശയന്‍ വിശ്വരൂപം.
(ശ്രീമന്നാരായണീയം-ദശകം 86, ശ്ലോകം 6)
(=കൃഷ്ണാ! അവിടുന്ന് അര്‍ജുനന്റെ സൂതനായി യുദ്ധത്തിന് ഒരുങ്ങി നിന്നപ്പോള്‍ അര്‍ജുനന് ബന്ധുക്കളെ വധിക്കാന്‍ തോന്നിയില്ല. ബന്ധുക്കളോടുള്ള ദയ ആവേശിച്ച്, അദ്ദേഹം കരഞ്ഞു തുടങ്ങി. അപ്പോള്‍ അങ്ങു പറഞ്ഞു, സഖേ, സഖേ എന്താണിത്? ജീവാത്മാവിന് നാശമില്ല. ആരാണ് വധിക്കപ്പെടുന്നത്? ആരാണ് വധിക്കുന്നത്? അതുകൊണ്ട് ബന്ധുക്കളെ വധിച്ചാല്‍ പാപമുണ്ടാവില്ലേ എന്ന ഭയം വേണ്ട. മനസ്സ് എന്നില്‍ അര്‍പ്പിച്ചുകൊണ്ട് ധര്‍മാനുസൃതമായി യുദ്ധം ചെയ്യൂ'' എന്ന്-വിശ്വരൂപം കാട്ടിക്കൊടുത്ത് അദ്ദേഹത്തെ സ്വപ്രകൃതിയിലേക്കു കൊണ്ടുവരികയും ചെയ്തു.)
കാനപ്രം കേശവന്‍ നമ്പൂതിരി

No comments: