Saturday, September 29, 2018

*രാസലീല 22*
ദുസ്സഹപ്രേഷ്ഠവിരഹതീവ്രതാപധുതാശുഭാ:
ധ്യാനപ്രാപ്താച്യുതാശ്ലേഷനിർവൃത്യാ ക്ഷീണമംഗളാ
തമേവ പരമാത്മാനം ജാരബുദ്ധ്യാപി സംഗതാ:
ജഹുർഗ്ഗുണമയം ദേഹം സദ്യ പ്രക്ഷീണബന്ധനാ:
അവരവരെ അന്തരംഗത്തിലിട്ടു പൂട്ടിയിട്ടു. നമുക്ക് ദുഖം ഉണ്ടാകുമ്പോഴൊക്കെ നമ്മുടെ പാപം ക്ഷയിക്കും. ഈ ഒരു നിയമം അറിഞ്ഞാൽ തന്നെ ദുഖം വരുമ്പോൾ സമാധാനിക്കാം. ജീവിതത്തിൽ സഹിക്ക വയ്യാതെ ആന്തരികമായി വേദന ഉണ്ടാവുമ്പോൾ ഒരു കാര്യം അറിഞ്ഞുകൊള്ളുക. മുമ്പ് ചെയ്തു കൂട്ടിയുള്ള അനേകവിധ പാപത്തിന് സഹജമായി പ്രായശ്ചിത്തം ഉണ്ടാവുകയാണ്. അതുകൊണ്ട് അറിവുള്ള ആള് ദുഖത്തിനെ നീക്കാനേ ശ്രമിക്കരുത്. ദുഖത്തിനെ സഹിക്കാണ് വേണ്ടത്. സഹനം സർവ്വ ദുഖാനാം അപ്രതീകാരപൂർവ്വകം ചിന്താ വിലാപരഹിതം. ചിന്തിക്കുകയോ അതിനെ പറഞ്ഞു വിലപിക്കുകയോ ചെയ്യാതെ വരുന്ന ദുഖത്തെ നല്ലവണ്ണം അനുഭവിച്ചങ്ങട് തീർത്താൽ പാപം ക്ഷയിച്ചു പോവും. അതിന് തല്കാലത്തേക്ക് പരിഹാരം കണ്ടെത്തിയാൽ പാപം പിന്നെയും പിന്നെയും ബാക്കി നില്കും. നമ്മളുടെ ഭഗവദ് പ്രാപ്തിക്ക് അവിടവിടെയായി തടസ്സം ഉണ്ടാവുന്നു. ഇവർക്ക് കൃഷ്ണനെ വിട്ടു പിരിഞ്ഞു വിരഹത്തിനെ പ്പോലെ ദുഖമുണ്ടാക്കുന്ന വേറൊന്നും ഇല്ലാത്തതുകൊണ്ട് ആ വിരഹം ഒരഗ്നി ആയിട്ട് തീർന്ന് ഇവരുടെ പാപവാസനയ മുഴുവൻ എരിച്ച് കളഞ്ഞു. ഇനി പുണ്യവുമുണ്ട്.പാപം മാത്രം പോയാൽ പോരാ പാപമൊക്കെ പോയിട്ട് പുണ്യം ഉണ്ടെങ്കിൽ അപ്പഴും പുണ്യം വേറെ പലതും കൊണ്ട് തന്ന് നമ്മളെ കെട്ടിയിടും. അപ്പഴും ഭഗവാനെ പ്രാപിക്കാൻ സമ്മതിക്കില്ല്യ. പുണ്യശേഷം കുറേ ഉണ്ടെങ്കിൽ നിങ്ങള് ഭഗവദ്പ്രാപ്തിക്ക് യോഗ്യത ഒക്കെ ഉള്ളവരല്ലേ എന്ന് പറഞ്ഞിട്ട് വലിയൊരു മഠാധിപതി ആയിട്ടോ സ്വർണസിംഹാസനത്തിലൊക്കെ പിടിച്ചിരുത്തി തലയില് കിരീടം ഒക്കെ വെച്ച് നമ്മളെ ഒക്കെ നമസ്കരിച്ചു സ്തുതിച്ച് അങ്ങനെ ഒക്കെ ഒരു പുണ്യക്ഷയം. അതില് നമ്മള് പെട്ടുപോയാൽ അപ്പഴും നമുക്ക് ഭഗവദ്പ്രാപ്തി ഉണ്ടാവില്ല്യ. അപ്പോ പുണ്യം സുഖിപ്പിക്കും. പാപം ദുഖിപ്പിക്കും. ഇവർക്ക് രണ്ടും ക്ഷയിക്കണം. പുണ്യം സുഖിച്ചാലേ ക്ഷയിക്കുള്ളൂ. നമുക്ക് പുണ്യക്ഷയം ഉണ്ടാവണമെങ്കിൽ എത്ര സുഖിക്കാനുണ്ടോ ആ സുഖം അങ്ങട് തീർന്നു കിട്ടി അതിനോടിനി ആസക്തി ഉണ്ടാവാതെ തീർന്നു കിട്ടണം. ഇവർക്ക് പുണ്യം എങ്ങനെ ക്ഷയിച്ചു എന്ന്വാച്ചാൽ
ധ്യാനപ്രാപ്ത അച്യുതാശ്ലേഷ നിർവൃത്യാ ക്ഷീണമംഗളാ:
സങ്കല്പത്തിൽ തന്നെ മറ്റു ഗോപസ്ത്രീകളൊക്കെ അവിടെ പോയി കൃഷ്ണനെ കണ്ടിട്ടുണ്ടാവും. കൃഷ്ണൻ അവരോട് എങ്ങനെ ഒക്കെ ലീല ചെയ്യ്വോ കൃഷ്ണനെ അവര് സ്പർശിക്കും. ഭഗവാൻ ഗോപസ്ത്രീകളെ സ്പർശിക്കും. ഇങ്ങനെ കൃഷ്ണസ്പർശത്തിനെ ഭാവന ചെയ്ത് കൃഷ്ണനെ ഹൃദയത്തില് ധ്യാനിച്ച് കൊണ്ട് ഹൃദയത്തില് ഒരാനന്ദം ഉണ്ടായി. പുറമേക്ക് ഉണ്ടാവുന്നതിനേക്കാളും ചിലപ്പോ സങ്കല്പത്തിൽ ആനന്ദം കൂടും. ചിലപ്പോ സങ്കല്പത്തിലുള്ള ആനന്ദം പുറമേക്കുണ്ടാവില്ല്യ. അങ്ങനെ സങ്കല്പത്തിൽ തന്നെ ആനന്ദിച്ച് ക്ഷീണമംഗളാ..പുണ്യവാസനയും ക്ഷയിച്ചു പോയി. പുണ്യവും ബന്ധിക്കും പാപവും ബന്ധിക്കും. പാപവാസനയും ക്ഷയിച്ചു പോയി. പുണ്യ വാസനയും ക്ഷയിച്ചു പോയി. നമ്മളെ ആകപ്പാടെ കെട്ടിയിട്ടിരിക്കുന്ന രണ്ട് കയറാണത്. പുണ്യവും പാപവും. :അവിടുന്ന് മുമ്പില് വന്ന് മോഹിപ്പിച്ച് ആകർഷിച്ചപ്പോൾ നിശമ്യഗീതം തദനംഗവർദ്ധനം. അങ്ങനെ ചിത്തം ഭഗവാന്റെ നേരെ തിരിയാൻ തടസ്സമായി നില്കുന്നത് ഈ പുണ്യവും പാപവുമാണ്. ഇതു രണ്ടും വീട്ടില് പൂട്ടിയിട്ട ഗോപസ്ത്രീകൾക്ക് പോയീന്നാണ്. പാപവും പോയി. പുണ്യവും പോയി. ഭഗവാനെ എങ്ങനെയാ അവര് ധ്യാനിച്ചത്.
പരമാത്മാനം ജാരബുദ്ധ്യാ അപി സംഗതാ:
അവൻ പരമാത്മാവാണ്. നിത്യശുദ്ധവസ്തുവാണ്. സർവ്വജ്ഞനാണ്. സർവ്വാന്തര്യാമിയാണ്. പക്ഷേ ഇപ്പഴോ. തല്കാലത്തേക്ക് മാഹാത്മ്യത്തെ ഒക്കെ മാറ്റി വെച്ച് ഒരു ജാരനോട് ഒരു സ്ത്രീ സംബന്ധപ്പെടുന്നപോലെ സംബന്ധപ്പെട്ടു.
ജാരബുദ്ധ്യാപി സംഗതാ: ജഹുർഗുണമയം. അവർ എന്തിനെ ഉപേക്ഷിച്ചു. ഗുണമയമായ ദേഹത്തിനെ. പുറമേക്ക് ശരീരത്തിനെ തന്നെ ഉപേക്ഷിച്ചു എന്നും അർത്ഥം പറയാം. അതും ഗുണമയമാണ്. സൂക്ഷ്മശരീരത്തിനെ ഉപേക്ഷിച്ചാൽ ജീവന്മുക്തരായി. പാപവും പുണ്യവും എവിടെ പോയീന്ന് വെച്ചാൽ അവര് ജീവന്മുക്തരായി എന്നും അർത്ഥം പറയാം. ഗൃഹത്തിൽ തന്നെ കിടന്നു അവരുടെ ഉള്ളിലുള്ള പാപവും പുണ്യവും ഒക്കെ പോയപ്പോ അവിടെ തന്നെ അവർക്ക് നിർവികല്പമായ സമാധി അനുഭവം ഉണ്ടായി. അങ്ങനെ ആണെങ്കിലേ അവർ വിമുക്തകളാവുള്ളൂ. അല്ലാതെ പുറമേക്കുള്ള ശരീരത്തിനെ ഉപേക്ഷിച്ചാൽ അവർ വിമുക്തകളാവില്ല്യ. അതുകൊണ്ട് ആന്തരികമായ സൂക്ഷ്മശരീരത്തിനെ ചിത്തത്തിനെ ജീവഭാവത്തിനെ ജീവാഹന്തയെ ഉപേക്ഷിച്ചു എന്നു പറയുന്നതിനാണ് സാംഗത്യം ഉള്ളത്. അതുകൊണ്ട് ജഹുർഗുണമയം ദേഹം സദ്യ: പ്രക്ഷീണബന്ധനാ: അപ്പോ തന്നെ അവർക്ക് ബന്ധനം ഒക്കെ വിട്ടുപോയീന്നാണ്. ത്രിപുടി മുടിഞ്ഞു ദീപം തെളിഞ്ഞു.ത്രിപുടി മുടിഞ്ഞ ഹൃദയത്തില് ആത്മാനുഭവം തെളിഞ്ഞു. ത്രിപുടി മുടിഞ്ഞ ഹൃദയത്തില് സ്വരൂപജ്ഞാനമുണ്ടായി. അപ്പോ തന്നെ അവര് പൂട്ടി ഇടപ്പെട്ടവരൊക്കെ ജീവന്മുക്തരായി. അഴിച്ചുവിട്ട ഗോപസ്ത്രീകൾ ഭഗവാന്റെ അടുത്തേയ്ക് പോവ്വാണ്. പറഞ്ഞാ കേൾക്കാതെ ഭഗവാന്റെ അടുത്തേയ്ക് പോവ്വാണ്. പതിസുധാന്മയ ഭാതൃബാന്ധവന്മാരെ വ്രിലംബനം ചെയ്തുകൊണ്ട് പോവ്വാണ് ഭഗവാന്റെ അടുത്തേയ്ക്. അങ്ങനെ സർവ്വസംഗപരിത്യാഗരൂപമായ സന്യാസത്തോടുകൂടെ ഗോപസ്ത്രീകൾ ഭഗവാന്റെ അടുത്തേയ്ക് പോവ്വാണ്. ആ രാസപൗർണമിയിൽ പൂർണചന്ദ്രൻ ആകാശത്ത് ഉദിച്ച് നില്ക്കേ രജത പരവതാനി വിരിച്ചിരിക്കുന്ന യമുനാ പുളിനത്തില് ആ കാളിന്ദീ തീരത്തിൽ പുല്ലാങ്കുഴൽ വാദനം ചെയ്യുന്ന പീതാംബരധാരിയായി നീലമേഘശ്യാമളനായി തലയിൽ മയിൽ പീലി ധരിച്ച് വേദങ്ങളാൽ ഗാനം ചെയ്യപ്പെടുന്ന കീർത്തിയോടുകൂടിയ ആ നടവരഗോപാലൻ വേണുഗാനം ചെയ്യുന്ന ആ വൃന്ദാവനതീരത്തിലേക്ക് ഗോപസ്ത്രീകൾ ഓരോരുത്തരായി ഭഗവാന്റെ മുമ്പില് വന്നു നില്ക്കുന്നു. വേണുഗാനം ചെയ്യുന്ന നീലമേഘശ്യാമളനെ പീതാംബരധാരിയെ മുമ്പില് കാണുന്നു. ഇത് ഹൃദയത്തില് വെച്ചുകൊണ്ടുപോവുക. നാളെ വീണ്ടും രാസാനുഭവത്തിനായി കാണാം.
ശ്രീനൊച്ചൂർജി 

No comments: