രണ്ട് അരണികള്‍ ചേര്‍ത്ത് കടയുമ്പോള്‍ അഗ്നിയുണ്ടാകുന്നതുപോലെയാണ് വിദ്യയുടെയും വെളിപ്പെടല്‍. വിദുരന്റെ ചോദ്യങ്ങളെ ഉദ്ദേശിച്ച് മൈത്രേയ മഹര്‍ഷി പറഞ്ഞത് വെറുംവാക്കല്ല. പല കാലങ്ങളില്‍ പലര്‍ക്കും ഉണ്ടായ അനുഭവങ്ങളെ താരതമ്യം ചെയ്താണ് ഇതു പറഞ്ഞത്.
അരണികള്‍ കടയുമ്പോള്‍ അഗ്നി എവിടെനിന്നാണ് ഉണ്ടാകുന്നത്? വാസ്തവത്തില്‍ ഈ അഗ്നി ആ അരണികളില്‍ അന്തര്‍ലീനമായി കിടക്കുന്നതുതന്നെയല്ലേ? താമസ ശക്തിയാല്‍ ആ അഗ്നിയെ കാണാന്‍ കഴിഞ്ഞില്ലെന്നുമാത്രം. എന്നാല്‍ ആ അരണികളിലുണ്ടായ സ്പന്ദനത്തില്‍ കൂടി ഉരസിയപ്പോല്‍ ഉണ്ടായ തരംഗങ്ങളാണ് അഗ്നിയെ സ്പഷ്ടമാക്കിയത്.
അതേപോലെയാണ് കാലാത്മാവായ വിദുരര്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ തന്നിലുണ്ടായ സ്പന്ദനങ്ങളാണ് വിദ്യയായി, വിദുരര്‍ക്കുള്ള മറുപടിയായി പ്രകാശിച്ചത്. തന്നില്‍ ഉറങ്ങിക്കിടന്ന വിദ്യ പ്രസന്നമാവുകയായിരുന്നു.
ഇതുപോലെ ഉറങ്ങിക്കിടന്ന വിദ്യയെ തപസ്സുകൊണ്ട് പ്രകാശിപ്പിച്ചാണ് പണ്ട് ബ്രഹ്മദേവന്‍ സൃഷ്ടികര്‍മങ്ങള്‍ നടത്തിയത്. അങ്ങനെ ബ്രഹ്മദേവന്‍ തന്റെ ശക്തിയെ പ്രകാശിപ്പിച്ചു.
ബ്രഹ്മദേവന്‍ താനിരിക്കുന്ന മഹാപത്മം കാറ്റിലും പ്രളയജലത്തിന്റെ ഓളങ്ങളിലും കമ്പനം ചെയ്യുന്നതു കണ്ടു. അപ്പോള്‍ കാലപ്രചോദിതനായി ഒരു ബ്രഹ്മദേവന്‍ ആ കാറ്റിനേയും തന്റെ ഇരിപ്പിടമായ പത്മത്തേയും പിടിച്ചുകുലുക്കിയ കാരണജലത്തേയും തന്റെ ആത്മവൈഭവത്തിനാല്‍ ഉള്ളിലേക്കു സേവിച്ചു.
കാലപ്രചോദിതനായി ബ്രഹ്മദേവന്‍ കാരണജലത്തേയും, ആ പ്രളയജലത്തേയും വായുവിനോടൊപ്പം പാനം ചെയ്തു. പ്രളയജലം ഇല്ലാതായപ്പോള്‍ താനിരുന്നതായ ആ മഹാപുഷ്‌കരം മാത്രം ബാക്കിയുണ്ട്.. നേരത്തെ ആലോകനം ചെയ്തിരുന്ന ലോകങ്ങളൊന്നും തന്നെ ബാക്കിയില്ല. കാലത്താല്‍ പ്രേരിപ്പിക്കപ്പെട്ടവനായി ബ്രഹ്മദേവന്‍ താനിരിക്കുന്ന പത്മകോശത്തെത്തന്നെ വിഭജിച്ച് ലോകങ്ങള്‍ സൃഷ്ടിച്ചു.കാല പ്രചോദിതനായി എന്ന് മൈത്രേയ മഹര്‍ഷി ഇടയ്ക്കിടെ പറയുന്നതുകേട്ടപ്പോള്‍ വിദുരര്‍ക്കു സംശയം ആരാണ് ഈ കാലന്‍ (അഥവാ കാലം) ''കാലാഖ്യം ലക്ഷണം ബ്രഹ്മന്‍ യഥാവര്‍ണയനഃ പ്രഭോ'' എന്ന് വിദുരര്‍ ചോദിച്ചപ്പോല്‍ മൈത്രേയ മഹര്‍ഷി തന്റെ ദിവ്യദര്‍ശനത്താല്‍ പരതി. കാലാഖ്യനായ ആ പുരുഷനാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത്. താനാരെന്നു തിരിച്ചറിയാതെ പരതി നടക്കുന്ന ഒരു യോഗിയെപ്പോലെ തന്റെ മുന്നില്‍ ചോദ്യമുന്നയിച്ച ആ യമധര്‍മ്മനെ മൈത്രേയ മഹര്‍ഷി കണ്ണുകള്‍ കൂമ്പി നോക്കിക്കണ്ടു.
കാലമാകുമ്പോള്‍ ആരെയും കൂട്ടിക്കൊണ്ടുപോകുന്ന കാലന്‍. ഈ കാലമാകുന്നത് എങ്ങനെ തിരിച്ചറിയും. കാലചക്രം തിരിയുന്നത് മനസ്സില്‍ ശ്രദ്ധയോടെ നോക്കിക്കണ്ടാല്‍ മതി. അതിന് അന്തരീക്ഷത്തിലേക്കും ജീവജാലങ്ങളിലേക്കും നോക്കിക്കണ്ട് തന്റെ ഉള്ളിലേക്കു തന്നെ ശ്രദ്ധ പതിപ്പിച്ചാല്‍ മതി. നല്ല രീതിയില്‍ ഉള്ളിലേക്കു നോക്കാന്‍ സുദര്‍ശനം വേണം. ഭഗവാന്‍ അനുഗ്രഹിച്ചാല്‍ ആ സുദര്‍ശനം ഭക്തന്റെ കൂടെത്തന്നെ എപ്പോഴുമുണ്ടാകും. അംബരീഷന്റെ കഥയില്‍ അതു വ്യക്തമാക്കപ്പെടുന്നുണ്ട്.
ബ്രഹ്മാവ് പ്രളയജലത്തിലെ കമ്പനത്തെ വീക്ഷിച്ച ശേഷമാണ് ആ പ്രളയജലത്തെ മനസ്സിനുള്ളിലാക്കി ചിന്തിച്ചത്. ഈ പ്രളയം എങ്ങനെയുണ്ടായി എന്ന് ചിന്തിച്ചു. ഭഗവാന്റെ മനസ്സിലുണ്ടായ കമ്പനമാണ്. അഥവാ തരംഗമാണ് പ്രകര്‍ഷേണ കൃതമായ പ്രകൃതിയില്‍ പ്രകര്‍ഷേണയുള്ള ലയമുണ്ടാക്കിയത്. അപ്പോള്‍ തരംഗങ്ങള്‍ക്ക് അത്രയേറെ ശക്തിയുണ്ടെന്ന് പ്രളയജലത്തിലെ ഓളങ്ങള്‍ ശ്രദ്ധിച്ചാലറിയാം.
നശീകരണ ശക്തിയുള്ള ആ തരംഗങ്ങളെ ക്രിയാത്മകമായി ഉപയോഗിച്ചാല്‍ സൃഷ്ടിയും നടത്താം. (ഭാരതം അണുശക്തിയെ ക്രിയാത്മകമായി ഉപയോഗിച്ചതുപോലെ.)
വിഷ്ണുമായയാല്‍ പ്രകാശിക്കുന്നതാണ് കാലം. ഈ കാലം വാസ്തവത്തില്‍ അവ്യക്തമാണ്. കാലത്തിനെ നഗ്നനേത്രങ്ങളാല്‍ നോക്കിക്കാണാനാവില്ല. എന്നാല്‍ ഏതു കാര്യത്തിനും ഒരു കാരണമുണ്ടാകുമെന്ന് വ്യക്തം. ആ വ്യക്തതയ്ക്കു പിന്നിലെ കാരണമാണ് കാലം.
No comments:
Post a Comment