Friday, September 21, 2018

ആകാശ ഏവ യസ്യായ തനം, ശ്രോത്രം 
ലോകഃ മനോജ്യോതി...
ആകാശം ശരീരമായവനും കാത് കൊണ്ട് കേള്‍ക്കുന്നവനും പ്രകാശാത്മക മനസ്സിനാല്‍ സങ്കല്‍പ വികല്‍പങ്ങള്‍ ചെയ്യുന്നവനുമായ പുരുഷനെ എല്ലാ കാര്യ കരണ സങ്ഘാതങ്ങള്‍ക്കും ആശ്രയമായി അറിയുന്നയാള്‍ അറിവുള്ളവനാകുമെന്ന് ശാകല്യന്‍ പറഞ്ഞു.
എല്ലാ ആത്മാക്കള്‍ക്കും ആശ്രയമായിരിക്കുന്ന പുരുഷനെ എനിക്കറിയാം. കാതിലുള്ളവനും കേള്‍ക്കുന്ന വേളയില്‍ പ്രത്യേകം പ്രകാശിപ്പിക്കുന്നവനുമായ ആ പുരുഷന്‍ തന്നെയാണ് അത് എന്ന് യാജ്ഞവല്‍ര്യന്‍ പറഞ്ഞു.
ഇനിയും ചോദിക്കൂ... എന്ന് കേട്ട് ആ ദേവത ആരാന്നെന്ന് ചോദിച്ചു. ദിക്കുകളാണ് ആ ദേവത. എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
തമ ഏവ യസ്യായതനം, ഹൃദയം ലോകഃ മനോജ്യോതിഃ
ഇരുട്ട്  ശരീരമായവനും ബുദ്ധിയാല്‍ അറിയുന്നവനും പ്രകാശമായ മനസ്സിനാല്‍ സങ്കല്‍പ വികല്‍പങ്ങള്‍ ചെയ്യുന്നവനുമായ പുരുഷനെ കാര്യ കരണ സങ്ഘാതങ്ങള്‍ക്ക് ആശ്രയമായി അറിയുന്നയാളാണ് അറിവുള്ളവന്‍ എന്ന് ശാകല്യന്‍ പറഞ്ഞു. എല്ലാ ആത്മാക്കള്‍ക്കും ആശ്രയമായ ആ പുരുഷനെ എനിക്കറിയാം ഛായാമയനായ പുരുഷന്‍ തന്നെയാണ് അത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഇനിയും ചോദിക്കൂ... എന്നത് കേട്ട് ശാകല്യന്‍ ആ പുരുഷന് ദേവത ഏതാണ് എന്ന് ചോദിച്ചു. മൃത്യുവാണ് ദേവത എന്ന് യാജ്ഞവല്‍ ക്യന്‍ പറഞ്ഞു.
 ഛായാമയന്‍ എന്നതിന് അധ്യാത്മമായി അജ്ഞാനമയന്‍ എന്നും മൃത്യു എന്നതിന് ഈശ്വരന്‍ എന്നോ  ഹിരണ്യഗര്‍ഭന്‍ എന്നോ അര്‍ഥം അറിയണം.
 രൂപാണ്യേവ യസ്യായതനം ചക്ഷുര്‍ല്ലോകഃ മനോജ്യോതിഃ...
രൂപങ്ങളാകുന്ന ശരീരമുളളവനും കണ്ണ് കൊണ്ട് കാണുന്നവനും  പ്രകാശാത്മകമായ മനസ്സിനാല്‍ സങ്കല്‍പ വി കല്‍പങ്ങളെ ചെയ്യുന്നവനുമായ പുരുഷനെ എല്ലാ കാര്യ കരണ സങ്ഘാതങ്ങള്‍ക്കും ആശ്രയമായി അറിയുന്നയാള്‍ മാത്രമാണ് അറിയുന്നത് എന്ന് ശാകല്യന്‍ പറഞ്ഞു.
എല്ലാ ആത്മാക്കള്‍ക്കും ആശ്രയമായ പുരുഷനെ എനിക്കറിയാം. കണ്ണാടിയില്‍ കാണുന്ന പുരുഷന്‍ തന്നെയാണ് അത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
ഇനിയും ചോദിക്കൂ... എന്നത് കേട്ട് ശാകല്യന്‍ ചോദിച്ചു. ആ പുരുഷന്റെ ദേവത ആരാണ്? പ്രാണനാണ് ദേവത എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. നേരത്തെ സാധാരണ രൂപങ്ങളെയാണ് പറഞ്ഞത്. ഇവിടെ പ്രകാശമാനങ്ങളായ പ്രതിബിംബത്തിലെ വിശിഷ്ട രൂപങ്ങളെ പറഞ്ഞിരിക്കുന്നു. പ്രതിബിംബത്തിന് പ്രകാശിക്കുവാന്‍ വേണ്ടി കണ്ണാടിയേയും മറ്റും വൃത്തിയാക്കുവാന്‍ ബലം വേണ്ടതിനാലാണ് പ്രാണനെ ദേവതയായി പറഞ്ഞത്.
ആപ ഏവ യസ്യായതനം ഹൃദയം ലോകഃ...
അപ്പുകളാകുന്ന ശരീരമുള്ളവനും ബുദ്ധി കൊണ്ട് അറിയുന്നവനുമായ പുരുഷനെ അറിയാമോ എന്ന് ശാകല്യന്‍ ചോദിച്ചപ്പോള്‍ ആ പു
രുഷനെ എനിക്കറിയാമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. കിണര്‍, കുളം, തടാകം എന്നിവിടങ്ങളിലെ വെള്ളത്തില്‍ സ്ഥിതി ചെയ്യുന്നവനാണ് ആ പുരുഷന്‍. വരുണനാണ് ആ പുരുഷന്റെ ദേവത.
രേത ഏവ യസ്യായതനം ഹൃദയം ലോകഃ...
രേതസ്സ് ശരീരമായ പുരുഷനെ എല്ലാത്തിനും ആശ്രയമായി അറിയണം എന്ന് ശാകല്യന്‍ പറഞ്ഞു. പുത്രരൂപത്തിലുള്ള ആ പുരുഷനെ തനിക്കറിയാമെന്ന് യാജ്ഞവല്‍ക്യന്‍ മറുപടി നല്‍കി.  ആ പുരുഷന്റെ ദേവത പ്രജാപതിയാണ് എന്നും പറഞ്ഞു.
രേതസ് സാമാന്യ ആയതനവും പുത്രന്‍ വിശേഷ ആയതനവുമാണ്. പ്രജാപതി എന്നാല്‍ അച്ഛന്‍. മക്കള്‍ ഉണ്ടാകുന്നത് അച്ഛനില്‍ നിന്നായതിനാലാണിത്.
ഇങ്ങനെ സാമാന്യരൂപമായ ലോകത്തേയും വിശേഷ തരത്തിലുള്ള പുരുഷനേയും കാരണമായ ദേവത കളെയും ഉപാസനയ്ക്കായി 8 വിധം വിവരിച്ചു. പ്രാണന്റെ ഭേദങ്ങളാണ് ഇവയെല്ലാം.

സ്വാമി അഭയാനന്ദ

No comments: