Friday, September 21, 2018

ഞാന്‍' ആരാണെന്ന് സ്വയം അറിയണം

Saturday 22 September 2018 2:51 am IST
'ഞാന്‍' ആരാണെന്ന  ചോദ്യം നിങ്ങളോടുതന്നെ ചോദിക്കൂ! അന്നമയകോശവും (ദേഹവും) അതിന്റെ വൃത്തികളും, 'ഞാന്‍' അല്ല. ഇനിയും പറഞ്ഞാല്‍ മനോമയവും അതിന്റെ വൃത്തികളും 'ഞാന്‍' അല്ല. അടുത്തത്തായി നോക്കേണ്ടത് ഈ വിചാരം എവിടെ നിന്നും പുറപ്പെടുന്നു എന്നാണ്. വിചാരം തനിയേ ജനിക്കുന്നതാണ്. അത് ബാഹ്യവും ഭേദവുമുള്ളതാണ്. അത് ബുദ്ധിയില്‍ വര്‍ത്തിക്കുന്നു. അതിനാല്‍ അതറിയുന്നതാര്? വിചാരങ്ങളുടെ നിലപാടും അവയുടെ സ്പഷ്ടമായ അറിവും അതിന്റെ പ്രകാശവും പുരുഷന്‍ അറിയുന്നു. ഈ പുരുഷനെ ദ്രഷ്ടാവെന്നോ അഹംകാരനെന്നോ പറയാം. അതിനാല്‍ വിജ്ഞാനമയകോശം അഹംകാരന്റെ ഉപാധി മാത്രമാണ്, ഞാന്‍ എന്ന അഹംകാരനല്ല.
ഈ 'ഞാന്‍' ആരാണെന്ന ചോദ്യം എന്നും അവശേഷിക്കുന്നു. നിദ്രയില്‍ അഹംകാരന്‍ സ്വയം അറിയാതിരിക്കുന്നു. ഈ മൂഢത്വം (ജഡത്വം) മാറുമ്പോള്‍ സ്വപ്
നമോ, ജാഗ്രത്തോ ആയിത്തീരുന്നു. സ്വപ്‌നത്തെപ്പറ്റി ഇപ്പോള്‍ നിരൂപിക്കേണ്ട കാര്യമില്ല. നിദ്രയ്ക്കു മുന്‍പും പിന്‍പും 'ഞാന്‍' ഉണ്ടായിരുന്നുവെങ്കില്‍ 'ഞാന്‍' നിദ്രയില്‍ അമര്‍ന്നിരുന്നു എന്നു മനസ്സിലാക്കാം. വേദങ്ങളും ആചാര്യന്മാരും പരാമര്‍ശിക്കുന്ന ആത്മസ്വരൂപം അതായിരിക്കാനിടയില്ല. 'ഞാന്‍' നിദ്രയ്ക്കും അതീതനായിരിക്കണം. 'ഞാന്‍' ഉറക്കത്തിലും സ്വപ്‌നത്തിലും ജാഗ്രത്തിലും ഒന്നു പോലെ ഉള്ള ഒന്നും, അവസ്ഥാത്രയങ്ങള്‍ സ്പര്‍ശിക്കാത്ത ഒന്നുമായിരിക്കണം.
'ഞാന്‍' അവസ്ഥാത്രയങ്ങളുടെ അധിഷ്ഠാനമായും സാക്ഷിയായും ഗുണമോ സ്വരൂപമോ ഇല്ലാത്തതുമായിരിക്കുന്ന ഒന്നാണ് യഥാര്‍ഥമായ 'ഞാന്‍' എന്നു മനനത്താല്‍ അറിഞ്ഞുകൊള്ളേണ്ടതാണ്. ആത്മസ്വരൂപം പഞ്ചകോശങ്ങളെയും കടന്നു നില്‍ക്കുന്നു. അനാത്മാകാരങ്ങളെയെല്ലാം 'ഞാനല്ല' എന്നൊഴിച്ചുവയ്ക്കുമ്പോള്‍ കേവല സച്ചിദാനന്ദസ്വരൂപമായ (ഞാന്‍ ) ആത്മാവ് പ്രകാശിക്കുന്നത് കാണാം.

No comments: