ഉപനിഷത്തിലൂടെ -264
Thursday 20 September 2018 2:56 am IST
ബൃഹദാരണ്യകോപനിഷത്ത്- 64
ശാകല്യ ബ്രാഹ്മണം തുടരുന്നു
കതമ ഇന്ദ്രഃ പ്രജാപതിരിതി;
സ്തനയിത്‌നുരേവേന്ദ്രഃ...
ഇന്ദ്രന്‍ ആരാണ്? പ്രജാപതി ആരാണ്? എന്ന് ശാകല്യന്‍ ചോദിച്ചു. സ്തനയിത്‌നുവാണ് ഇന്ദ്രന്‍. യജ്ഞമാണ് പ്രജാപതി എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. എന്താണ് സ്തനയിത്‌നു? എന്താണ് യജ്ഞം? എന്ന് വീണ്ടും ചോദിച്ചു. അശനിയാണ് സ്തനയിത്‌നു. പശുക്കളാണ് യജ്ഞം. അശനി എന്നാല്‍ മിന്നല്‍ പിണര്‍. ജീവികളെ ഹിംസിക്കുന്ന വീര്യമാണ് അത്. ഇന്ദ്രന്‍ മേഘങ്ങളേയും അശനിയേയും നിയന്ത്രിക്കുന്നതിനാല്‍ ഉപചാരമായി അതിനെ ഇന്ദ്രനെന്ന് പറയുന്നു. പശുക്കള്‍ യജ്ഞ സാധനങ്ങളായതിനാലാണ് യജ്ഞം എന്ന് പറഞ്ഞത്.
കതമേ ഷഡീതി, അഗ്‌നിശ്ച പൃഥിവീച...
ആരൊക്കെയാണ് ആറ് ദേവന്മാര്‍? അഗ്‌നി, പൃഥിവി, വായു, അന്തരീക്ഷം, ആദിത്യന്‍, ദ്യോവ് എന്നിവയാണ് ആറ് ദേവന്മാര്‍. ഈ ജഗത്തെല്ലാം ഈ ആറെണ്ണം തന്നെയാണെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
നേരത്തെ വസുക്കളായി പറഞ്ഞവയില്‍ നിന്ന് ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെ മാറ്റി ബാക്കിയുള്ളവയെയാണ് ആറായി പറഞ്ഞത്.
കതമേ ത്രയോ ദേവാ ഇതി; ഇമ
ഏവ ത്രയോ ലോകാഃ...
ആ മൂന്ന് ദേവന്മാര്‍ ആരൊക്കെയാണ് എന്ന് ശാകല്യന്‍ ചോദിച്ചു. ഈ മൂന്ന് ലോകങ്ങള്‍ തന്നെ. ഇവരിലാണ് എല്ലാ ദേവന്മാരും അടങ്ങിയിരിക്കുന്നത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ആ രണ്ട് ദേവന്മാര്‍ ആരാണ് എന്ന് വീണ്ടും ചോദിച്ചു. അന്നവും പ്രാണനുമാണ് എന്ന് മറുപടി. ഒന്നര എന്ന് പറഞ്ഞത് ഏതാണ്? ശുദ്ധീകരിച്ച് വീശിയടിക്കുന്ന വായുവാണത്.
ഭൂമിയും അഗ്‌നിയും ചേര്‍ന്ന് ഒന്നാമത്തെ ലോകം. അന്തരീക്ഷവും വായുവും ചേര്‍ന്ന് രണ്ടാം ലോകം. ദ്യോവും ആദിത്യനും ചേര്‍ന്ന് മൂന്നാം ലോകം. കഴിഞ്ഞ മന്ത്രത്തില്‍ 6 എന്ന് പറഞ്ഞതിനെ മൂന്നായി ചുരുക്കി പറഞ്ഞിരിക്കുകയാണ് ഇവിടെ.
തദാഹുഃ യദയമേക ഇവൈവ പവതേ അഥ കഥമധ്യര്‍ധ ഇതി...
പ്രാണ ഇതി, സ ബ്രഹ്മത്യദിത്യാചക്ഷതേ
ആ വിഷയത്തില്‍ ചിലര്‍ പറയുന്നു ഈ വായു ഒന്നായിട്ടാണല്ലോ വീശുന്നത് പിന്നെ എങ്ങനെ അതിനെ അധ്യര്‍ധം എന്നു പറയും? ശാകല്യന്‍ ചോദിച്ചു. ഈ വായുവില്‍ അധിഷ്ഠിതമായി ലോകമെല്ലാം ശ്രേഷ്ഠതയെ കൈവരിക്കുന്നു. അതിനാലാണ് അധ്യര്‍ധം എന്ന് വിളിച്ചത് അല്ലാതെ ഒന്നര എന്ന അര്‍ഥത്തിലല്ല എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഒരു ദേവന്‍ ആരാണ്? എന്ന് വീണ്ടും ചോദിച്ചു. പ്രാണന്‍ തന്നെയാണ്. ബ്രഹ്മമാകുന്നു അത്. അതിനെ 'ത്യത്' എന്ന് വിളിക്കുന്നു.
സര്‍വദേവാത്മകനായ പ്രാണന്റ വിസ്താരമാണ് നേരത്തെ പറഞ്ഞ ദേവന്മാരെല്ലാം. ബ്രഹ്മത്തെ വികാസരൂപത്തില്‍ പല ദേവന്മാരായും സങ്കോച രൂപത്തില്‍ കുറച്ച് അവസാനം ഒന്ന് ആയും പറയുന്നു. ത്യത് എന്ന പേരിനാല്‍ അറിയപ്പെടുന്നതും ഈ ബ്രഹ്മം തന്നെയാണ്.
ഈ ഏകദേവനായ പ്രാണനെ ഹിരണ്യഗര്‍ഭന്‍ എന്നും പറയാം. ആ ദേവന്റെ എട്ട് ഭേദങ്ങളെ തുടര്‍ന്ന് വരുന്ന എട്ട് മന്ത്രങ്ങള്‍ കൊണ്ട് വിശദമാക്കും.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment