എല്ലാശക്തികള്‍ക്കും ആധാരം ബ്രഹ്മം
Monday 1 July 2019 3:20 am IST
സര്‍വോപേതാധികരണം
പത്താമത്തേതായ ഈ അധികരണത്തില്‍ രണ്ട് സൂത്രമുണ്ട്.
സൂത്രം സര്‍വോപേതാ ച തദ്ദര്‍ശനാത്
എല്ലാ ശക്തികളോടും ചേര്‍ന്നതാണെന്ന് ശ്രുതിയില്‍ കാണുന്നതിനാല്‍
ബ്രഹ്മത്തില്‍ എല്ലാ ശക്തികളുമുണ്ടെന്ന് ശ്രുതി പറയുന്നു.ബ്രഹ്മമാണ് എല്ലാ ശക്തികളുടെയും ആധാരവും പ്രഭവകേന്ദ്രവും.
ഛാന്ദോഗ്യത്തില്‍ 'സര്‍വകര്‍മാ സര്‍വകാമ: സര്‍വ ഗന്ധ: സര്‍വരസ: സര്‍വമിദമഭ്യാത്തോ/വാക്യ നാരദ: ബ്രഹ്മം എല്ലാ കര്‍മ്മങ്ങളുടേയും എല്ലാ കാമങ്ങളുടേയും എല്ലാ ഗന്ധങ്ങളുടേയും എല്ലാ രസങ്ങളുടേയും ഇരിപ്പിടമാണ് എന്ന് പറയുന്നു.
മുണ്ഡകത്തില്‍
'യ: സര്‍വജ്ഞ: സര്‍വവിത്' ബ്രഹ്മം എല്ലാ അറിവും തികഞ്ഞതെന്നും പറയുന്നു.
ബൃഹദാരണ്യ കത്തില്‍ 'ഏതസ്യ വാ അക്ഷരസ്യ പ്രശാസനേ സൂര്യചന്ദ്രമ സൗ വിധൃതൗ തിഷ്ഠത: ' സൂര്യ ചന്ദ്രന്‍മാര്‍ അക്ഷരമായ ബ്രഹ്മത്തിന്റെ ശക്തിയാലാന്ന് നിലനില്‍ക്കുന്നതെന്ന് പറയുന്നു.
ഇത്തരത്തില്‍ ശ്രുതികള്‍ വര്‍ണ്ണിക്കുന്ന ബ്രഹ്മത്തിന് ജഗത്തിന്റെ കാരണമാകാന്‍ ഒരു പ്രയാസവുമില്ലെന്ന് സൂത്രം വ്യക്തമാക്കുന്നു.
സൂത്രം വികരണത്വാന്നേതി ചേത്തദുക്തം
(വികരണത്വത് ന ഇതി ചേത് തത് ഉക്തം)
കരണങ്ങളില്ലാത്തതിനാല്‍ ബ്രഹ്മത്തിന് ജഗത് സൃഷ്ടി സാധിക്കുകയില്ല എന്നാണെങ്കില്‍ അതിന് മറുപടി നേരത്തേ പറഞ്ഞു.
വിചിത്രമായ അനേകം ശക്തികളോട് കൂടിയതാണ് ബ്രഹ്മമെന്ന് കഴിഞ്ഞ സൂത്രത്തില്‍ പറഞ്ഞതിനാല്‍ സൃഷ്ടിയ്ക്ക് കരണങ്ങളുടെ ആവശ്യമില്ല. ഇന്ദ്രിയങ്ങളില്ലെങ്കിലും ഇന്ദ്രിയ ധര്‍മ്മങ്ങളെല്ലാം ബ്രഹ്മത്തിനുണ്ട്.
ശ്വേതാശ്വതരോപനിഷത്തില്‍ 'അപാണി പാദോ ജവനോ ഗ്രഹീതാ പശ്യത്യ ചക്ഷു: സ ശൃണോത്യ കര്‍ണ: ' കൈകാലുകളില്ലെങ്കിലും വേഗത്തില്‍ നടക്കുകയും എല്ലാം എടുക്കുകയും ചെയ്യും. കണ്ണില്ലെങ്കിലും കാണും കാതില്ലെങ്കിലും കേള്‍ക്കും എന്ന് ബ്രഹ്മത്തെപ്പറ്റി പറയുന്നു. ശ്രുതി ഇങ്ങനെ പറയുന്നതിനാല്‍ കരണങ്ങളില്ല എന്ന് ദോഷം പറയാനാകില്ല.
പ്രയോജനവത്ത്വാധികരണം പതിനൊന്നാമത്തെ ഈ അധികരണത്തിലും രണ്ട് സൂത്രങ്ങളാണുള്ളത്.
സൂത്രം ന പ്രയോജനവത്ത്വാത്
പരമാത്മാവിനെ ജഗത് സ്രഷ്ടാവല്ല, കാരണം പ്രവൃത്തിയില്‍ പ്രയോജനമുണ്ടാകേണ്ടതിനാല്‍.
പ്രയോജനമില്ലാതെ ആരും ഒന്നും ചെയ്യില്ല എന്നതിനെ ചൂണ്ടിക്കാട്ടിയാണ് അടുത്ത പൂര്‍വപക്ഷവാദം. പൂര്‍ണനും നിത്യതൃപ്തനുമായ ബ്രഹ്മത്തിന് സൃഷ്ടി കൊണ്ട് പ്രയോജനമില്ലാത്തതിനാല്‍ ജഗത് സൃഷ്ടിക്കു കാരണം ബ്രഹ്മമല്ല എന്ന് വാദിക്കുകയാണ് ഇവിടെ.
ബൃഹദാരണ്യകത്തിലെ 'ആത്മസ്തു കാമായ സര്‍വം പ്രിയം ഭവതി 'തനിക്കു വേണ്ടിയാണ് എല്ലാം പ്രിയമായിരിക്കുന്നതെന്ന ശ്രുതിവാക്യത്തെ അവര്‍ അതിന് കൂട്ടുപിടിക്കുന്നു.
പോരാത്തതിന് 'പ്രയോജനമനുദിശ്യ ന മന്ദോ/പി പ്രവര്‍ത്തതേ'
പ്രയോജനമില്ലാതെ മന്ദബുദ്ധികള്‍ കൂടി ഒന്നും പ്രവര്‍ത്തിക്കുകയില്ല എന്നുമാണല്ലോ. അപ്പോള്‍ നിത്യ തൃപ്തനായ ബ്രഹ്മം പ്രയോജനത്തിന് വേണ്ടി സൃഷ്ടിചെയ്യുമോ?
പ്രയോജനമുണ്ടെന്ന് വന്നാല്‍ അത് ശ്രുതിയ്ക്ക് വിരോധമാകുമെന്നതിനാല്‍ ബ്രഹ്മത്തില്‍ നിന്നല്ല ജഗത് സൃഷ്ടിയെന്ന് പൂര്‍വപക്ഷം വാദിക്കുന്നു. ഇതിന് മറുപടി അടുത്ത സൂത്രത്തില്‍ കാണാം.
സൂത്രം ലോകവത്തു ലീലാ കൈവല്യം.
എന്നാല്‍ ലോകത്തില്‍ കാണുന്നതുപോലെ കേവലം ലീലയാണെന്ന് കരുതണം.
പ്രയോജനമില്ലാത്തതിനാല്‍ ബ്രഹ്മം ജഗത്ത് സൃഷ്ടിചെയ്യില്ല എന്നതിന്റെ മറുപടി അത് ലീലയാണ് എന്നത് .
ഈ ലോകത്തില്‍ വളരെ ഉന്നതിയിലിരിക്കുന്നവരും ആഗ്രഹങ്ങളെല്ലാം സാധിച്ചവരും ചിലപ്പോള്‍ കളികളില്‍ ഏര്‍പ്പെടാറുണ്ട്. മുത്തശ്ശന്‍മാരും മുത്തശ്ശിമാരും കുട്ടികളുടെ കൂടെ കളിക്കാറുണ്ട്. അതുപോലെയാണ് ഈശ്വരന്റെ ജഗത് സൃഷ്ടിയും.
ചിന്മയാമിഷന്‍,
No comments:
Post a Comment