Monday, July 01, 2019

*ശ്രീമദ് ഭാഗവതം 197* 

നവമസ്കന്ധത്തിൽ സൂര്യവംശത്തിന്റെ വർണ്ണനയാണ് മുഖ്യമായിട്ട് ഉള്ളത്. അവിടെ അംബരീഷചരിതം പറയപ്പെടുന്നു. നഭഗൻ എന്ന് പറയുന്ന ഒരു മഹാത്മാവിന് ജനിച്ച ഒരു പുത്രനാണ് നാഭാഗൻ അഥവാ കവി. കവി എന്ന് വെച്ചാൽ മന്ത്രദൃഷ്ടാ എന്നർത്ഥം. ശിവനിൽ നിന്ന് ബ്രഹ്മവിദ്യോപദേശം ലഭിച്ച മഹാത്മാവായിരുന്നു നാഭാഗൻ. ആ പരമ്പരയിലാണ് അംബരീഷൻ ജനിക്കണത്. നാഭാഗപുത്രനായി അംബരീഷൻ ജനിച്ചു. 

നാഭാഗോദംബരീഷോഽഭൂന്മഹാഭാഗവത: കൃതീ 
നാസ്പൃശദ്ബ്രഹ്മശാപോഽപി യം ന പ്രതിഹത: ക്വചിത് 

അംബരീഷൻ രാജ്യചക്രവർത്തിയായിരിക്കുമ്പോഴും അതിലൊന്നും സംഗം വെച്ചില്ല. 

വിദ്വാൻ വിഭവനിർവ്വാണം തമോ വിശതി യത് പുമാൻ. 

അല്പന് സ്വല്പം കിട്ടിയാൽ പാതിരായ്ക്കും കുട പിടിക്കും എന്നാണ്. രാമകൃഷ്ണപരമഹംസർ പറയും. ഒരു തവളയ്ക്ക് നാലണ കിട്ടി അത്രേ. തവള ആ നാലണ കൊണ്ട് പോയി പൊത്തിൽ വെച്ചിട്ട് ഉമ്മറത്ത് ഇടുപ്പിൽ കൈ വെച്ച് നിന്നു . ആരാ ഇതിലേ വരണത് തന്നെ സല്യൂട്ട് ചെയ്യാൻ. അപ്പോ ഒരു ആന മുമ്പിലൂടെ പോയി. ആന തന്നെ ശ്രദ്ധിക്കാതെ പോയപ്പോ കോപിച്ചിട്ട് ചവിട്ടും പറഞ്ഞത്രേ ആനയെ. നാലണ പൊത്തിലുണ്ടെങ്കിൽ തവളയ്ക്കായാലും അഭിമാനം വരുമെന്നാണ്.

 സർവ്വ സമ്പദ്സമൃദ്ധമാണ് രാജ്യം. എല്ലാം ണ്ടായിട്ടും,

മേനേ അതിദുർലഭം പുംസാം സർവ്വം തത് സ്വപ്നസംസ്തുതം. സകലസമ്പത്തും ണ്ടായിട്ടും സദാ ഭഗവദ്സ്മരണയിൽ മുഴുകിയിരുന്നു അംബരീഷൻ. 

സ വൈ മന: കൃഷ്ണ പദാരവിന്ദയോ:
വചാംസി വൈകുണ്ഠഗുണാനുവർണ്ണനേ 
കരൗ ഹരേർമ്മന്ദിരമാർജ്ജനാദിഷു 
ശ്രുതിം ചകാരാച്യുതസത്കഥോദയേ 
മുകുന്ദലിംഗാലയദർശനേ ദൃശൗ 
തദ്ഭൃത്യഗാത്രസ്പർശേ അംഗസംഗമം 
ഘ്രാണം ച തത്പാദസരോജസൗരഭേ 
ശ്രീമത്തുളസ്യാ രസനാം തദർപ്പിതേ 

മന: കൃഷ്ണ പാദാരവിന്ദയോ:
രാജ്യഭാരംഏറ്റെടുത്ത് നടത്തിയിരുന്നെങ്കിലും അംബരീഷന്റെ  മനസ്സ് കൃഷ്ണപാദാരവിന്ദത്തിൽ സദാ വ്യാപരിച്ച് കൊണ്ടിരുന്നു. 
രാജാവായി ഇരുന്നു കൊണ്ട് തന്നെ ഭഗവാന്  പൂജാപുഷ്പങ്ങൾ കൊണ്ട് അർച്ചന ചെയ്ത് അഭിഷേകം ചെയ്തു ഭഗവാനെ  നമസ്ക്കരിക്കും. കോവിലുണ്ടാക്കി തനിയെ നിലം എല്ലാം തുടച്ച് വൃത്തിയാക്കി പുഷ്പങ്ങൾ പറിച്ചെടുത്ത്   സ്വയം പൂജ ചെയ്ത് വന്നു ഭഗവദ് കഥകളെ കീർത്തിക്കും.
വചാംസി വൈകുണ്ഠഗുണാനുവർണ്ണനേ 
രാജാവായി ഇരുന്നു കൊണ്ട് തന്നെ സത്സംഗം. 

മുകുന്ദലിംഗാലയദർശനേ ദൃശൗ 
ദിവ്യക്ഷേത്രങ്ങളിലെല്ലാം ദർശനം എടുത്തു.
 
 ശ്രുതിം ചകാര  അച്യുതസത്കഥോദയേ
സമ്പൽസമൃദ്ധമായ രാജ്യത്തിന്റെ രാജാവ്.  പക്ഷേ അംബരീഷൻ അതിനൊന്നും പറ്റിക്കൂടിയില്ല്യ.   എപ്പോഴും  ഭഗവദ് വിഷയങ്ങൾ തന്നെ പറഞ്ഞു കൊണ്ടിരിക്കും.  

ഘ്രാണം ച തത്പാദസരോജസൗരഭേ 
ശ്രീമത്തുളസ്യാ രസനാം തദർപ്പിതേ 
ഭഗവാന്റെ പാദങ്ങളിൽ അർച്ചിക്കുന്ന തുളസീദളങ്ങളായിരുന്നു അംബരീഷന്റെ മുഖ്യ ആഹാരം.  

ഭക്തന് ഭഗവാന്റെ അനുഗ്രഹം സർവ്വദാ രക്ഷ ആണ്. എല്ലാ വിധത്തിലും തന്നെ ഞാൻ രക്ഷിച്ചോളാം. ഭഗവാൻ തന്റെ സുദർശനചക്രത്തിനെ അംബരീഷന് രക്ഷ ആയി കൊടുത്തിരുന്നു എന്നാണ്. 

അംബരീഷന് മാത്രല്ലാ എല്ലാ ഭക്തന്മാർക്കും രക്ഷയ്ക്കായി ഭഗവാന്റെ സുദർശനചക്രം ണ്ട് .എന്നുള്ളതിന് ഒരു കഥ അംബരീഷചരിത്രം ഉദാഹരണമായി എടുത്തു പറയുന്നു.

മഹാബലിക്ക് പറഞ്ഞുവല്ലോ രക്ഷിക്ഷ്യേ സർവ്വതോഽഹം ത്വാം. അതുതന്നെ സുദർശനചക്രം. 

അംബരീഷൻ ഒരു സുദർശനസാളഗ്രാമം പൂജയ്ക്കായി വെച്ചിരുന്നു. അതിൽ ഭഗവാന്റെ സാന്നിദ്ധ്യം ണ്ടായിരുന്നു എന്ന് ഭക്തന്മാരുടെ വ്യാഖ്യാനം. അംബരീഷൻ ഏകാദശി വൃതം അനുഷ്ഠിക്കാണ്. .പശുക്കളെ ഒക്കെ ദാനം ചെയ്തു. ബ്രാഹ്മണർക്ക് ഭോജനം എല്ലാം കൊടുത്തു. 
ശ്രീനൊച്ചൂർജി 
 *തുടരും. ...*
Lakshmi prasad 

No comments: